ഹൃദയത്തിന്റെ കനകവാതിലുകള്‍ തുറന്നുവെച്ച് സമൂഹത്തിനു സ്‌നേഹം മാത്രം പകര്‍ന്നുകൊടുത്ത മന്ദമാരുതന്‍ ഭൂമിയില്‍നിന്നും മാഞ്ഞിട്ട് പതിനൊന്ന്   വര്‍ഷം പിന്നിട്ടിരിക്കുന്നു. ഉച്ചത്തില്‍ ശബ്ദിച്ചോ ലേഖനങ്ങള്‍ എഴുതിയോ അല്ല ആ മന്ദമാരുതന്‍ ലോകം കീഴടക്കിയത്. അത്തരം ആളുകള്‍ എത്രയോ നമുക്കുണ്ട്. പക്ഷേ, ഹൃദയവും മനസ്സും അറിഞ്ഞ് ഒന്നു ചിരിക്കാന്‍ ഒരാള്‍- സമൂഹത്തിലെ ഒരു മേല്‍വിലാസവും പരിഗണിക്കാതെ ആരോടും പെരുമാറാന്‍ ഒരാള്‍ -ഭൂമിയില്‍ പിറന്നുവീണ മനുഷ്യരുടെ വേദനകള്‍ ക്ഷമയോടെ കേട്ടിരിക്കാനും ആശ്വാസം പകര്‍ന്നുകൊടുക്കാനും ഒരാള്‍ - അതായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന നൂറ്റാണ്ടു കണ്ട പ്രതിഭാശാലി. ഒരു ശിഹാബ് തങ്ങളുണ്ടെന്ന് അറിഞ്ഞപ്പോള്‍ സമുദായം മാത്രമല്ല മതേതര കേരളവും തങ്ങള്‍ സുരക്ഷിതരാണെന്നു അഭിമാനം പറഞ്ഞു. മണ്ണിലും വിണ്ണിലും ഇരുള്‍ മൂടിയപ്പോള്‍ ആ സാന്നിധ്യം ജനത കൂടുതല്‍ അനുഭവിച്ചു. ആരുടെയും മനസ്സ് നോവിക്കാതെ ആരുടെയും പക്ഷം ചേരാതെ എന്നാല്‍ എല്ലാവരുടെയും പക്ഷം ചേര്‍ന്ന് ജനതക്കു വെളിച്ചത്തിന്റെ വഴി പറഞ്ഞുകൊടുത്തു.  പ്രാര്‍ത്ഥനയും പ്രസംഗവും ദീര്‍ഘിപ്പിച്ചു പോലും സമൂഹത്തിന്റെ അസ്വസ്ഥതകള്‍ വാങ്ങിയില്ല ശിഹാബ് തങ്ങള്‍. ഏറെ അര്‍ത്ഥങ്ങളുള്ള കുറഞ്ഞ വാക്കുകള്‍ -പ്രസംഗങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം. കാലമെത്ര കഴിഞ്ഞാലും ശിഹാബ് തങ്ങള്‍ ഈ കാലഘട്ടത്തിലെ ജനതയുടെ മനസ്സില്‍ ജീവിക്കുമെന്നുറപ്പ്. വരുംതലമുറ ഈ വ്യക്തിപ്രതിഭാസത്തിന്റെ ആന്ദോളനങ്ങള്‍ തിരിച്ചറിയും. നാം ജീവിച്ച കാലഘട്ടം ഉദ്ധരിക്കാന്‍ ശിഹാബ് തങ്ങള്‍ അടയാളമായുണ്ട്. ആ ജീവിതത്തിന്റെ സന്ദേശങ്ങളും ആഹ്വാനങ്ങളും നമ്മുടെ ജീവിതത്തിനുമേല്‍ ആനന്ദവും അഭിമാനവും പകരുന്നു. ആര്‍ക്കും മറുവാക്കുകളില്ല; വെറുതെപോലും പറയാന്‍. ജീവിതകാലത്ത് മറുവാക്കുകള്‍ പറയാന്‍ ശ്രമിച്ച ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവരും മത്സരിക്കുകയായിരുന്നു മരണാനന്തരം ആ വ്യക്തിത്വത്തെ ആദരിക്കാനും കീര്‍ത്തിക്കാനും. പടച്ചവന്‍ ഇഷ്ടപ്പെട്ട ദാസന്‍മാര്‍ക്കുള്ള ഭൂമിയിലെ അംഗീകാരം. പരലോകത്തും അത്തരം ആളുകള്‍ ശ്രേഷ്ഠമാക്കപ്പെടുന്നു. നാഥാ, ഈ കാലഘട്ടത്തിനു നന്മയും വെളിച്ചവും മാത്രം നീട്ടിത്തന്ന ആ മഹാത്മാവിന് നീ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ.