ജനസംഖ്യാവിസ്‌ഫോടനം-തിരുത്തപ്പെടേണ്ട ധാരണകൾ

അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്ന സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പാലാ രൂപതയുടെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ ആഘോഷിച്ചത്. ജനസംഖ്യനിയന്ത്രണം രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണത്തിന്റെ മുഖ്യ അജണ്ടയായിരിക്കെ ഇത്തരം പ്രഖ്യാപനം രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനു പിന്നിലെ പ്രേരകം വർഗീയത മാത്രമാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു. സമാന വാഗ്ദാനങ്ങളുമായി സീറോ മലങ്കര സഭയുടെ പത്തനംതിട്ട രൂപതയും കഴിഞ്ഞ ദിവസം രംഗത്ത് വരുകയുണ്ടായി.ഇത്തരം ഓഫറുകളുടെ പിന്നിലുള്ള ലക്ഷ്യം എന്തു തന്നെ ആവട്ടെ... കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യ ഓരോ വർഷവും താഴോട്ട് പോകുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ്.
ആഗോള തലത്തിൽ മിക്ക രാജ്യങ്ങളിലും ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് ഇന്ന് വലിയ ചർച്ചാ വിഷയമാണ്. അത്തരം സാഹചര്യം ഇന്ത്യയിലും വന്നാൽ സമാനമായ ഓഫറുകൾ ഭരണകൂടം നേരിട്ട് നൽകേണ്ടതായി വരും.1979 ൽ ഒറ്റകുട്ടി നയം നടപ്പിലാക്കിയ ചൈന കഴിഞ്ഞ മാസം ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെ ആകാമെന്നുള്ള നിയമം പുറപ്പെടുവിച്ചത് ഒരു ഉദാഹരണം മാത്രം. തങ്ങളുടെ ജനസംഖ്യ വർധിപ്പിക്കാനുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആഹ്വാനത്തിന് പിന്നിൽ അവരുടേതായ താല്പര്യങ്ങൾ ഉണ്ടായേക്കാം.എന്നാൽ ജനസംഖ്യ വിസ്‌ഫോടനത്തിന്റെയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെയും പേര് പറഞ്ഞ് ഇതിനെ എതിർക്കുന്നവർ നിലവിലെ ആഗോളസാഹചര്യത്തെ കൃത്യമായി മനസ്സിലാകിയിട്ടില്ലാത്തവരാണ്.

ജനസംഖ്യയും വിഭവലഭ്യതയും
ജനസംഖ്യ വര്‍ധിക്കുന്നത് ഭക്ഷ്യോല്‍പാദനത്തിനെക്കാള്‍ വേഗതയിലാണെന്നും ജനസംഖ്യയെ മനുഷ്യര്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളിലൂടെ പ്രകൃതി സ്വയം ആ ചുമതല നിര്‍വഹിക്കുമെന്നും ആദ്യമായി അവകാശപ്പെട്ടത് റോബർട്ട് മാൽത്തൂസ് എന്ന ക്രൈസ്തവ പാതിരിയായിരുന്നു.1798ല്‍ അദ്ദേഹം രചിച്ച 'An Essay on the principle of population' (ജനസംഖ്യയുടെ തത്ത്വത്തെക്കുറിച്ചുള്ള ഉപന്യാസം) എന്ന കൃതിയോടെയാണ് ജനങ്ങളില്‍ ജനസംഖ്യാ വിസ്‌ഫോടനത്തെ കുറിച്ചുള്ള ഭീതി പരക്കാന്‍ തുടങ്ങിയത്.ജനസംഖ്യ കൂടുന്തോറും വിഭവലഭ്യത കുറയമെന്നും ദാരിദ്ര്യവും പട്ടിണി മരണങ്ങളും അധികരിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്.എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. വ്യവസായിക വൽകരണവും സാങ്കേതിക വിപ്ലവങ്ങളും ചേർത്ത് ലോകത്തെ ഭക്ഷ്യ ഉൽപാദനം ജനസംഖ്യ വർധനവിനെക്കാൾ ഉയർന്ന നിരക്കിലെത്തി.1968ല്‍ പോള്‍ എര്‍ലിച്ച് എന്ന അമേരിക്കൻ ബയോളജിസ്റ്റ് തന്റെ 'The population Bomb' എന്ന കൃതിയില്‍ പറഞ്ഞത് ലോക ജനസംഖ്യയെ നിയന്ത്രിച്ചില്ലെങ്കില്‍ 1985 ആകുമ്പോഴേക്കും ലോകത്താകമാനം ഭക്ഷ്യക്ഷാമം വ്യാപിക്കുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പല പാശ്ചാത്യനാടുകളും മരുഭൂമികളായി പരിണമിക്കുമെന്നുമായിരുന്നു.എന്നാൽ സാങ്കേതിക ഉപയോഗപ്പെടുത്തി ഭക്ഷ്യ ഉൽപാദനം ഗണ്യമായി വർധിപ്പിച്ച ഹരിത വിപ്ലവവും ആഗോളവൽക്കരണവും ചേർന്ന് ആ പ്രവചനത്തെ അസ്ഥാനത്താക്കി.1968 ല്‍ പോൾ എർലിച്ച് തന്റെ കൃതി രചിക്കുമ്പോള്‍ അന്നത്തെ ലോകജനസംഖ്യ 350 കോടിയോളമായിരുന്നു. 4 പതിറ്റാണ്ടുകൾക്കിപ്പുറം ഇത് 779 കോടിയാണ്.അതേ സമയം 1950ല്‍ ലോകത്തെ   ഭക്ഷ്യധാന്യം ഉല്‍പാദനം 50.8 മെട്രിക് ടണ്‍ ആയിരിന്നുവെങ്കിൽ 1970ല്‍ അത് 108.4 ആയി കുത്തനെ വര്‍ധിച്ചു. 2000ല്‍ 201.6 ലേക്ക് എത്തി.വീണ്ടും ഗ്രാഫ് ഉയരുകയാണ്. അഥവാ, ജനസംഖ്യ വര്‍ധിക്കുന്നതിനെക്കാള്‍ വേഗതയില്‍ ഉല്‍പാദനവും ഉയരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജനസംഖ്യ എന്ന വിഭവം 
2019 ൽ ചൈനയിലെ ഷാങ്ഹായിൽ വെച്ച് നടന്ന ലോക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ വെച്ച് ശതകോടീശ്വരന്മാരായ ടെസ്‌ല ഗ്രൂപ്പിന്റെ ഉടമ ഇലോൺ മസ്കും ചൈനീസ് വ്യവസായി ജാക് മായും പറഞ്ഞത് അടുത്ത 20 വർഷത്തിനുള്ളിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യ തകർച്ച ആയിരിക്കുമെന്നാണ് . 1970 കൾ മുതലുള്ള കടുത്ത ജനസംഖ്യനിയന്ത്രന്ണങ്ങൾ മൂലം ചൈനയിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു വരികയാണ്. അതോടൊപ്പം പ്രത്യുല്പാദനനിരക്ക് കൂടി കുറഞ്ഞതോട് കൂടി ജനസംഖ്യ അപകടകരമായ നിലയിലേക്ക് കുറയാൻ തുടങ്ങി.യുവാക്കളുടെ എണ്ണം കുറഞ്ഞതും പ്രായമായവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു.രാജ്യത്തിന്റെ സാങ്കേതിക-സാമ്പത്തിക മുന്നേറ്റത്തെ ചുക്കാൻ പിടിക്കാൻ ആവശ്യമായ മനുഷ്യമൂലധനം കുറഞ്ഞു വരുന്നു എന്നതാണ് ആഗോള വ്യവസായികളും രാഷ്ട്രങ്ങളും ഇന്ന് നേരിടുന്ന പ്രതിസന്ധി.മാനവവിഭവ ശേഷിയാണ് രാഷ്ട്രത്തിന്റെ യഥാര്‍ഥ സമ്പത്തെന്ന വസ്തുത വൈകിയാണെങ്കിലും ഭൗതിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.വികസിത രാഷ്ട്രങ്ങളിലെല്ലാം ഇന്ന് നടക്കുന്നത് ജനസംഖ്യാ വര്‍ധനവിനു വേണ്ടിയുള്ള പദ്ധതികളാണ്.നിലവിൽ ലോകത്തെ 56 ഓളം രാജ്യങ്ങൾ ജനസംഖ്യ വർധനവിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.മാനവവിഭവശേഷിയിലെ വര്‍ധനവിനായി റഷ്യയില്‍ വ്‌ളാദിമര്‍ പുടിന്‍ 5300 കോടി ചെലവഴിച്ചു.തുർക്കിയിൽ ആദ്യം ജനിക്കുന്ന കുഞ്ഞിന് 100 ഡോളർ, രണ്ടാമെത്തേതിന് 150, മൂന്നാമത്തേതിന് 200 ഡോളർ എന്ന നിലയിൽ സാമ്പത്തിക സഹായം സർക്കാർ നൽകുന്നുണ്ട്.
അമേരിക്കയിലെ 'ഫാദര്‍ ഹുഡ് ഇനീഷ്യേറ്റീവ്' നല്‍കി വരുന്ന 'ഫാദര്‍ഹുഡ് അവാര്‍ഡ്' കൂടുതല്‍ കുട്ടികളെ രാജ്യത്തിനു സമ്മാനിക്കുന്നവര്‍ക്കുള്ള അംഗീകാരമാണ്. ആസ്‌ത്രേലിയയും സൗത്ത് കൊറിയയും നിലവിൽ ഒരു കുഞ്ഞ് മാത്രമുള്ളവരോട് ആവശ്യപ്പെടുന്നത് ഒരു കുഞ്ഞിന് കൂടി ജന്മം നൽകാനാണ്. പല രാജ്യങ്ങളും കുടിയേറ്റക്കാർക്ക്  സൗജന്യ പൗരത്വം നൽകാനുള്ള ശ്രമത്തിലാണ്.

തിരിച്ചറിവിന്റെ പാഠങ്ങൾ
ഭൂമിയിലെ മനുഷ്യനടക്കമുള്ള ജന്തുജാലങ്ങളുടെയെല്ലാം ഉപജീവനം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു എന്ന് പരിശുദ്ധ ഖുർആൻ വ്യക്തമായി പറയുന്നുണ്ട്.(11:6).
മനുഷ്യ ശരീരത്തെ കോശങ്ങൾ കൊണ്ട് നിർമിതമായ കേവലപദാർത്ഥമായി മാത്രം കാണുന്ന ഭൗതികകാഴ്ചപ്പാടിൽ നിന്നാണ് ജനസംഖ്യാ വർധനവും ഭക്ഷ്യ വിതരണവും തമ്മിൽ ബന്ധപ്പെടുത്തിയ സിദ്ധാന്തങ്ങൾ കടന്നു വരുന്നതെന്ന് സൂക്ഷമമായി പരിശോധിച്ചാൽ മനസ്സിലാകും. അവരുടെ കാഴ്ചപ്പാടിൽ മനുഷ്യൻ ഭൂമിയിൽ ജനിച്ചുവീണു ശേഷം പ്രായാധിക്യത്താൽ മരിക്കുന്നത് വരെ ചെയ്യുന്ന ഏക പ്രവർത്തനം  ശാരീരികമായ വിശപ്പുകളെയും ദാഹങ്ങളെയും അതിജീവിക്കൽ മാത്രമാണ്. അതിലപ്പുറം ഭൂമിയിൽ മനുഷ്യനിയോഗത്തിന് മറ്റൊരു ലക്ഷ്യം ഉള്ളതായി അവർ കരുതുന്നില്ല.
ജനസംഖ്യ വിസ്‌ഫോടനത്തിന്റെ പ്രത്യാഘാതമായി പറയപ്പെടുന്ന വിഭവദൗർലഭ്യത്തിന്റെയും യഥാർത്ഥ കാരണം ഉയർന്ന  ജനസംഖ്യയല്ല, മറിച്ച് സമ്പത്തിന്റെ കേന്ദ്രീകരണവും മുതലാളിത്ത രാജ്യങ്ങൾ മൂന്നാംലോക രാജ്യങ്ങളിൽ നടത്തുന്ന വിഭവചൂഷണവുമാണ്. ആഗോളികരണത്തോടെ ഇത് കൂടുതൽ പ്രകടമാവാൻ തുടങ്ങി.2012 ലെ കണക്കനുസരിച്ച് ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ  39.3% കയ്യടക്കി വെച്ചിരിക്കുന്നത്  ലോകത്തെ 42 കോടീശ്വരന്മാർ ചേർന്നാണ്.ഇവിടെയാണ്‌ ഇസ്ലാമിന്റെ സുശക്തമായ സാമ്പത്തിക വ്യവഹാര  നിയമങ്ങൾ(സകാത് അടക്കം) പ്രസക്തമാകുന്നത്.ഭൂമിയിൽ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ അമിതവ്യയം പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
നമസ്‌കാരത്തിന് അംഗശുദ്ധി വരുത്താന്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ പോലും സ്വീകരിക്കേണ്ട മിതത്വം പ്രവാചകൻ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക സന്തുലനത്തിന് ജനസംഖ്യാനിയന്ത്രണമായിരുന്നു പരിഹാരമെങ്കിൽ ഇസ്ലാം ഇക്കാര്യം ഉണർത്തിയേനെ.ജനസംഖ്യാ ബോംബ് എന്ന പേരിൽ മൂന്നാം ലോക രാജ്യങ്ങളിൽ ജനസംഖ്യാനിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനു പിന്നിൽ മുതലാളിത്ത രാജ്യങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങളും ഒപ്പം മുസ്ലിം ജനസംഖ്യയിലുള്ള വർധന ചൂണ്ടിക്കാട്ടിയുള്ള ഇസ്ലാംഫോബിക് പ്രചാരണങ്ങളുമാണ്. എങ്കിലും ഇസ്‌ലാമിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുകളെ വൈകിയാണെകിലും ലോകം തിരിച്ചറിഞ്ഞു എന്നതിൽ നമുക്ക് ആശ്വസിക്കാം..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter