നൈജീരിയയിലെ സൊകോതോ ഖിലാഫതും ഉസ്മാന്‍ ഫോദിയോയും
സ്വന്തം സമുദായം പോലും എതിർത്തിട്ടും അവയെല്ലാം മറികടന്ന് ഇസ്‍ലാമിന് വേണ്ടി ആത്മാവും ശരീരവും സമർപ്പിച്ച് പോരാടിയ അനേകം പേരെ ചരിത്രത്തിൽ കാണാൻ സാധിക്കും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ ഉദയം കൊണ്ട അത്തരം ഒരു വ്യക്തിത്വമാണ് ഉസ്മാന്‍ ഡാന്‍ ഫോദിയ. ദുരാചാരങ്ങളിൽ നിന്നും അനീതിയിൽ നിന്നും ഒരു സമൂഹത്തെ കരകയറ്റുക എന്ന ഉദ്ദേശ്യത്തോടെ, ഇന്നത്തെ നൈജീരിയ, കാമറൂണ്‍, നൈജർ, ബുർക്കിന ഫാസോ എന്നിവ ഉൾക്കൊള്ളുന്ന പ്രദേശത്ത് ഇസ്‍ലാമിക ഖിലാഫത് സ്ഥാപിച്ച, ആഫ്രിക്കൻ ഇസ്‍ലാമിക ചരിത്രത്തിലെ അതുല്യനായ വ്യക്തിയും സ്വൂഫിവര്യനുമായിരുന്ന അദ്ദേഹത്തെ നമുക്കൊന്ന് പരിചയപ്പെടാം.
നൈജീരിയയിലെ ഗോബിറിൽ ജനിച്ച ഉസ്മാൻ ഡാൻ ഫോദിയോ, ഹോസ സാമ്രാജ്യങ്ങൾക്ക് കീഴിൽ ജീവിച്ചുപോന്നിരുന്ന ഫുലാനി നാടോടി വംശത്തിന്റെ ഭാഗമായിരുന്നു. ആഫ്രിക്കയിൽ ഇസ്‍ലാമിക വ്യാപനത്തിന് പ്രാരംഭം കുറിച്ച ഉഖ്ബത്ത് ബന് നാഫിഅ്(റ)ന്റെ പിന്മുറക്കാരനായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത് . യുവാവായിരിക്കേ ഹോസ സാമ്രാജ്യ പ്രദേശങ്ങളിലെ (ഇന്നത്തെ നൈജീരിയയും കാമറൂണും നൈജറുമടങ്ങുന്ന പ്രദേശം) മുസ്‍ലിംകളുടെ വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും വന്ന അപചയത്തിലും ഭരണാധികാരികളിൽ നിന്ന് മുസ്‍ലിംകൾക്ക് എൽക്കേണ്ടി വന്ന അനീതികളിലും പീഢനങ്ങളിലും ദുഖാര്‍ത്തനായിരുന്ന ഉസ്മാൻ ഫാദിയോ, വിശാലമായ മതകീയ പരിഷ്ക്കരണവും രാഷ്ട്രീയാധികരവുമാണ് എക പരിഹാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. തുടർന്ന് ദശാബ്ദങ്ങളോളം നൈജീരിയയിലെ മതകീയവും രാഷ്ട്രീയവുമായ പരിസരത്തെ രൂപപ്പെടുത്തി എടുക്കുന്നതിൽ ഡാൻ ഫാദിയോ വഹിച്ച പങ്ക് ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നുവെന്ന് കാണാം .
മതപ്രചാരണം
യഥാർത്ഥ ഇസ്‍ലാമിലേക്കുള്ള മടക്കം എന്ന ആശയത്തെ മുൻനിർത്തിയാണ് ഉസ്മാൻ ഡാൻ ഫോദിയോ മതപ്രചാരണത്തിന് മുൻകയ്യെടുക്കുന്നത്. പിന്നീട് മത പ്രചാരണം എന്ന ദൈവിക ദൗത്യത്തിൽ പ്രചോദിതനായി വിദ്യാർത്ഥിയായിരിക്കേ തുടങ്ങിവെച്ചത് മുപ്പത് വർഷത്തോളം സജീവമായി തുടര്‍ന്നു. ഡാൻ ഫോദിയോയുടെ സന്ദേശങ്ങളില്‍ ആകൃഷ്ടരായി ഒരുപാട് അനുയായികളുണ്ടായെങ്കിലും, അതോടൊപ്പം തന്നെ ഹോസ രാജാക്കന്മാരുടെ അപ്രീതിക്കും അമർഷത്തിനും അദ്ദേഹം പാത്രമാവുകയും ചെയ്തു. മതപ്രബോധന രംഗത്ത് മുന്‍ഗാമികള്‍ക്ക് ഏല്‍ക്കേണ്ടിവന്ന വിവിധ പീഢനപര്‍വ്വങ്ങള്‍ തന്നെയാണ് ഡാൻ ഫോദിയോക്കും അതോടെ സഹിക്കേണ്ടിവന്നത്. 1804-ൽ ഗോഫിർ രാജാവായിരുന്ന യുൻഫ അദ്ദേഹത്തിന് നേരെ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇസ്‍ലാമിന്റെ ഉയിർത്തെയുന്നേൽപ്പിനെ എന്ത് വില കൊടുത്തും തടയാൻ തുനിഞ്ഞിറങ്ങിയ ഹോസ രാജാക്കന്മാരുടെ പീഢനങ്ങൾ കാരണം ഒളിവിൽ കഴിയാൻ ഡാൻ ഫോദിയോയും അനുയായികളും നിർബന്ധിതരായി. അവസാനം മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ, സർവ പ്രതിസന്ധികളെയും നേരിട്ട്, ഹോസ്‍ലാൻഡിലെ കർഷകരും ഫുലാനി നാടോടികളും പണ്ഡിതരും സൊക്കോതയിൽ എത്തിച്ചേരുകയും പുതിയോരധികാര കേന്ദ്രമായി സൊക്കോത്തയെ മാറ്റിയെടുക്കുകയും ചെയ്തു. തുടർന്ന് അവിടെ വെച്ച് കോഫിറിന്റെയും കാനോയുടേയും കാറ്റസിന്റെയും സംയുക്ത സേനക്കെതിരെയുള്ള ജിഹാദിൽ പോരാടി വിജയിക്കുകയും സൊകോത ഖിലാഫത്ത് സ്ഥാപിച്ചെടുക്കുകയുമായിരുന്നു.
സൊകോത ഖിലാഫത്ത്
ഇസ്‍ലാമിക് ഖിലാഫത്ത് സ്ഥാപിതമായതോടെ വ്യാപകമായ മാറ്റങ്ങൾ സമൂഹത്തിൽ കാണാൻ തുടങ്ങി. ഇസ്‍ലാമിക ആചാരങ്ങൾ അപൂർവമായി പാലിക്കപ്പെട്ടിരുന്ന പ്രദേശത്ത് ശരീഅത്ത് നിയമങ്ങൾ കർശനമായി പാലിക്കാൻ തുടങ്ങി. ഹോസ രാജാക്കന്മാര്‍ പേരില്‍ മുസ്‍ലിംകളായിരുന്നുവെങ്കിലും, അവരുടെ ഭരണത്തിന് കീഴിൽ സ്വവിശ്വാസ പ്രകാരം വസ്ത്രം ധരിക്കുന്നതും ഇസ്‍ലാമിലേക്കുള്ള മതപരിവർത്തനവുമെല്ലാം കുറ്റകരമായിരുന്നു. അമുസ്‍ലിംകളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അമിതമായ നികുതി ഭാരവും നൈജീരിയക്കാർ ഇന്നും മറക്കാനാഗ്രഹിക്കുന്ന തരത്തിലുള്ള പീഢനങ്ങളുമാണ് അന്നവർക്ക് സഹിക്കേണ്ടി വന്നിരുന്നത്.
സൊക്കോത ഖിലാഫത്തിന്റെ വരവ് രാജ്യത്ത് ഇസ്‍ലാമിക ഉയിർത്തെഴുന്നേൽപിന് കാരണമായി. മുസ്‍ലിം രാജാക്കന്മാരാൽ ഭരിക്കപ്പെട്ടിരുന്ന ഒരു രാജ്യം ഇസ്ലാമിക് നിയമങ്ങളുടെ കൃത്യമായ നടപ്പാക്കലിലൂടെ ഇസ്‍ലാമിക് സ്റ്റേറ്റായി മാറി. സ്ഥാന ഭ്രഷ്ടരാക്കപ്പെട്ട ഹോസ രാജാക്കന്മാരുടെ സ്ഥാനത്ത് ഫുലാനി രാജാധിപത്യം സ്ഥാപിക്കപ്പെട്ടു. പിന്നീട് ഇന്നേ വരെ ആഫ്രിക്കൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി ഫുലാനി വംശം തുടർന്ന് കൊണ്ടിരിക്കുന്നു. ഇന്ന് നൈജീരിയയും മാലിയുമടക്കം ഒരുപാട് ആഫ്രിക്കൻ രാജ്യങ്ങളിലെ തലവന്മാരെല്ലാം ഫുലാനി വംശത്തിൽ പെട്ടവരാണ്.
സൊക്കോത ഖിലാഫത്തിന്റെ സ്ഥാപനം മതകീയ കാര്യങ്ങൾക്ക് പുറമേ ഇസ്‍ലാമിക സാഹിത്യത്തിന്റെ അതിദ്രുതമായ വളർച്ചക്കും വഴിയൊരുക്കി. ഡാൻ ഫാദിയോയും അദ്ദേഹത്തിന്റെ മകൾ നാനാ അസ്മാഉം മകൻ മുഹമ്മദ് ബെല്ലോയുമടക്കം ഒരുപാട് പണ്ഡിതന്മാരും എഴുത്തുകാരുമങ്ങുന്ന ഫോദിയാവ എന്ന സംഘം ഇസ്‍ലാമിക് നിയമം, തത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ, സൂഫിസം, കവിത തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ നൂറോളം ഗ്രന്ഥങ്ങൾ രചിക്കുകയും സമൂഹമൊന്നടങ്കമുള്ള വിജ്ഞാന കൈമാറ്റത്തിലെ പ്രധാന കണ്ണികളായി നിലകൊള്ളുകയും ചെയ്തു.
ഹോസ സാമ്രാജ്യങ്ങളുടെ എകീകരണവും ലോറിൻ , അഡമാവ തുടങ്ങി പുതിയ എമിറേറ്റുകളുടെ വരവും സൊക്കോറ്റയുടെ വിശാലമായ സാമ്പത്തിക വികാസത്തിന് കാരണമായി. സൊക്കോതയിലെ വികസനവും അഭിവൃദ്ധിയും ഇതരദേശങ്ങളിൽ നിന്ന് സൊക്കോത്തിയിലേക്കുള്ള വ്യാപകമായ കുടിയേറ്റത്തിലേക്ക് വരെ നയിച്ചു.
ബ്രിട്ടീഷ് അധിനിവേശം
1903-ൽ ഖലീഫയുടെ സൈന്യത്തെ രണ്ടാം ബർമി യുന്ദത്തിൽ ലാഗോസ് കോളനി താവളമാക്കി ഉത്തര നൈജീരിയ ആക്രമിച്ച് ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തി. പിന്നീട് ദശാബ്ദങ്ങളോളം അധിനിവേശ ശക്തികൾക്ക് കീഴിലായിരുന്നു സൊക്കോത. കോളണിവത്കരണം ഇതര മുസ്‍ലിം പ്രദേശങ്ങളുമായി നൈജീരിയയുടെ ബന്ധം പരിമിതപ്പെടുത്തിയെങ്കിലും, ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പരോക്ഷ ഭരണം (Indirect rule) അധിനിവേശ സ്വാധീനത്തെ ഒരു പരിധി വരെ കുറക്കാനിടയാക്കി. കൂടാതെ രാജ്യത്തെ ഇസ്‍ലാമിക പാരമ്പര്യവും മാലികി മദ്ഹബും ഖാദിരി, തീജാനി സ്വൂഫി ധാരകളുമെല്ലാം നൂറ്റാണ്ടുകളായി ഒരു മാറ്റവുമില്ലാതെ ഇന്നും നില നിൽക്കുന്നുണ്ട്.
സഹാറ വഴി നൂറ്റാണ്ടുകൾ മുമ്പേ ഉത്തര നൈജീരിയയിൽ ഇസ്‍ലാം എത്തിയിട്ടുണ്ട്. എന്നാൽ ഉസ്മാൻ ഡാൻ ഫോദിയോയുടെ ഖിലാഫത്ത് ആഫ്രിക്കൻ ചരിത്രത്തിലെ ഇസ്‍ലാമിന്റെ ഉയിർത്തെഴുന്നേൽപായി വേണം അടയാളപെടുത്താൻ.
Leave A Comment