വിശേഷങ്ങളുടെ ഖുർആൻ: (10)  ഗ്രന്ഥം വ്യാഖ്യാനിച്ചു ഗ്രന്ഥാലയങ്ങൾ

ഗ്രന്ഥം വ്യാഖ്യാനിച്ചു ഗ്രന്ഥാലയങ്ങൾ

ഒരു ഗ്രന്ഥം പുരസ്കരിച്ചും വ്യാഖ്യാനിച്ചും വിശദീകരിച്ചും അനുബന്ധമായും  ആശയങ്ങൾ അപഗ്രഥിച്ചും അറിവുകൾ വിശകലനം ചെയ്തും ഉൾസാരം അന്വേഷിച്ചും വാക്കുകളും വാചകങ്ങളും പരിശോധിച്ചും ഭാഷയുടെ തലനാരിഴ കീറി ചർച്ച ചെയ്തും അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെടുക. അതിനെ നിരവധിയെന്ന് പറഞ്ഞാൽ പോരാ, നൂറുകണക്കിനെന്ന വിശേഷണത്തിൽ ഒതുങ്ങില്ല. ആയിരക്കണക്കിനെന്ന വർണന പോലും പൂർണമായും നീതി പുലർത്തിയെന്ന് വരില്ല. പതിനായിരക്കണക്കിനെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുടെ അംശം കണ്ടെത്താൻ പ്രയാസപ്പെടും. 

അത്രയധികം ഗ്രന്ഥങ്ങൾ ഖുർആനുമായി ബന്ധപ്പെട്ട് ഇറങ്ങിക്കഴിഞ്ഞതാണ്. ഇത് അറബി ഭാഷയിലെ മാത്രം അനുഭവമാണ്. അറബ് ലോകത്തും മുസ് ലിം ലോകത്തിൻ്റെ വിവിധ കോണുകളിലും രണ്ടാം നൂറ്റാണ്ട് മുതൽ വർത്തമാനകാലം വരെ അച്ചടിച്ചിറങ്ങിയ ഇവ്വിഷയകമായുള്ള അറബിഗ്രന്ഥങ്ങളുടെ മാത്രം എണ്ണം അന്വേഷിച്ചിറങ്ങിയാൽ ഇറങ്ങിയ ആൾ കുഴങ്ങുകയല്ലാതെ ലക്ഷൃം പൂർത്തീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം കോപ്പികൾ ശേഖരിക്കാൻ ഒരു വിഫലശ്രമം നടത്തിയാൽ അതൊരു ഗ്രന്ഥാലയത്തിനല്ല, അനേകം ബ്രഹത്തായ ഗ്രന്ഥാലയങ്ങൾക്ക് വഴി തുറക്കും. ലോകത്ത് ഏതെങ്കിലുമൊരു മതഗ്രന്ഥത്തിനോ വേദപുസ്തകത്തിനോ നിയമ പുസ്തകത്തിനോ സൈദ്ധാന്തിക കൃതിക്കോ സാഹിത്യ കൃതികൾക്കോ അവകാശപ്പെടാൻ കഴിയാത്ത ഇത്തരമൊരു സർവകാല റിക്കോർഡ് വിശുദ്ധ ഖുർആന് മാത്രം അവകാശപ്പെട്ടതാണെന്ന് നിക്ഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന ആരും സമ്മതിക്കും. 

ഗ്രന്ഥാലയങ്ങൾ എന്ന പ്രയോഗത്തിൽ പോലും അതിശയോക്തി അശേഷമില്ല. ഇന്ന് ആഗോളതലത്തിൽ മുസ് ലിം മാനേജ്മെൻറുകളുടെ കീഴിലുള്ള ഗ്രന്ഥാലയങ്ങൾ പരിശോധിച്ചാൽ അവയിലെ സിംഹഭാഗം രചനകളും ഏതെങ്കിലും തരത്തിൽ ഖുർആനുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. അത്തരത്തിലുള്ള ആയിരക്കണക്കിന് കൃതികൾ അടങ്ങിയതാണ് ഓരോ ഗ്രന്ഥാലയവും.

വിവിധ ഇസ് ലാമിക സർവകലാശാലകൾ ഖുർആൻ്റെ ഇത് വരെ ഇറങ്ങിയ വ്യാഖ്യാനങ്ങളുടെ ഇൻഡെക്സ് തയ്യാറാക്കാൻ ശ്രമിച്ചപ്പോൾ ഒരു നൂറ്റാണ്ടിൽ മാത്രം 200 ൽ പരം വ്യാഖ്യാനങ്ങൾ ശ്രദ്ധയിൽ പെട്ടു. ഇങ്ങനെ വിവിധ നൂറ്റാണ്ടുകളിൽ ഇറങ്ങിയ വ്യാഖ്യാന ഗ്രന്ഥങ്ങൾ മാത്രം എടുത്താൽ അവയിൽ പലതും അനേകം വാള്യങ്ങളുള്ള ബ്രഹദ്ഗ്രന്ഥങ്ങളാണ്. അവയ്ക്ക് രചിക്കപ്പെട്ട വിശദീകരണങ്ങളും ടിപ്പണികളും അനുബന്ധങ്ങളും വേറെയുണ്ട്. ചില പഠനങ്ങൾ 500 മുതൽ 5000 വരെ കൃതികൾ ഈ ഗണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also Read:വിശേഷങ്ങളുടെ ഖുർആൻ: (9) വ്യാഖ്യാന ഗ്രന്ഥങ്ങളുടെ പ്രാമാണികത

ഖുർആൻ വ്യാഖ്യാതാക്കളുടെ പേരുവിവരങ്ങളും ഹ്രസ്വ ചരിത്രവും വിവരിക്കുന്ന ഗ്രന്ഥങ്ങൾ തന്നെ ഒന്നിലധികമുണ്ട്. 'ത്വബഖാതുൽ മുഫസ്സിരീൻ' എന്ന പേരിൽ രണ്ട് വാള്യങ്ങളിലായി അക്ഷരമാലക്രമത്തിൽ വ്യാഖ്യാതാക്കളെ പരിചയപ്പെടുത്തുന്ന ശംസുദീൻ മുഹമ്മദ് അലി ദാവൂദി മാലികി (മരണം ഹി: 945)യുടെ ഗ്രന്ഥത്തിന് പുറമെ അതിന് മുമ്പേ ഇമാം ജലാലുദ്ദീൻ അബ്ദുർ റഹ്മാൻ സുയൂത്വി (മരണം ഹി: 911)യും ഇതേ പേരിൽ മറ്റൊരു കൃതി രചിച്ചിട്ടുണ്ട്. അതിലും അക്ഷരമാലക്രമത്തിൽ വ്യാഖ്യാതാക്കളെ അണിനിരത്തിയിട്ടുണ്ട്. 

തുടക്കം മുതൽ ഇരുപതാം നൂറ്റാണ്ടു് വരെയുള്ള വ്യാഖ്യാന ഗ്രന്ഥങ്ങളെയും ഗ്രന്ഥകർത്താക്കളെയും വ്യത്യസ്ത കാലഘട്ടങ്ങളിലും വിവിധ വിഭാഗങ്ങളിലും വിരചിതമായ വ്യാഖ്യാന ഗ്രന്ഥങ്ങളുടെ സ്വഭാവങ്ങളും സവിശേഷതകളും വിശദമായി പരിശോധിക്കുന്ന രണ്ട് വാള്യങ്ങളിലുള്ള ഗവേഷണ ഗ്രന്ഥം തന്നെ ഈജിപ്ഷ്യൻ ഔഖാഫ് മന്ത്രിയായിരുന്ന ഡോ. മുഹമ്മദ് ഹുസൈൻ ദഹബി (1915- 1977) തയ്യാറാക്കിയിട്ടുണ്ട്. 

ഇതിൽ അദ്ദേഹം വ്യാഖ്യാന സംരംഭങ്ങളെ മൂന്ന് ഘട്ടങ്ങാക്കി തിരിച്ചാണ് വിലയിരുത്തുന്നത്. കൂടാതെ ഓരോ അവാന്തരവിഭാഗങ്ങളുടെയും ഖുർആൻ വ്യാഖ്യാനം സംബന്ധിച്ച കാഴ്ചപ്പാടുകളും അവരുടെ സംഭാവനകളും ചർച്ച ചെയ്യുന്നു. വ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഉദ്ധരണികൾക്ക് പ്രാമുഖ്യം നൽകുന്ന കൃതികളെയും ബൗദ്ധിക ന്യായങ്ങൾക്ക് ഊന്നൽ നൽകുന്ന വ്യാഖ്യാന ഗ്രന്ഥങ്ങളെയും പ്രത്യേകം തരം തിരിക്കുന്നു. അത് പോലെ ശിആക്കൾ, അവരിലെ ഇസ് നാ അശ് രികൾ, ഇമാമിയ്യ ഇസ്മായീലിയ്യ ( ബാത്വിനിയ്യ), ബാബികൾ, ബഹായികൾ, ഖവാരിജുകൾ, മുഅതസിലുകൾ, സൂഫികൾ, തത്വജ്ഞാനികൾ, കർമശാസത്ര പണ്ഡിതർ എന്നിവരുടെ വ്യാഖ്യാന രീതികളും വീക്ഷണങ്ങളും അവരുടെ കൃതികളുടെ വെളിച്ചത്തിൽ വിശദമായി പരിശോധിക്കുന്നു.

തുടർന്നു ആധുനിക യുഗത്തിലെ ഖുർ ആൻ വ്യാഖ്യാനങ്ങളെയും അവയിലെ നൂതന പ്രവണതകളെയും അപഗ്രഥിക്കുന്നു. ഖുർആനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്ന ത്വൻ ത്വാവി ജൗഹരിയുടെ തഫ്സീറുൽ ജവാഹിറും അത് പോലെ ഖുർആനെ ഖുർആൻ കൊണ്ട് വ്യാഖ്യാനിക്കാനും അല്ലാത്തതിനെ മുഴുവൻ തള്ളിപ്പറയാനും ഉദ്യമിക്കുന്ന ചില ഉൽപതിഷ്ണു രീതികളെയും അദ്ദേഹം വിശകലനം ചെയ്യുന്നു. ശൈഖ് മുഹമ്മദ് അബ്ദഹ്, റശീദ് രിസാ, ശൈഖ് മുസ്ഥഫൽ മറാഗി തുടങ്ങിയവരുടെ വ്യാഖ്യാന സംഭാവനകൾ ചർച്ച ചെയ്താണ് തികഞ്ഞ അവധാനതയും ശാസ്ത്രീയമാനദണ്ഡങ്ങളും സ്വീകരിച്ചുള്ള ദഹബിയുടെ വൈജ്ഞാനിക സപര്യ സമാപ്തിയിലെത്തുന്നത്. 

വ്യാഖ്യാന സംരംഭങ്ങളുടെ ആരംഭകാലത്ത് തന്നെ താബിഈ പ്രമുഖനായ സഈദ് ബിൻ ജുബൈറിലൂടെ രചനയുടെ നാന്ദി കുറിക്കപ്പെട്ട കാര്യം നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. എന്നാൽ അക്കാലത്ത് ഇസ്റായീലീ വിവരണങ്ങൾക്ക് വ്യാഖ്യാനങ്ങളിൽ സ്വാധീനം നേടാനുണ്ടായ പശ്ചാത്തലം അക്കാലത്തെ നാല് പ്രമുഖ വേദ പണ്ഡിതരിലൂടെയായിരുന്നെന്ന് കാണാവുന്നതാണ്. അബ്ദുല്ലാഹിബ് നി സലാം, കഅബുൽ അഹ് ബാർ, വഹബ് ബ് നി മുനബ്ബഹ്, അബ്ദുൽ മലിക് ബ് നി അബ്ദുൽ അസീസ് ബിൻ ജുറൈജ് എന്നിവരായിരുന്നു അവർ. 

ഇസ്റായീലീ കഥകളിൽ കള്ളമെന്ന് വ്യക്തമാകാത്ത വിവരണങ്ങൾ കഥാ പൂർണതയും ഗുണപാഠവും ഉദ്ദേശിച്ച് ഉദ്ധരിക്കാമെന്ന് തിരുനബി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ് നി അംറിൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ കാണാം: " എന്നിൽ നിന്ന് ഒരു വചനമെങ്കിലും നിങ്ങൾ കൈമാറുക. ബനൂ ഇസ്റായീലിൽ നിന്ന് നിങ്ങൾ ഉദ്ധരിച്ചു കൊള്ളുക; കുഴപ്പമില്ല. എൻ്റെ മേൽ മന:പൂർവം ആരെങ്കിലും കള്ളം കെട്ടിപ്പറഞ്ഞാൽ അവൻ നരകത്തിൽ പ്രത്യേക ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ."

ആദ്യകാലങ്ങളിൽ നബി വചനങ്ങളുടെ കൂടെ ഹദീസുകളുടെ ഭാഗമായാണ് തഫ്സീറുകളും ഉദ്ധരിക്കപ്പെട്ടിരുന്നത്. തുടർന്നു തിരുനബി, സ്വഹാബികൾ, താബിഉകൾ എന്നിവരിലൂടെ ഖുർആൻ്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും വിശദീകരിക്കപ്പെടുകയും ഖുർആൻ വിവരിച്ച പൂർവകാല ചരിത്രങ്ങളുടെ സംഗ്രഹങ്ങൾ ഇസ്രായീലീ വിവരണങ്ങളിലൂടെ വൈപുല്യം നേടുകയും ചെയ്തതോടെ വ്യാഖ്യാന ശാഖയ്ക്ക് സമഗ്രതയും സ്വയംപര്യാപ്തതയും ലഭിച്ചു. അങ്ങനെ ലക്ഷണമൊത്ത ആദ്യത്തെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം ഇമാം മുഹമ്മദ് ബ്നി ജരീർ ത്വബ് രി (ഹി: 224-310 )യിലൂടെ പുറത്ത് വന്നു. 'ജാമിഉൽ ബയാൻ ഫീ തഫ്സീരിൽ ഖുർആൻ ' എന്നാണ് പൂർണ നാമമെങ്കിലും ത്വബ് രിയുടെ തഫ്സീർ എന്നാണ് ഇത് അറിയപ്പെടുന്നത്.

Also Read:വിശേഷങ്ങളുടെ ഖുർആൻ: (8) ഖുർആൻ വ്യാഖ്യാന ചരിത്രം

പ്രധാനമായും ഉദ്ധരണികളെ അവലംബിച്ചുള്ള ആദ്യത്തെ സമ്പൂർണ വ്യാഖ്യാനമാണ് ത്വബ് രിയുടേത്. സുന്നീ മുസ് ലിംകൾക്കിടയിൽ വലിയ പ്രചാരം നേടിയ ഈ ബ്രഹദ് ഗ്രന്ഥം പലയിടങ്ങളിലായി അച്ചടിച്ചു പുറത്ത് വരുന്നു. ഗഹനമായ പരിശോധനയ്ക്കും അടിക്കുറിപ്പുകൾക്കും ശേഷം 30 വാള്യങ്ങളിൽ വരെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 

അത് പോലെ അബുല്ലൈസ് നസ്റു ബ് നി മുഹമ്മദ് സമർഖന്ദി (മരണം: ഹി: 375) ബഹ്റുൽ ഉലൂം, അഹ് മദ് ബിൻ ഇബ് റാഹീം സഅലബി നൈസാബൂരി (ഹി:427) യുടെ അൽകശ് ഫ് വൽ ബയാൻ അൻ തഫ്സീറിൽ ഖുർആൻ, അബൂ മുഹമ്മദ് അൽ ഹുസൈൻ ബഗവി (ഹി: 510)യുടെ മആലിമുത്തൻസീൽ, ഇബ്നു അത്വിയ്യ അൽ അൻതലുസിയുടെ (ഹി: 546) അൽ മുഹർററുൽ വജീസ് ഫീ തഫ്സീറിൽ കിതാബിൽ അസീസ്, ഹാഫിസ് ഇബ്നി കസീറിൻ്റെ (ഹി: 774) തഫ്സീറുൽ ഖുർആനിൽ അസീം, അബൂസൈദ് അബ്ദുർ റഹ്മാൻ ബിൻ മുഹമ്മദ് സആ ലിബി(ഹി: 875) യുടെ അൽ ജവാഹിറുൽ ഹിസാൻ, അബ്ദുർ റഹ്മാൻ സുയൂഥിയുടെ (ഹി: 911) അദ്ദുർറുൽ മൻസൂർ ഫിത്തഫ്സീറിൽ മഅസൂർ തുടങ്ങിയവയും ഈ ഗണത്തിലുള്ള പ്രധാന വ്യാഖ്യാനങ്ങളാണ്. 

ഇനി ബൗദ്ധിക ന്യായങ്ങൾക്ക് പരിഗണന നൽകുന്ന വ്യാഖ്യാനങ്ങളിൽ ഇമാം ഫഖ്റുദ്ദീൻ റാസി(ഹി: 544-604) യുടെ മഫാതീഹുൽ ഗൈബ് (അത്തഫിസിറുൽ കബീർ ), ഖാസി നാസിറുദ്ദീൻ അൽ ബൈദാവി (ഹി: 691) യുടെ അൻവാറുത്തൻസീൽ വ അസ് റാറു ത്തഅവീൽ, അബുൽ ബറകാത് അബ്ദുല്ലാഹിബ് നി അഹ്മദ്  നസഫി (ഹി: 701) യുടെ മദാരികു ത്തൻസീൽ വ ഹഖായി ഖു ത്തഅവീൽ, അലാഉദ്ദീൻ അലി മുഹമ്മദ് അൽ ഖാസിൻ്റെ (ഹി: 741) ലുബാബുത്ത അവിൽ ഫീ മആനിത്തൻസീൽ, ജലാലുദ്ദീൻ മഹല്ലിയും ജലാലുദീൻ സുയൂഥിയും കൂടി പൂർത്തീകരിച്ച തഫ്സീറുൽ ജലാലൈനി തുടങ്ങിയവ ഈ ഗണത്തിലും പെടുന്നു. 

ഹി : 3 -10 നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ട നൂറുകണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങൾക്ക് പുറമെ 20-21 നൂറ്റാണ്ടുകളിലും പുതിയ കാലത്തിൻ്റെ ഗതിവിഗതികൾ ഉൾക്കൊണ്ടുള്ള വ്യാഖ്യാന ഗ്രന്ഥങ്ങൾക്ക് കുറവൊന്നുമുണ്ടായില്ല. ഈജിപ്ഷ്യനായ സയ്യിദ് ഖുതുബ് (ക്രി.1906-1966) രചിച്ച 'ഫീളിലാലിൽ ഖുർആൻ ' ഖുർആൻ്റെ ഭാഷാ സൗന്ദര്യത്തിൻ്റെയും  സാഹിത്യ മൂല്യത്തിൻ്റെയും ഉന്നത വിഹായസിലേക്ക് പഠിതാക്കളെ കൈ പിടിച്ചാനയിക്കുന്ന കൃതിയാണ്. 

2021 ൽ അന്തരിച്ച സിറിയൻ പണ്ഡിതൻ ശൈഖ് മുഹമ്മദ് അലി സാബൂനിയും ഖുർആൻ വ്യാഖ്യാന മേഖലയിൽ കനപ്പെട്ട സംഭാവനകൾ അർപ്പിച്ചു. സ്വഫ് വതു ത്തഫാസിർ എന്ന പ്രശസ്ത കൃതിക്ക് പുറമെ പുരാതന വ്യാഖ്യാന ഗ്രന്ഥങ്ങൾ സംഗ്രഹിച്ചും പരിഷകരിച്ചും അപഗ്രഥിച്ചും അദ്ദേഹം പുറത്തിറക്കി. മുഹമ്മദ് മുതവല്ലി ശഅറാവി, സഈദ് റമദാൻ ബൂഥി തുടങ്ങിയവരും ആധുനിക സമൂഹത്തിന്  ഖുർആൻ ആശയങ്ങളെ സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിൽ വലിയ സേവനങ്ങൾ കാഴ്ചവച്ചവരാണ്. 

ഖുർആൻ വിജ്ഞാനീയങ്ങളിൽ പ്രത്യേക പഠനങ്ങൾ നടത്തി അറബി ഭാഷാ സാഹിത്യ രംഗങ്ങളിൽ കിടയറ്റ കൃതികൾ കാഴ്ചവച്ച നൂറു കണക്കിന് പണ്ഡിതരുടെയും ചിന്തകരുടേയും സേവനങ്ങൾ വേറെയും കിടക്കുന്നു. അവയുടെ വിശദാംശങ്ങൾ ഒരു ലേഖനത്തിൻ്റെ പരിമിതിയിൽ ഒതുങ്ങാത്തതിനാൽ തൽക്കാലം നമുക്ക് ഇതര ഭാഷകളിലേക്ക് നീങ്ങാം. 

കടപ്പാട്: ചന്ദ്രിക ദിനപത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter