Thursday, 28 January 2021

കല്‍പിത മുസ്‌ലിം ഭീതിക്ക് കേരളവും കുടപിടിക്കുന്നുവോ

അബ്ദുല്‍ ഹഖ് മുളയങ്കാവ്

12 January, 2021

+ -
image

കേരളത്തിലെ സമീപകാല ചര്‍ച്ചകള്‍ ഇസ്‌ലാമോഫോബിയയിലേക്കും മുസ്‌ലിം വിരുദ്ധതയിലേക്കും വഴിമാറുന്നുവെന്ന കാര്യം ഏറെ ഖേദകരമാണ്. അമേരിക്കയില്‍ ട്രംപും ചില യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇസ്‍ലാം വിരോധികളും ഏറ്റെടുത്ത ദൗത്യം ഇന്ത്യയില്‍ സംഘ്പരിവാര്‍ ഏറ്റെടുത്തിട്ട് നാളേറെയായിരുന്നുവെങ്കിലും കേരളത്തില്‍ വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും ക്ലച്ച് പിടിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

സംഘ്പരിവാര്‍ ഫാഷിസം പോലെ ഇന്ന് ഇസ്‍ലാമോഫോബിയയും നമ്മുടെ വീട്ടുമുറ്റത്തെത്തിയിരിക്കുകയാണ്. ഇതരമതസ്ഥരുമായി കഴിയാവുന്നിടങ്ങളിലെല്ലാം ഐക്യപ്പെടുകയെന്ന സമീപനമാണ് ഇത് വരെ മുസ്‌ലിം സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തില്‍ സ്വീകരിച്ചുവരുന്ന നയം, അത് പ്രശംസനീയവുമാണ്. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇക്കഴിഞ്ഞ തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എടുത്ത് നോക്കിയാല്‍ ബി.ജെ.പിയുടെ വളര്‍ച്ച നമുക്ക് ബോധ്യപ്പെടും. ഇടമില്ലാത്ത ഇടത്ത് സംഘ്പരിവാര്‍ എങ്ങെനെയാണ് സീറ്റുറപ്പിക്കുന്നത് എന്ന് ഈ ഫലങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകും. ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തിലെത്തിയത് പോലും അങ്ങനെത്തന്നെ ആയിരുന്നല്ലോ.

വലതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനായി, ഇടതുപക്ഷവും സംഘ്പരിവാറും വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും കൊയ്‌തെടുക്കുമ്പോള്‍ വളരെയധികം ഗൗരവത്തോടെയാണ് നാം ഇതിനെ നോക്കിക്കാണേണ്ടത്.

ഇത്രയും നാള്‍ മതനിരപേക്ഷതയുടെ കാവലാളുകളായിരുന്ന ഒരു പ്രസ്ഥാനവും അതിന്റെ നേതാക്കളും പോലും, ഇന്ന് കേവല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇസ്‍ലാമോഫോബിയയെ കൂട്ടുപിടിക്കുകയാണ് . മുഖ്യമന്ത്രി പോലും ഈ രീതി അവലംബിക്കുന്നത് ഏറെ അപകടകരമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഒളിഞ്ഞും തെളിഞ്ഞും വിവിധ പാര്‍ട്ടികളുടെ പിന്തുണ വാങ്ങുകയും അടുത്ത തവണ അവരെ കൂടെ കിട്ടാതെയാവുമ്പോള്‍ അവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് നാം കാണുന്നത്. 

വര്‍ഗ്ഗീയതയും ഭീകരതയും ചാര്‍ത്തപ്പെടുന്നത്, രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചാവുന്നതാണ് ഇന്ന് നാം കാണുന്ന രീതി. ഈ രണ്ട് സംജ്ഞകളെ രാഷ്ട്രീയ നേടത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത്, ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ക്ക് വളരാനേ സഹായകമാവൂ. അതോടെ എന്നെന്നേക്കുമായി മരണം വരിക്കുന്ന ഭാരതമെന്ന മതേതര രാജ്യമായിരിക്കും. പിന്നീട്, വിലപിച്ചിട്ട് അത് കേള്‍ക്കാന്‍ പോലും ആരും ബാക്കിയുണ്ടാവണമെന്നില്ല.

ഫാഷിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവരല്ലാത്തവരെല്ലാം നാമാവശേഷമാവേണ്ടവരാണ്. തുടക്കം മുസ്‍ലിംകളിലാണെന്ന് മാത്രം. അതിനായുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ഇസ്‍ലാമോഫോബിയ അതിനുള്ള ആയുധം മാത്രമാണവര്‍ക്ക്. അത് കൊണ്ട് തന്നെ മുസ്‌ലിം സങ്കേതങ്ങളും പേരുകളുമെല്ലാം അവര്‍ക്ക് ചതുര്‍ത്ഥിയാണ്. ഹലാല്‍ സിനിമയും ഹലാല്‍ ഭക്ഷണം പോലും അവര്‍ക്ക് ദഹിക്കാത്തതും അത് കൊണ്ട് തന്നെ. അലന്‍-ത്വാഹ വിധിയില്‍ വരെ ആ വേര്‍തിരിവുണ്ടെന്ന ആരോപണമുയര്‍ന്നു. അലന്റെ കൂടെ അമ്മയാണ്, ത്വാഹയുടെ കൂടെ ഉമ്മയാണെന്ന സ്റ്റാറ്റസുകള്‍ വായിച്ച് നാം നെടുവീര്‍പ്പിട്ടു. 

ഇതിനെ ആക്കം കൂട്ടുന്ന വിധം, കേരളത്തിലെ ഇടത് പക്ഷം വരെ നീങ്ങുന്നത് ഇനിയെങ്കിലും നിര്‍ത്തേണ്ടിയിരിക്കുന്നു. സംഘ്പരിവാര്‍ ഫാഷിസം വളര്‍ന്നിട്ടാണെങ്കിലും വലതുപക്ഷം ഇല്ലാതായാല്‍ മതിയെന്നത്, വീട് കത്തിയിട്ടാണെങ്കിലും ബീഡി കത്തിക്കാന്‍ തീ കിട്ടിയാല്‍ മതിയായിരുന്നു എന്നതിന് സമാനമാണ്. ബീഡി വലിക്കുന്നതിന്റെ ആശ്വാസം അല്‍പ്പനേരമേ കാണൂ, അത് കഴിയുമ്പോഴേക്ക് താമസിക്കാനുള്ള കൂര തന്നെ ഇല്ലാതായിട്ടുണ്ടാവും. അതാണ് ഇവിടെയും സംഭവിക്കാനിരിക്കുന്നത്. സൂക്ഷിച്ചാല്‍ എല്ലാവര്‍ക്കും നന്ന്. അല്ലെങ്കില്‍ അനുഭവിക്കേണ്ടതും നാം എല്ലാവരും തന്നെയായിരിക്കും.