മാപ്പിള സാഹിത്യവും മാലകളും ഭാഗം 01 – മലയാളവും മാപ്പിള സാഹിത്യവും
മലയാള സാഹിത്യത്തിന്റെ ചരിത്ര- പാരമ്പര്യ പഠനങ്ങളിൽ അവിഭാജ്യസ്ഥാനം മാപ്പിള സാഹിത്യം അലങ്കരിക്കുന്നുണ്ട്. ബഹുസ്വര സംസ്കൃതിയുടെയും വിവിധ ഭാഷകളുടെയും പ്രതിഫലനമാണ് മാപ്പിള സാഹിത്യങ്ങൾ.
മലയാളസാഹിത്യത്തിന്റെ പ്രാരംഭമായി കണക്കാക്കുന്ന എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് പോലും ഖാസി മുഹമ്മദ് അറബി മലയാളത്തിൽ രചിച്ച മുഹിയിദ്ദീൻ മാലയുടെ സ്വാധീനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ചരിത്രം പഠിക്കുന്നവർക്ക് ബോധ്യമാകും.
അറബി മലയാളവും മലയാളഭാഷയും
വ്യക്തികൾ, സമൂഹങ്ങൾ തമ്മിലുള്ള ശബ്ദ രൂപത്തിലുള്ള ആശയ കൈമാറ്റങ്ങളിലാണ് ഭാഷകളുടെ ജീവൻ നിലനിൽക്കുന്നത്. വ്യത്യസ്തങ്ങളായ കാലഗണനയും സാഹചര്യങ്ങളും അതിനു വഴിയൊരുക്കുന്നു. ഭാഷകളുടെ ഉപജ്ഞാതാക്കളെ കണ്ടെത്തൽ പ്രയാസകരമാണ്. സമൂഹമായും സംസ്കാരമായും അതിനു വ്യതിയാനങ്ങൾ സംഭവിക്കാം. അതുകൊണ്ടുതന്നെ ഭാഷകളുടെ ഉത്ഭവത്തിലും പ്രചാരത്തിലും അഭിപ്രായ വൈരുദ്ദ്യങ്ങളും വൈവിധ്യങ്ങളും സ്വാഭാവികമാണ്.
അറബി മലയാളത്തിന്റെ ആരംഭത്തെ അടിസ്ഥാനമാക്കിയും ഇത്തരം അഭിപ്രായങ്ങൾ നിലനിൽക്കുന്നതു കാണാം. അറബികൾ സംസാരിച്ച മലയാളമെന്നും അറബി ലിപിയിൽ എഴുതിയ മലയാളമെന്നും വാണിജ്യ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ഭാഷയാണെന്നുമുള്ള വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. വാസ്തവത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്ലാമിക പ്രചരണം കേരളതീരത്ത് എത്തുകയും തദ്ദേശീയരായ വിഭാഗത്തോട് പ്രബോധന മേഖലകളിൽ ഇടപെടാൻ തദ്ദേശീയ ഭാഷയുടെ ആവശ്യം നിർബന്ധമായി വരികയും ചെയ്ത സാഹചര്യത്തിലാണ് അറബി മലയാള ഭാഷ രൂപപ്പെടുന്നത്.
മലയാള ഭാഷയ്ക്ക് ഏകീകൃത ലിപി വരുന്നതിന് മുമ്പാണ് അറബി മലയാളം വരുന്നത്. അക്കാലത്ത് വിരചിതമായ രചനകളെ മലബാറിയം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത് . മലയാള ലിപി വ്യവസ്ഥ നിലവിൽ വന്ന ശേഷമാണ് അറബി മലയാളം, മാപ്പിള മലയാളം എന്ന ഉപയോഗം നിലവിൽ വന്നത്. ആര്യ ലിപി അടിസ്ഥാനമാക്കി മലയാളത്തിന് പ്രത്യേകമായ ലിപി രൂപപ്പെടുകയും പിന്നീട് പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിൽ നിശ്ചിത ലിപി പ്രചാരം നേടുകയും ചെയ്ത സമയത്താണ്, മലബാർ മുസ്ലിംകൾക്കിടയിൽ നിലനിന്നിരുന്ന ലിപിക്ക് അറബി മലയാള ലിപി എന്ന നാമകരണം നൽകിയത്. മുസ്ലിംകൾ പ്രാധാന്യം നൽകിയിരുന്ന ലിപി ആയതിനാലാവാം, ഉള്ളൂർ അടക്കമുള്ള എഴുത്തുകാർ അവരുടെ ലേഖനങ്ങളിൽ ഇതിനെ മാപ്പിള മലയാളം എന്ന് വിശേഷിപ്പിച്ചത്.
മാപ്പിള മലയാളം, തുടക്കവും പാരമ്പര്യവും
മലയാളഭാഷയ്ക്ക് പ്രത്യേക ലിപി വ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ് അറബി മലയാളം പ്രചാരണത്തിൽ ഉണ്ടെന്ന് നടേ പറഞ്ഞല്ലോ. പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാം കേരളത്തിൽ എത്തിയിട്ടുണ്ട്. ചേരമാൻ പെരുമാൾ മുഹമ്മദ് നബിയുമായി കൂടിക്കാഴ്ച നടത്തിയതായി മലബാർ ചരിത്രത്തിൽ കാണാം. ഇസ്ലാമിക പ്രബോധന ആവശ്യാർത്ഥമാണ് അറബി മലയാളം രൂപപ്പെട്ടത്. മലയാള ലിപി രൂപപ്പെട്ടത് പത്ത് ശതകങ്ങൾക്കുള്ളിലാണെങ്കിൽ അറബി മലയാളം രൂപപ്പെട്ടിട്ട് 13 നൂറ്റാണ്ടുകൾ കഴിയുകയാണ് എന്നര്ത്ഥം. ഹിജ്റ 21 മുതൽ തന്നെ മാപ്പിള മലയാള സാഹിത്യത്തിൽ പാരമ്പര്യം അവകാശപ്പെടാവുന്ന ചരിത്രരചനകളും പഠനങ്ങളും ഏറെയുണ്ട്.
മലയാളം ഭൂമിശാസ്ത്രപരമായും ഭാഷാപരമായും തമിഴ്നാടിനോട് ബന്ധം പുലർത്തുന്നുണ്ട് . തമിഴ്നാട്ടിൽ നിന്നും കേരള ഭാഷ വിഭിന്നമാകുന്നത് എ.ഡി 9-ാം നൂറ്റാണ്ടിലാണ്. തമിഴ്നാടും മലബാറും തമ്മിലുള്ള ബന്ധം നിലകൊള്ളുന്നത് തുറമുഖങ്ങളും വാണിജ്യങ്ങളും വഴിയാണ്. അറബി മലയാള രൂപീകരണത്തിലെ പ്രധാനികളായ സയ്യിദ് കുടുംബം കടന്നുവന്നതും തമിഴ്നാട്ടിൽ നിന്നു തന്നെ. അറബി മലയാള ലിപിയിലെ രചനകൾ ശ്രദ്ധിച്ചാൽ മലബാർ മാപ്പിള സാഹിത്യത്തിലെയും മുസ്ലിം നവോത്ഥാനത്തിന്റെയും പാരമ്പര്യത്തിലെ ഒരു അവിഭാജ്യ ഘടകമായി തമിഴ്നാടും തമിഴും ചേർന്നിരിക്കുന്നു എന്ന് കാണാം. മലയാളത്തിനു തമിഴ് ഭാഷ സ്വാധീനിച്ചതുപോലെ അറബി മലയാളത്തിനു അറബി തമിഴിന്റെ സ്വാധീനവും ഉണ്ടെന്നതാണ് വസ്തുത.
മാപ്പിളയും സാഹിത്യവും
ആദ്യ കാലത്ത് അറബി മലയാളം ഒരു സ്വതന്ത്ര ഭാഷയായിരുന്നു. പിന്നീട് മലയാള ലിപി പ്രചാരത്തിലേറിയപ്പോൾ, അറബി മലയാളം ലിപിയിലേക്ക് മാത്രമായി ചുരുങ്ങി. മലയാളത്തിന്റെ പ്രത്യേക ലിപി രൂപപ്പെടുന്നതിന് മുമ്പ് തെക്ക് തിരുവിതാംകൂർ മുതൽ വടക്ക് മംഗലാപുരം വരെയുള്ള മലബാർ പ്രദേശങ്ങളിലെ മാപ്പിളമാർ സംസാരഭാഷയായി അവലംബിച്ചത് അറബി മലയാളമായിരുന്നു.
മഹാപിള്ള, മഹ്ഫില മാപ്പിളയെ സൂചിപ്പിക്കുന്ന പദങ്ങളാണ്. പുതുവിശ്വാസം സ്വീകരിച്ചവരെയാണ് മാപ്പിള എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്. എന്നാൽ ചരിത്ര ആഖ്യാനങ്ങളിലുള്ള മാപ്പിളമാര്, മലബാർ മുസ്ലിംകളെയാണ് പ്രതിനിധീകരിക്കുന്നത്. അറബി മലയാളത്തെ മാപ്പിള മലയാളം എന്നും മാപ്പിള സാഹിത്യം എന്നും വിശേഷിപ്പിക്കാറുണ്ട്. അറബി മലയാളത്തിൽ വാമൊഴിയായും വരമൊഴിയായും വന്ന രചനകളെ പൊതുവേ മാപ്പിള സാഹിത്യം എന്ന ഗണത്തിൽ ചേർക്കുന്നു. ഗദ്യ പദ്യ രൂപങ്ങളിലാണ് സാഹിത്യകൃതികൾ രചിക്കപ്പെട്ടിട്ടുള്ളത്.
മാപ്പിള സാഹിത്യം എന്നാൽ അറബി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യമാണ്. "അറബി മലയാള സാഹിത്യ ചരിത്രത്തിൽ" പ്രസിദ്ധ എഴുത്തുകാരൻ ഒ.ആബു പറഞ്ഞുവെക്കുന്നത് 10 നൂറ്റാണ്ടുകൾക്കിടയിൽ മാപ്പിളമാരുടെ കൈകളാൽ വിരചിതമായ ഗ്രന്ഥങ്ങൾ ആയിരമോ അതിലധികമോ വരുമെന്നാണ്. ഖുർആൻ, ഹദീസ്, വിശ്വാസം മുതൽ ചരിത്രങ്ങൾ വരെ അടങ്ങുന്ന മറ്റു ഭാഷകളിൽ നിന്നുള്ള തർജ്ജമകളും സ്വതന്ത്ര രചനകളും അറബി മലയാളത്തിൽ പ്രകാശിതമായിട്ടുണ്ട്. ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും എഴുതപ്പെട്ട പല കൃതികളും ഇന്ന് കാലാഹരണപ്പെടുകയോ ഡച്ചുകാരാൽ നശിപ്പിക്കപ്പെടുകയോ ചെയ്തവയാണ്. അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യം അതിന് അത്രത്തോളം വളമൊരുക്കിയിട്ടുണ്ടെന്നുള്ളതും ചരിത്ര തെളിവുകളാണ്.
അറബി, പേർഷ്യൻ തുടങ്ങി മറ്റു ഭാഷകളുടെ രചനാ ഭംഗി, ആശയഭംഗിയുടെ മൂല്യങ്ങൾ ഒട്ടും ചോരാത്ത രീതിയിൽ തർജ്ജമ ചെയ്തത് അറബി മലയാള സാഹിത്യത്തിന്റെ കരുതലിനും വൈജ്ഞാനിക പ്രാധാന്യത്തിനും ഉദാഹരണമാണ്. ഗദ്യ രൂപത്തിലായി ഖുർആൻ തഫ്സീർ, ഹദീസ്, ചരിത്രം, കർമശാസ്ത്രം, കഥ, നോവൽ തുടങ്ങി ഗവേഷണ പഠനങ്ങളിലും, തത്വശാസ്ത്രം വരെയുള്ള മേഖലകളിലും മാപ്പിള സാഹിത്യത്തിന്റെ കയ്യൊപ്പ് ദർശിക്കാവുന്നതാണ് .
അറക്കൽ രാജകുടുംബാംഗമായ മായൻകുട്ടി ഇളയയുടെ 'തർജ്ജമത്തു തഫ്സീറിൽ ഖുർആൻ' ആദ്യ അറബി മലയാള ഖുർആൻ തഫ്സീറിലെ രചനയാണ്. ഹദീസ് മേഖലയിൽ എൻ പി സൈനുദ്ദീൻ മുസ്ലിയാർ ഭാഷാന്തരം നടത്തിയ അർബഊന ഹദീസ്, മാനവ ചരിത്രത്തെക്കുറിച്ച് ശുജായി മൊയ്തു മുസ്ലിയാർ രചിച്ച ഫയ്ളുൽ ഫയ്യാള്, ഫത്ഹുൽ ഫത്താഹ് തുടങ്ങിയ ചരിത്ര പഠനങ്ങൾ, കേരള ചരിത്രത്തെക്കുറിച്ച് അറബി മലയാളത്തിൽ ആദ്യമായി രചിച്ച ഇബ്രാഹിം മുസ്ലിയാരുടെ 'മലബാറിന്റെ പരിണാമം ഒരു അനാവരണം' എന്ന കൃതിയും വെളിച്ചം വീശുന്നത് മാപ്പിള സാഹിത്യത്തിന്റെ ഗദ്യ മേഖലകളിലുള്ള ഉദാത്തമായ സംഭാവനങ്ങളിലേക്കാണ്. ഈ രചനകൾ എല്ലാം നടന്ന കാലഘട്ടവും രാഷ്ട്രീയ സാമൂഹിക അന്തരീക്ഷവും പഠിക്കുകയാണെങ്കിൽ ഈ രചനകളുടെ പ്രാധാന്യം കൂടുതൽ വ്യക്തമാവുന്നതാണ്.
സാഹിത്യ ഇനങ്ങൾ
കാലഹരണപ്പെട്ടതും നിലനിൽക്കുന്നതുമായ പദ്യ രൂപത്തിലുള്ള ഒട്ടനവധി കൃതികളുണ്ട് അറബി മലയാളത്തിൽ. മാപ്പിളപ്പാട്ടുകൾ, പടപ്പാട്ടുകൾ, കത്ത് പാട്ടുകൾ, സക്കീർ പാട്ടുകൾ, ഉറുദി ഗാനങ്ങൾ തുടങ്ങി ഒട്ടനവധി രചനകൾ പദ്യ സാഹിത്യ ഗണത്തിൽ വരുന്നതാണ്. സബീനപ്പാട്ടിന്റെ ആധുനിക പരിഷ്കരണമാണ് മാപ്പിളപ്പാട്ടുകൾ.
മാപ്പിള സാഹിത്യത്തിന് ഒഴിച്ചുകൂടാനാവാത്ത വിശ്വകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പട, ഉഹ്ദ് പട, മലപ്പുറം പട, ഹിജ്റ തുടങ്ങിയ മദ്ഹ് ഗാനങ്ങളും ഹുസ്നുൽ ജമാൽ, കിളത്തി മാല തുടങ്ങിയ രചനകളും അറബി മലയാള സാഹിത്യത്തിന്റെ മൂലകൃതികളിൽ എണ്ണപ്പെടുന്നവയാണ്. മോയിൻകുട്ടി വൈദ്യരുടെ കാലത്തോടെയാണ് ഇസ്ലാമിക, മലബാർ ചരിത്ര അടിസ്ഥാനമാക്കി രചിക്കപ്പെട്ടിരുന്ന മാപ്പിളപ്പാട്ടുകൾ ദിശ മാറി സഞ്ചരിച്ചു തുടങ്ങിയത്.
പാട്ടുകളുടെ വൃത്താവിഷ്കാരമായ ഇശൽ, കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽ കമ്പി തുടങ്ങിയ പ്രാസ ഇനങ്ങളും പാലിച്ചതാണ് മാപ്പിളപ്പാട്ടിന്റെ രചനാ ശൈലി. സ്വന്തമായ താളക്രമവും പ്രാസ നിബന്ധനകളും പാലിച്ചാണ് മാപ്പിള മാർ രചനകൾ നിർവഹിച്ചിരുന്നത് എന്ന് ചുരുക്കം.
Leave A Comment