റമദാനിലെ പ്രധാന സംഭവങ്ങള്‍
ഹിജ്റക്ക് 13 വര്‍ഷം മുമ്പ് ഖുര്‍ആന്‍ അവതരണം ഖുര്‍ആന്‍ അവതരണം തുടങ്ങിയത് റമദാനിലായിരുന്നു. മുന്കാല ഗ്രന്ഥങ്ങളും ഇതേ മാസത്തിലായിരുന്നു ഇറങ്ങിയത് എന്നാണ് ഹദീസുകളില്‍നിന്ന് മനസ്സിലാകുന്നത്. ഇബ്റാഹീം (അ) ഏടുകള്‍ റമദാനിലെ ആദ്യരാത്രിയിലും തൌറാത് റമദാന്‍ ആറിനും ഇഞ്ജീല്‍ പതിമൂന്നിനും സബൂര്‍ പതിനെട്ടിനുമാണ് ഇറങ്ങിയത്. (ത്വബ്റാനി)
ഹിജ്റക്ക് 3 വര്‍ഷം മുമ്പ് അബൂതാലിബിന്റെയും ഖദീജാ ബീവിയുടെയും മരണം പ്രവാചകര്‍ക്ക് സംരക്ഷണവും അത്താണിയുമായി നിലകൊണ്ട പിതൃവ്യന്‍ അബൂതാലിബും ആദ്യപത്നി ഖദീജ (റ)യും മരണപ്പെട്ടത് ഹിജ്റക്ക് മൂന്ന് വര്‍ഷം മുമ്പ് റമദാനിലായിരുന്നു.
ഹിജ്റ 1 സൈഫുല്‍ ബഹ്റ് യുദ്ധം അബൂജഹലിനോടൊപ്പം വരുന്ന ഖുറൈശികളുടെ സംഘത്തെ ലക്ഷ്യമാക്കി പ്രവാചകര്‍ (സ) ഹംസ (റ)വിന്റെ നേതൃത്വത്തില്‍ മുപ്പത് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. പക്ഷേ, യുദ്ധം നടന്നില്ല. നബി (സ) നിയോഗിച്ച ആദ്യ സംഘമായിരുന്നു അത്.
ഹിജ്റ 2 ബദ്റ് യുദ്ധം മുസ്ലിംകളുടെയും അവിശ്വാസിസൈന്യത്തിന്റെയും ഇടയില്‍ നടന്ന ആദ്യയുദ്ധമായിരുന്നു ഇത്. കേവലം മുന്നൂറില്‍ പരം വരുന്ന മുസ്ലിം സൈനികര്‍ ആയിരത്തിലേറെ വരുന്ന അവിശ്വാസികളോടായിരുന്നു ഏറ്റുമുട്ടിയതും ചരിത്ര വിജയം കുറിച്ചതും. ശത്രുപക്ഷത്ത്നിന്ന് പ്രമുഖരടക്കം എഴുപതോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.
ഹിജ്റ 3 ഹസന്‍ (റ) ജനനം പ്രവാചകരുടെ പേരമകന്‍ ഹസന്‍ (റ) ജനിച്ചത് ഹിജ്റ മൂന്നാം വര്ഷം റമദാന്‍ 15നായിരുന്നു. പ്രവാചകരോട് ഏറ്റവും മുഖസാദൃശ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
ഹിജ്റ 4 സൈനബ് (റ)മായുള്ള വിവാഹം പ്രവാചകര്‍ (സ) സൈനബ് (റ)യെ വിവാഹം ചെയ്തത് ഹിജ്റ നാലാം വര്‍ഷം റമദാനിലായിരുന്നു. കൂടുതലായി ദാനധര്മ്മങ്ങള്‍ ചെയ്തിരുന്നതിനാല് പാവങ്ങളുടെ മാതാവ് (ഉമ്മുല്‍മസാകീന്‍) എന്നാണ് മഹതി അറിയപ്പെടുന്നത്. ആദ്യഭര്ത്താവ് തുഫൈല്‍ വിവാഹ മോചനം നടത്തിയ ശേഷമാണ് നബി (സ) അവരെ വിവാഹം ചെയ്യുന്നത്. ചുരുങ്ങിയ മാസങ്ങള്‍ നബിയോടൊപ്പം കഴിഞ്ഞ് മഹതി മരണപ്പെടുകയും ചെയ്തു.
ഹിജ്റ 8 മക്കാവിജയം ബഹുദൈവാരാധന കൊടികുത്തി വാണിരുന്ന മക്ക ഇസ്ലാമിന്റെ തീരത്തേക്ക് വന്നണഞ്ഞത് ഹിജ്റ എട്ടാം വര്‍ഷം റമദാനിലായിരുന്നു. അതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് വന്നുതുടങ്ങി. അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി പണിയപ്പെട്ട കഅ്ബാലയം അതോടെ ബിംബങ്ങളില്‍നിന്നും അവിശ്വാസത്തില്‍നിന്നും ശുദ്ധീകരിക്കപ്പെട്ടു.
ഹിജ്റ 8 ഉസ്സ, മനാത്, സുവാഅ് എന്നിവയുടെ ഉന്മൂലനം ഖുറൈശ്, കിനാന, മുളര്‍ തുടങ്ങിയ ഗോത്രക്കാര്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ബിംബമായിരുന്നു ഉസ്സ. അതിനെ തകര്‍ക്കാനായി നബി (സ) ഖാലിദ് (റ)വിനെ ഒരു സംഘത്തോടൊപ്പം നിയോഗിച്ചയച്ചത് ഹിജ്റ എട്ടാം വര്‍ഷം ഫത്ഹ് മക്കക്ക് ശേഷം റമദാനിലായിരുന്നു. ഔസ്, ഖസ്റജ് ഗോത്രക്കാരുടെ മനാതും ബനൂഹുദൈല് ഗോത്രക്കാരുടെ സുവാഉം തകര്‍ക്കപ്പെട്ടതും ഇതേ വര്ഷം റമദാനില്‍ തന്നെ.
ഹിജ്റ 9 ഗോത്രങ്ങള്‍ ഇസ്ലാമിലേക്ക് മക്കാവിജയത്തെ തുടര്‍ന്ന് വിവിധ ഗോത്രങ്ങള്‍ ഒന്നടങ്കം ഇസ്ലാമിലേക്ക് വന്നത് ഹിജ്റ ഒമ്പതിലും അവയിലധികവും റമദാനിലുമായിരുന്നു. ആമുല്‍വുഫൂദ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഹിംയറ്, സഖീഫ്, ജരീറുബ്നുഅബ്ദില്ലാഹ് തുടങ്ങി പല പ്രമുഖഗോത്രക്കാരും വ്യക്തികളും ഇസ്ലാം ആശ്ലേഷിച്ചു.
ഹിജ്റ 13 ബുവൈബ് യുദ്ധം ഉമര്‍ (റ)കാലത്ത് നടന്ന മുസന്നശ്ശൈബാനി (റ)വിന്റെ നേതൃത്വത്തില്‍ നടന്ന ബുവൈബ് യുദ്ധം പതിമൂന്നിന്റെ റമദാനിലായിരുന്നു. ജിസ്റ് യുദ്ധത്തിലെ പരാജയത്തിന് മുസ്ലിം സൈന്യം ഇതിലൂടെ കനത്ത തിരിച്ചടി നല്കി.  
ഹിജ്റ 14 തറാവീഹ് ജമാഅതായി തുടങ്ങിയത് ജനങ്ങള്‍ തനിച്ച് നിസ്കരിക്കുകയായിരുന്ന തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴില്‍ ജമാഅതായി തുടങ്ങിയത് ഉമര്‍ (റ)വായിരുന്നു. അതിന് തുടക്കം കുറിച്ചത് ഹിജ്റ പതിനാലാം വര്‍ഷം റമദാനിലായിരുന്നു. ഇന്നുവരെ മുസ്ലിം ലോകത്ത് അത് തുടരുകയും ചെയ്യുന്നു. ഇരുപത് റക്അതാണ് അന്ന് നിസ്കരിച്ചിരുന്നത്. ഇന്നും ഭൂരിഭാഗം പേരും അത് തന്നെയാണ് തുടരുന്നത്. രണ്ട് ഹറമുകളിലും അത് തന്നെയാണ്.
ഹിജ്റ 38 അലി (റ) വധിക്കപ്പെടുന്നു നാലാം ഖലീഫ അലി (അ) വധിക്കപ്പെട്ടത് ഹിജ്റ മുപ്പത്തി എട്ടാം വര്‍ഷം റമദാന്‍ പതിനേഴിനായിരുന്നു. ഖവാരിജ് ആശയക്കാരനായ അബ്ദുറഹ്മാനുബ്നുമുല്‍ജിം ആണ് അദ്ദേഹത്തെ വധിച്ചത്. അതോടെ ഖിലാഫതിന് അന്ത്യം കുറിക്കപ്പെട്ടു.
ഹിജ്റ 50 മുഗീറതുബ്നുശുഅ്ബ (റ) വഫാത് പ്രമുഖ സഹാബിവര്യനും നയതന്ത്രജ്ഞനുമായ മുഗീറതുബ്നുശുഅ്ബ (റ) വഫാതായത് ഹിജ്റ മുപ്പത്തിയെട്ടിലെ റമദാനിലായിരുന്നു. ഖലീഫമാരുടെ കാലത്തെ ശൂറയിലെ സ്ഥിരാംഗമായിരുന്നു അദ്ദേഹം
ഹിജ്റ 53 സിയാദ്ബിനുഅബീസുഫ്യാന് വഫാത് മുആവിയ (റ)വിന്റെ പുത്രനായ സിയാദ് മരണപ്പെട്ടത് അമ്പത്തിമൂന്നിലെ റമദാനിലായിരുന്നു. അധികാരം കൈയ്യിലെത്തിയോടെ അദ്ദേഹത്തിന്റെ അക്രമവാസന കൂടിവന്നു. ജനങ്ങള്‍ പൊറുതിമുട്ടിയതോടെ ഉമറുബ്നുഅബ്ദില്അസീസ് (റ) അയാള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുകയും ജനങ്ങള്‍ ആമീന്‍ പറയുകയും ചെയ്തു. അതോടെ പ്ലാഗ് ബാധിച്ച് സിയാദ് മരണപ്പെട്ടു.
ഹിജ്റ 56 ആഇശ (റ)യുടെ വഫാത് ഉമ്മുല്‍മുഅ്മിനീന്‍ ആഇശ (റ) മരണപ്പെട്ടത് അമ്പത്തിആറാം വര്‍ഷം റമദാനിലായിരുന്നു. നബി (സ) ഏറ്റവും പ്രിയപ്പെട്ട ഭാര്യയായിരുന്നു ആഇശ (റ). വളരെയേറെ ഹദീസുകള്‍ നിവേദനം ചെയ്ത മഹതി കര്‍മ്മശാസ്ത്ര വിഷയങ്ങളിലും മറ്റു വൈജ്ഞാനിക ശാഖകളിലും എല്ലാവരുടെയും ആശ്രമായിരുന്നു. വൈദ്യവും കാവ്യസാഹിത്യവും മഹതിക്ക് വശമായിരുന്നു. മരിക്കുമ്പോള്‍ അറുപത് വയസ്സ് പ്രായമായിരുന്നു.
ഹിജ്റ 92 സ്പെയിന്‍ വിജയം ഇസ്ലാമികസൈന്യാധിപന്‍ താരിക്ബിനുസിയാദിന്റെ കരങ്ങളിലൂടെ സ്പെയിന്‍ മുസ്ലിം ലോകത്തിന്റെ ഭാഗമായത് ഹിജ്റ തൊണ്ണൂറ്റിരണ്ടിലെ റമദാനിലായിരുന്നു. ജബലുതാരിഖ് മലയിടുക്കിലൂടെ എത്തിയ അദ്ദേഹത്തിന് മുമ്പില്‍ ഫ്രഞ്ച് സൈന്യം പരാജയപ്പെട്ടു. ബര്‍ബാത് യുദ്ധം എന്ന പേരിലാണ് അത് ചരിത്രത്തില് അറിയപ്പെടുന്നത്.
ഹിജ്റ 115 ഇമാം അതാബിനുറബാഹ് വഫാത് പ്രമുഖ പണ്ഡിതനും ഹറമിലെ മുഫ്തിയുമായിരുന്ന അതാഉബ്നുറബാഹ് (റ) മരണം ഹിജ്റ നൂറ്റിപ്പതിനഞ്ചിലെ റമദാനിലായിരുന്നു. ഇരൂനൂറിലെ സ്വഹാബികളെ നേരില്‍കണ്ട പ്രമുഖ താബിആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സൂക്ഷ്മതയും ഐഹികപരിത്യാഗവും പ്രസിദ്ധമായിരുന്നു.
ഹിജ്റ 124 ഇമാം സുഹരി (റ) വഫാത് പ്രമുഖ താബിഉം ഹദീസ് പണ്ഡിതനുമായിരുന്ന ഇമാം മുസ്ലിമുസ്സുഹരി (റ) മരണമടഞ്ഞത് ഹിജ്റ 124ലെ റമദാനിലായിരുന്നു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹിജ്റ 129 അബ്ബാസി ഭരണത്തിന്റെ തുടക്കം അബ്ബാസി ഭരണകൂടത്തിന്റെ സംസ്ഥാപനവും അതോടനുബന്ധിച്ച് ബൈഅത് ചെയ്യാനായി അബൂമുസ്ലിമുല്ഖുറാസാനി എല്ലാവരെയും ക്ഷണിച്ചതും 129ലെ റമദാനിലായിരുന്നു.
ഹിജ്റ 148 ഇമാം ഇബ്നുഅബീലൈലാ (റ) വഫാത് കൂഫയിലെ മുഫ്തിയായിരുന്ന പ്രമുഖ പണ്ഡതിനും ഖാളിയുമായ ഇബ്നുഅബീലൈലാ (റ) വഫാതായത് 148ലെ റമദാനിലായിരുന്നു.
ഹിജ്റ 168 റോം കരാറിന് വിരുദ്ധമായി പ്രവര്ത്തിക്കുന്നു മുസ്ലിംകളുമായുണ്ടായിരുന്ന സമാധാനകരാര്‍ റോമക്കാര്‍ പൊളിച്ചത് 168 റമദാനിലായിരുന്നു. ഖലീഫ ഹാറൂന്‍ റശീദ് അതോടെ റോമയോട് യുദ്ധം ചെയ്യുകയും മുസ്ലിം സൈന്യം വിജയിക്കുകയും ചെയ്തു.
ഹിജ്റ 181 ഇമാം അബ്ദുല്ലാഹിബ്നുല്‍മുബാറക് വഫാത് പ്രമുഖ പണ്ഡിതനും ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം അബ്ദുല്ലാഹിബ്നുമുബാറക് വഫാതായത് 181ലെ റമദാനിലായിരുന്നു. യുദ്ധരംഗത്തും അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു.
ഹിജ്റ 208 നഫീസാബീവി വഫാത് അലി(റ)വിന്റെ നാലാമത്തെ പേരമകളായ മഹതി നഫീസ(റ) വഫാതായത് ഹിജ്റ 208 റമദാന്‍ ഒന്നിനായിരുന്നു. ഇമാം ശാഫഈ(റ)പോലും മഹതിയില്‍നിന്ന് ഹദീസുകള്‍ ശ്രവിച്ചിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങളില്‍ അതീവശ്രദ്ധ ചെലുത്തിയിരുന്ന മഹതി നോമ്പുകാരിയായിത്തന്നെ മരിക്കണേ എന്ന് ദുആചെയ്യാറുണ്ടായിരുന്നുവത്രെ. മഹതി അങ്ങനെത്തന്നെ വഫാതാവുകയും ചെയ്തു. ഈജിപ്തിലാണ് മഹതി അന്ത്യവിശ്രമം കൊള്ളുന്നത്.
ഹിജ്റ 223 മുസ്ലിം സൈന്യം അമൂരിയയിലെത്തുന്നു റോമിന്റെ ഭാഗമായിരുന്ന അമൂരിയ പിടിച്ചടക്കാനായി ഖലീഫ മുഅ്തസിം നിയോഗിച്ച സൈന്യം അവിടേക്ക് പ്രവേശിച്ചത് ഹിജ്റ 223 റമദാന്‍ അഞ്ചിനായിരുന്നു. സൈനികശക്തികണ്ട് റോംരാജാവ് സന്ധിചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും മുഅ്തസിം അത് സമ്മതിച്ചില്ല, യുദ്ധം ചെയ്ത് അമൂരിയ കീഴടക്കുക തന്നെ ചെയ്തു.
ഹിജ്റ 241 ഇമാം അഹ്മദുബ്നുഹമ്പല്‍(റ) ജയില്‍ മോചിതനാവുന്നു ഖുര്‍ആന്‍ സൃഷ്ടിയാണോ അല്ലേ എന്ന പ്രശ്നത്തില്‍ സത്യവാദത്തില്‍ ഉറച്ചുനിന്ന ഇമാം അഹ്മദുബ്നുഹമ്പലി(റ)നെ ഖലീഫ മഅ്മൂന്‍ വര്‍ഷങ്ങളോളം ജയിലിലടച്ചു. ശേഷം അദ്ദേഹം ജയില്‍ മോചിതനായത് ഹിജ്റ 241 റമദാന്‍ 25നായിരുന്നു.
ഹിജ്റ 407 ഇമാം അഹ്മദ് അല്‍ബസ്സാര്‍ (റ) വഫാത് മാലികീമദ്ഹബിലെ പ്രമുഖപണ്ഡിതനായ ഇമാം അഹ്മദ് അല്‍ബസ്സാര്‍ (റ) വഫാതായത് 407 റമദാനിലായിരുന്നു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഹിജ്റ 428 ഇബ്നുസീനാ വഫാത് ഇസ്ലാമിക ശാസ്ത്രലോകത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന അബൂഅലി ഹുസൈനുബ്നുസീനാ വഫാതായത് 428 റമദാനിലെ ഒരു വെള്ളിയാഴ്ച ആയിരുന്നു. ഫിലോസഫി, വൈദ്യശാസ്ത്രം, വചനശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലെ അദ്ദേഹത്തിന്റെ അവഗാഹം പ്രസിദ്ധമാണ്. അദ്ദേഹത്തിന് 48 വയസ്സായിരുന്നു.
ഹിജ്റ 544 ഖാദീ ഇയാള് വഫാത് മാലികീ പണ്ഡിതനും സ്പെയിനിലെ ഖാളിയുമായ  ഇമാം ഖാളീഇയാള് വഫാതായത് 544 റമദാനിലായിരുന്നു. മാലികീമദ്ഹബിലെ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം.
ഹിജ്റ 580 ഇമാം റാഫിഈ (റ) വഫാത് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം റാഫിഈ(റ)വഫാതായത് 580 റമദാനിലായിരുന്നു. ഇമാം നവവി(റ)ന് ശേഷം ശാഫിഈമദ്ഹബില്‍ പരിഗണിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണ്.
ഹിജ്റ 584 കറക്, സ്വഫദ് വിജയം കുരിശുയുദ്ധങ്ങളുടെ ഭാഗമായി സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ കറക്, സഫദ് എന്നീ പട്ടണങ്ങള്‍ ക്രിസ്തീയരുടെ കൈയ്യില്‍നിന്ന് പിടിച്ചടക്കിയത് 584 റമദാനിലായിരുന്നു.
ഹിജ്റ 597 ഇമാം ഇബ്നുല്‍ ജൌസി വഫാത് ശൈഖുല്‍ ഇസ്ലാം ഇമാം ജമാലുദ്ദീന്‍ അബ്ദുറഹ്മാനുബ്നുല്‍ജൌസി വഫാതായത് 597 റമദാനിലായിരുന്നു. അദ്ദേഹത്തിന്റെ ഉല്ബോധനഭാഷണങ്ങളും രചനകളും ഏറെ പ്രസിദ്ധിമാണ്.
ഹിജ്റ 645 ഹരീരി വഫാത് അറബി സാഹിത്യത്തില്‍ പ്രസിദ്ധനായ അലിഅല്‍ഹരീരി വഫാതായത് 645 റമദാനിലായിരുന്നു. അദ്ദേഹത്തിന്റെ മഖാമാതുകള്‍ ഏറെ പ്രസിദ്ധമാണ്.
ഹിജ്റ 654 മസ്ജിദുന്നബവിയില്‍ തീപിടുത്തം ഹിജ്റ 654 റമദാന്‍ ആദ്യരാത്രി വെള്ളിയാഴ്ച മസ്ജിദുന്നബവിയില്‍ തീപിടുത്തമുണ്ടായി. പള്ളിയുടെ പരിപാലനവുമായി കഴിയുന്ന ഒരാള്‍ സ്വന്തം ആവശ്യത്തിനായി കൊളുത്തിയ തീ ആളിപ്പടരുകയായിരുന്നുവത്രെ.
ഹിജ്റ 658 ഐന്‍ജാലൂത് സംഭവം താര്‍താരികളുടെ പടയോട്ടത്തിന് അന്ത്യം കുറിച്ച ഐന്‍ജാലൂത് യുദ്ധം നടന്നത് ഹിജ്റ 658ലെ റമദാനിലായിരുന്നു. നാബുല്‍സിനടുത്തായിരുന്നു ആ യുദ്ധം അരങ്ങേറിയത്. വാഇസ്ലാമാഹ് എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു മുസ്ലിംകള്‍ അന്ന് യുദ്ധത്തിനിറങ്ങിയത്. അതില്‍ മുസ്ലിം സൈന്യം വിജയിക്കുകയും ചെയ്തു.
ഹിജ്റ 665 അബൂശാമ വഫാത് പാരായണ ശാസ്ത്രത്തിലെ പ്രമുഖനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവും ചരിത്ര പണ്ഡിതനുമായ അബൂശാമ(റ) വഫാതായത് 665 റമദാനിലായിരുന്നു. ശിഹാബുദ്ദീന്‍ അബ്ദുറഹ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
ഹിജ്റ 666 അന്താകിയ വിജയം ചരിത്ര പ്രസിദ്ധമായ സിറിയന്‍ പട്ടണം അന്താകിയ മുസ്ലിംകള്‍ തിരിച്ചുപിടിച്ചത് 666 റമദാനിലായിരുന്നു.
ഹിജ്റ 672 ഇമാം ഇബ്നുമാലിക് വഫാത് അറബി വ്യാകരണ പണ്ഡിതനും അല്‍ഫിയ്യയുടെ രചയിതാവുമായ ഇമാം ഇബ്നുമാലിക് അത്ത്വാഈ വഫാതായത് 672 റമദാനിലാണ്. അറബി വ്യാകരണശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ സംഭാനവകള്‍ ഏറെയാണ്.
ഹിജ്റ 1020 അബ്ദുല്‍ഹഖ് ദിമശ്ഖീ വഫാത് പ്രമുഖ അറബി സാഹിത്യകാരനായ അബ്ദുല്‍ഹഖ് ദിമശ്ഖി മരണപ്പെട്ടത് 1020ലെ റമദാനിലായിരുന്നു.
1034 അബ്ദുല്‍ജവാദ് മനൂഫി വഫാത് പ്രമുഖ പണ്ഡിതനും സാഹിത്യകാരനുമായ അബ്ദുല്‍ജവാദ് മനൂഫി വഫാതായതും റമദാനിലായിരുന്നു. മക്കയില്‍ താമസമാക്കിയിരുന്നു അദ്ദേഹം അവിടത്തെ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കുകയും വൈജ്ഞാനിക-സാഹിതീയ രംഗങ്ങളില്‍ സജീവമാകുകയും ചെയ്തു.
ഹിജ്റ 1393 ഇസ്റാഈല്‍ സൈന്യം പരാജയപ്പെടുന്നു ഈജിപ്ഷ്യന്‍ സൈന്യം സൂയസ് കനാല്‍ മുറിച്ചുകടന്ന് ഇസ്റാഈല്‍ അധിനിവേശപ്രദേശങ്ങളിലേക്ക് കടന്നുചെല്ലുകയും ജൂതസൈന്യത്തെ തുരുത്തകയും ചെയ്തു. ആധുനികലോകത്ത് ഇസ്റാഈലി സൈന്യത്തിന് മേല്‍ മുസ്ലിം സൈന്യം നേടിയ ആദ്യവിജയമായാണ് ചരിത്രകാരന്മാര്‍ ഇതിനെ കാണുന്നത്.
ഹിജ്റ 1398 ശൈഖ് അബ്ദുറഹ്മാന്‍ ശഅലാന്‍ വഫാത് മക്കയിലെ പ്രത്യേകകോടതിയിലെ ഖാളിയും ഹറമിലെ ഇമാമും ഖതീബുമായിരുന്ന ശൈഖ് അബ്ദുറഹ്മാന്‍ ശഅലാന്‍ വഫാതായത് 1417 റമദാനിലായിരുന്നു.
ഹിജ്റ 1420 ശൈഖ് സ്വലാഹുദ്ദീന്‍ കബാറ വഫാത് ലബനാനിലെ പ്രമുഖ പണ്ഡിതനും ഖാരിഉമായ ശൈഖ് സ്വലാഹുദ്ദീന്‍കബാറ മരണപ്പെട്ടത് റമദാന്‍ 23ലായിരുന്നു.  
ഹിജ്റ 1420 ശൈഖ് അബുല്‍ഹസന്‍ നദവി വഫാത് പ്രമുഖ പണ്ഡിതനായ ശൈഖ് അബുല്‍ഹസന്‍ നദവി വഫാതായത് 1420 റമദാനിലായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ഏറെ പ്രസിദ്ധവും പല സ്ഥപനങ്ങളിലും പാഠ്യവിഷയങ്ങളുമാണ്. മരണപ്പെടുമ്പോള്‍ 90 വയസ്സായിരുന്നു അദ്ദേഹത്തിന്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter