മക്തൂബാതെ സ്വദി മക്തൂബ് 08- ഇവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍

എന്റെ പ്രിയ സഹോദരന്‍ ഖാളി സ്വദ്റുദ്ധീന്‍, 

ഔലിയഇനോടുള്ള സ്നേഹബന്ധം അല്ലാഹു നമുക്കെല്ലാം കനിഞ്ഞേകട്ടെ.

വലിയ്യ് എന്ന അറബിക് പദം ആശയാധിക്യത്തെ ധ്വനിപ്പിക്കുന്ന ഫഈല്‍ പദാകൃതിയിലാണ്. ആരാധനാനിമഗ്നനും നിസ്സ്വനുമായ വ്യക്തി എന്നാണ് വിവക്ഷ. ചിലപ്പോള്‍ കര്‍മ്മണി പ്രയോഗാര്‍ത്ഥത്തിലും  (മഫ്ഊല്‍) വരാറുണ്ട്. അന്നേരം ധാരാളം പുണ്ണ്യങ്ങളാലും ദിവ്യ ശ്രേയസ്സുകളാലും അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണ് വരിക. ഈ ദിവ്യമായ കരുതലാണ് സാധാരണയില്‍ എല്ലാ പ്രതിബന്ധങ്ങളില്‍ നിന്നും പ്രത്യൂഹങ്ങളില്‍ നിന്നുമുള്ള കാവല്‍. പാപങ്ങളെക്കാള്‍ വലിയ പ്രശ്നം വേറൊന്നില്ല. അവയില്‍  നിന്നും മറ്റു അരുതാത്തവയില്‍ നിന്നും അല്ലാഹു അദ്ധേഹത്തെ കാത്തുസംരക്ഷിക്കും. ഒരു പ്രവാചകന്‍ പാപസുരക്ഷിതാരാകുന്നതുപോലെ (മഅ്സൂം) ഒരു വലിയ്യ് പാപങ്ങളില്‍ നിന്നും കാവല്‍ നല്‍കപ്പെട്ടവനാകുന്നു. പാപസുരക്ഷിതരില്‍ നിന്നും ഒരിക്കലും പാപം ഉണ്ടാവുകയില്ല. എന്നാല്‍ കാവല്‍ നല്‍കപ്പെട്ടവരില്‍ നിന്ന് അപൂര്‍വ്വമായിട്ടെങ്കിലും പാപം ഉണ്ടായേക്കാം. ഒരിക്കലും പാപവൃത്തിയില്‍ നിരതരാവില്ല. അജ്ഞതമൂലം തെറ്റു ചെയ്യുകയും പിന്നെ താമസിയാതെ ഖേദിച്ചുമടങ്ങുകയും ചെയ്യുന്നവരുടെ പശ്ചാത്താപ സ്വീകാരമേ അല്ലാഹു ഏല്‍ക്കൂ (സൂറതുന്നിസാഅ്- 17)

ഒരഭിപ്രായത്തില്‍ വലിയ്യെന്നാല്‍ എല്ലാ മഹത്ഗുണങ്ങളും മേളിച്ച വ്യക്തിയെന്നാണ്. അല്ലാഹുവിന്റെ കല്‍പന പാലിക്കുന്നതില്‍ ഒരു വിളംബവും വരുത്താത്ത, സൃഷ്ടികളുടെ കടമ വീട്ടുന്നതില്‍ ഒരു അമാന്തവും കാണിക്കാത്ത, പ്രതിഫലേഛയോ പ്രിതികാരഭീതിയോ കാരണമല്ലാതെ അല്ലാഹുവിനെ വഴിപ്പെടുന്ന, തനിക്കോ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്ത വ്യക്തി എന്ന സാരവും കല്‍പ്പിക്കാറുണ്ട്.

ഒരിക്കലും അതുണ്ടാകില്ല. 

ഇബ്റാഹീമുബനു അദ്ഹം ഒരികല്‍ തന്‍റെ മുരീദിനോടു പറഞ്ഞു.
അള്ളാഹിവിന്‍റെ ഔലിയക്കളില്‍ പെട്ട ഒരാളാകാന്‍ നീ ആഗ്രഹിക്കുന്നോ?
ശിഷ്യന്‍ പറഞ്ഞു: അതെ
ഇബ്റാഹീമുബനു അദ്ഹം: ദുന്യാവിനെയും ആഖിറത്തിനെയും കൊതിക്കാതെ നീ അള്ളാഹുവിനു വേണ്ടി തയ്യാറാവുക. അവനിലേക്ക് നീ മുന്നേറുക. എന്നാല്‍ നിനക്കു വലിയ്യാകാം.

നീ
നിന്നെ വെടിയുക.
എങ്കില്‍
നമ്മുടെ ലോകത്ത്
നമ്മോടൊത്ത് 
സഞ്ചാരം നടത്താം. 

നമ്മുടെ 
അരികില്‍ വെച്ച് 
നമ്മിലേക്കല്ലാതെ നീ
നോക്കരുത്.
നീ
നിന്നെ ത്തന്നെ
ബലി കഴിച്ചേക്കുക.
നാം പകരുന്ന
വിവരങ്ങള്‍
ശേഖരിക്കാം. 

ഈ ലോകത്ത്
നിനക്കുള്ളതെല്ലാം
ഉപേക്ഷിച്ചു
നമ്മിലേക്ക്
കേറി വരിന്‍ 

വിലായത്ത് കൊണ്ടും ദിവ്വ്യ സ്നേഹം കൊണ്ടും സവിശേഷത നേടിയ ചില ഔലിയാക്കള്‍ അള്ളാഹുവിനുണ്ട്. അവരാണ് സ്രഷ്ടാവിന്‍റ ഭരണകര്‍ത്താക്കള്‍. തനിക്ക് ആരാധിക്കാന്‍ വേണ്ടി തെരെഞെടുക്കപ്പെട്ട ഇക്കൂട്ടരെ അള്ളാഹു തന്‍റെ കര്‍മ്മങ്ങളുടെ പ്രദര്‍ശനവേദികളാക്കി. ഒരുപാട് കറാമതുകളെ കൊണ്ട് അവരെ അനുഗ്രഹിച്ചു. ഭൗതികമായ അപചയങ്ങളില്‍ നിന്ന് അവരെ സംരക്ഷിച്ചു. ശാരീരികേഛകളില്‍ നിന്ന് സംരക്ഷിക്കുകയും അവരുടെ മനോവ്യാപാരങ്ങളെ തന്നിലേക്ക് തന്നെ തിരിച്ചുവെക്കുകയും ചെയ്തു. അവര്‍ക്ക് അള്ളാഹുവിനെ കൊണ്ട് മാത്രമേ ആസ്വദിക്കാനാകൂ. ഇത്തരത്തിലുള്ള മഹാ മനീഷികള്‍ നമുക്ക് മുമ്പ് ഒരു പാട് കഴിഞ്ഞുപോയിട്ടുണ്ട്. വര്‍ത്തമാനകാലത്തും അവരുണ്ട്. ഖിയാമത്ത് നാള്‍ വരെ അവര്‍ നിലനില്‍ക്കുക തന്നെ ചെയ്യും. 
ഹശവിയ്യത്തും മുഅതസിലത്തും ഈ വിഷയത്തില്‍ നമുക്കെതിരാണ്. ഒരു വിശ്വാസിയെ മറ്റൊരു വിശ്വാസിയെകാള്‍ പവിത്രപ്പെടുത്താന്‍ പാടില്ലെന്നാണ് മുഅതസിലീ പക്ഷം. എന്നാല്‍ ഹശവിയ്യത് പറയുന്നത് ഇത്തരത്തിലുള്ള ആളുകള്‍ നമുക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ നമ്മുടെ കാലത്തോ അതിനു ശേഷമോ അവരുണ്ടാവില്ല. 
മറിപടി
ഗതകാലങ്ങളില്‍ അവരുണ്ടെന്നുപറയുകയും ഭാവിയില്‍ ഉണ്ടാവില്ലെന്നു പറയലും അന്യായമാണ്. ഒരു പ്രതേക കാരണമില്ലാതെ ഒരു കാലത്തെകാള്‍ മറ്റൊരു കാലത്തിനു മുന്‍ഗണന കൊടുക്കല്‍ ശരിയല്ല. 
കൂടാതെ, അള്ളാഹു പ്രവാചകദര്‍ശനങ്ങളെയും പ്രവാചകത്വതിന്‍റെ തെളിവുകളെയും ഇന്നോളം വരെ ഇവിടെ ബാക്കിവെച്ചിട്ടുണ്ട്. അതിന്‍റെ പ്രചാരകരും പ്രബോധകരുമാക്കി തന്‍റെ ഔലിയഇനെയാണവന്‍ നിശ്ചയിച്ചിട്ടുള്ളത്. അവരാണ് ഈ ലോകത്തിന്‍റെ കാര്യകര്‍ത്താക്കള്‍. അവരുടെ ചരണമഹത്വം കൊണ്ടാണ്

 


കവിയുടെ വാക്കുകള്‍ പ്രസക്തമാണ്.

ഏകദൈവവിശ്വാസത്തിന്റെ 
ലോകം കണ്ടു. 
അവരതിലേക്ക് ഇറങ്ങിയോടി.
ഒടുവിലവര്‍ നിഷേധകങ്ങളെ കണ്ടു.
വിധിവാക്യ സാരാംശങ്ങളെല്ലാം അതിലുണ്ട്.
എല്ലാം വിട്ടവര്‍ നിഷേധകങ്ങളെ 
പൂര്‍ണ്ണമായും വരിച്ചു. 

ഇവ്വിഷയകമായി ആധ്യാത്മികാചാര്യന്മാരുടെ ചില ദര്‍ശനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഖാജാ അബൂ ഉസ്മാന്‍ മഗ്രിബി(റ) പറഞ്ഞു: ഒരുപക്ഷേ, ഒരു വലിയ്യ് വലിയ വിശ്രുതി നേടിയെന്നു വന്നേക്കാം. പക്ഷെ ഒരിക്കലും അദ്ദേഹം അതില്‍ വഞ്ചിതനാവില്ല.
മറ്റൊരു സൂഫിയുടെ വാക്ക് ഇപ്രകാരമാണ്, ഒരു വലിയ്യ് പൊതുവെ അപ്രത്യക്ഷ്യനായിരിക്കും. ഒരിക്കലും പ്രസിദ്ധനായിരിക്കില്ല. ഇത് കൊണ്ടുള്ള വിവക്ഷ സ്വയം വഞ്ചിതനാകുന്ന രീതിയിലുള്ള പ്രസിദ്ധി ഉണ്ടായിരിക്കില്ല എന്നാണ്. അപ്രകാരം തന്നെയാണ് അബൂ ഉസ്മാന്‍റെ ഉദ്ദൃതവാക്യത്തിലുമുള്ളത്. ഒരുവിധ നാശവും വരുത്താത്ത പ്രസിദ്ധി ഉണ്ടായിരിക്കും എന്നാണ്. വഴിപിഴപ്പിക്കുന്ന പ്രസിദ്ധികള്‍ അപകടമാണ് എന്ന് നാം പറയാന്‍ കാരണം വ്യാജന്മാരോടൊപ്പമാണ് അതുണ്ടാവുക എന്ന നിരീക്ഷണത്തിലാണ്. 

മേഘങ്ങള്‍ മഴ വര്‍ഷിക്കുന്നത്, മണ്ണ് ഹരിതമണിയുന്നത്. ആ മനോബലങ്ങളാണ് അവിശ്വാസികള്‍ക്ക് മേല്‍ മുസ്ലിംഗള്‍ക്ക് വിജയം പ്രദാനം ചെയ്യുന്നതും.

സഖേ,
ധൈര്യപൂര്‍വ്വം
ഈ വഴിത്താരയിലേക്കു കടന്നുവരൂ.
ആകാശം നിന്റെ വിനീതദാസന്‍.
ജീവാമൃതത്തിന്റെ നിധിശേഖരങ്ങള്‍ക്കു ചുവട്ടിലെ
മണ്ണായി മാറാന്‍ അത് കൊതിക്കുന്നു.
ചക്രവാളങ്ങളെല്ലാം നാക്ക് പിടിച്ച്
താല ചായ്ച്ച്, നിശ്ശബ്ദമാണ്.
നീ നേരിയ, സുഖദമായ
ഒരു മയക്കത്തിലല്ലേ.
അറിയുക,
യഥാര്ത്ഥ നിധിശേഖരങ്ങളുടെ വരദാനം നീയാണ്.
അവ തേടുന്നത്
നിന്നെയല്ലാതെ മറ്റാരെയാണ്.
    ( അത്വാര്‍, അസ്റാര്‍ നാമ)

ഇവര്‍ക്കിടയില്‍ നാലായിരത്തോളം വരുന്ന ഒരു വിഭാഗം ഔലിയാക്കളുണ്ട്. പരസ്പരം തിരിച്ചറയാത്തവിധം രഹസ്യവിഭാഗമാണവര്‍. അവര്‍ നിലകൊള്ളുന്ന അവസ്ഥയുടെ വലുപ്പത്തെക്കുറിച്ചു പോലും അവര്‍ക്ക് ബോധ്യമില്ല. സദാ സമയവും സൃഷ്ടികളില്‍ നിന്നും, മാത്രമല്ല സ്വത്വത്തില്‍ നിന്നു പോലും അവര്‍ അപ്രത്യക്ഷരാണ്. ഒരു പാട് വിവരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വന്നിട്ടുണ്ട്. പല ഔലിയാഉം ഇതിനെകുറിച്ച് സംസാരിച്ചിട്ടുണ്ട്. ഉത്തമര്‍ (അഖ്‍യാര്‍) എന്ന പേരിലറിയപ്പെടുന്ന മുന്നൂറ് പേരുള്ള മറ്റൊരു വിഭാഗം ഔലിയാഅ് ഉണ്ട്. ഇവരാണ് യഥാര്‍ത്ഥ കൈകാര്യകര്‍ത്താക്കള്‍. മറ്റൊരു 40 പേര്‍ അബ്ദാല്‍, 70 പേര്‍ അബ്റാര്‍, 5 പേര്‍ നുജബാ, 4 പേര്‍ ഔതാദ്, 3 പേര്‍ നുഖബാ എന്നിവരുമുണ്ട്. കൂടാതെ ഖുത്വുബ് അല്ലെങ്കില്‍ ഗൗസ് എന്ന പേരിലറിയപ്പെടുന്ന ഒരാളുമുണ്ട്. ഇവര്‍ പരസ്പരം അറിയുകയും സഹകരിക്കുകയും ചെയ്യുന്നവരാണ്. ഇതു സംബന്ധിയായി വിവിധ വിവരണങ്ങളും ഈ മേഖലയിലെ പണ്ടിതരുടെ ഏകോപനവും ഉണ്ട്.

Read More: മക്തൂബ്-07 ആചാര്യനെ അന്വേഷിക്കുമ്പോള്‍

ചോദ്യം: ഇവര്‍ പരസ്പരം അറിയുന്നവരും അല്ലാഹുവിന്റെ ഔലിയാ ആണെന്ന് ബോധ്യമുള്ളവരുമാണല്ലൊ. എങ്കില്‍  അവര്‍ തീര്‍ച്ചയായും സുരക്ഷിതരാണെന്ന വിചാരം അവരിലുണ്ടാകില്ലേ?. തന്‍റെ അവസാനനിമിഷത്തെക്കുറിച്ചുള്ള നിര്‍ഭയത്വം അനുവദനീയമല്ലല്ലോ?
ഉത്തരം: വിലായത്തു കൊണ്ടുള്ള അറിവ് ഒരിക്കലും തന്നെ തന്റെ പര്യാവസാനത്തിന്റെ നിര്‍ഭയത്വത്തിന്റെ മേല്‍ അറിയിക്കുന്നില്ല. ഒരു വിശ്വാസിക്കു തന്റെ വിശ്വാസത്തെ കുറിച്ചു ബോധ്യമുണ്ടായിരിക്കെ തന്നെ അതൊരിക്കലും തന്റെ അവസാന സമയത്തിന്റെ നിര്‍ഭയത്വത്തെ അനിവാര്യമാക്കുന്നില്ലല്ലോ. എങ്കിലും അല്ലാഹു  തന്നെ സച്ചരിതരില്‍ ഉള്‍പെടുത്തുമെന്നും പാപങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നും ഒരു പ്രത്യേക ആദരമെന്നോണം തന്റെ പര്യവസാനം നന്നാകുമെന്നുമുള്ള ഒരു ബോധ്യം ആകാവുന്നതാണ്.

സ്വര്‍ഗം കോണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികളുടെ അവസ്ഥ പോലെത്തന്നെയാണിതും. അതൊരിക്കലും അവരുടെ വിശ്വാസത്തില്‍ ഒരു കുറവും വരുത്തിയില്ലല്ലോ. അവര്‍ സ്വര്‍ഗാവകാശികളാണെന്ന് നബി സാക്ഷ്യപ്പെടുത്തിയതിനാല്‍ തങ്ങളുടെ അന്ത്യഭീതിയില്‍ നിന്നും അവര്‍ പൂര്‍ണ്ണ നിര്‍ഭയരായിരുന്നു. അവരും അല്ലാഹുവിന്‍റെ ഔലിയാഇല്‍ പെട്ടവരാണ്. ആ തിരിച്ചറിവ് അവരുടെ മതജീവിതത്തില്‍ ഒരു വിള്ളലും വരുത്തിയില്ല. 
ചോദ്യം: ബഹുമാന്യരായ സ്വഹാബ ഇതറിഞ്ഞത് വഹ്‍യിലൂടെയുള്ള പ്രവാചകന്റെ വിവരണത്തെ തുടര്‍ന്നാണ്. വഹ്‍യ് നിലച്ച സ്ഥിതിക്ക് എങ്ങനെ ഔലിയാഇനു തങ്ങളുടെ ശുഭപര്യവസാനത്തെക്കുറിച്ച് വിവരം ലഭിക്കും?
ഉത്തരം: അവര്‍ തങ്ങളുടെ വിലായതിനെ കുറിച്ച് വിവരമുള്ളവരും സ്വയം  അല്ലാഹുവിന്റെ ഔലിയാ ആണെന്ന് ബോധ്യമുളളവരുമാണ്. അല്ലാഹുവിന്റെ സവിശേഷമായ ദയ കൊണ്ട് അവരുടെ ഹൃത്തടങ്ങളിലേക്കത് അവന്‍ ഇട്ടുനല്‍കുന്നു. അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് ഒരിക്കലും തന്നെ ഇതു നല്‍കുകയില്ല. ഇക്കാരണത്താല്‍ തന്നെ തങ്ങളില്‍ നിന്നും വെളിവാകുന്ന പല കാര്യവും അല്ലാഹുവിന്റെ കറാമതും ഔദാര്യവുമാണെന്ന് അവര്‍ ഗ്രഹിക്കുന്നു. അതില്‍ ചതിയോ വഞ്ചനയോ അപകടമോ ഇല്ല. വഞ്ചിക്കപ്പെടുന്നവനും കുതന്ത്രങ്ങളില്‍ അകപ്പെടുന്നവനും കറാമതുകളില്‍ സമാശ്വാസവും ശാന്തതയും വിശ്രമവും കണ്ടെത്തി താനൊരു വലിയ കറാമതിന്റെ ഉടമയാണെന്ന് ധരിക്കുന്നവനാണ്. എന്നാല്‍ വിലായത് കൊണ്ട് മഹത്വം നേടിയവര്‍ താനൊരു കറാമത്തിനും അര്‍ഹനല്ലെന്ന് കരുതുന്നതോടൊപ്പം അതില്‍ മാനസികസൗഖ്യമോ ശാന്തതയോ കണ്ടെത്തുകയില്ല. കാരണം വിലായതും കറാമത്തുകളിലുള്ള ആന്തരികസമാധാനവും പരസ്പര വിരുദ്ധമാണ്. അവ ഒരിക്കലും ഒരിടത്തു ചേരുകയില്ല. പൂര്‍ണ്ണത നേടിയ ഔലിയാഇന്റെ പതിവ് ഇപ്രകാരമാണ്. അവരില്‍ പെട്ട ഒരാളുടെ ഉദ്ധരണി ഇപ്രകാരം വായിക്കാം, ഭൗതികലോകത്ത് ബിംബങ്ങള്‍ അനവധിയാണ്. കറാമതും അതില്‍ പെട്ടതാണ്. സത്യനിഷേധികള്‍ ബിംബാരാധകരാകുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ ശത്രുക്കളും അവര്‍ അതില്‍ നിന്നും മുക്തരാകുമ്പോള്‍ അവന്റെ ഔലിയാഉമായി മാറുന്നു. അപ്രകാരം ആത്മജ്ഞാനികള്‍ കറാമതില്‍ ആശ്വസിക്കുകയും അതില്‍ സമാധാനിക്കുകയും ചെയ്താല്‍ അവര്‍ മറയിലകപ്പെടുകയും മാറ്റി നിറുത്തപ്പെടുകയും ചെയ്യുന്നു. അതില്‍ നിന്നും മോചിതരായാല്‍ അവര്‍ അല്ലാഹുവിന്റെ സാമീപ്യവും സാന്നിധ്യവും കൈവരിക്കുന്നു. 

കവിയുടെ വാക്കുകള്‍ എത്ര മനോഹരം,

ത്യാഗികളുടെ ഉള്ളം കൊതിച്ചത്
സ്വര്‍ഗത്തെയാണ്.
കാമുകരുടെ ആനന്ദമോ
ബന്ധനത്തിലും. 

അവന്‍റെ ഉദാരത
ആര്‍ക്കും നുണയാം.
സാധുവിനും സവിശേഷവാനും,
സദാചാരനും ദുരാചാരനും.

എങ്കിലും,
ആ പരമാധികാരത്തെ
ആസ്വദിക്കാന്‍
സവിശേഷക്കാര്‍ക്കല്ലാതെ
ആവുന്നതെങ്ങിനെ.

ഇതാണ് ആ രഹസ്യം. അല്ലാഹു കറാമത് നല്‍കിയാല്‍ അവരില്‍  വണക്കവും താഴ്മയും നിസ്സാരതയും ഭീതിയും തഖ്‍വയും വര്‍ധിക്കും. നദിക്കരയിലെത്തിയ അബൂ യസീദില്‍ ബിസ്ത്വാമിക്ക് അക്കരെ കടക്കാന്‍ ചങ്ങാടമൊന്നും ലഭിച്ചില്ല. ഒടുവില്‍ സ്വയം മുറിച്ചുകടക്കാന്‍ പുഴയിലിറങ്ങിയപ്പോള്‍ അതു രണ്ടായി പിളര്‍ന്നു ഒരു വഴി തെളിഞ്ഞുവന്നു. ഉടനെ അദ്ധേഹം പറഞ്ഞു: ചതി, കൊടും ചതി. അങ്ങനെ അദ്ധേഹം തിരികെ പോരുകയും ചെയ്തു. ഇവിടെ ഒരു രഹസ്യമുണ്ട്. തന്റെ ഇഷ്ടഭാജനമല്ലാത്തതിനെ അവഗണിക്കുമ്പോഴും ഉപേക്ഷിക്കുമ്പോഴുമാണ് വിലായത്ത് സാധുവായിത്തീരുന്നത്. തള്ളലും കൊള്ളലും പോലെ മുന്നോട്ടു നീങ്ങലും പിന്നോട്ടടിക്കലും പരസ്പര വിരുദ്ധമാണ്. കറാമതിലേക്കു നീങ്ങിയാല്‍ അതിന്റെ ദാതാവില്‍ നിന്നും പിന്തിരിഞ്ഞവനും  തന്റെ സ്നേഹഭാജനമല്ലാത്തതിനെ ഉള്‍കൊണ്ടവനുമായിത്തീരുന്നു. അല്ലാഹുവിനെ വെടിയുന്നതോടെ അപ്രത്യക്ഷമാവുന്നതാണ് വിലായത്.

Read More: മക്തൂബ് 06- ശൈഖിന്‍റെ യോഗ്യതയും ഗുണങ്ങളും

എന്റെ സഹോദരാ,
നീ നിരാശനാകരുത്. അല്ലാഹു പറയുന്നു: നബിയേ താങ്കള്‍ പറയുക. സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ചു നിങ്ങള്‍ ഭഗ്നാശരാകരുത്. അവന്‍ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവന്‍ തന്നെ (സൂറതുസുമര്‍- 53)

ഈ ആയതിലൂടെ പ്രവാചകനോടു അല്ലാഹു പറയുന്നത് ഇപ്രകാരമാണ്, നുബുവ്വതിന്റെ പരിപാവനത്വത്തിലേക്കും രിസാലതിന്റെ വിശുദ്ധിയിലേക്കും നോക്കുന്ന പ്രവാചകരേ, പാപക്കറപുരണ്ട എന്റെ അടിമകളിലേക്കു കൂടെ നിങ്ങള്‍ നോക്കൂ, എന്റെ സ്നേഹത്തിന്റെ സൂത്രവാക്യങ്ങള്‍ അവര്‍ക്കുകൂടെ പറഞ്ഞുകൊടുക്കൂ, നിങ്ങളുടെ പാശ്ചാതാപതീര്‍ത്ഥം കൊണ്ട് തിന്മയുടെ മാലിന്യങ്ങളില്‍ നിന്നും അവരെ വിമലീകരിക്കൂ, അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യൂ. തങ്ങളുടെ ദുശ്ചെയ്തികളില്‍ ലജ്ജിച്ചു കൊണ്ടവര്‍ നമ്മില്‍ നിന്നും അകലരുത്. പകരം പ്രതീക്ഷയുടെ പാശം കൊണ്ടവര്‍ ഹൃദയത്തെ ബന്ധിക്കണം. അവരറിയട്ടെ, നമ്മുടെ കാരുണ്യസാഗരത്തിന്റെ തിരകള്‍ തിന്മയുടെ മാലിന്യങ്ങളില്‍ നിന്നും അരുതായ്മകളുടെ അഴുക്കില്‍ നിന്നും അവരെ ശുദ്ധീകരിക്കുകയും നമ്മുടെ ദര്‍ശനസൗഭാഗ്യം കൊണ്ടവരെ ആദരിക്കുകയും ചെയ്യുമെന്ന്. നിശ്ചയമായും അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നവനാണ്. 

ഏതോ ഒരു തപ്തകാമുകന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്
നീ, പ്രണയത്തിന്റെ വലയിലകപ്പെട്ടാല്‍
ആര്‍ത്തി വെടിഞ്ഞാല്‍,
നീയാണ് സന്തോഷവാന്‍.

പാപക്കറയില്‍ നിന്നും
നീ വിമലീകൃതനാകുന്നു.
ഗോപ്യമായ ദിവ്വ്യസാരാംശങ്ങളെ വരിക്കാന്‍ 
നീ പ്രാപ്തനാകുന്നു.

തത്തുല്ല്യമായ ആശയം ദാവൂദ് നബിയുടെ സബൂറിലും വന്നിട്ടുണ്ട്. അല്ലയോ ദാവൂദ്, സിദ്ധീഖീങ്ങളോടു മുന്നറിയിപ്പ് നല്‍കൂ, ഞാന്‍ വലിയ ഈര്‍ശ്യതയുള്ളവനാണെന്ന്. പാപികളോട് സന്തോഷവാര്‍ത്ത അറിയിക്കൂ, ഞാന്‍ എല്ലാം പൊറുക്കുന്നവനാണെന്ന്.  ആകയാല്‍ നീരസം വെടിയൂ. ആ മുറ്റത്തുനിന്നും നിരാശയുടെ വേരുകള്‍ പിഴുതെറിയൂ. അപ്പോഴാണ് ആ ദിവ്യവചസ്സിന്‍റെ ഉള്ളം നിനക്കു വെളിവാകുകയുള്ളൂ.
അല്ലാഹുവിന്റെ കാരുണ്ണ്യത്തില്‍ നിന്നും നിങ്ങള്‍ ഹതാശരാകരുത് (സൂറതുസുമര്‍- 53)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter