നിങ്ങൾക്ക് വേണ്ടിയാണ് ആ കരുതൽ  

നബി(സ്വ)യെ അരികിൽ കിട്ടിയ ഒരു നല്ല വേളയില്‍ പത്‌നി ആയിശ(റ) പറഞ്ഞു. 'എനിക്കു വേണ്ടി അങ്ങ് അല്ലാഹുവോട് പ്രാര്‍ത്ഥിക്കണം തിരു ദൂതരേ'. തങ്ങള്‍ പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവേ പാപങ്ങളില്‍ നിന്ന്  സംഭവിച്ചു പോയതും സംഭവിക്കാനിരിക്കുന്നതും സ്വകാര്യമായി ചെയ്തതും പരസ്യമായി ചെയ്തതും  ആയിശക്കു നീ പൊറുക്കണേ' എിന്നിട്ട് തങ്ങള്‍ ചോദിച്ചു. എന്റെ പ്രര്‍ത്ഥനയില്‍ നിനക്ക് സന്തോഷമായോ? മഹതി പറഞ്ഞു: അങ്ങയുടെ പ്രാര്‍ത്ഥനയില്‍ ഞാനെങ്ങനെ സന്തോഷിക്കാതിരിക്കും? തങ്ങള്‍ പറഞ്ഞു: അല്ലാഹുവാണേ, ഈ പ്രാര്‍ത്ഥന എന്റെ സമുദായത്തിനു വേണ്ടി എല്ലാ നമസ്‌കാര വേളയിലും ഞാന്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ്. (ഇബ്‌നു ഹിബ്ബാൻ) അഥവാ തന്റെ സമുദായത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു നമസ്‌കാരവേള പോലും നബിതങ്ങള്‍ക്കുണ്ടായിരുന്നില്ല. പുണ്യ നബി  (സ്വ) അത്രയും നമ്മെ സ്നേഹിച്ചു. 

തങ്ങള്‍ പറഞ്ഞു: 'ഞാനാണു കാരുണ്യം. നേര്‍വഴിയും.' ശത്രുക്കളുടെ അക്രമം അസഹ്യമായ വേളയില്‍ അനുചരര്‍  ചോദിച്ചു. അവര്‍ക്കെതിരെ അങ്ങ് പ്രാര്‍ത്ഥിക്കാത്തതെന്ത്? തങ്ങള്‍ പറഞ്ഞു: ഞാന്‍ ശാപവര്‍ഷമായി വന്നവനല്ല. കാരുണ്യമായാണ് ഞാന്‍ നിയുക്തനായത്. (മുസ്‌ലിം)

തങ്ങള്‍ സമുദായത്തെ ഏറെ ഏറെ സ്‌നേഹിച്ചു. തങ്ങളുടെ നോവും നിനവും തന്റെ സമുദായത്തെ കുറിച്ചായിരുന്നു. പ്രവാചകര്‍ ഈസാ (അ) തന്റെ സമൂഹത്തിനുവേണ്ടി നടത്തുന്ന  പ്രാര്‍ത്ഥന ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് നബി തിരുമേനി(സ്വ) പാരായണം ചെയ്യുന്ന ഒരു സന്ദര്‍ഭം. 'നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും'(അല്‍ മാഇദ: 118) ഈ വേളയില്‍ തന്റെ ഇരു കൈകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 'അല്ലാഹുവേ, എന്റെ സമുദായം, എന്റെ സമുദായം, എന്നിങ്ങനെ വിലപിച്ചുകൊണ്ടിരുന്നു. അന്നേരം അല്ലാഹുവിന്റെ ആജ്ഞയുണ്ടായി. ജിബ്‌രീല്‍, നിങ്ങളുടെ നാഥന്‍ എല്ലാം അറിയുവനാണ്. എങ്കിലും നിങ്ങള്‍ മുഹമ്മദിന്റെ സമീപം ചെന്ന് ചോദിക്കുക. എന്താണ് തങ്ങളെ കരയിച്ചതെന്ന്? ജിബ്‌രീല്‍ മാലാഖ പ്രവാചകരെ സമീപിച്ച് ചോദിച്ചറിഞ്ഞു. അന്നേരം അല്ലാഹു പറഞ്ഞു. ജിബ്‌രീല്‍! നിങ്ങള്‍ മുഹമ്മദിന്റെ സമീപം ചെന്ന് പറയുക. അങ്ങയുടെ സമുദായത്തിന്റെ കാര്യത്തില്‍ അങ്ങയെ നാം തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും. അങ്ങയെ നാം വിഷമിപ്പിക്കുന്നതല്ല. (മുസ്‌ലിം)

Also Read:വലുപ്പത്തിലല്ലല്ലോ കനം

ജനങ്ങളോടൊപ്പം നില്‍ക്കുന്ന  ഒരു മനുഷ്യനായി തങ്ങള്‍ ജീവിച്ചു. ജീവിതവ്യവഹാരങ്ങളില്‍ സഹചാരിയായി. കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ കുടുംബമാണെങ്കിലും അയല്‍ക്കാരാണെങ്കിലും അന്യരാണെങ്കിലും സാന്ത്വനസ്പര്‍ശത്തില്‍ വിവേചനമുണ്ടായില്ല. കുടുംബ ബന്ധം പുലര്‍ത്തി. പരിചാരകര്‍ക്ക് കൂട്ടുകാരനായി.  കൂട്ടുകാര്‍ക്ക് ഗുണവാനായി. അമുസ്‌ലിംകളോടുള്ള സഹിഷ്ണുതയുടെയും സംയമനത്തിന്റെയും സമീപനം അവരെയും ഇസ്‌ലാമിന്റെ  വക്താക്കളാവാന്‍ പ്രേരിപ്പിച്ചു. സദാ സ്‌നേഹത്തിന്റെ മന്ദസ്മിതം. ഔദാര്യത്തിന്റെ വിശാലഹസ്തം. കാരുണ്യത്തിന്റെ കേദാരം. വാത്സല്യത്തിന്റെ പ്രതീകം. സത്യസന്ധമായ സംസാരം. ഹൃദ്യമായ പെരുമാറ്റം. ശത്രുക്കള്‍ക്ക് പോലും നബി തങ്ങളുടെ അപദാനങ്ങളേ വാഴ്ത്താനുണ്ടായിരുന്നുള്ളുവെന്നതിനു അബുസുഫ്‌യാന്‍ മുസ്‌ലിമാകുതിനു മുമ്പ് ഹിറഖ്ല്‍ ചക്രവര്‍ത്തിയുടെ സംശയ നിവാരണത്തിനു നല്‍കിയ മറുപടികള്‍ തന്നെ മതി.

സര്‍വലോകത്തിനും കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ലെന്നു ഖുര്‍ആന്‍ (അല്‍ അന്‍ബിയാഅ്-107). അതിനാല്‍ മനുഷ്യലോകം മാത്രമല്ല; ചരാചരങ്ങളഖിലവും ഈ അനുരാഗധാരയില്‍ ഇടം തേടുന്നു. മുഹമ്മദ് നബി(സ്വ)യെന്ന  അനുഗ്രഹ വര്‍ഷം കടലും കരയും കവിഞ്ഞു. സസ്യലതാദികളൊ നിര്‍ജീവ വസ്തുക്കളൊ വ്യത്യാസമില്ലാതെ അഖിലചരാചരങ്ങളിലും അതിന്റെ ചൈതന്യം തുടിച്ചു.

മേഘവും വൃക്ഷങ്ങളും തങ്ങള്‍ക്ക് നിഴലിട്ടു. കല്ലുകള്‍ സലാം ചൊല്ലി. അവിടത്തെ വിരഹത്തില്‍ ഈത്തപ്പനത്തടി അട്ടഹസിച്ചു. അല്ലാഹുവും മാലാഖമാരും തങ്ങള്‍ക്കായുള്ള സ്വലാതിലാണെങ്കില്‍ നാമും ധന്യരാവുക; പ്രവാചകാനുരാഗികളായി. 'മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് ഏറ്റം ഇഷ്ടപ്പെട്ടവനാകുന്നത് വരെ നിങ്ങള്‍ വിശ്വാസികളാകുന്നില്ലെന്ന്  തിരുദൂതര്‍ (സ്വ) (ബുഖാരി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter