ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-35 ശൈഖ് ഹംദുല്ലഹ്: ഓട്ടോമൻ കാലിഗ്രഫിയുടെ ശൈഖ്
സുൽത്താൻ സുലൈമാനെ തേടിയുള്ള യാത്രക്കിടെയാണ്, ഞാന്‍ ശൈഖ് ഹംദുല്ലായുടെ സമീപമെത്തുന്നത്. ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച വരകളായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെ ഞാൻ തുർക്കിഷ് കാലിഗ്രാഫിയുടെ പിതാവായ ശൈഖ് ഹംദുല്ലായുടെ ഖബ്റിടത്തിൽ എത്തി. ഇസ്താംബൂളിന്റെ കിഴക്കു ഭാഗത്തായി കരാകാഹ്മെത് സുൽത്താൻ ഖബ്റിസ്ഥാനിലേക്ക് നയിക്കുന്ന ഇസ്താംബൂളിലെ ഉസ്കുദാർ ജില്ലയിലാണ് ഖബ്റ് സ്ഥിതി ചെയ്യുന്നത്. 'കാലിഗ്രഫിക്കാരുടെ ഖബ്റിസ്ഥാൻ' എന്നും 'ശൈഖ് സോഫാസി' എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഒരു സാധാരണക്കാരന്റെ ഖബ്റ് പോലെയാണ് ആ ശ്മശാനം നിലനിൽക്കുന്നത്.
അദ്ദേഹത്തിന്റെ ഖബ്റിനരികിൽ 'ഖിബ്ലത്തുൽ കുത്താബ്' (ലിപി എഴുത്തുക്കാരുടെ ഖിബ്‍ല) എന്നെഴുതിയതായി ശ്രദ്ധിച്ചു. കാലിഗ്രഫി രംഗത്തെ, മറ്റാർക്കും അനുകരിക്കാൻ പറ്റാത്ത വിധമുള്ള സംഭാവനകളായിരുന്നു അദ്ദേഹം കാഴ്ച വെച്ചതെന്ന് ആ എഴുത്തിൽ നിന്ന് തന്നെ മനസിലാക്കാം.
അവിടെയുള്ള ഒരു ദർവീശുമായി അല്പനേരം ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് പറയാനുണ്ടായിരുന്നതെല്ലാം ശൈഖ് ഹംദുല്ലായുടെ കാലിഗ്രഫിയെ കുറിച്ചായിരുന്നു. നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട വിസ്മയിപ്പിക്കുന്ന കാലശാഖയാണ് ഇസ്‍ലാമിക് കാലിഗ്രഫി. ഈറ്റ പേനയും മഷിയും ഉപയോഗിച്ച് കലാരൂപേണ ഖുർആൻ സൂക്തങ്ങൾ ഏറ്റവും മനോഹരമായി എഴുതാനുള്ള ശ്രമത്തിൽ നിന്നാണ് ഇസ്‍ലാമിക് കാലിഗ്രഫി പിറവിയെടുക്കുന്നത്. നൂറ്റാണ്ടുകളായി ഇസ്‍ലാമിക വാസ്തുവിദ്യയെ അലങ്കരിക്കാൻ കാലിഗ്രഫി ഉപയോഗിച്ചിരുന്നു. വാതിലുകൾ, ചുവരുകൾ, മിഹ്റാബുകൾ, മിൻബറുകൾ, താഴികക്കുടങ്ങൾ എന്നിവക്കായുള്ള ശ്രദ്ധേയമായ അലങ്കാരം കൂടിയായിരുന്നു കാലിഗ്രഫി.
ഓട്ടോമൻ കാലിഗ്രഫിയുടെ പിതാവാണ് ശൈഖ് ഹംദുല്ലാ. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഹാഫിസ് ഉസ്മാനെ പോലുള്ളവരാണ് പിന്നീട് ഓട്ടോമൻ കാലിഗ്രഫിയെ മുന്നോട്ട് കൊണ്ട് പോയത്. ഓട്ടോമൻ രാഷ്ട്രം സ്ഥാപിതമായതു മുതലാണ് അവരുടേതായ കാലിഗ്രഫിയും പുരോഗമിക്കുന്നത്. ഒട്ടോമൻ തുർക്കികൾ സൽജൂഖ് അതിർത്തിയിൽ ഒരു രാഷ്ട്രമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ തന്നെ ബാഗ്ദാദില്‍ കാലിഗ്രഫിയുടെ സുവർണ്ണ നാളുകളായിരുന്നു. രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഓട്ടോമൻ കാലിഗ്രഫി പാഠശാല സ്ഥാപിച്ച ശൈഖ് ഹംദുല്ലയെ പോലെ തന്നെ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് യാഖൂത്ത് അൽ മുഅ്തസിം. ചെറുപ്രായത്തിൽ തന്നെ അടിമക്കച്ചവടക്കാർ പിടികൂടിയ യാഖൂതിനെ ബാഗ്ദാദിലേക്ക് കൊണ്ടുവന്ന് അബ്ബാസി ഖലീഫ അൽ മുസ്തഅ്സിമിന് വിറ്റു. അൽ മുസ്തഅ്സിമിന്റെ കൊട്ടാരത്തില്‍ എല്ലാ സൗകര്യങ്ങളോടെയും വളര്‍ന്ന അദ്ദേഹം ഉയര്‍ന്ന വിദ്യഭാസം നേടുകയും സംഗീതജ്ഞനായ സഫിയുദ്ദീൻ അൽ ഉർമവിക്ക് കീഴില്‍ പഠനം നടത്തുകയും ചെയ്തു. തുടർച്ചയായ പരിശീലനം എന്ന് അർത്ഥമാക്കുന്ന മെസ്ക് എന്ന പഠനത്തിലൂടെയാണ് അദ്ദേഹം കാലിഗ്രഫി പഠിച്ചത്. ഒരു നിശ്ചിത തലത്തിൽ എത്തിക്കഴിഞ്ഞപ്പോൾ, കാലിഗ്രഫിയിലെ മഹാ പണ്ഡിതരായ ഇബ്നു മുഖ്‍ലയുടെയും ഇബ്നുൽ ബവ്വാബിന്റെയും ശൈലികൾ യാഖൂത്ത് പരിശീലിച്ചു. തുടർന്ന്, ആറു തരം കാലിഗ്രഫിയിലും (അഖ്‍ലാമെ സിത്ത) അദ്ദേഹം തന്റെ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു. പ്രത്യേകിച്ച് മുഹക്കഖ്, റയ്ഹാനി ശൈലികളിൽ വളരെ മനോഹരമായി എഴുതാൻ തുടങ്ങി. സുലുസ്, നസ്ഖ് ശൈലികളിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു. അപ്പോഴും ഓട്ടോമൻ കാലിഗ്രഫിപാഠശാല തുടങ്ങിയിരുന്നില്ല.
Read More: ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-34 സുല്‍ത്താൻ സലീമിനെ തേടി യാവൂസ് പള്ളിയില്‍
തുർക്കിയിലെ അമാസ്യയിലാണ് ശൈഖ് ഹംദുല്ലാ ജനിച്ചത്. 1426നും 1436നും ഇടയിലായിരിക്കാം അദ്ദേഹത്തിന്റെ ജനനമെന്ന് ദർവീശ് എന്നോട് പറഞ്ഞു. ശൈഖ് ഹംദുല്ലാ അമാസ്യയിലെ പ്രശസ്തമായ സാരികാദിസാദെ കുടുംബത്തിൽ പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവോ പിതാമഹനോ ബുഖാറയിൽ നിന്ന് അമാസ്യയിലേക്ക് കുടയേറിയതാവാം എന്നാണ് അനുമാനം. പണ്ഡിതന്മാരും ജ്ഞാനികളുമടങ്ങുന്ന, വിദ്യക്ക് അർഹമായ പ്രാധാന്യം നല്കിയിരുന്ന ഒരു കുടുംബമായിരുന്നു സാരികാദിസാദെ.
കാലിഗ്രാഫർ എന്ന രീതിയിലുള്ള ആദ്യ അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നത് ഖൈറുദ്ധീൻ മറാസിയിൽ നിന്നാണ്. കാലിഗ്രഫിയുടെ അധ്യാപകൻ എന്ന രീതിയിലുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നത് പിതാവായ മുസ്തഫ ദെദെയിൽ നിന്നാണ്. പിതാവ് നടത്തിയിരുന്ന ചർച്ചാ വേദികളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഒരിക്കൽ തന്റെ ചർച്ചാവേദിയിലേക്ക് അന്നത്തെ അമാസ്യയുടെ ഗവർണറായിരുന്ന ബായസീദ് രണ്ടാമൻ കടന്നു വരികയും പിതാവുമായി സംവദിക്കുകയുമുണ്ടായി. വളരെ ഭക്തനും വിജ്ഞാനവുമുള്ള ഷഹ്സാദിനൊപ്പം ശൈഖ് ഖുർആനും സാഹിത്യവും പഠിച്ചതിനാൽ ബായസീദ് കാലിഗ്രഫി പരിശീലകനായി ശൈഖ് ഹംദുല്ലയെ നിയമിച്ചു. ഇതിനിടയിൽ തന്നെ, അദ്ദേഹം മുഹമ്മദ് ഫാത്തിഹിന്റെ ലൈബ്രറിക്ക് വേണ്ടി ചില കൃതികൾ തന്റെ മനോഹരമായ ലിപിയിൽ ചെയ്തിട്ടുമുണ്ടായിരുന്നു.
ശൈഖ് ഹംദുല്ല തന്റെ അമ്മാവനും കാലിഗ്രഫറുമായ ജമാലുദ്ധീൻ അമാസ്യയുടെ മകളെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. ഈ ദമ്പതികൾക്ക് ഒരു മകനും ഒരു മകളും ഉണ്ടായിരുന്നു. മകൻ മുസ്തഫ പിതാവിനെ പോലെ മികച്ച ഒരു കാലിഗ്രാഫറായി അറിയപ്പെട്ടു.
കലാകാരൻ എന്നതിലുപരി ഒരു കായികതാരം കൂടിയായിരുന്നു ശൈഖ്. അദ്ദേഹം അറിയപ്പെടുന്ന ഒരു വില്ലാളിയായിരുന്നു. അമ്പെയ്ത്തിലെ വൈദഗ്ധ്യം കാരണം ബായസീദ് രണ്ടാമൻ ശൈഖ് ഹംദുള്ളയെ ഒക്കുലാർ ടെക്കേസിയുടെ (അമ്പെയ്ത്തുക്കാരുടെ ആസ്ഥാനം) ശൈഖായി നിയമിച്ചു. അമ്പെയ്ത്ത് കൂടാതെ, നീന്തൽ, തയ്യൽ, എന്നിവയിലും ഹംദുള്ള നിപുണനായിരുന്നു.
ബായസീദ് രണ്ടാമൻ ഓട്ടോമൻ സിംഹാസനത്തിലെത്തിയതോടെ തന്റെ ഉസ്താദും സുഹൃത്തുമായ ഹംദുല്ലയെ അദ്ദേഹം ഇസ്താംബൂളിലേക്ക് കൊണ്ടുവരികയും കൊട്ടാരത്തിലെ എഴുത്ത് പരിശീലകനായി നിയമിക്കുകയും ചെയ്തു. സുല്‍താന്റെ നിര്‍ദ്ദേശപ്രകാരം, അദ്ദേഹം അബ്ബാസി ശൈലി സൂക്ഷ്മമായി പരിശോധിക്കുകയും തനതായ ഓട്ടോമൻ ശൈലി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഖുർആനിലെ ലിപിയായ നസ്ഖ് രൂപത്തെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്. ശൈഖ് ഹംദുല്ലായുടെ കാലം മുതൽ അച്ചടി കണ്ടുപിടിക്കുന്നത് വരെ, ഖുർആൻ നസ്ഖ് കാലിഗ്രാഫിയിലും, സുലുസ് കാലിഗ്രഫിയിലും ഉപയോഗിച്ചിരുന്നു.
ശൈഖ് ഹംദുല്ലായുടെ രചനാ രീതിയെ 'ശൈഖ് ശൈലി' എന്നാണ് വിളിക്കുന്നത്. ഒരിക്കൽ സുൽത്താൻ ബായസീദ് ശൈഖ് ഹംദുല്ലായെ വിളിച്ച് യാഖൂത്ത് അൽ മുസ്തഅ്സിമിന്റെ കാലിഗ്രഫി ശൈലി ഒഴിവാക്കി പുതിയ രീതി കണ്ടെത്താൻ ആവശ്യപ്പെട്ടു. മാത്രമല്ല, സുൽത്താൻ പുതിയ മാതൃകകൾ അദ്ദേഹത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ശൈഖിന്റെ പല ഗ്രന്ഥങ്ങളും വായിച്ചാൽ അദ്ദേഹത്തിന്റെ ജീവിതത്തിന് രണ്ടു കാലഘട്ടങ്ങൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാവുന്നതണ്. അദ്ദേഹം യാഖൂത്തിന്റെ സ്വാധീനത്തിലായിരുന്ന അമാസ്യ കാലഘട്ടവും തന്റേതായ ശൈലിയിൽ തിളങ്ങിയ ഇസ്താംബൂൾ കാലഘട്ടവുമായിരുന്നു അത്.
Read More: ഒരു ദർവിശീന്റെ ഡയറിക്കുറിപ്പുകൾ-33 സുല്‍താന്‍ ബായസീദിന്റെ മണ്ണിലൂടെ...
ശൈഖ് ഹംദുള്ള വളരെ ശ്രദ്ധയോടെ, പ്രധാനപ്പെട്ട ശൈലികളെയും യാഖൂത്ത് ശൈലിയെയും സംബന്ധിച്ച് പഠനം നടത്തി. ഒടുവിൽ അവർ തന്റെ സ്വപ്നങ്ങളിൽ നെയ്തെടുത്ത രചനാശൈലിയിലേക്ക് എത്തിപ്പെടുകയായിരുന്നു, അല്ലാഹുവിൽ നിന്നുള്ള ഒരു വരദാനം പോലെയായിരുന്നു അതെന്ന് പറയാം. പുതിയ ശൈലിയുടെ ആവിർഭാവത്തോടെ, തിരക്ക് പിടിച്ച ദിനങ്ങളായിരുന്നു അദ്ദേഹത്തിന്. യാഖൂത്ത് ശൈലിയിലുണ്ടായിരുന്ന സങ്കീർണതകൾ നസ്ഖ് കാലിഗ്രഫി ഉപയോഗപ്പെടുത്തി ശൈഖ് പരിഹരിക്കുകയായിരുന്നു. തുടർന്നു, കാലിഗ്രഫിയിൽ യാഖൂത്ത് ശൈലി ഏറെക്കുറെ ഉപേക്ഷിക്കപ്പെടുകയും ശൈഖ് ശൈലി മുസ്‍ലിം ലോകത്തൊന്നാകെ അംഗീകരിക്കപ്പെടുകയും ചെയ്തു.
ഇസ്താംബൂളിലും എഡ്രിയാനയിലും ആവശ്യാനുസരണം താമസിക്കാനും ജോലി ചെയ്യാനും ആവശ്യമായ എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും സുല്‍താന്‍ ബായസീദ് ഒരുക്കി കൊടുത്തിരുന്നെങ്കിലും ശൈഖ് ഹംദുല്ല ഒരു ദർവീശിനെ പോലെയായിരുന്നു ജീവിച്ചത്. ബായസീദ് രണ്ടാമന് ശേഷം യാവുസ് സലീമിന്റെ കാലഘട്ടത്തിൽ ഏകാന്തതയിലേക്ക് പിൻവാങ്ങിയ ശൈഖ് ഹംദുല്ലാ സുലൈമാൻ ഒന്നാമൻ (മാഗ്നിഫിഷ്യന്റ്) സിംഹാസനത്തിൽ കയറിയ വർഷമാണ് വഫാത്താവുന്നത്. തനിക്ക് വേണ്ടി ഒരു മുസ്ഹഫ് നിർമിക്കാൻ സുൽത്താൻ സുലൈമാൻ ശൈഖിനോട് ആവശ്യപ്പെട്ടതായും, അതിന് മറുപടിയായി, വാർദ്ധക്യം കാരണം പറഞ്ഞ്, പകരം ചെറുപ്പക്കാരനായ കാലിഗ്രഫർമാരിലൊരാളായ മുഹ്യിദ്ധീന്‍ അമാസ്യയെ നിയമിച്ചുവെന്നും പറയപ്പെടുന്നു.
ശൈഖ് ഹംദുല്ലായുടെ പ്രൗഢോജ്ജ്വലമായ സ്മരണയിൽ അല്പനേരം കഴിച്ച് കൂട്ടിയ ശേഷം തുടര്‍ യാത്രക്കൊരുങ്ങി. ലോക ചരിത്രത്തിലെ തന്നെ, അതികായനായ സുല്‍താന്‍ സുലൈമാന്‍ ദി മാഗ്നിഫിഷ്യന്റെ മണ്ണിലേക്ക് ഇനി എന്റെ യാത്ര. അതോര്‍ക്കുമ്പോള്‍ തന്നെ എന്റെ മനസ്സ് തുടി കൊട്ടുന്നുണ്ട്.
Leave A Comment