ഔലിയാഉം കറാമത്തും- മക്തൂബ്10

പ്രിയ സഹോദരന്‍  ശംസുദ്ദീന്‍,

ഔലിയാഇന്റെ കറാമത്തുകളെക്കൊണ്ട്‌ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ,

ഔലിയാഇന്റെ കറാമതുകള്‍ സംഭവ്യമാണ്. അഹ്‍ലുസ്സുന്നയുടെ പണ്ഡിതരുടെയും ആധ്യാത്മികാചാര്യരുടെയും ഇജ്മാഅ് (ഏകകണ്ഠാഭിപ്രായം) ആണ് ഇതിനു തെളിവ്.  അത് മുഅ്ജിസതോളം ഉന്നതമായതാണെങ്കിലും ശരി. എന്നാല്‍ മുഅ്തസിലതിന്‍റെ അഭിപ്രായപ്രകാരം ഔലിയാഇനു പ്രത്യേകിച്ച് കറാമത്തൊന്നുമില്ല. എല്ലാ വിശ്വാസികള്‍ക്കും ദോഷിയോ നിര്‍ദോഷിയോ എന്ന വ്യത്യാസമില്ലാതെ അത്തരം പ്രത്യേകതകള്‍ ആകാവുന്നതാണ്. ഉദാഹരണത്തിന് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കല്‍, ദാഹാര്‍ത്തനായി കഴിയുമ്പോള്‍ മരുഭൂമിയില്‍ നിന്നും ഉറവ പൊട്ടല്‍, വിശന്നിരിക്കുന്ന സമയത്ത് അപരിചിതന്‍ ആതിഥ്യമരുളല്‍ തുടങ്ങിയവ.

മുഅ്തസിലത് പറയുന്നു: ഒരാള്‍ വിശ്വാസി ആയാല്‍ സ്രഷ്ടാവിന്‍റെ കോപത്തില്‍ നിന്നും വിലായതിലേക്ക് അദ്ധേഹം എത്തിച്ചേരുന്നു. വിലായത്തുള്ളവരില്‍ നിന്നും കറാമതുണ്ടാകുമെങ്കില്‍ എല്ലാവരും അതില്‍ സമന്മാരാണ്. 
ഇതിന് ഇങ്ങനെ മറുപടി പറയാം, വിശ്വാസത്തിന്‍റെ വിലായത് ഒരു പൊതു ഇടമാണ്. അവിടെ നല്ലവരും ചീത്തവരും എന്തിന് പ്രവാചകരും അല്ലാത്തവരും സമന്മാരാണ്. എന്നാല്‍ സവിശേഷമായ വിലായത് മറ്റൊന്നാണ്.  ഇത് സവിശേഷമായതാണെങ്കില്‍ കറാമതും വിശേഷപ്പെട്ടതു തന്നെ. ഒരു രാജാവിനു പല തരക്കാരായ  സേനാംഗങ്ങള്‍ ഉണ്ടാകുമല്ലോ. അടിസ്ഥാനപരമായ സേവനം മാനദണ്ഡമാക്കുമ്പോള്‍ എല്ലാവരും സമന്മാരാണെങ്കിലും രാജാവുമായുള്ള അടുപ്പത്തില്‍ അഥവാ മഹത്വത്തില്‍ പലരും പല തട്ടിലാണ്. ഉദാഹരണത്തിന് പാറാവുകാരനും പൊതുസേവകനുമുള്ളതിനേക്കാള്‍ പതിന്മടങ്ങ് പ്രത്യേകത മന്ത്രിക്കും അംഗരക്ഷകനുമുണ്ടാകുമല്ലോ. 

Read More: ആന്തരികവും ബാഹ്യവുമായ ശിര്‍കും വിലായത്തും -മക്തൂബ് 09

അല്ലാഹു തന്‍റെ ദൂതന്മാരെ വ്യക്തമായ മുഅ്ജിസതുമായിട്ടാണല്ലോ നിയോഗിക്കാറുള്ളത്. അത് ഔലിയഇല്‍ നിന്നും വെളിവാകുന്നുവെങ്കല്‍ അവിടെ ആശയക്കുഴപ്പം സംഭവിക്കില്ലേ? നബിയെ മറ്റുള്ളവരില്‍ നിന്നും വേര്‍ത്തിരിച്ചു മനസ്സിലാക്കാന്‍ ആവില്ലല്ലോ? എന്നൊക്കെ ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്.

അതിന് ഇങ്ങനെ ഉത്തരം പറയാം, നബി  കരുതുന്നതും പറയുന്നതും മാത്രമേ ഒരു വലിയ്യും ചെയ്യുന്നുള്ളൂ. അതോടൊപ്പം തന്നില്‍ നിന്നും വെളിവായ കറാമത്തുകളെല്ലാം ആ പ്രവാചകനെ അംഗീകരിച്ചതിനാല്‍ ലഭിച്ചതാണെന്നും താനൊരു നബിയല്ലെന്നും അദ്ധേഹം തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. ആകയാല്‍ ഇത്തരം കാറാമതുകള്‍  വെളിച്ചം കാണുമ്പോള്‍ പ്രവാചകന്മാര്‍ സത്യസന്ധരാണെന്നും അവരുടെ വാദമുഖങ്ങള്‍ ശരിയാണെന്നുള്ള ഒരു സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് അവിടെ സംഭവിക്കുന്നത്. ഒരു വിധ ആശയക്കുഴപ്പവും അവിടെ അവശേഷിക്കുന്നില്ല. മറ്റൊരു വശത്തിലൂടെ ഇങ്ങനെ ചിന്തിക്കാം,  പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ പറഞ്ഞ രണ്ടാളുകളുടെ തെളിവുകളും അപ്രസക്തമാവുന്നു. എന്നാല്‍ ഇരുവരുടെയും വാദങ്ങള്‍ ഒന്ന് തന്നെയാണെങ്കില്‍ ഒരാളുടെ തെളിവ് തന്നെ മറ്റവനും മതിയാകുന്നതാണ്. അവകാശത്തിലും കുടംബ ബന്ധത്തിലും ഒരേ നിലവാരത്തിലുള്ള അനന്തരാവകാശികളില്‍ ഒരാളുടെ തെളിവ് സ്ഥിരപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കും അതു മതിയാകുമല്ലോ. 
മറ്റൊരു ചോദ്യം ഇങ്ങനെയാവാം, മുഅ്ജിസത്തോളം വരുന്ന കറാമതുകള്‍ വെളിവായാല്‍ ആ വലിയ്യ് താനൊരു പ്രവാചകനാണെന്നു വാദിക്കാന്‍ സാധ്യതയില്ലേ? ഈ സാധ്യതക്ക് പ്രസക്തിയില്ലെന്ന് പറയേണ്ടതില്ലല്ലോ. ഒരു വലിയ്യ് സത്യസന്ധനായിരിക്കണം. പ്രവാചകന് വിരുദ്ധമായ വാദം അസംബന്ധവും അതു പറയുന്നവന്‍ കളവു പറയുന്നവനുമാണ്. അദ്ധേഹം ഒരിക്കലും വലിയ്യ് ആകുകയേ ഇല്ല. 

ചോദ്യം:
പതിവിനു വരുദ്ധമായ രീതിയില്‍ മുഅ്ജിസത്ത് വെളിവാകുമ്പോള്‍ അത് പ്രവാചകന്‍റെ സത്യസന്ധതയെ ദൃഢപ്പെടുത്തുന്നു. എന്നാല്‍ അതിനോടു സാദൃശ്യമാകുന്ന രീതിയില്‍ പ്രവാചകനല്ലാത്തവര്‍ക്കും അത്തരം കാര്യങ്ങള്‍ വെളിവാകുമ്പോള്‍ മുഅ്ജിസത്തിന്‍റെ അസാധാരണത്വം നഷ്ടപ്പെടുകയും അതിന്‍റെ വിശ്വാസ്യത, പ്രയോഗ ക്ഷമത ഇല്ലാതാകുകയും ചെയ്യുന്നില്ലേ?


മറുപടി:
ഇതൊരു ദുര്‍ബലമായ സംശയമാണ്. മുഅ്ജിസത്ത് സൃഷ്ടികളുടെ പതിവുരീതിയെ ഖണ്ഠിക്കുന്ന ഒന്നാണ്. ഒരു വലിയ്യിന്റെ കറാമത് യഥാര്‍ത്ഥത്തില്‍ അദ്ധേഹത്തിന്‍റെ പ്രവാചകന്‍റെ മുഅ്ജിസത്തും ദൃഢ തെളിവുമാണ്. പ്രവചകന്‍റെ ശരീഅത്ത് അവശേഷിക്കുന്ന പോലെ അതിന്‍റെ പ്രമാണങ്ങളും തെളിവുകളും കൂടെ അവശേഷിച്ചിരിക്കണം. മുഅ്ജിസത്ത് നിലനില്‍കുന്നത് കറാമതുകളിലൂടെയാണ്. അന്ത്യനാള്‍ വരേക്കും പ്രവാചകത്വദൗത്യത്തിന്‍റെ സാധുതയുടെ സാക്ഷികളാണ് ഔലിയാഅ്. 

ചോദ്യം:
മുഅ്ജിസത്തിന്‍റെയും കറാമത്തിന്‍റെയും അന്തരം എന്താണ്?
ഉത്തരം:
മുഅ്ജിസത്ത്  പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമാണ്,  എന്നാല്‍  കറാമത്ത് രഹസ്യമാക്കണം. മുഅ്ജിസത് വെളിവാകും മുമ്പേ അതിനെക്കുറിച്ച് അമ്പിയാക്കള്‍ക്ക്   വിവരം നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ ഔലിയാഇനു തങ്ങളില്‍ നിന്ന് വെളിവാകുന്നത് കറാമത്താണെന്ന അറിവ് നേരത്തെ നല്‍കപ്പെടുന്നില്ല. താന്‍ വളരെ മോശപ്പെട്ടവനാണെന്ന് ഓരോ വലിയ്യും തന്നെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് വിലായത് സ്ഥിരപ്പെടുക എന്ന അഭിപ്രായപ്രകാരമാണിത്.  സ്വന്തത്തെ കുറിച്ച് അങ്ങനെ മനസ്സിലാക്കുമ്പോള്‍ എങ്ങെനെയാണ് തന്‍റേതു കറാമത്താണെന്ന് അദ്ധേഹം വാദിക്കുക. അപ്രകാരം വാദിക്കുന്നില്ലെങ്കില്‍ അതുണ്ടാകുമെന്ന വിവരം എങ്ങെനെ ലഭ്യമാകാനാണ്. ആധ്യാത്മികാചാര്യന്മാര്‍ പറഞ്ഞു: ഹഖില്‍ നിന്നും ഹഖല്ലാത്തത് തേടുന്നവന്‍ വലിയ്യല്ല. ആരെങ്കിലും അല്ലാഹുവിനോട് കറാമതിനെ തേടിയാല്‍ തന്‍റെ ഹബീബിനോട് അവനല്ലാത്ത മറ്റൊന്നിനെ തേടിയവനെപോലെയായി. അത് വിലായതിന്‍റെ നിഷേധമാണ്. അതു ശരിയായ നടപടിയല്ല തന്നെ.

സദാ കള്ളം പറയുന്ന ഒരുത്തന്‍ പ്രവാചകത്വം വാദിച്ചാല്‍ ഒരിക്കലും അവനിലൂടെ യഥാര്‍ത്ഥ പ്രവാചകര്‍ക്കുള്ളതുപോലെ മുഅ്ജിസത് വെളിവാകുകയില്ല. കാരണം നബി സത്യസന്ധനും ഹഖ് സ്ഥിരപ്പെടുത്തുന്നവനും നമുക്ക് വിശ്വസിക്കല്‍ നിര്‍ബന്ധമുള്ള വ്യക്തിയുമാണ്. എന്നാല്‍ പ്രവാചകനാണെന്നു വാദിക്കുന്നവന്‍ കള്ളം പറയുന്നവനും വ്യാജനും അദ്ധേഹത്തെ വിശ്വസിക്കല്‍ വിലക്കപ്പെട്ടതുമാണ്. അതിനാല്‍ യാഥാര്‍ത്ഥ നബി കള്ളപ്രവാചകനില്‍ നിന്നും വ്യതിരിക്തനാകേണ്ടതുണ്ട്. അതാണ് മുഅ്ജിസതിലൂടെ സാധ്യമാകുന്നത്. രണ്ടു പേരില്‍ നിന്നും മുഅ്ജിസത് വെളിവായാല്‍ അവര്‍ക്കിടയിലെ അന്തരം നഷ്ടപ്പെട്ടുപോകും. ആരെയാണ് വിശ്വസിക്കേണ്ടതെന്നും പിമ്പറ്റേണ്ടതെന്നുമറിയാതെ പൊതുജനം വിലിയ ആശയക്കുഴപ്പത്തിലാകും.

എന്നാല്‍ ആധ്യാത്മികലോകത്തെയും അഹ്‍ലുസ്സുന്നയുടെയും പണ്ഡിതരുടെ ഏകോപനപ്രകാരം പ്രവാചകര്‍ക്കും ഔലിയാഇനുമുണ്ടാകുന്നതു പോലെ അത്ഭുതസംഭവങ്ങള്‍ സത്യനിഷേധികള്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാലും അവര്‍ കളവാണ് പറയുന്നത് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഉദാഹരണം ഫിര്‍ഔന്‍. നാനൂറ് വര്‍ഷക്കാലത്തെ നീണ്ട ആയുഷ്കാലത്തിനിടക്ക് ഒരു രോഗവും അദ്ധേഹത്തിന് പിടിപെട്ടില്ല. തന്‍റെ നീളത്തിനനുസരിച്ച് വെള്ളം അദ്ധേഹത്തോടൊപ്പം സഞ്ചരിക്കുമായിരുന്നു. ഫിര്‍ഔന്‍ നിന്നാല്‍ വെള്ളം  നില്‍കുകയും ചലിച്ചാല്‍ അതു ചലിക്കുകയും ചെയ്യും. എന്നിട്ടും വിവേകമുള്ള ഒരാളും ദൈവമാണെന്ന തന്റെ വാദം കള്ളമാണെന്നതില്‍ സംശയിച്ചില്ല. ബുദ്ധിയുള്ളവരെല്ലാം അംഗീകരിക്കുന്ന കാര്യമാണ് അല്ലാഹു പദാര്‍ത്ഥ നിര്‍മിതമല്ലെന്നും ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍, സഞ്ചാരം തുടങ്ങിയവ അവന്റെ വിശേഷണങ്ങളല്ലെന്നും മാംസമോ പേശിയോ അവനില്ലെന്നും. ഇതില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതനാണ്. എന്നാല്‍ ഫിര്‍ഔനില്‍ ഇത്തരത്തിലുള്ള ശതക്കണക്കിന് അത്ഭുതസംഭവങ്ങള്‍ വെളിവായാലും ചിന്താശേഷയുള്ള ഒരാളും അദ്ധേഹത്തിന്‍റെ വാദം കളവാണെന്നതില്‍ വല്ല സംശയമോ അവ്വ്യക്തതയോ പ്രകടിപ്പിക്കില്ല. ആ കള്ളത്തരത്തിന്‍റെ മേല്‍ അറിയിക്കുന്ന പരസഹസ്രം വസ്തുതകള്‍ വേറെയുണ്ടല്ലോ. എന്തെങ്കിലും അത്ഭുതം കാണുമ്പോഴേക്കും ബുദ്ധിയുള്ള ഒരാള്‍ എങ്ങനെയാണത് വിശ്വസിക്കുക. ഒരിക്കലും അതു സംഭവിക്കില്ല.

സത്യസന്ധരുടെ നായകനായ പ്രവാചകന്‍ (സ്വ) നമ്മോട് പറഞ്ഞു: അന്ത്യനാളില്‍ ദജ്ജാല്‍ പുറപ്പെടും. അവന്‍ ജനങ്ങളെ സമീപിച്ചുകൊണ്ട് പറയും: ഞാനാണ് നിങ്ങളുടെ റബ്ബ്. അവന്‍റെ ഇരുപാര്‍ശ്വങ്ങളിലായി രണ്ട് പര്‍വ്വതങ്ങള്‍ ഉണ്ടാവും. വലതുഭാഗത്തുള്ളത് തന്‍റെ അനുയായികള്‍ക്കുള്ള സ്വര്‍ഗവും ഇടതു ഭാഗത്ത് തന്‍റെ നിഷേധികള്‍ക്കുള്ള നരകവുമാണ്. ഇതു സ്വര്‍ഗവും അതു നരകവുമാണെന്ന് അവന്‍ വിളിച്ചുപറയും

ഹദീസ്‌ തുടരുന്നു, വിശ്വാസികളില്‍ പെട്ട ഒരാളുടെ രണ്ട് കരങ്ങളും പിടിച്ചുകൊണ്ടവന്‍ ദുരേക്കെറിയും. അവനെ നരകത്തിലേക്കാണ് എറിഞ്ഞതെന്ന് എല്ലാവരും വിചാരിക്കും. സത്യത്തില്‍ അവന്‍ സ്വര്‍ഗത്തിലേക്കാണ് എറിയപ്പെട്ടത്. അവനെ അനുസരിക്കുന്നവനെ സ്വര്‍ഗമാണെന്ന് ജനങ്ങള്‍ വിചരിക്കുന്നിടത്തേക്ക് എറിയും. സത്യത്തിലത് നരകമായിരിക്കും. 

Read More: മക്തൂബാതെ സ്വദി മക്തൂബ് 08- ഇവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍

ഇത്തരം കാര്യങ്ങളെല്ലാം കറാമത്തും മുഅ്ജിസതും പോലെ നമുക്ക് തോന്നിയേക്കാം. ദജ്ജാലാണെങ്കിലോ അല്ലാഹുവിന്‍റെ ശത്രുക്കളില്‍ പെട്ടവനാണ് താനും. അതിനാല്‍ തന്നെ കഴുതപ്പുറത്ത് കേറുന്ന ദജ്ജാലൊന്നും ദൈവമല്ലന്നു നിഷ്പ്രയാസം മനസ്സിലാക്കാം. കോങ്കണ്ണുണ്ടാവല്‍, അന്നപാനീയങ്ങള്‍ ഉപയോഗിക്കല്‍, ഉറങ്ങല്‍ തുടങ്ങിയ മനുഷ്യവിശേഷണങ്ങളൊന്നും അല്ലാഹുവിന്‍റെ വിശുദ്ധിയോട് യോജിച്ചതല്ലെന്ന്   ബുദ്ധിയുള്ളവനു ബോധ്യപ്പെടുന്നതാണ്. ഒരു ചതിപ്രയോഗം, കുതന്ത്രം എന്ന നിലക്കാണ് ഈ അത്ഭുത സംഭവങ്ങളെല്ലാം അവരിലൂടെ വെളിവാകുന്നത്.  അഥവാ ഇക്കൂട്ടര്‍ തിന്മ ചെയ്യുമ്പോള്‍ അതിനുള്ള സൗകര്യവും സാവകാശവും അല്ലാഹു ചെയ്തു കൊടുക്കുന്നു.  അവരുടെ ലക്ഷ്യപ്രാപ്തിയിലേക്ക് അവരെ എത്തിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഒരു നിശ്ചിതഘട്ടമെത്തിയാല്‍ അവര്‍ തിന്മയിലും അഹങ്കാരത്തിലുമായിരിക്കെ  അല്ലാഹു അവരെ  നശിപ്പിക്കുന്നു. ഫിര്‍ഔനിന്‍റെ കല്‍പ്പനക്കനുസരിച്ച് വെള്ളം സഞ്ചരിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ദൈവമാണെന്ന വാദത്തില്‍ നിന്നും അദ്ധേഹം പിന്തിരിയുമായിരുന്നു. അല്ലാഹുവിന്‍റെ കുതന്ത്രം എന്നതു കൊണ്ടുള്ള വിവക്ഷ ഇതാണ്.  ഇക്കൂട്ടര്‍ തന്‍റെ മോചനം തേടി അപചയത്തില്‍ ചെന്ന് ചാടുകയും  അഭിമാനം തേടി  സ്വയം അപമാനിതനായി തിരിച്ചുവരികയും ചെയ്യുന്നു. സന്‍മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗമാണ് ഇവര്‍ സമ്പാദിക്കുന്നത്. ഇതെല്ലാം അല്ലാഹു തന്‍റെ ശത്രുക്കളോട് വര്‍ത്തിക്കുന്ന രീതികളാണ്. 

അഥവാ, അസാധാരണസംഭവങ്ങള്‍ മൂന്ന് വിധമാണെന്ന് പറയാം.
1. പ്രവാചകന്മാരുടെ മുഅ്ജിസത്
2. ഔലിയാഇന്‍റെ കറാമത്
3. ദൈവ നിഷേധികളിലൂടെ ഒരു പരീക്ഷണവും കുതന്ത്രവും എന്ന രൂപേണ വെളിവാകുന്നത്.

മറ്റൊരു വിധം പറഞ്ഞാല്‍ അമ്പിയാക്കള്‍ക്ക് വെളിവാകുന്ന അസാധാരണസംഭവങ്ങള്‍ക്ക് മുഅ്ജിസത് എന്നും ഔലിയാഇന്ന് വെളിവാകുന്നത് കറാമത് എന്നും ഭ്രന്തന്മാര്‍, കുട്ടികള്‍, പൊതുജനങ്ങള്‍ എന്നിവരിലുണ്ടാകുന്നതിന് ദൈവികസഹായം എന്നും പറയപ്പെടുന്നു. എന്നാല്‍ സത്യനിഷേധികളിലൂടെ പ്രകടമാകുന്നതിനെ അവസരം കൊടുത്തുകൊണ്ടുള്ള പരീക്ഷണം എന്നു വിളിക്കാം. ഈ പരീക്ഷണങ്ങളില്‍ അവര്‍ സ്വയം വഞ്ചിക്കപ്പെടുന്നു. താന്‍ വലിയ മഹത്വമുള്ളവനും  ഉന്നതമായ പദവിയുടെ ഉടമയുമാണെന്ന് സ്വയം കരുതുന്നു. അവന്‍ ജനങ്ങള്‍ മുമ്പാകെ അഹങ്കാരത്തോടെയും അഹന്തയോടെയും മേനി പറയുകയും ചെയ്യുന്നു.  എന്നാല്‍ കറാമത് കൊണ്ട് പവിത്രത കല്‍പിക്കപ്പെട്ട ശ്രേഷ്ഠനായ വലിയ്യ് ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. അദ്ധേഹം കറാമതില്‍ നിന്നും വിദൂരത്താകാന്‍ ശ്രമിക്കുകയും ഭീതിയോടെ അതിനെ നോക്കിക്കാണുകയും ചെയ്യുന്നു. മാത്രമല്ല, തന്‍ സകലജനങ്ങളിലും വെച്ച് ഏറ്റവും മോശപ്പെട്ടവനാണെന്ന് സ്വയം മനസ്സിലാക്കുകയും ചെയ്യുന്നു.

സൂഫികള്‍ പറയുന്നു, ആധ്യാത്മികസരണിയില്‍ നിന്നും കറാമതുകള്‍ കാരണമാണ് അധികമാളുകളും വഴി പിഴച്ചു പോകുന്നത്. ഹഖ് അല്ലാത്ത ഒന്നില്‍ അവന്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ ഹഖില്‍ നിന്നും മെല്ലെ അവന്‍ അകന്ന്തുടങ്ങുന്നു. മിഠായിയോ പഴമോ കാണിച്ച് കുഞ്ഞിനെ തന്‍റെ മടിയില്‍ നിന്നും ഇറക്കിവെക്കാന്‍ കൗശലം കാണിക്കുന്ന മാതാവിന്‍റെ ചെയ്തിപോലെയാണിത്. ബുദ്ധിയുള്ള കുട്ടിയാണെങ്കില്‍ തന്‍റെ ഉമ്മയോട് തന്നെ ചേര്‍ന്ന് നില്‍ക്കും. അല്ലെങ്കിലോ തനിക്ക് കിട്ടിയതില്‍ സന്തോഷം കണ്ടെത്തുകയും ഉമ്മയെ വിട്ടിറങ്ങി സ്വയം നഷ്ടം വരുത്തുകയും ചെയ്യും. മിഠായി കിട്ടാമെന്നറിഞ്ഞിട്ടും ഉമ്മയെ ഒഴിവാക്കാത്ത വിവേകിയായ കുഞ്ഞിന് ഒടുവില്‍ ഉമ്മയെ പിരിയാതെ മിഠായി സ്വന്തമാക്കാന്‍ കഴിയുന്നു. എന്നാല്‍ മിഠായിക്ക് വേണ്ടി ഉമ്മയെ പിരിഞ്ഞ കുഞ്ഞിനോ മിഠായി കൊണ്ട് മാത്രം തൃപ്തിയടയേണ്ടിയും വരുന്നു.


ചില സൂഫികള്‍ പറഞ്ഞു: നിശ്ചയമായും കറാമത് ഒരു അലങ്കാരവും ആഢംബരവും അതൊരു സുഖിപ്പിക്കലുമാകുന്നു. അറവു മൃഗത്തെ ജനങ്ങള്‍ ഭംഗിപ്പെടുത്തുകയും അതിനോട് വളരെ സൗമ്യമായി പെരുമാറുകയും ചെയ്യുന്നത് പോലെ. നഗരമധ്യത്തിലൂടെ അതിനെ കൊണ്ടുപോകുമ്പോള്‍ പ്രതാപത്തോടെ ജനങ്ങള്‍ വീക്ഷിക്കുമെങ്കിലും അറവിന്‍റെ കാര്യം എല്ലാവരും മറച്ചുവെക്കുന്നു. അതിന്‍റെ കണ്ഠത്തില്‍ കത്തി വെക്കാന്‍ അവര്‍ ഉദ്ധേശിച്ചില്ലെങ്കില്‍ ഇങ്ങനെയൊന്നും അവര്‍ ചെയ്യില്ലായിരുന്നു. ഇക്കാരണത്താലാണ് ചില മശാഇഖ് ഇപ്രകാരം പറഞ്ഞത്: ലോകത്ത് പലവിധത്തിലുള്ള ആരാധനാമൂര്‍ത്തികളുണ്ട്. കറാമത് അതില്‍ പെട്ട ഒന്നാണ്. സത്യനിഷേധികള്‍ അവയെ സ്വീകരിച്ചപ്പോള്‍ അല്ലാഹുവിന്‍റെ ശത്രു ആകുന്നതു പോലെ അതിനെ നിരാകരിച്ച ദൈവദാസന്മാര്‍ അല്ലാഹുവിന്‍റെ വലിയ്യായിത്തീരുന്നു. അപ്രകാരം തന്നെ ആത്മജ്ഞാനിയായ ഒരാള്‍ കറാമത്തില്‍ സമാശ്വാസം കണ്ടെത്തിയാല്‍ അല്ലാഹുവില്‍ നിന്നും അകലുകയും അതിനെ അവഗണിച്ചാല്‍ കൂടുതല്‍ സാമീപ്യവും വെളിപാടുകളും നേടുകയും ചെയ്യുന്നു.

എന്റെ ഹബീബേ,
നിന്നോടുള്ള പ്രണയം
എന്‍റെ ഖല്‍ബിനെ പിരിയില്ല.
നിന്‍റെ  സ്വരൂപം
എന്‍റെ കണ്ണിനെ വിട്ട്പോകില്ല.
മരിച്ചു കഴിഞ്ഞാലും
പ്രണയത്തിന്‍റെ രുചിഭേദങ്ങളെക്കുറിച്ച്    
നീ ചോദിക്കുകില്‍
എന്‍റെ
ഉടഞ്ഞ എല്ലുകളില്‍
നിനക്കത് കാണാനാകും.

ഇതു തന്നെയാണ് ചുവടെ ചേര്‍ക്കുന്ന മൊഴിയുടെ അന്തസത്തയും.

തന്‍റെ ഹബീബല്ലാത്തതിനെയെല്ലാം ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്നിടത്താണ് വിലായതിന്‍റെ സാധുത. സ്വീകരണവും നിരാകരണവും പരസ്പരവിരുദ്ധമാണല്ലോ. ഒരാള്‍ കറാമതിനെ സ്വീകരിക്കുകയും അതിനെ അവലംബിക്കുകയും ചെയ്താല്‍ അവന്‍ തന്‍റെ ഹബീബിനെ അവഗണിച്ചു. തന്‍റെ ഇഷ്ടഭാജനത്തെ അവഗണിക്കുകയും അല്ലാത്തവരെ സ്വീകരിക്കുകയും ചെയ്താല്‍ പിന്നെ അവിടെ വിലായത്തില്ല തന്നെ. 

പുഴ വിട്ടു കടക്കാന്‍ തോണിയില്ലാതെ കുടുങ്ങിയ അബൂയസീദില്‍ ബിസ്ത്വാമി എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണതു സംഭവിച്ചത്. നദിയിലെ വെള്ളം ഇരുപാര്‍ശ്വങ്ങളിലേക്കു മാറി നിന്നു. അന്നേരം അദ്ധേഹം പറഞ്ഞു: ഇതു ചതി! ഇതു ചതി! തുടര്‍ന്ന് അദ്ധേഹം വന്നവഴിയേ മടങ്ങിപ്പോയി.


കവിയുടെ വാക്കുകള്‍ എത്ര മഹത്തരം.

അന്ത്യനാളില്‍
ഹമ്മാറതുല്‍ഖയ്ളിലെ രക്തം കുടിക്കേണ്ടി വന്നാലും
എനിക്കെന്‍റെ ഹബീബ് മതി.
കൗസറിനെ തേടുന്നവര്‍ക്കല്ലേ
പാലിന്‍റെ പുഴ ആവശ്യമൊള്ളൂ.


മറ്റൊരു കവിമൊഴി ഇപ്രകാരം വായിക്കാം,

ഒരിക്കലുമില്ല.
എന്‍റെ മനം
നിന്നെ പിരിയില്ല.
നിന്നെയല്ലാതെ പ്രണയിക്കില്ല.
നിന്നെയും വിട്ട്
ഞാനെങ്ങോട്ടാണ് പോവുക.

എന്‍റെ സഹോദരാ, പ്രണയത്തിന്‍റെ ആരംഭം ജീവിതവും അന്ത്യം മരണവുമാണ്. ആദ്യം കുതന്ത്രവും അവസാനം ജീവഹാനിയുമാണ്. ആദ്യം അംഗീകാരവും പിന്നീട് മാനഹാനിയുമാണ്. അതിനാലാണ് സൂഫികള്‍ പറഞ്ഞത്: പ്രണയത്തില്‍ പരീക്ഷണം അനിവാര്യമാണ്. ഭക്ഷണത്തിലെ ഉപ്പു പോലെ.

കവിയുടെ വാക്കുകളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.

ഭിഷഗ്വരന്‍
വരുമെങ്കില്‍
രോഗപീഢയെ
ക്ഷമിക്കാന്‍ എളുപ്പമാണ്.

മഹ്ബൂബ് തന്‍റെ ഹബീബിനോട് പിണങ്ങുന്നുല്ലെങ്കില്‍ അവിടെ പ്രണയത്തിന്‍റെ  സൗന്ദര്യം പ്രകടമാകുന്നില്ലെന്നാണ് ഇതിന്‍റെ പൊരുള്‍.

അന്ത്യദിനത്തില്‍ തന്‍റെ സൗന്ദര്യം വെളിവാക്കിക്കൊണ്ട് അല്ലാഹു ഇങ്ങനെ വിളിച്ചുപറയും, നമ്മിലേക്കു നോക്കുവിന്‍
അവര്‍ പറയും: മഹാശ്ചര്യം തന്നെ!!...ആ പരിശുദ്ധഗാത്രം ദര്‍ശിക്കാനുള്ള കണ്ണുകള്‍ നമുക്കെവിടെ.

കവി പറഞ്ഞു

പരിശുദ്ധമാം
ദിവ്വ്യഗാത്രത്തെ
വര്‍ണ്ണിപ്പാനാവതില്ലല്ലോ
നാക്കിനും വാക്കിനും.

എന്‍റെ സഹോദരാ,
നിശ്ചയം അല്ലാഹു തന്‍റെ അനുരാഗത്തിന്റെ മെത്ത വിരിച്ചാല്‍, അത് എല്ലാ താല്‍പര്യങ്ങളെയും മനുഷ്യമോഹങ്ങളെയും  ഇല്ലാതാക്കും. അതിനാലാണ് മുന്നൂറ് വര്‍ഷകാലം ആദം(അ) കവിളുകളിലൂടെ കവിഞ്ഞൊഴുകിയ കണ്ണുനീരുമായി കരഞ്ഞു കഴിഞ്ഞത്. ഇക്കാരണത്താലാണ് അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ലന്ന വാക്കിന്‍റെ അമ്പേറ്റിട്ടും നൂഹ്(അ) പിടിച്ചു നിന്നത്. നംറൂദിന്‍റെ തെറ്റുവില്ലില്‍ ഇബ്റാഹീം നബിയെ ഇരുത്തിയതും സഹൃദയത്വത്തിന്‍റെ കിരീടമണിഞ്ഞ ശേഷം അദ്ധേഹം അഗ്നി കുണ്ഠത്തിലേക്ക് മാറ്റപ്പെട്ടതും ഈ ബലത്തിലാണ്.  എമ്പതോളം വര്‍ഷക്കാലം ദുഖങ്ങളുടെ കുടിലില്‍ അസ്വസ്ഥനായി യഅ്ഖൂബ് നബി കഴിഞ്ഞതും ഈ പൊരുളിലാണ്. ആ ദിവ്വ്യ പ്രണയത്തിനു വേണ്ടിയായിരുന്നു അടിമച്ചന്തയിലെ വില്‍പ്പനച്ചരക്കായി യൂസുഫ്(അ) മാറിയതും സകരിയ്യ നബി രണ്ടു കഷ്ണങ്ങളായി മുറിക്കപ്പെട്ടതും.

കവി പറയുന്നു

നിന്റെ 
പ്രണേതാവ്
നിന്നെ പരീക്ഷിച്ചേക്കാം,
പക്ഷെ,
നീ ഒച്ച വെക്കരുത്, കരയരുത്.
കാരണം
നിന്‍റെ അട്ടഹാസം
കണ്ണാടി പോലെ തെളിഞ്ഞ
ആ മുഖത്തെ
മോശമാക്കിയേക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter