27. ഇതാ കഴിയുകയാണ്... എല്ലാം പെട്ടെന്നായിരുന്നു അല്ലേ...
റമദാന് പിറക്കുന്നതിന് തൊട്ട് മുമ്പ് നടക്കാറുള്ള ഒരു സംഭാഷണം ഇങ്ങനെ വായിക്കാം.
എന്തൊരു ചൂടാണ് അല്ലേ, ഈ ചൂടിലാ നോമ്പ് വരുന്നത്. എങ്ങനെയാണാവോ ഇപ്രാവശ്യം നോമ്പ് നോല്ക്കുക, അതും 15 മണിക്കൂറോളം നീണ്ട പകലുകളും.
ഇത് കേള്‍ക്കുന്ന അല്പം വയസ്സായ മറ്റൊരാള്‍, അതൊന്നും ആലോചിച്ച് ഇപ്പോ തല പുണ്ണാക്കണ്ട. റമദാന് ഒരു പ്രത്യേക ശക്തി പടച്ചോന് തരും. അത് വന്ന പോലെ അങ്ങ് പോവും.. ഒരു ബുദ്ധിമുട്ടും നമ്മള് അറിയില്ല, നോക്കിക്കോളൂ.
ആലോചിച്ചാല്‍, ആ കാരണവരുടെ വാക്കുകള്‍ എത്ര ശരിയാണ് എന്ന് ഇപ്പോ നമുക്ക് തോന്നും. റമദാന് അങ്ങനെയാണ്, റജബ് മുതലേ പ്രാര്‍ത്ഥനകളുമായി നാം കാത്തിരിക്കും. തുടങ്ങുന്നത് വരെ, മുന്നില്‍ നീണ്ട് കിടക്കുന്ന 30 ദിവസങ്ങളിലെ നോമ്പിനെ കുറിച്ച് ചിലപ്പോഴെങ്കിലും നാം ആശങ്കയോടെ ഓര്‍ക്കും. എന്നാല്‍, തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് കഴിഞ്ഞുപോകുന്നത് അറിയുകയേയില്ല.
നോമ്പിനെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറതുല്‍ബഖറയിലെ 184-ാമത്തെ ആയത് എത്രമാത്രം ശരിയാണെന്ന്, ഓരോ റമദാന് കഴിഞ്ഞുപോകുമ്പോഴും നാം തിരിച്ചറിയുന്നു. ഏതാനും ദിവസങ്ങള്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടു എന്നാണ് ആ സൂക്തം പറയുന്നത്. ഒരു മാസം എന്ന് പോലും പറയാതെ, കേള്‍ക്കുന്നവര്‍ക്ക് വളരെ ലളിതമെന്ന് തോന്നുന്നവിധമാണ് ഖുര്‍ആന്‍ അതിനെ അവതരിപ്പിച്ചിരിക്കുന്നത്. റമദാനിലെ ദിനങ്ങള്‍ കഴിഞ്ഞുപോകുന്നതും അങ്ങനെത്തന്നെ.
Also Read:റമദാന് 28. ജീവിതവും ഇതുപോലെയാണ്...എല്ലാം പെട്ടെന്നായിരിക്കും..
അയ്യാമന്മഅ്ദൂദാത് എന്നാണ് ഇതിനായി ഖുര്‍ആന്‍ പ്രയോഗിച്ച പദം. അയ്യാം എന്നത് തന്നെ സൂചിപ്പിക്കുന്നത് കുറഞ്ഞ ദിനങ്ങള്‍ എന്നാണ്. അറബീഭാഷാനിയമപ്രാകരം, അയ്യാം എന്നത് പത്തില്‍താഴെ വരുന്നതിനെ സൂചിപ്പിക്കാനാണ് പ്രയോഗിക്കാറുള്ളത് (കുറഞ്ഞ എണ്ണത്തെ സൂചിപ്പിക്കുന്ന ബഹുവനചം എന്ന വിഭാഗത്തിലാണ് അത് വരുന്നത്). ശേഷം പറഞ്ഞ മഅ്ദൂദാത് എന്ന് കൂടി പറഞ്ഞിരിക്കുന്നത്, അഥവാ, എണ്ണപ്പെട്ട എന്നര്‍ത്ഥം. വളരെ കുറഞ്ഞ ദിനങ്ങള്‍ എന്ന് ഇതിലൂടെ ആ സമസ്തപദത്തിന് അര്‍ത്ഥം വന്ന് ചേരുന്നു.
ഖുര്‍ആന്‍ അങ്ങനെ പറഞ്ഞത് വെറുതെയല്ല. സാധാരണ ഗതിയില്‍, മാനസികമോ ശാരീരികമോ ആയി പ്രയാസം അനുഭവപ്പെടുന്ന വേളകള്‍ കഴിഞ്ഞുപോവാന്‍ വളരെ പ്രയാസമാണ്. ഭൌതികമായി ചിന്തിക്കുമ്പോള്‍, വിശപ്പും ദാഹവുമായി കഴിയുന്ന ദിനങ്ങളും അങ്ങനെത്തന്നെയാവുകയാണ് വേണ്ടത്. എന്നാല്‍ 14 ഉം 15ഉം അതിലേറെയും മണിക്കൂറുകള്‍ ഒരു തുള്ളി പച്ചവെള്ളം പോലും കുടിക്കാതെ കഴിച്ച് കൂട്ടേണ്ടിവരുന്ന ഈ ദിനങ്ങള്‍ കഴിഞ്ഞുപോകുന്നത് വളരെ വേഗത്തിലും. റമദാനിന്റെ ഈ ത്വരിതപ്രവേഗം കാണുമ്പോള്‍ നാമും അറിയാതെ പറഞ്ഞു പോകും, ഇത് ഒരു മാസം ഒന്നുമില്ല... ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന്.
Leave A Comment