അധ്യായം-2 . സൂറ ബഖറ (Ayath 238-245) നിസ്‌കാരം ശ്രദ്ധിക്കണം
ഇതുവരെ പഠിച്ച ആയത്തുകളില്‍ ആര്‍ത്തവം, വിവാഹം, വിവാഹമോചനം, ഇദ്ദ, മുലകുടി തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും പ്രതിപാദിച്ചല്ലോ.
അവയിലെല്ലാം നീതിനിഷ്ഠയോടും നിഷ്‌കളങ്കതയോടുംകൂടി പ്രവര്‍ത്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച്, ഓരോ വിഷയവും അവസാനിപ്പിച്ചതും നമ്മള്‍ കണ്ടു. അല്ലാഹുവെക്കുറിച്ചുള്ള സ്മരണയും അവനോടുള്ള ഭയഭക്തിയും നിലനിര്‍ത്തണം, ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഓര്‍മ വേണം, ഇങ്ങനെയൊക്കെ പ്രത്യേകം ഉണര്‍ത്തിയാണ് ഓരോ വിഷയവും പറഞ്ഞത്. അടുത്ത ചില വചനങ്ങളിലും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വീണ്ടും തുടരുന്നുമുണ്ട്.
ഇടക്കുവെച്ച്, ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നമസ്‌കാരത്തെക്കുറിച്ചും, അത് കൃത്യമായി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും പറയുകയാണ്. ഭാര്യമക്കള്‍, ഗാര്‍ഹികകാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കുന്നതുമൂലം, അല്ലാഹുവിന്‍റെ സ്മരണ, നമസ്കാരം എന്നിവയിലുള്ള ശ്രദ്ധ വിട്ടുപോയിക്കൂടാ എന്ന് സൂചിപ്പിക്കുകയാണ്.
തിരക്കേറിയ ജീവിതത്തിനിടയില്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍, നേരത്തെ പറഞ്ഞ ഉണര്‍ത്തലുകള്‍ക്കൊണ്ട് മാത്രം മതിയാക്കാതെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ സദാ നിലനില്‍ക്കാനുള്ള ഒരു മാര്‍ഗം പറഞ്ഞുതരികയാണ്. അതായത്, നമസ്‌കാരം.
നമസ്‌കാരം മുറപ്രകാരം, കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുന്നവര്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കില്ല.
حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ(238)
എല്ലാ നമസ്‌കാരങ്ങളും-വിശിഷ്യ ഉല്‍കൃഷ്ട നമസ്‌കാരം-ജാഗ്രതയോടെ കൃത്യമായനുഷ്ഠിച്ചു വരികയും ഭക്തരായി അല്ലാഹുവിനു മുമ്പില്‍ നില്‍ക്കുകയും ചെയ്യുക.
'എല്ലാ നമസ്‌കാരങ്ങള്‍' എന്ന് പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യം അഞ്ച് വഖ്ത് നമസ്‌കാരങ്ങളാണ്.
إقَامَة الصَّلاةَ (നമസ്‌കാരം നിലനിറുത്തുക) എന്ന പ്രയോഗം ഖുര്‍ആനില്‍ പലയിടത്തും കാണാം. ഇവിടെ കണ്ടതുപോലെ المحافظة على الصلاة (നമസ്‌കാരത്തെ സൂക്ഷിച്ചുപോരുക) എന്ന പ്രയോഗവും ചിലയിടത്തുണ്ട്. പതിവായും കൃത്യസമയത്തും ചിട്ടയോടെ അനുഷ്ഠിച്ചുപോരുക എന്നാണ് ഉദ്ദേശ്യം.
നമസ്‌കാരത്തിന് ഇസ്‌ലാം കല്‍പിച്ചിട്ടുള്ള പ്രാധാന്യം വളരെ വലുതാണ്. കുഫ്‌റിന്‍റെയും ഇസ്‍ലമിന്‍റെയും ഇടക്കുള്ള അതിര്‍വരമ്പാണ് നമസ്‌കാരം എന്നാണ് ഒരു ഹദീസിന്‍റെ സാരം.
ഏറ്റവും ശ്രേഷ്ഠമായ കര്‍മമേതാണെന്ന് ഇബ്‌നുമസ് ഊദ് رضي الله عنهചോദിച്ചപ്പോള്‍ ‘നമസ്‌കാരം അതിന്‍റെ സമയത്ത് നിര്‍വഹിക്കലാണ്’ എന്നായിരുന്നു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത്. പിന്നെ ഏതാണെന്ന് ചോദിച്ചപ്പോഴായിരുന്നു മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതിനെയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന തിനെയുംകുറിച്ച് പറഞ്ഞത്. (ബുഖാരി, മുസ്‍ലിം).
ഓരോ നമസ്‌കാരവും ആദ്യസമയത്ത് തന്നെ നിര്‍വഹിക്കുന്നതില്‍ വല്ലാത്ത നിര്‍ബന്ധബുദ്ധിയായിരുന്നു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും അനുയായികള്‍ക്കും.
ബാങ്ക് കൊടുത്താല്‍ പിന്നെ വേറെ ഒരു ഏര്‍പാടുമില്ല. പിന്നെ ഞങ്ങളെത്തന്നെ അറിയാത്തപോലെയാണ് അവിടന്ന് എന്ന് ഭാര്യമാരും പറഞ്ഞിട്ടുണ്ടല്ലോ.
നമ്മളങ്ങനെയൊന്നുമല്ല അല്ലേ. ബാങ്ക് കൊടുത്താലും ഇനിയും സമയമുണ്ടല്ലോ. കുറച്ചുകൂടി മെസ്സേജുകള്‍ നോക്കട്ടെ. ഇഖാമത്ത് കൊടുത്തിട്ടിറങ്ങാ. രണ്ടടി വെക്കാനല്ലേ ഉള്ളൂ. ഇതുമൂലം ഒരു പ്രതിഫലങ്ങളാണ് നഷ്ടപ്പെടുന്നതെന്ന് ബോധ്യമായാല്‍, ഈ ശീലം ഒഴിവാക്കാനെളുപ്പമാണ്.
حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ
നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചു പോരണമെന്ന് മൊത്തത്തില്‍ പറഞ്ഞശേഷം, (وَالصَّلاة وُسْطَى)യെപ്പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. الْوُسْطَى എന്ന വാക്കിന് മദ്ധ്യത്തിലുളളത് എന്നാണ് ശരിയായ അര്‍ത്ഥമെങ്കിലും, ‘ഉല്‍കൃഷ്ടമായത്, ‘ഉത്തമമായത്’ എന്നീ ഉദ്ദേശ്യങ്ങളിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. മുമ്പ് 143-ആം ആയത്തില്‍ നമ്മളത് പഠിച്ചിട്ടുമുണ്ട്.
'ഏറ്റവും ഉല്കൃഷ്ടമായ നമസ്‌കാരം' ഏതാണ് എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. അസ്ര്‍ നമസ്‌കാരമാണ് എന്ന അഭിപ്രായത്തിനാണ് ഏറ്റവും മുന്‍തൂക്കം.
അസ്ര്‍ നമസ്‌കാരമാണ് അതെന്ന് മനസ്സിലാക്കാവുന്ന ഒന്നിലധികം ഹദീസുകള്‍ ഇമാം മുസ്‌ലിം رضي الله عنهമുതലായവര്‍ നിവേദനം ചെയ്തിട്ടുണ്ട്. ഇമാം ഇബ്‌നുകസീര്‍ رحمه الله അവ ഉദ്ധരിച്ചിട്ടുമുണ്ട്.
അസ്ര്‍ നമസ്‌കാരം പ്രത്യേകം എടുത്ത് പറയാന്‍ കാരണം- ചില വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാട്ടിയപോലെ- അതിന്‍റെ സമയം ഉച്ചനേരത്തെ വിശ്രമശേഷമായതുകൊണ്ട് കൃത്യസമയത്ത് നിര്‍വഹിച്ചു പോരണമെങ്കില്‍ നന്നായി ശ്രദ്ധിക്കണമെന്നതുകൊണ്ടായിരിക്കാം.
കൂടാതെ, 2-2 നിസ്കാരങ്ങളുടെ ഇടയില്‍ വരുന്നതാണല്ലോ അസ്ര്‍. പകലിലെ രണ്ട് നമസ്കാരങ്ങളായ സ്വുബ്ഹ്, ള്വുഹ്ര്‍ എന്നിവയുടെയും, രാത്രി നമസ്‌കാരങ്ങളായ മഗരിബ്, ഇശാ എന്നിവയുടെയും മദ്ധ്യത്തിലാണ് അസ്ര്‍ വരുന്നത്.
وَقُومُوا لِلَّهِ قَانِتِينَ
‘നിങ്ങള്‍ അല്ലാഹുവിനുവേണ്ടി ഭക്തിയുള്ളവരായി നില്‍ക്കുകയും ചെയ്യുക’ - അല്ലാഹുവിന്‍റെ മുമ്പില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുന്നത് ഭയഭക്തിയും, അച്ചടക്കവും ഒതുക്കവും പാലിച്ചുകൊണ്ടായിരിക്കണം എന്ന് സാരം.
സംസാരം, തിരിഞ്ഞു മറിഞ്ഞുനോക്കുക, മറ്റു വിഷയങ്ങള്‍ ശ്രദ്ധിക്കുക, സ്പീഡില്‍ നിസ്കരിക്കുക, കൈകാലുകള്‍ അനക്കിക്കൊണ്ടിരിക്കുക, ആടിക്കൊണ്ടിരിക്കുക – ഇതെല്ലാം ഒഴിവാക്കണം.
നമസ്‌കാരം കൊണ്ട് ഉദ്ദേശിച്ച ഫലം പൂര്‍ണമായി കിട്ടണമെങ്കില്‍, പൂര്‍ണ പ്രതിഫലം ലഭിക്കണമെങ്കില്‍, വളരെ അടക്കത്തോടെ, ഒതുക്കത്തോടെ വിനയത്തോടെ, അല്ലാഹുവെക്കുറിച്ചുള്ള ഭയഭക്തിയോടെ അത് നിര്‍വഹിക്കണം. നിസ്കാരത്തിന്‍റെ ഉള്ളും പുറവും ശരിയാകണം.. പുറത്തുനിന്ന് കണ്ടാല്‍ നല്ല ഉഷാര്‍ നിസ്കാരാണ്... മനസ്സിനുള്ളില്‍, വേറെയെന്തൊക്കെയോ ചിന്തയും... അങ്ങനെ വേണ്ടാ എന്നാണ് റബ്ബ് പറയുന്നത്.
ഭയഭക്തിയില്ലാതെ കാട്ടിക്കൂട്ടലുകള്‍ മാത്രമായി നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരങ്ങള്ക്ക് പ്രതിഫലം കിട്ടില്ലെന്ന് മാത്രമല്ല, അത്തരം നിസ്കാരക്കാരെ ശക്തമായി വിമര്‍ശിച്ചിക്കുകയും ചെയ്തിട്ടുണ്ട് അല്ലാഹു. فويل للمصلين' (നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരായി നമസ്‌കരിക്കുന്നവര്‍ക്കാണ് മഹാനാശം) (അല്മാഊന്‍ 4).
അല്ലാഹുവിനോട് നേരിട്ട് സംഭാഷണം നടത്തുന്ന മുനാജാത്താണല്ലോ നിസ്കാരം. അവനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സമയം. നമ്മള്‍ പറയുന്നതും ചെയ്യുന്നതും ശ്രദ്ധയോടെയാവുക. അല്ലാഹു, ഫാതിഹക്ക് ഓരോ ആയത്തിനും മറുപടി പറയുന്നുണ്ട്. ഇങ്ങനെ റബ്ബ് നമ്മളെ ശ്രദ്ധിക്കുമ്പോള്‍, നമ്മള്‍ മറ്റെവിടെയെങ്കിലും ശ്രദ്ധിച്ചാലെങ്ങനെയാ ശരിയാവുക!
ഹൃദയസാന്നിധ്യമില്ലാത്ത ഇത്തരം നമസ്‌കാരം അല്ലാഹു തിരിഞ്ഞുനോക്കുകയില്ല എന്ന് തിരുനബി صلى الله عليه وسلم പറഞ്ഞതായി ഇഹ്‍യാ ഉലൂമിദ്ദീനിലുണ്ട്.
അടുത്ത ആയത്ത് 239
നമസ്‌കാരത്തിന്‍റെ കാര്യം ശ്രദ്ധിക്കണമെന്നും, കൃത്യസമയത്തുതന്നെ, ഭക്തിയോടുകൂടി അനുഷ്ഠിക്കണമെന്നും പറഞ്ഞല്ലോ. അതിന് കഴിയാതിരിക്കുന്ന ചില വിഷമഘട്ടങ്ങളോ മറ്റോ ഉണ്ടാകാമല്ലോ, അപ്പോള്‍ എന്തു ചെയ്യും - അതിനുള്ള മറുപടിയാണിനി പറയുന്നത്.
അതായത്, ഏതെങ്കിലും തരത്തിലുള്ള പേടിയുണ്ടാകുമ്പോള്‍ – ശത്രുക്കള്‍ തക്കംപാര്‍ത്തിരിക്കുകയാണ്, ഒരു ആക്രമണം എപ്പോഴുമുണ്ടാകാമെന്ന അവസ്ഥ, അല്ലെങ്കില്‍ തീ പിടിത്തം, കൊടുങ്കാറ്റ്, മലവെള്ളം, വന്യമൃഗങ്ങളുടെ ആക്രമണം ഇങ്ങനെ എന്തെങ്കിലും ഭയമോ മറ്റോ ഉള്ളതുകൊണ്ട്, നമസ്‌കാരം ശരിരായ രൂപത്തില്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ചെയ്യണം? എങ്ങനെയാണ് കഴിയുന്നത് അങ്ങനെയങ്ങോട്ട് നിസ്കരിക്കുക തന്നെ. നടന്നുകൊണ്ടോ, വാഹനപ്പുറത്തു കയറിയോ സാധിക്കുന്ന പോലെ അത് നിര്‍വഹിക്കണം. എന്നാലും നമസ്‌കാരം ഒഴിവാക്കാന്‍ പാടില്ല.
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ (239)
ഇനി, അക്രമണ ഭയപ്പാടിലാണെങ്കില്‍ നടന്നോ വാഹനമേറിയോ നമസ്‌കരിക്കുക; സമാധാനാവസ്ഥ കൈവന്നാല്‍, അജ്ഞരായിരുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കല്ലാഹു പഠിപ്പിച്ചു തന്നതുപോലെ അവനെ സ്മരിച്ചുകൊള്ളുക. (പഠിപ്പിച്ചതുതന്നതുപോലെ പൂര്‍ണരൂപത്തില്‍ നിസ്കരിക്കുക എന്നര്‍ത്ഥം.)
നമസ്‌കാരത്തിന്‍റെ പ്രാധാന്യം പഠിപ്പിക്കുകയാണ്. സാധാരണക്രമത്തില്‍ ചെയ്യാന്‍ പറ്റാത്ത ഘട്ടത്തിലാണെങ്കില്‍ പോലും കഴിയുംവിധം നിര്‍വഹിച്ചേപറ്റൂ.
യുദ്ധം നടക്കുമ്പോള്‍, ഒരു സ്ഥലത്തുവെച്ച് നിര്‍വഹിക്കാന്‍ കഴിയാതെ വന്നേക്കും. അപ്പോള്‍ നടന്നോ ഓടിയോ വാഹനത്തില്‍ കയറിയോ ഖിബ്‌ലയുടെ നേരെ തിരിഞ്ഞോ തിരിയാതെയോ എങ്ങനെ സൗകര്യപ്പെടുന്നുവോ, അങ്ങനെ നിസ്കരിക്കണം.
ഇനിയിപ്പോ അസുഖമാണ്. പൂര്‍ണരൂപത്തില്‍ നിസ്കരിക്കാന്‍ പറ്റുന്നില്ല. കഴിയുംപോലെ ചെയ്യണം. ഇനി ഒന്നിനും വയ്യ, ഹൃദയം കൊണ്ടിങ്ങനെ ധ്യാനിച്ച്, മനസ്സിലങ്ങനെ നിസ്കരിക്കാനേ കഴിയൂ എങ്കില്‍ അങ്ങനെയെങ്കിലും ചെയ്‌തേ തീരൂ.
فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ
ഭയവും മറ്റും നീങ്ങി സമാധാനം കൈവന്നാല്‍ അല്ലാഹു പഠിപ്പിച്ചുതന്ന പൂര്‍ണമായ രൂപത്തില്‍ തന്നെ നമസ്‌കരിക്കണം. ഒരു നിലക്കും നമസ്‌കാരം വിട്ടുകളയരുത്.
കുടുംബജീവിതം, വൈവാഹികകാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പറയുന്നതിനിടയില്‍ നമസ്‌കാരത്തെക്കുറിച്ച് പറഞ്ഞതിന്‍റെ ഉദ്ദേശ്യം നേരത്തെ നമ്മള്‍ പറഞ്ഞല്ലോ. ഏത് സാഹചര്യത്തിലും അല്ലാഹുവിനെക്കുറിച്ച സ്മരണ ഒഴിവാക്കാതെ, അവനുമായി സ്ഥിരമായി ബന്ധം പുലര്‍ത്തേണ്ടവനാണ് മുസ്‌ലിം എന്ന് പഠിപ്പിക്കാനാണത്.
ശത്രുക്കളുമായുള്ള ധര്‍മസമരമെന്നത് വലിയ പുണ്യകര്‍മമാണ്. അതിനിടയില്‍ പോലും നമസ്‌കാരം കൈവിട്ടുകൂടാ.
യുദ്ധഘട്ടത്തിലുള്ള ആ നമസ്‌കാരത്തിന് സ്വലാത്തുല്‍ ഖൌഫ് എന്നാണ് പറയുക. അതിന്‍റെ വിവിധ രീതികള്‍ പ്രമാണങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സൂറത്തുന്നിസാഇലും വിശദീകരണങ്ങളുണ്ട്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് പലരും അവഗണിക്കുന്നൊരു വിഷയമാണ് നിസ്കാരം. ആ ചെയ്യാം. ഇനിയും സമയമുണ്ടല്ലോ!
ഫ്ലൈറ്റ് യാത്രയിലും മറ്റുമൊക്കെ, പലപ്പോഴും സ്വുബ്ഹിയുടെ സമയം തെറ്റുമെന്നുറപ്പുണ്ടായിട്ടും, കഴിയുന്ന പോലെ നിസ്കരിക്കാതെ ഇരിക്കുന്ന എത്രയോ പേരുണ്ട്. എങ്ങനെയങ്കിലും നിസ്കരിക്കണമെന്നല്ലേ ഇപ്പറയുന്നത്. സമയത്തെ മാനിക്കണം. പൂര്‍ണമായി നിബന്ധനകള്‍ പാലിക്കാന്‍ പറ്റാത്ത അത്തരം ഫര്‍ള് നിസ്കാരങ്ങള്‍, പിന്നീട് സൌകര്യപൂര്‍വം മടക്കുകയും വേണം.
അടുത്ത ആയത്ത് 240
മുമ്പുള്ള ആയത്തുകളില്‍ വിവാഹമോചന സംബന്ധമായും മറ്റും പറഞ്ഞിരുന്ന വിഷയങ്ങള്‍ തുടരുകയാണ് അടുത്ത ആയത്തിലും ശേഷമുള്ള രണ്ട് ആയത്തുകളിലും.
ഇസ്‌ലാമിന്‍റെ ആദ്യകാലത്തുണ്ടായിരുന്ന വിധിയാണിത്. ഈ ആയത്തില്‍ പറയുന്ന വിധി, തൊട്ടുമുമ്പ് നമ്മള്‍ പഠിച്ച 234-ാം ആയത്തുകൊണ്ട് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്, നസ്ഖ് ചെയ്തിട്ടുണ്ട്. അതായത്, മരണത്തിന്‍റെ ഇദ്ദ 4 മാസവും 10 ദിവസവുമാണെന്ന് പഠിച്ചല്ലോ. ആ ആയത്ത് കൊണ്ട്, ഇനി നമ്മള്‍ പഠിക്കുന്ന ആയത്തിലെ വിധി മന്‍സൂഖാണ് എന്നര്‍ത്ഥം.
എന്താണീ 240 ആയത്തിലെ വിഷയം?
നേരത്തെ നമ്മള്‍ പറഞ്ഞ പോലെ, ഇസ്‌ലാമിനു മുമ്പ് അറബികളില്‍ നടപ്പുണ്ടായിരുന്ന ഒരു രീതിയാണിവിടെ പറയുന്നത്. അതായത്, ഭര്‍ത്താവ് മരണപ്പെടുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താക്കളുടെ വീടുകളില്‍ തന്നെ ഒരു വര്‍ഷം താമസിപ്പിക്കുക, അവര്‍ക്കുവേണ്ട ചെലവുകള്‍ അവിടെ നിന്നുതന്നെ കൊടുത്തുവരികയും ചെയ്യുക. ഈ ഒരു കൊല്ലക്കാലമാണ് അവരുടെ ഇദ്ദയും.
ഏതാണ്ട് ഇതേ രൂപത്തില്‍ തന്നെ, അനാചാരങ്ങളൊക്കെ ഒഴിവാക്കി, മുസ്‌ലിംകളോടും ഇങ്ങനെത്തന്നെ ചെയ്തുകൊള്ളാന്‍ അനുവദിച്ച്, ആദ്യകാലത്തുണ്ടായ ഒരു കല്പനയാണ് ഈ ആയത്തിലുള്ളത്.
പക്ഷേ, ഇതേ സൂറത്തിലെ 234-ാം ആയത്തിലൂടെ ഈ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടു. എന്താണാ ആ ആയത്തില്‍ പറഞ്ഞത് - ഭര്‍ത്താക്കള്‍ മരണപ്പെട്ട സ്ത്രീകള്‍ നാലുമാസവും പത്തുദിവസവും ഇദ്ദ ആചരിച്ചാല്‍ മതി. ഒരു കൊല്ലം വേണ്ടതില്ല.
അതോടൊപ്പം തന്നെ, ഭാര്യമാര്‍ക്ക് കിട്ടേണ്ട അനന്തരാവകാശ നിയമവും (സ്വത്തിന്‍റെ നാലിലൊന്നോ എട്ടിലൊന്നോ) തീരുമാനിക്കപ്പെട്ടു.
ഭൂരിപക്ഷം ഉലമാഉം ഇങ്ങനെയാണ് ഇവിടെ വ്യാഖ്യാനം നല്‍കിയത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച്, ഗുണകരമായ രീതിയില്‍, ഇങ്ങനെ ചില നിയമങ്ങള്‍ അല്ലാഹു നസ്ഖ് ചെയ്യാറുണ്ടെന്ന് മുമ്പ് 106 ആം ആയത്തില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. അതില്‍ പെട്ട ഒരു നസ്ഖാണിത്.
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا وَصِيَّةً لِأَزْوَاجِهِمْ مَتَاعًا إِلَى الْحَوْلِ غَيْرَ إِخْرَاجٍ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِي مَا فَعَلْنَ فِي أَنْفُسِهِنَّ مِنْ مَعْرُوفٍ ۗ وَاللَّهُ عَزِيزٌ حَكِيمٌ (240)
നിങ്ങളില്‍ നിന്നു ഭാര്യമാരെ വിട്ടേച്ചു മരണം വരിക്കുന്നവര്‍, അവരെ പറഞ്ഞയക്കാതെ ഒരു വര്‍ഷം വരെ ജീവിതവിഭവം കൊടുക്കണം എന്നു വസ്വിയ്യത്ത് ചെയ്യട്ടെ. ഇനിയവര്‍ സ്വമേധയാ പോകുകയാണെങ്കില്‍ നീതിപൂര്‍വം അവരനുവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമൊന്നുമില്ല. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
അടുത്ത ആയത്ത് 241
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകളെ സമാധാനിപ്പിക്കാനും സന്തോഷിപ്പിക്കാനും എന്തെങ്കിലും പാരിതോഷികം (മതാഅ്) നല്‍കണമെന്നാണിനി പറയുന്നത്.
وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ ۖ حَقًّا عَلَى الْمُتَّقِينَ (241)
വിവാഹമോചിതകള്‍ക്ക് ന്യായപ്രകാരം ജീവിതവിഭവങ്ങളെന്തെങ്കിലും നല്‍കണം. സൂക്ഷ്മാലുക്കള്‍ക്ക് കടമയാണത്.
ഈ ‘മതാഅ്’ എന്തായിരിക്കണം, എത്ര വേണമെന്നതിനെ സംബന്ധിച്ച് പ്രത്യേക നിയമമില്ല.
മഹ്ര്‍ എത്രയെന്ന് നിശ്ചയിക്കാത്ത അവസരത്തില്‍, ശാരീരികബന്ധം നടക്കുന്നതിനു മുമ്പ് വിവാഹമോചനം ചെയ്താല്‍ കൊടുക്കേണ്ട ‘മതാഅ്’നെപ്പറ്റി 236-ആം വചനത്തില്‍ പഠിച്ചല്ലോ. കഴിയുന്നതുകൊടുക്കുക എന്നാണ് അവിടെ പറഞ്ഞത്.
അവര്‍ക്കുണ്ടായേക്കാവുന്ന മാനസികാഘാതം ലഘൂകരിക്കാന്‍, പുരുഷന്‍റെ ഭാഗത്തുനിന്ന് കൊടുക്കേണ്ട ഒരു പാരിതോഷികം എന്നാണ് ‘മതാഅ്’ എന്നതിന് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അര്‍ത്ഥം കൊടുത്തത്.
ചുരുക്കം ചില മുഫസ്സിറുകള്‍ വേറെ അഭിപ്രായം പറഞ്ഞത് - ഇദ്ദയുടെ കാലത്ത് ആണ്, പെണ്ണിന് കൊടുക്കുന്ന ജീവനാംശമാണ് ഈ വചനത്തിലെ മത്താഅ് കൊണ്ടുദ്ദേശ്യം.
അതേസമയം, വിവാഹമോചിതരായ എല്ലാ സ്ത്രീകള്‍ക്കും അത് നല്‍കല്‍ നിര്‍ബന്ധമുണ്ടോ, ഇല്ലേ – ഈ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്.
ശാരീരികബന്ധത്തിനു മുമ്പോ പിമ്പോ, മഹ്ര്‍ നിശ്ചയിക്കപ്പെട്ടവളോ അല്ലാത്തവളോ, ഏതവസ്ഥയില്‍ ഥലാഖ് ചൊല്ലപ്പെട്ടവളായാലും അവള്‍ക്ക് അത് നല്കണമെന്നാണ് ഒരഭിപ്രായം.
പകുതി മഹ്റിന് അവകാശമുള്ളവള്‍ ഒഴികെ, ഥലാഖ് ചൊല്ലപ്പെട്ട മറ്റെല്ലാ പെണ്ണുങ്ങള്‍ക്കും ഈ പാരിതോഷികം നല്കണമെന്നാണ് ശാഫിഈ മദ്ഹബ്.
പകുതി മഹ്റിന് അവകാശമുള്ളവള്‍ ആരാണെന്ന് 237-ആം ആയത്തില്‍ പഠിച്ചല്ലോ – ശാരീരിക ബന്ധം നടന്നിട്ടില്ലാത്ത, എന്നാല്‍ മഹ്ര്‍ നിശ്ചയിക്കപ്പെട്ട പെണ്ണ് – അവള്‍ക്കാണ് പകുതി മഹ്റിന് അവകാശം.
അപ്പോള്‍ ഇത്തരം സ്ത്രീകള്‍ക്ക് മഹ്‌റിന്‍റെ പകുതി കൊടുത്താല്‍ മതി- മതാഅ് നല്‍കല്‍ നിര്‍ബന്ധമില്ല. 237-ആം ആയത്തിന് നിന്ന് അത് മനസ്സിലാകും.
അടുത്ത ആയത്ത് 242
كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ (242)
ഇപ്രകാരം, നിങ്ങള്‍ ചിന്തിക്കുവാനായി തന്‍റെ വചനങ്ങള്‍ അല്ലാഹു വിവരിച്ചുതരുന്നു.
അല്ലാഹു വിവരിച്ചുതരുന്ന നിയമവിധികളെക്കുറിച്ച് മനുഷ്യന്‍ എപ്പോഴും ചിന്തിക്കണം. ആ നിയമങ്ങളെല്ലാം സമുദായത്തിന്‍റെ ഭദ്രതക്കും വളര്‍ച്ചക്കും അത്യന്താപേക്ഷിതമാണെന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാകും. വിവാഹം, വിവാഹമോചനം, കുടുംബജീവിതം തുടങ്ങി ഇവിടെ പറഞ്ഞ ഓരോ കാര്യത്തെക്കുറിച്ച് ചിന്തിച്ചാലും ഇത് ബോധ്യമാകും.
ഥലാഖ് ചൊല്ലി പറഞ്ഞയക്കുന്ന പെണ്ണിനോടു പോലും സൗമ്യതയും ഉദാരമനസ്‌കതയും സാഹോദര്യബോധവുമാണ് കാണിക്കേണ്ടത് എന്നാണല്ലോ റബ്ബ് പഠിപ്പിക്കുന്നത്.
പക്ഷേ, ആര്‍ക്കാണിപ്പോ ഇതൊക്കെ ചിന്തിക്കാനും മനസ്സിലാക്കാനും നേരം! കാര്യങ്ങളൊന്നും ശരിയായി പഠിച്ചുമനസ്സിലാക്കാതെ, കുറ്റംപറയാനും പരിഹസിക്കാനും മാത്രല്ലേ സമയമുള്ളൂ.
വളരെ അര്‍ത്ഥവത്തായ ഈ ഉപദേശങ്ങളും നിയമങ്ങളുമൊക്കെ എല്ലാവരും ശരിയായ വിധം പാലിക്കണം. എന്തെങ്കിലും ഒഴിവുകഴിവുകളോ ന്യായങ്ങളോ സ്വാര്‍ത്ഥതാല്‍പര്യങ്ങളോ കാരണം ഒഴിഞ്ഞുമാറരുത്. അത് ബുദ്ധിശൂന്യതയാണ്. അങ്ങനെ ചെയ്യുന്നവരോട് എത്ര പറഞ്ഞുകൊടുത്തിട്ടും എന്തുകാര്യം!
അടുത്ത ആയത്ത് 243
അനുഷ്ഠാനപരമായ പല നിയമങ്ങളും ഉപദേശങ്ങളുമാണല്ലോ ഇതുവരെ പറഞ്ഞത്. ഇനി, ചില ചരിത്രങ്ങളാണ്, ചരിത്രപാഠങ്ങളാണ് അടുത്ത ആയത്തുകളില്‍ വിവരിക്കുന്നത്. മുഅ്മിനീങ്ങള്‍ക്ക് ത്യാഗസന്നദ്ധതയും സമരവീര്യവും പഠിപ്പിക്കാനും അത് വര്‍ധിപ്പിക്കാനും ഉതകുന്ന ചരിത്രസംഭവങ്ങള്‍.
രണ്ട് സംഭവങ്ങളാണ് അല്ലാഹു വിവരിക്കുന്നത്. أَلَمْ تَرَ (കണ്ടില്ലേ!) എന്ന് പറഞ്ഞു ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് രണ്ടും ആരംഭിക്കുന്നത്.
ഒന്നാമത്തെ സംഭവത്തിലെ കഥാപാത്രങ്ങള്‍ ആരാണെന്ന് പറയാതെ സംഭവത്തിന്‍റെ മര്‍മപ്രധാനമായ ഭാഗം മാത്രം ഉദ്ധരിക്കുന്നു. രണ്ടാമത്തേത് ഏറെക്കുറെ വിശദമായ രൂപത്തിലും പറയുന്നുണ്ട്.
243-ാം ആയത്തില്‍ പറയുന്നത് – മരണം പേടിച്ച് നാടുവിട്ട ആയിരങ്ങളടങ്ങിയ ഒരു ജനതയെക്കുറിച്ചാണ്. മരണം പേടിച്ച് വീടുവിട്ടോടിയ അവരെ അല്ലാഹു കൂട്ടമരണത്തിനു വിധേയരാക്കി പരീക്ഷിച്ചു. പിന്നെ തന്‍റെ അജയ്യമായ ശക്തി മനസ്സിലാക്കിക്കൊടുക്കാന്‍ അവരെ പുനര്‍ജീവിപ്പിക്കുകയും ചെയ്തു.
ഇവര്‍ ആരാണെന്നോ, ഏത് നാട്ടുകാരാണെന്നോ ഒന്നും ഖുര്‍ആനിലും ഹദീസിലും വ്യക്തമായിപ്പറഞ്ഞിട്ടില്ല. പക്ഷേ, ഈസ്രാഈല്യരെ സംബന്ധിച്ച ചില കഥകളില്‍ നിന്ന്, അതുപോലെ ബൈബിളിലെ ചില പരാമര്‍ശങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്, ഇവര്‍ ഇസ്രാഈല്യരാണെന്നാണ്.
സംഭവമിതാണ്: ഒരക്രമണത്തിന് അവര്‍ വിധേയരായപ്പോള്‍, അക്രമികളോട് യുദ്ധം ചെയ്യാന്‍ തയ്യാറാവാതെ ഭീരുക്കളായി, മരണം പേടിച്ച് ഓടിപ്പോയി.
(നാട്ടില്‍ പ്ലേഗ് രോഗം പിടിപെട്ടപ്പോ മരണം ഭയന്ന് ഓടിയതാണെന്ന് വേറെ ചിലരും പറയുന്നുണ്ട്.)
പക്ഷേ, ഈ പേടിച്ചോട്ടം പ്രയോജനപ്പെട്ടില്ല. അല്ലാഹു അവരെ നശിപ്പിച്ചു. പിന്നീട് പ്രവാചകനായ ഹിസ്ഖീല്‍ നബിയുടെ പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു അവരെ ജീവിപ്പിക്കുകയും ചെയ്തു.
أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِنْ دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ (243)
ആയിരങ്ങളുണ്ടായിട്ടും മരണം ഭയന്ന് നാടുവിട്ടുപോയവരെ താങ്കള്‍ കണ്ടില്ലേ? അപ്പോള്‍, നിങ്ങള്‍ മരിക്കുക എന്ന് അല്ലാഹു ഉത്തരവിട്ടു. പിന്നീടവന്‍ അവരെ പുനര്‍ജീവിപ്പിച്ചു. അവന്‍ മനുഷ്യരോട് ഔദാര്യവാനാണ്; പക്ഷെ അവര്‍ അധികപേരും കൃതജ്ഞത പ്രകടിപ്പിക്കുന്നില്ല.
ഈ സംഭവം ഇവിടെ ഉദ്ധരിച്ചത്, റബ്ബിന്‍റെ മാര്‍ഗത്തില്‍ മരണഭയമോ, ഭീരുത്വമോ ഒന്നുമില്ലാതെ ധര്‍മസമരത്തിനിറങ്ങാനുള്ള പ്രചോദനം നല്‍കാനാണ്. അടുത്ത വചനത്തില്‍നിന്ന് (244ല്‍ നിന്ന്) ഇത് മനസ്സിലാകും.
ഈ സംഭവത്തിലെ ഗുണപാഠം: ജീവിതവും മരണവുമൊക്കെ കണക്കാക്കുന്നത് റബ്ബാണ്. യുദ്ധമോ മറ്റു പരീക്ഷണ ഘട്ടങ്ങളോ നേരിടുമ്പോള്‍ ഭീരുത്വവും വെപ്രാളവും കാണിച്ച് ഓടിരക്ഷപ്പെട്ടതുകൊണ്ട് കാര്യമില്ല. മറിച്ച്, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്, ധൈര്യസമേതം ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. അങ്ങനെ ഉറച്ചുനിന്നാലോ, റബ്ബിന്‍റെ സഹായവും ഔദാര്യവും ലഭിക്കുകയും, ജയിക്കുകയും ചെയ്യും.
ഇത്തരം അവസരങ്ങളില്‍, ത്യാഗത്തിന് തയ്യാറില്ലാതെ മരിക്കുമോ എന്ന് പേടിച്ച് പിന്‍മാറരുത്. അല്ലാഹുവിനോട് ചെയ്യുന്ന നന്ദികേടാണത്.
അടുത്ത ആയത്ത് 244
وَقَاتِلُوا فِي سَبِيلِ اللَّهِ وَاعْلَمُوا أَنَّ اللَّهَ سَمِيعٌ عَلِيمٌ (244)
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുക; അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
പരിശുദ്ധ ദീനനുസരിച്ച് ജീവിക്കാനും സമാധാനപരമായി അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും, മറ്റുള്ളവര്‍ക്കെല്ലാമുള്ളപോലെ സത്യവിശ്വാസികള്‍ക്കും സ്വാതന്ത്യമുണ്ട്. ഇതിനെതിരെ ആരെങ്കിലും മുന്നോട്ടുവരികയാണെങ്കില്‍, പ്രതിരോധത്തിന്‍റെ ഭാഗമായി അതിനെ മുസ്‌ലിംകള്‍ സധൈര്യം നേരിടണം. ത്യാഗം ചെയ്യാന്‍ തയ്യാറാവണം. ജീവന്‍ വെടിയേണ്ടിവന്നാല്‍ അതിനും തയ്യാറാകണം.
പൂര്‍വികരായ മഹാന്മാര്‍ ഇത് ശരിക്ക് മനസ്സിലാക്കിയതുകൊണ്ടാണ് രക്തസാക്ഷിത്വം സന്തോഷത്തോടെ സ്വീകരിച്ചിരുന്നത്.
മരണംപേടിച്ച് നാടുവിട്ട ആയിരങ്ങളെക്കുറിച്ച പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഈ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. മരണം പേടിച്ച് ഒളിച്ചോടി അവര്‍. എന്നിട്ടോ, മരണത്തില്‍ തന്നെ ചെന്ന് ചാടി. എല്ലാവരെയും റബ്ബ് മരിപ്പിച്ചു.
വെപ്രാളപ്പെട്ട് ഓടിയതുകൊണ്ട് റബ്ബിന്‍റെ വിധി തടുക്കാന്‍ കഴിയില്ല എന്നതുപോലെത്തന്നെ, ആവശ്യമായ ഘട്ടത്തില്‍ ധര്‍മസമരത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുകയോ, രണാങ്കളണങ്ങളില്‍ നിന്ന് പിന്‍തിരിഞ്ഞോടുകയോ ചെയ്താലും ഒരു ഫലവുമുണ്ടാകില്ല. സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.
أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ (നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഉന്നത സൗധങ്ങളിലായിരുന്നാലും ശരി. (4:78.)
നമ്മള്‍ കണക്കുകൂട്ടുന്നതു പോലെയല്ലല്ലോ മരണം സംഭവിക്കുന്നത്. ധര്‍മസമരത്തിനിറങ്ങി എന്നതുകൊണ്ടുമാത്രം മരിക്കണമെന്നുമില്ല. ഖാലിദുബ്നുല് വലീദ് رضي الله عنه വിനെക്കുറിച്ച് കേട്ടിട്ടില്ലേ... എത്രയോ ധര്‍മസമരങ്ങളില്‍ പങ്കെടുത്ത മഹാന്‍. സര്‍വസൈന്യാധിപസ്ഥാനം വരെ അലങ്കരിച്ച ആ മഹാന്‍റെ ദേഹത്ത് മുറിവുകളേല്‍ക്കാത്ത ഒരു ഭാഗവമുണ്ടായിരുന്നില്ല. എന്നിട്ടോ, സ്വാഭാവിക മരണമാണ് മഹാനവര്‍കളെ തേടിയെത്തിയത്.
യുദ്ധത്തിനിറങ്ങി എന്നതുകൊണ്ട് മരണം നേരത്തേയാകില്ല എന്നതിന് തെളിവാണ് ‘സൈഫുല്ലാഹി’ (അല്ലാഹുവിന്‍റെ വാള്‍) എന്നറിയപ്പെടുന്ന മഹാനവര്‍കള്‍.
മരണാസന്നനായ സമയത്ത് വ്യസനപൂര്‍വം പറഞ്ഞത്രെ: ഞാന്‍ എത്രയോ ധര്‍മസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍റെ ഒരു അവയവത്തിലും അമ്പോ, വെട്ടോ, കുത്തോ ഏറ്റ് മുറിവ് പറ്റാത്തതായി ഇല്ല. എന്നിട്ടും ഞാനിതാ വിരുപ്പില്‍കിടന്ന് മരിക്കാന്‍ പോകുന്നു!
وَاعْلَمُوا أَنَّ اللَّهَ سَمِيعٌ عَلِيمٌ
അല്ലാഹുവിനെക്കുറിച്ച പൂര്‍ണവിശ്വാസവും അവന്‍ സര്‍വവും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണെന്ന ബോധവും മനുഷ്യനുണ്ടായേ പറ്റൂ.
അടുത്ത ആയത്ത് 245
ശാരീരികമായ ത്യാഗത്തെക്കുറിച്ചാണ് കഴിഞ്ഞ ആയത്തില്‍ പറഞ്ഞത്. ഇനി പറയുന്നത്, അത് മാത്രം പോരാ, സാമ്പത്തികമായ ത്യാഗത്തിനു കൂടി തയ്യാറാകണമെന്നാണ്.
വല്ലാത്തൊരു ശൈലിയാണതിന് റബ്ബ് ഉപയോഗിക്കുന്നത്! എനിക്കാരാ കടം തരാനുള്ളത് എന്നാണ് ചോദിക്കുന്നത്! യാ അല്ലാഹ്! റബ്ബ് നമുക്ക് തന്ന സമ്പത്ത്, അവന് കടം കൊടുക്കുമോ എന്ന്! അതായത്, അവന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ സന്നദ്ധരാണോ എന്ന്... എങ്കില്‍, ഒരുപാട് ഇരട്ടിയായി തിരിച്ചുതരാം!
مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ(245)
അവന്ന് ഉദാത്തമായ കടം നല്‍കുന്നവനായി ആരുണ്ട്? എങ്കില്‍ അയാള്‍ക്കവന്‍ അനേകമടങ്ങായി തിരിച്ചുകൊടുക്കും! ഞെരുക്കവും ആശ്വാസവുമുണ്ടാക്കുന്നത് അല്ലാഹുവാണ്; അവനിലേക്കു തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുക.
നിഷ്‌കളങ്കമായി, നല്ല നിയ്യത്തോടെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നത്, അവന് കടം കൊടുക്കലായാണ് ചിത്രീകരിച്ചത്. അങ്ങനെ കടം കൊടുക്കുന്നവര്‍ക്ക് അനേകം ഇരട്ടികളായി പ്രതിഫലം നല്കുമെന്ന് ഉറപ്പ് തരികയും ചെയ്യുന്നു.
നല്ല മനസ്സോടെ, പ്രതിഫലം കാംക്ഷിച്ച് നല്‍കുന്ന ഏത് ദാനധര്‍മവും അല്ലാഹു സ്വീകരിക്കും. എല്ലാം അവന്‍ കണക്കുവെക്കും, വളര്‍ത്തി അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടിരിക്കും. അനേകമടങ്ങുകളായി തിരിച്ചുതരികയും ചെയ്യും.
ഈ ആയത്തിറങ്ങിയപ്പോള്‍ അന്‍സ്വാറുകളിലെ അബുദ്ദഹ്ദാഹ് (أبُوالدَحْدَاح – رضي الله عنه), തന്‍റെ തോട്ടം ഞാനിതാ റബ്ബിന് കടം കൊടത്തിരിക്കുവെന്ന് പ്രഖ്യാപിച്ചുവത്രെ. അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന സ്വത്താണത്. അറു നൂറ് ഈത്തപ്പനകളുള്ള ഒരു തോട്ടം. ‘ഞാനിതാ അല്ലാഹുവിന് കടം കൊടുക്കുന്നു’ എന്ന് പറഞ്ഞത് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഏല്‍പിച്ചുകൊടുത്തു.
ചെലവാക്കുംതോറും കുറഞ്ഞുപോകും, അല്ലെങ്കില്‍ ദാരിദ്ര്യം വന്നുപോകുമെന്ന ധാരണയാണിവിടെ അല്ലാഹു തിരുത്തുന്നത്. കുറയുകയില്ല. ഇരട്ടികളായി കൂടുകയേ ഉള്ളൂ. പല നിലക്ക് റബ്ബ് അത് കൂട്ടിത്തരും. അത് നമുക്കുവേണ്ടി വളര്‍ത്തി, ഫിക്സഡ് ഡെപ്പോസിറ്റായി സൂക്ഷിച്ചുവെക്കും.
വേറെ പല വഴിയിലൂടെയും അതിലേറെ അല്ലാഹു വാരിക്കോരിതരും. ആപത്തുകളും മുസ്വീബത്തുകളും നീക്കിത്തരും. ആശുപത്രിയിലോ മറ്റോ ലക്ഷങ്ങള്‍ ചെലവാക്കേണ്ടിവരാതെ, ആരോഗ്യം നിലനിര്‍ത്തിതരും. ഇങ്ങനെ വിവിധ രൂപങ്ങളിലൂടെയാകാം ആ തിരിച്ചുതരല്‍.
وَاللَّهُ يَقْبِضُ وَيَبْسُطُ
അല്ലാഹുവാണ് ഞെരുക്കവും ആക്കവും നല്കുന്നത്. അതുകൊണ്ടുതന്നെ, അവന്‍റെ മാര്‍ഗത്തില്‍ ചെലവഴിച്ചതുകൊണ്ട് ഒരിക്കലും ഞെരുക്കമുണ്ടാകില്ല, അവനുണ്ടാക്കില്ല.
നല്ല കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ മടിക്കേണ്ടതില്ല. കൊടുക്കുന്നതും, എടുക്കുന്നതും, അത് വിശാലമാക്കുന്നതും, കുടുസ്സാക്കുന്നതും അല്ലാഹുവാണ്. അവസാനം എല്ലാവരും അവങ്കലേക്ക് തന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും. وَإِلَيْهِ تُرْجَعُونَ അപ്പോള്‍, ചെലവഴിച്ചതിന്‍റെ ലാഭവും, ചെലവഴിക്കാത്തതിന്‍റെ നഷ്ടവും ബോധ്യപ്പെടും.
ഇത് മനസ്സിലാക്കാതെ ആരെങ്കിലും പിശുക്കുകയാണെങ്കില്‍, റബ്ബിന്‍റെയടുത്തേക്കുതന്നെയാണ് എനിക്ക് തിരിച്ചുചെല്ലേണ്ടതെന്നും അവിടെവെച്ച് തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അയാള്‍ ഓര്‍ക്കണം..
ആളുകള്‍ പൊതുവെ ഈ കാര്യത്തില്‍ പിറകിലാണല്ലേ. തീരെ കൊടുക്കില്ല എന്നല്ല. കൊടുക്കും, കുറച്ച്. അല്ലെങ്കില്‍ മടിച്ചുമടിച്ച്. കൊടുത്താല്‍ തീരൂലേ എന്ന് പേടിച്ച്.
ഈ മടി മാറാന്‍ എന്ത് ചെയ്താല്‍ മറിയെന്നറിയോ? സമ്പത്ത്, ദുന്യാവ് എല്ലാം കൈയില്‍ മാത്രം വെക്കുക. ഖല്‍ബിലേക്കെടുക്കാതിരിക്കുക. ഖല്‍ബിലേക്കെടുത്താല്‍ പിന്നെ, അതുമായി വല്ലാതെ കെട്ടുപിണയും. പിന്നെ കൊടുക്കാന്‍ തോന്നില്ല. കൈയിലാണെങ്കില്‍ ആ പ്രശ്നമില്ല. ധനത്തോട് വല്ലാത്ത മുഹബ്ബത്ത് വേണ്ടാ എന്നര്‍ത്ഥം.
------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment