മാപ്പിള സാഹിത്യവും മാലകളും ഭാഗം 02 – മുഹ്‍യിദ്ദീന്‍ മാലയുടെ സ്വാധീനം
അല്ലാഹുവിനെയും റസൂലിനെയും പുണ്യാത്മാക്കളെയും പ്രകീർത്തിച്ചുകൊണ്ട് രചിച്ച മാലപ്പാട്ടുകളും അറബി മലയാളത്തിലെ മാപ്പിള സാഹിത്യങ്ങളുടെ പദ്യ രൂപത്തിലുള്ള വിശ്വ രചനകളാണ്. മുഹിയുദ്ദീൻ മാല, രിഫാഈ മാല, നഫീസത്തു മാല, മഞ്ഞക്കുളം മാല, മമ്പുറം മാല, മഹ്മൂദ് മാല, യൂസഫ് മാല, സൈനബ് മാല, ഹുസൈൻ മാല, ശാദുലി മാല, സഫലമാല തുടങ്ങിയ ഒട്ടനവധി മാല രചനകൾ അറബി മലയാളത്തിൽ നടന്നിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടാവായ അല്ലാഹുവിനെയും പ്രവാചകൻ മുഹമ്മദ് നബിയേയും മറ്റു പ്രവാചകരെയും പുണ്യാത്മാക്കളെയും പ്രകീർത്തിച്ചും ഇസ്‍ലാമിക വിശ്വാസ ആത്മീയ ദർശനങ്ങൾ, സാമൂഹ്യ പശ്ചാത്തലങ്ങൾ വിവരിച്ചുമാണ് മാലപ്പാട്ടുകൾ കൂടുതലും രചിക്കപ്പെട്ടിട്ടുള്ളത്.
പതിമൂന്ന് നൂറ്റാണ്ട് കാലത്തെ പാരമ്പര്യം അറബി മലയാളത്തിനുണ്ട്. നടേ സൂചിപ്പിച്ചതുപോലെ ധാരാളം ഗദ്യ രൂപത്തിലുള്ള ഗ്രന്ഥങ്ങൾ തുടക്കം മുതൽ രചിക്കപ്പെട്ടിരുന്നെങ്കിലും രേഖാടിസ്ഥാനത്തിൽ എഡി 1607ൽ ഖാസി മുഹമ്മദ് രചിച്ച മുഹിയുദ്ദീൻ മാലയാണ് പദ്യഗണത്തിൽ പെടുന്ന ആദ്യ രചന. അതിനുമുമ്പ് മാപ്പിള സാഹിത്യത്തിന്റെ പിറവിയായി പദ്യ രചനകൾ ഉണ്ടായിട്ടില്ലെന്ന് പറയാനാവില്ല. പ്രകാശിതമാവാതെ ചരിത്രങ്ങളിൽ നിന്നും ചിതലരിക്കപ്പെടുകയോ അക്കാലത്തെ സാമൂഹിക അന്തരീക്ഷത്തിൽ നഷ്ടപ്പെടുകയോ ചെയ്തതാവാം. കാരണം 14-ാം നൂറ്റാണ്ടിൽ പൾസത്ത് മാല, അക്കാലത്ത് തന്നെ രചിച്ച മികുറാസെ മാല തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ടതായി കണ്ടെത്തിയിട്ടുണ്ട്. (പതിനാലാം നൂറ്റാണ്ടിൽ കേരളത്തിന്റെ ഇന്നത്തെ പ്രധാന പല ഭാഗങ്ങളും തമിഴ്നാടിനോട് ചേർന്നായിരുന്നു എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്).
ഇസ്‍ലാമിക തനിമ നിലനിർത്തുന്നതും സാമൂഹിക സമുദ്ധാരണത്തിനു വളം വെക്കുന്നതുമായിരുന്നു മലപ്പാട്ടുകൾ. ഖാസി മുഹമ്മദ് രചിച്ച ഫത്ഹുൽ മുബീനും, മുഹ്‌യിദ്ദീൻ മാലയും അന്നത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ വിവരിച്ചു കൊണ്ടും ജനങ്ങളെ തിരിച്ചറിവിന്റെ പടവുകളിലേക്ക് വഴിനടത്തിയുമായിരുന്നു രചന നിർവഹിച്ചത്. ആത്മീയ-ദൈവിക വഴികാട്ടി എന്നതിലുപരി ഒരു മികച്ച പാഠപുസ്തകവും സാഹിത്യ കൃതിയും ആയിരുന്നു മുഹ്‌യിദ്ദീൻ മാല. ലോകത്തിന്റെ ആത്മീയ ഗുരുവായ ശൈഖ് അബ്ദുൽ ഖാദർ ജീലാനിയുടെ പ്രകീർത്തനങ്ങളാണ് മുഹിയുദ്ദീൻ മാല. മലബാറിൽ നിന്നും തമിഴ്നാട്ടിലെ മദ്റബിലേക്കും അറബ് നാടുകളിലേക്കും വീശുന്ന ഇസ്‍ലാമിക സാമൂഹിക പാരമ്പര്യം മാപ്പിളമാരുടെ സാഹിത്യ രചനകളുടെ മികച്ച ഉദാഹരണങ്ങളാണ്.
മലയാളഭാഷയിൽ വിരചിതമായ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിന്റെ രചനക്ക് പിന്നിലുള്ള മുഹിയുദ്ദീൻ മാലയുടെ സ്വാധീനം ചെറുതല്ല. ഭാഷ ഭംഗിയും ആശയ സമ്പുഷ്ടതയും ഒത്തിണങ്ങിയ നല്ലൊരു രചന എന്നതിനപ്പുറം മാപ്പിള സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും സാഹിത്യ ചിന്താ മണ്ഡലങ്ങളെ അത് സ്വാധീനിച്ചിട്ടുണ്ട്. പിൽക്കാലത്ത് വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഇതിന്റെ സ്വാധീനം വ്യക്തമാണ്. ഒരു ഗ്രന്ഥത്തിൻറെ സരളമായ സാഹിത്യ ഭംഗിയും കൃത്യമായ ആശയ അവതരണവും നർമ്മം കലർന്ന വാക്കുകളുടെ പ്രയോഗങ്ങളും പിന്നീട് വന്ന നൂറോളം ഗ്രന്ഥങ്ങളെ സ്വാധീനിക്കുക എന്നത് ലോക ചരിത്രത്തിൽ തന്നെ അപൂർവമാണ്. ഖാസി മുഹമ്മദിന്റെ മുഹിയുദ്ധീൻ മാലയുടെ ചാരുത അവിടെയാണ് വേറിട്ട് നിൽക്കുന്നത്.
സെപ്റ്റംബർ, രണ്ടായിരത്തിൽ അൽ ഇർഫാദില്‍ (പുറം:30) തോപ്പിൽ മുഹമ്മദ് മിറാൻ മാപ്പിള സാഹിത്യങ്ങളിലെ മലപ്പാട്ടുകളുടെ സംഭാവനയെക്കുറിച്ച് പരാമർശിക്കുന്നത് കാണാം "മുമ്പൻ തലമുറക്കാർ നൽകിയ സാഹിത്യങ്ങൾ നമ്മുടെ അമാനത്തുകളാണ്. അവ ഒഴുകുന്ന നദിയിലേക്കും എരിയുന്ന തീയിലേക്കും വലിച്ചെറിയാൻ നമുക്ക് ആരും അധികാരം തന്നിട്ടില്ല" മാലപ്പാട്ടുകൾ മലബാർ മുസ്‍ലിംകളുടെ സൂക്ഷിപ്പുമുതലായാണ് തോപ്പിൽ മുഹമ്മദ് മീറാൻ വിശേഷിപ്പിച്ചത്. ഒരു സമൂഹത്തിന്റെ ഐക്യപ്പെടലിനും സർവ്വ വളർച്ചക്കും കാരണമാകുന്ന മലപ്പാട്ടുകൾ അതുകൊണ്ടാണ് ഒരിക്കലും തിരിച്ചെടുക്കാൻ ആവാത്ത വിധം പുഴയിലേക്ക് എറിയുന്നതിനേയും കത്തിക്കുന്നതിനെയും മീറാന്‍ മാപ്പിള വിമർശിച്ചത്. കാരണം സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ വ്യക്തികൾക്ക് അവകാശമില്ല എന്നത് തന്നെ.
കേരളത്തിൽ ശാദുലി സരണിയുടെ വളർച്ചയ്ക്കും പ്രചാരത്തിനും മുഹിയുദ്ദീൻ മാല വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു ഭാഷയുടെ സാഹിത്യ ഭംഗി നിലനിൽക്കുന്നത് ആ ഭാഷയുടെ സമൂഹത്തിനു അതുൾക്കൊള്ളാനാവുമ്പോഴാണ്. ആത്മീയ ചൈതന്യവും ജീവിതം പരിസരങ്ങളിലെ വഴികാട്ടികളുമാണ് ഓരോഭാഷയിലും സ്ഫുരിക്കുന്ന സാഹിത്യ രചനകൾ. മാലപ്പാട്ടുകളിൽ പുണ്യ പുരുഷന്മാരുടെയും പുണ്യവതികളുടെയും ത്യാഗം വിവരിക്കുന്നത് വഴി സമൂഹത്തിന്റെ പൊതുബോധങ്ങളിൽ വൈജ്ഞാനിക സംസ്കരണം ഉണ്ടാവുകയും അത്യന്തിക വിജയം അവർക്കാണെന്ന് ആത്മവിശ്വാസം അവരിൽ ഉത്സാഹവും പ്രവർത്തനക്ഷമതയും ഉണ്ടാക്കുകയും ചെയ്യുന്നു.
Read More: മാപ്പിള സാഹിത്യവും മാലകളും ഭാഗം 01 – മലയാളവും മാപ്പിള സാഹിത്യവും
എന്തുകൊണ്ട് 'മാല' മാപ്പിളമാരിലും മാപ്പിള സാഹിത്യത്തിലും സ്വാധീനം ചെലുത്തി...?
ഖാസി മുഹമ്മദ്, മുഹിയുദ്ധീൻ മാല രചിച്ച സാമൂഹിക അന്തരീക്ഷം അറിയുമ്പോഴാണ് മാലയുടെ സ്വാധീനം എന്തുകൊണ്ട് ഉണ്ടായി എന്ന് ബോധ്യപ്പെടുക. സാമ്പത്തികമായും മാനസികമായും സാംസ്കാരികമായും തകർന്നടിഞ്ഞ ഒരു സമൂഹത്തിൻറെ പുനരുദ്ധാരണമാണ് ഖാസി മുഹമ്മദ് മാലയിലൂടെ കണ്ടത്.
ഡച്ചുകാരുടെ അധിനിവേശവും അവർ അഴിച്ചുവിട്ട ആക്രമണങ്ങളും മലബാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറി, ഗത്യന്തരമില്ലാതെ വിറങ്ങലിച്ചു നിന്ന സമൂഹത്തിന് മുൻകാല ചരിത്രങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ട് അവരിൽ ദൈവിക വിശ്വാസം രൂഢമൂലമാക്കുകയാണ് ഖാസി മുഹമ്മദ് ചെയ്തത്. ചില ഉദാഹരണങ്ങൾ നോക്കാം, സാമ്പത്തികമായി തകർന്ന്, ജീവിക്കാൻ മോഷണത്തിന് വരെ തുനിഞ്ഞ സമൂഹത്തോട് ഖാസി മുഹമ്മദ് പാടിയത് " കളവു പറയല്ലയെന്നുമ്മ ചൊന്നാരെ, കള്ളന്റെ കൈയിൽ പൊന്ന് കൊടുത്തോവർ". വരേണ്യ സമൂഹങ്ങളുടെ പീഢനങ്ങൾ സഹിക്കാനാവാതെ ഇസ്‍ലാമിലേക്ക് കടന്നുവന്നവരോട് കവി പറയുന്നത് " അഫ്ഫൾ കുലം ഫുകെ ഫുദിയെ ഇസ്‍ലാമിനെ അബ്ദാലമ്മാരാക്കി കൽപ്പിച്ചു വച്ചോവർ" ഇസ്‍ലാമിലേക്ക് കടന്നുവന്ന ഒരു ക്രിസ്തു മത വിശ്വാസിയെ ഔലിയാക്കളിലേക്ക് ഉയർത്തി, എന്നർത്ഥം വരുന്ന വരി പഠിപ്പിച്ചുകൊടുത്തു. സത്യസന്ധതയും വിശ്വാസദാർഢ്യതയും ധാർമ്മിക ബോധവും കൈമുതലാക്കുന്നതിന് മാലപ്പാട്ടുകളുടെ വരികൾ നൽകിയ സ്വാധീനം ചെറുതല്ല .
ഓരോ മാലകളും ഇറങ്ങിയ സാഹിത്യ പശ്ചാത്തലത്തോടും അവ പറഞ്ഞുവെക്കുന്ന ചരിത്ര പ്രാധാന്യങ്ങളോടും ചേർത്തുവച്ച് വായന നടത്തിയാൽ മാലകൾ , സമൂഹത്തിലും മാപ്പിള സാഹിത്യത്തിലും കൊണ്ട് വന്ന സ്വാധീനം ഇന്നും നിൽക്കുന്നതാണെന്ന് കണ്ടെത്താം.
Leave A Comment