ഈദുല്‍ ഫിഥ്റിലെ അനുഷ്ഠാനങ്ങള്‍
പരിശുദ്ധ ഇസ്‌ലാം പ്രകൃതിയുടെ മതമായതുകൊണ്ട് തന്നെ മനുഷ്യന്റെ മാനസികാവസ്ഥ പരിഗണിച്ച് ആഘോഷിക്കാനും ഉല്ലസിക്കാനും അവസരം നല്‍കിയിട്ടുണ്ട്. അതത്രെ ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ സുദിനങ്ങള്‍.


എന്നാല്‍ ആഘോഷമെന്ന പേര് പറഞ്ഞ് എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ടുള്ള ഒരു പെരുന്നാള്‍ ആഘോഷം ഇസ്‌ലാം അനുവദിക്കുന്നില്ല.


പവിത്രത കല്‍പിച്ചുകൊണ്ട് നടത്തപ്പെടേണ്ടതാണ് ഇസ്‌ലാമിക ആഘോഷങ്ങള്‍. ആഭാസകരവും ലജ്ജാവഹവുമായ പ്രവണതകളില്‍ വികൃതമാക്കപ്പെട്ടിരിക്കുന്നു ഇക്കാലത്ത് നമ്മുടെ ആഘോഷങ്ങള്‍. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ഒരു വിഭാഗം ആഘോഷം പൊടിപൊടിക്കുമ്പോള്‍ കുടിച്ചും മതിച്ചും  അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് മറ്റൊരു വിഭാഗം ആഘോഷിക്കുന്നത്. ഭക്ഷണം, വസ്ത്രം, വാഹനം തുടങ്ങിയ ജീവിതാവശ്യങ്ങളില്‍ നമ്മുടെ സമൂഹം ഇത്തരം സീസണുകളില്‍ അമിതവ്യയം ഒരു ഫാഷനാക്കിയിരിക്കുന്നു.


മിതത്വത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച് മുന്നേറാന്‍ നിയോഗിക്കപ്പെട്ട ഉത്തമസൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ദുശ്ശീലങ്ങള്‍ സമൂഹത്തെ ഒന്നടങ്കം തെറ്റിദ്ധരിക്കാന്‍ കാരണായിരിക്കുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് ആഘോഷങ്ങളുടെ അന്തസത്ത നിലനിര്‍ത്താന്‍ സമൂഹം മുന്നോട്ടുവരണം. പരലോക ജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള വിശ്വാസബലഹീനതയാണ് ആഘോഷങ്ങളെ ആഭാസാകരമാക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നത്. പെരുന്നാള്‍ ദിനങ്ങളില്‍ ഒരുപാട് സുകൃതങ്ങള്‍ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യമാണ് സമൂഹം കരകതമാക്കേണ്ടത്. അല്ലാതെ അല്ലാഹുവിന്റെ കോപവും അസംസൃപ്തിയുമല്ല.
പെരുന്നാളില്‍ നാം നിര്‍വഹിക്കേണ്ട അമലുകളെ ലഘുവായി നമുക്ക് പരിചയപ്പെടാം.


തക്ബീര്‍
ശവ്വാല്‍ മാസപ്പിറവി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് സ്ഥിരപ്പെട്ടത് മുതല്‍ ഇമാം പെരുന്നാള്‍ നിസ്‌കാരത്തിന് നില്‍ക്കുന്നത് വരെ സുന്നത്തുള്ള അമലാണ് തക്ബീര്‍ ചൊല്ലുക എന്നത് വീടുകള്‍, വഴികള്‍, മസ്ജിദുകള്‍, ടൗണുകള്‍ എല്ലായിടത്തുവെച്ചും ഇത് നിര്‍വ്വഹിക്കാം. ആണിനും പെണ്ണിനും യാത്രക്കാരനും അല്ലാത്തവര്‍ക്കും എല്ലാം തക്ബീര്‍ ചൊല്ലല്‍ സുന്നത്താകുന്നു. വിശുദ്ധ ഖുര്‍ആനില്‍ വ്രതം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നീണ്ട ആയത്തുകളുടെ അവസാനത്തില്‍ അല്ലാഹു തക്ബീര്‍ ചൊല്ലാന്‍ കല്‍പിക്കുന്നതായി നമുക്ക് കാണാം.


നിസ്‌കാരം
നബി(സ)യുടെ ഉമ്മത്തിന്റെ സവിശേഷതയെത്രെ പെരുന്നാള്‍ നിസ്‌കാരം. ഹിജ്‌റ രണ്ടാം വര്‍ഷം ചെറിയപെരുന്നാള്‍ നിസ്‌കരിച്ചുകൊണ്ടാണ് പെരുന്നാള്‍ നിസ്‌കാത്തിന്റെ ഉദ്ഘാടനം നബി(സ) നിര്‍വ്വഹിച്ചത്. ശക്തിയായ സുന്നത്താണിത്. ഫര്‍ള് കിഫയാണെന്നും അഭിപ്രായമുണ്ട്. ജമാഅത്തായി നിര്‍വ്വഹിക്കപ്പെടലാണ് ഏറ്റവും ഉത്തമം.


സൂര്യോദയം മുതല്‍ ഉച്ചവരെയാണ് നിസ്‌കാരത്തിന്റെ സമയം. സൂര്യന്‍ ഒരു കുന്തത്തിന്റെയത്ര ആകുന്നതുവരെ പിന്തിച്ച് നിസ്‌കരിക്കല്‍ സുന്നത്താകുന്നു. രണ്ട് റക്അത്ത് നിസ്‌കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ തക്ബീറിന് ശേഷം വജ്ജഹ്തു ഓതുക. ഒന്നാം റക്അത്തില്‍ ഏഴ് തക്ബീര്‍ ഉറക്കെ ചൊല്ലല്‍ സുന്നത്താണ്. ഓരോ തക്ബീറുകള്‍ക്കിടയിലും ‘സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍’ എന്ന ദിക്ര്‍ ചൊല്ലലും സുന്നത്താണ്. ഫാതിഹ ഓതിയ ശേഷം ഖാഫ്, സബ്ബിഹിസ്മ എന്നീ സൂറകളില്‍ ഒന്ന് ഓതലും സുന്നത്താണ്. രണ്ടാം റക്അത്തില്‍ ഇന്‍തിഖാലിന്റെ തക്ബീര്‍ കൂടാതെ അഞ്ച് തക്ബീര്‍ ചൊല്ലണം. ഇവകള്‍ക്കിടയിലും മേല്‍പറഞ്ഞ ദിക്ര്‍ ചൊല്ലല്‍ നല്ലതാണ്. പിന്നീട് ഫാതിഹ ഓതുകയും ഇഖ്തറബ, ഗാശിയ സുറകളില്‍ ഒന്ന് ഓതുകയും ചെയ്യുക.


ഖുത്വുബ ഓതല്‍
നിസ്‌കാര ശേഷം രണ്ട് ഖുത്വുബകള്‍ സുന്നത്താണ്. ഖുത്വുബയുടെ റുക്‌നുകളും സുന്നുത്തുകളും ജുമുഅ ഖുത്വുബയുടെ റുക്‌നുകളും സുന്നത്തുകളും പോലെ തന്നെയാകുന്നു. ഒന്നാം ഖുത്വുബ ഒമ്പത് തക്ബീറുകള്‍ കൊണ്ടും രണ്ടാം ഖുത്വുബ ഏഴ് തക്ബീറുകള്‍ കൊണ്ടും ആരംഭിക്കല്‍ സുന്നത്താകുന്നു. ഈ തക്ബീറുകള്‍ മഅ്മൂമുകള്‍ക്ക് സുന്നത്തില്ല.


പെരുന്നാള്‍ നിസ്‌കാരത്തിന് നിയ്യത്ത് ചെയ്യുമ്പോള്‍ നിസ്‌കാരത്തെ നിര്‍ണയിക്കലും(ചെറിയ-വലിയ പെരുന്നാള്‍) അതുപോലെ അദാഅ്, ഖളാഅ് എന്ന് വ്യക്തമാക്കലും നിര്‍ബന്ധമാണ്. ചെറിയ പെരുന്നാല്‍ നിസ്‌കാരത്തിന്റെ ഖുത്വുബയില്‍ ഫിത്വ ്ര്‍ സകാത്തിനെ സംബന്ധിച്ചം വലിയ പെരുന്നാള്‍ ഖുത്വുബയില്‍ ഉള്ഹിയത്തിനെ സംബന്ധിച്ചും ഉത്‌ബോധനം നടത്തണം. ഓരോ ഖുത്വുബയിലുമുള്ള ഒമ്പത്, ഏഴ് തക്ബീറുകളെ തുടര്‍ച്ചയായും ഒറ്റയായുമാണ് ഉച്ചരിക്കേണ്ടത്.

കുളി
കുളി, ഇതിന്റെ സമയം പെരുന്നാള്‍ രാത്രിയുടെ പകുതി മുതല്‍ ആരംഭിക്കുന്നതാണ്. സുഗന്ധം ഉപയോഗിക്കല്‍, ഭംഗിയാവല്‍ എന്നിവയും സുന്നത്താകുന്നു. പള്ളി വിശാലതയുണ്ടെങ്കില്‍ പള്ളിയില്‍ വെച്ചുതന്നെ നിസ്‌കാരം നിര്‍വഹിക്കലാണ് ഏറ്റവും ശ്രേഷ്ഠത. ഒരു  വഴിയിലൂടെ വരികയും മറ്റൊരു വഴിയിലൂടെ തിരിച്ചുപോവുകയും ചെയ്യുക. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന്റെ മുമ്പ് ലഘുഭക്ഷണം കഴിച്ച് പോവുക. അച്ചടക്കത്തോടെ നടന്നുപോവുക എന്നിവ സുന്നത്തുകളില്‍ ചിലതാകുന്നു.

സകാത്തുല്‍ ഫിത്വ്ര്‍
നോമ്പില്‍ വല്ല ന്യൂനതകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിരാഹാരാര്‍ത്ഥവും സാധുക്കളെ പെരുന്നാള്‍ ആഘോഷിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്ന ഉദ്ദ്യേശ്യത്തോടെ ഇസ്‌ലാം ശരീരത്തിന്റെ സകാത്തായി നിര്‍ബന്ധമാക്കിയതാണ് ഫിത്വ്ര്‍ സകാത്ത്. ഒരു സ്വാഅ് വീതമാണ് നല്‍കേണ്ടത്. പെരുന്നാളിന്റെ ചന്ദ്രോദയം മുതല്‍ അത് നിര്‍ബന്ധമാകുന്നു. നിസ്‌കാരത്തിന്റെ മുമ്പായി കൊടുത്തുവീട്ടലാണ് ഉത്തമം. കാരണമില്ലാതെ പെരുന്നാള്‍ ദിവസത്തേക്കാള്‍ പിന്തിക്കല്‍ ഹറാമാണ്. കളിയും തമാശയുമല്ല ഇസ്‌ലാമികാഘോഷങ്ങളൊന്നും. ഇബാദത്തുകള്‍കൊണ്ട് ധന്യമാക്കിയും കുടുംബബന്ധങ്ങള്‍ സ്ഥാപിച്ചും സുഹൃത് ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും കൊണ്ട് നമ്മുടെ ആഘോഷങ്ങളെ നമുക്ക് ഫലവത്താക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter