അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 7-11) അനന്തരാവകാശ നിയമം
അനാഥകളെയും സ്ത്രീകളെയും സംബന്ധിക്കുന്ന ചില കാര്യങ്ങളാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ഇനി, അനന്തരാവകാശനിയമങ്ങളെ സംബന്ധിച്ചാണ് പറയുന്നത്.
അനാഥകളെക്കുറിച്ച് പറഞ്ഞതിനുശേഷം ഈ വിഷയം പറയുന്നത് പ്രസക്തമാണല്ലോ. കാരണം, മരണത്തെത്തുടര്ന്നാണല്ലോ അനാഥകളുടെ പ്രശ്നം ഉത്ഭവിക്കുന്നത്. അനന്തരാവകാശത്തിന്റെ പ്രശ്നം ഉത്ഭവിക്കുന്നതും മരണത്തോടുകൂടി തന്നെ.
അനന്തരാവകാശ വിഷയത്തില്‍ മനസ്സിലാക്കേണ്ട ചില അടിസ്ഥാന തത്വങ്ങളാണ് 7-ആം ആയത്തില്‍ പറയുന്നത്. ശേഷമുള്ള 3 വചനങ്ങളില്‍ ബന്ധപ്പെട്ട മറ്റു ചില നിര്‍ദ്ദേശങ്ങളും നല്കുന്നു. അതിനുശേഷം 11 മുതല്‍ 12 വരെയും, അവസാനത്തെ ആയത്തായ 176 ലുമാണ് വിഷയം വിശദീകരിക്കുന്നത്. അവകാശികളാരാണെന്നും ഓരോരുത്തരുടെയും ഓഹരി എത്രയാണെന്നുമൊക്കെ വിശദീകരിക്കുന്നുണ്ട്.
അനന്തരാവകാശ സ്വത്തിന്റെ വിഭജനം വ്യത്യസ്ത രീതിയിലാണ് ലോകത്ത് നടന്നിരുന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ പിന്തുടര്ച്ചാവകാശ സമ്പ്രദായങ്ങള്‍ ചിലതൊക്കെ നിലവിലുണ്ടായിരുന്നെങ്കിലും ഒന്നും നീതിപൂര്വകമല്ലായിരുന്നു.
ഇക്കാലത്തും പല രീതിയിലാണ് വിഭജനം നടക്കുന്നത്. ചിലര്‍ മുഴു സ്വത്തും മൂത്ത മകന് നല്കുന്നു. സാമ്പത്തിക ബാധ്യതകള്‍ ഉള്ളവരോ ഇല്ലാത്തവരോ എന്ന് നോക്കാതെ തുല്യമായി വിഭജിക്കുന്നു. പ്രമുഖമെന്ന് പറയപ്പെടുന്ന ചില മതങ്ങളില്‍ തന്നെ ഇവ്വിഷയകമായി യാതൊരു നിയമവുമില്ല. ഇഷ്ടമുള്ള പോലെയൊക്കെ ചെയ്യുകയാണ്.
എന്നാല്‍ വിശുദ്ധ ഇസ്ലാം, വളരെ വ്യവസ്ഥാപിതവും സമഗ്രവും നീതിപൂര്‍വകവുമായ ഒരു അന്തരാവകാശ നിയമസംഹിതയാണ് അവതരിപ്പിക്കുന്നത്.
لِلرِّجَالِ نَصِيبٌ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَفْرُوضًا﴿٧﴾
മാതാപിതാക്കളും ഏറ്റമടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വിഹിതമുണ്ട്; കുറച്ചാകട്ടെ കൂടിയതാകട്ടെ, നിശ്ചിത ഓഹരിയാണത്.
പുരുഷനും സ്ത്രീക്കും – ആണിനും പെണ്ണിനും – സ്വത്തില്‍ നിശ്ചിത അവകാശമുണ്ട്. വലിയവര്‍ക്കും ചെറിയവര്ക്കുമെല്ലാം അവകാശമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും (ആണ്കുട്ടിയാണെങ്കില് പോലും) അനന്തരാവകാശം കൊടുക്കുന്ന സമ്പ്രദായം അന്നില്ലായിരുന്നു. യുദ്ധം ചെയ്യാനും നാടിനുവേണ്ടി പോരാടാനും കഴിവുള്ളവര്‍ക്കേ സ്വത്ത് വേണ്ടതുള്ളൂ എന്നായിരുന്നു അതിനുള്ള അവരുടെ ന്യായം.
ഈ സമ്പ്രദായം ഖണ്ഡിക്കാനാണ് ‘പുരുഷന്മാര്ക്കും ഓഹരിയുണ്ട്, സ്ത്രീകള്‍ക്കും ഓഹരിയുണ്ട്, (لِلرِّجَالِ نَصِيبٌ , وَلِلنِّسَاء نَصِيبٌ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്.
ഇന്നുമുണ്ട് പലയിടത്തും ഈ രീതി. സ്ത്രീകളായ അവകാശികള്‍ക്ക് നിയമ പ്രകാരമുള്ള ഓഹരി നല്‍കാതെ തുച്ഛം എന്തെങ്കിലും കൊടുത്തു തൃപ്തിപ്പെടുത്തി, ബാക്കിയെല്ലാം പുരുഷന്മാര് പങ്കിട്ടെടുക്കുന്ന പതിവ്. അല്ലാഹുവിന്റെ നിയമത്തോടുള്ള ധിക്കാരമാണിത്.
مِمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ
സ്വത്തുടമ വിട്ടേച്ചുപോകുന്ന (അയാള്‍ മരണപ്പെടുമ്പോള്‍ ബാക്കിയാകുന്ന) സ്വത്തിനു മാത്രമാണ് അനന്തരാവകാശ നിയമം ബാധകമാകുന്നത്. മരണത്തിനുമുമ്പ്, സ്വത്തില്‍ കുടുംബങ്ങള്‍ക്കോ മറ്റോ നിശ്ചിത അവകാശം ഒന്നും തന്നെയില്ല. (ജീവിത കാലത്ത് കൊടുത്തുതീര്‍ക്കേണ്ട നിര്‍ബന്ധ ബാധ്യതകളെപ്പറ്റിയല്ല ഇപ്പറയുന്നത്).
സ്വത്തുടമ മരണപ്പെടുമ്പോള്‍ വിട്ടേച്ചുപോകുന്ന സ്വത്തില്‍ മാത്രമാണ് അവകാശമുള്ളതെന്ന് വരുമ്പോള്‍, അയാളുടെ മുമ്പ് മരണപ്പെട്ടുപോയ ഒരാള്‍ക്കും – അതെത്ര അടുത്ത ബന്ധുവായിരുന്നാലും – ആ സ്വത്തിന് അവകാശമില്ലെന്നു സ്പഷ്ടമാണ്. നേരെമറിച്ച്, സ്വത്തുടമയുടെ മരണത്തിനുശേഷം ഏതെങ്കിലും ഒരവകാശി മരണപ്പെടുകയാണെങ്കില്‍- ഉടമ മരിച്ച ഉടനെത്തന്നെ ആയാലും ശരി – അയാളുടെ അവകാശം ഇല്ലാതാകുന്നതുമല്ല. അയാളുടെ ഓഹരി, അയാളുടെ അവകാശികള്‍ക്ക് നല്കപ്പെടുമെന്നുമാത്രം.
വിട്ടേച്ചുപോയ സ്വത്തിലെല്ലാം നിയമം ബാധകമാണ്. നാണയമെന്നോ അല്ലാത്തതെന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ല. അയാള്‍ വിട്ടേച്ചുപോയതെന്തോ അതില്‍നിന്ന് (مِمَّا تَرَكَ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്.
ചിലയിടങ്ങളില്‍ നടപ്പുള്ളതുപോലെ, പരേതന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍ മുതലായ ചില പ്രത്യേക ഉപകരണങ്ങള്‍ മൂത്ത മക്കള്‍ക്കുള്ളതാണ്, അദ്ദേഹം താമസിച്ചിരുന്ന വീട് ഇളയ മക്കള്‍ക്ക് അവകാശപ്പെട്ടതാണ്... ഇങ്ങനെയുള്ള പ്രത്യേക നിയമങ്ങളൊന്നും ഇസ്ലാമിലില്ല. അവകാശികള്‍ പരസ്പരം തൃപ്തിപ്പെട്ട്, ഇന്നതു ഇന്നവര്‍ക്കു വിട്ടുകൊടുക്കാമെന്ന് നിശ്ചയിക്കുന്നതിന് വിരോധവുമില്ല.
الْوَالِدَانِ وَالْأَقْرَبُونَ
ദാരിദ്ര്യത്തിന്റെയോ അവശതയുടെയോ കാരണം കൊണ്ടല്ല അനന്തരസ്വത്തില്‍ അവകാശം ലഭിക്കുന്നത്. അത് പരേതനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ചില യുക്തിവാദികളുടെ വിചാരമങ്ങനെയാണ്. ദരിദ്രനെന്നോ ധനികനെന്നോ ഉള്ള വ്യത്യാസം ഇവിടെ പരിഗണിക്കില്ല.
ദരിദ്രരെയും പാവങ്ങളെയും ഉദ്ദേശിച്ചുള്ള പല നിയമങ്ങളും പദ്ധതികളും വേറെത്തന്നെ പരിശുദ്ധ ദീനിലുണ്ടല്ലോ. ചിലതൊക്കെ അടുത്ത വചനങ്ങളില്‍തന്നെ വരുന്നുമുണ്ട്.
مِمَّا قَلَّ مِنْهُ أَوْ كَثُرَ
സ്വത്തിന്റെ ഏറ്റക്കുറവും പരിഗണനീയമല്ല. വളരെക്കുറച്ചു മാത്രമായാലും ഒരുപാടുണ്ടായിരുന്നാലും അവകാശത്തിന്റെ തോത് ഒരുപോലെത്തന്നെ. ഭാഗിക്കാന്‍ സാധിക്കാത്തവിധം തുച്ഛമായിരുന്നാല് അവകാശികള്‍ വിട്ടുവീഴ്ചയോടെ ഒത്തൊരുമിച്ച് വല്ല തീരുമാനവും എടുക്കാമെന്നല്ലാതെ, അക്കാരണം കൊണ്ട് ആരുടെയും അവകാശം നഷ്ടപ്പെടുകയില്ല. പക്ഷേ, മരണപ്പെട്ടവന്റെ കടവും നിയമാനുസൃതമായ വസ്വിയ്യത്തും കഴിച്ചു ബാക്കി മാത്രമേ അവകാശികള്ക്കുള്ളൂ. ഇക്കാര്യം അല്ലാഹുതന്നെ താഴെ സ്പഷ്ടമായി പറയുന്നുണ്ട്.
نَصِيبًا مَفْرُوضًا
ഓരോ അവകാശിയുടെയും ഓഹരി എത്രയാണെന്ന് അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്. അതിലെന്തെങ്കിലും ഭേദഗതിയോ മാറ്റത്തിരുത്തലൊ വരുത്താന്‍ ആര്‍ക്കും അധികാരമില്ല. സ്ത്രീപുരുഷ സമത്വവാദത്തിന്റെ പേരിലോ ദാരിദ്ര്യത്തിന്റെയും ബുദ്ധിമുട്ടിന്റെയും പേരിലോ മറ്റേതെങ്കിലും ന്യായത്തിന്റെ പേരിലോ അല്ലാഹു നിര്‍ണയിച്ച വിധിയില്‍ മാറ്റം വരുത്താന്‍ വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ അവകാശമില്ല.
അവകാശികളില്‍ പെട്ട ചിലര്‍ക്കുതന്നെ കൂടുതല്‍ കൊടുക്കണമെന്നു പോലും വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല; മറ്റുള്ളവര്‍ സമ്മതിച്ചാലൊഴികെ. അല്ലാഹു പറഞ്ഞതനുസരിച്ച് ഓഹരി ചെയ്യുകയാണ് വേണ്ടത്. അത് നിര്‍ബന്ധമാണ്.
വേറെ ആര്‍ക്കും ഒന്നും കിട്ടരുതെന്ന് കരുതി എല്ലാം ചിലരുടെ പേരില്‍ മാത്രം എഴുതിവെക്കുന്ന ചിലരെ കാണാം. അതുപോലെ, അവകാശികള്‍ക്ക് ഒന്നും കിട്ടരുതെന്ന് കരുതി, കടം തിരിച്ചുകൊടുക്കാനുണ്ട് എന്നെഴുതി വെക്കുന്നവര്‍. അത് കിട്ടുന്നവന്, പോന്നോട്ടെ എന്ന് കരുതുകയും ചെയ്യും. ഓരോരോ അഡ്ജസ്റ്റ്മെന്റുകള്‍!
അവകാശികളല്ലാത്ത ആളുകള്‍ക്ക് വസ്വിയ്യത്ത് ചെയ്യാവുന്നതാണ്, മാക്സിമം മൂന്നിലൊന്നില്‍ മാത്രം. അതിലപ്പുറം വേണെങ്കില്‍ അവകാശികളുടെ സമ്മതം വേണം. ഇതാണ് പ്രബല അഭിപ്രായം.
പലപ്പോഴും സ്വത്തിനു വേണ്ടിയാണല്ലോ അടിപിടിയും കൊലയുമൊക്കെ നടക്കുന്നത്. നമ്മള് എത്ര അധ്വാനിച്ചുണ്ടാക്കിയ സ്വത്തായാലും, അതിനൊക്കെ അവസാനം തല്ലുംപിടിയുമാണ്. മറ്റുള്ളവര്‍ പങ്കിട്ടെടുക്കുകയാണ്. നമുക്കെന്തെങ്കിലും ആഖിറത്തിലേക്ക് വേണമെങ്കില്‍ ജീവിതകാലത്തുതന്നെ റെഡിയാക്കി വെക്കാനും ദാനധര്‍മങ്ങള്‍ പോലെ നല്ല വഴികളില്‍ ചെലവഴിക്കാനും പരമാവധി ശ്രദ്ധിക്കേണ്ടതാണ്.
ഈ ആയത്ത് ഇറങ്ങാനുണ്ടായ കാരണം:
സഅ്ദുബ്നുര്‍റബീഅ്(رضي الله عنه) വിന്റെ ഭാര്യ രണ്ട് പെണ്മക്കളെയും കൂട്ടി തിരുനബി صلى الله عليه وسلم യോട് പറഞ്ഞു: ഈ കുട്ടികളുടെ പിതാവ് സഅ്ദ് ഉഹുദ് യുദ്ധത്തില്‍ ശഹീദായി. സമ്പത്തൊക്കെ ഇവരുടെ പിതൃവ്യന് കൈക്കലാക്കിയിരിക്കുകയാണ്. ഇവര്‍ക്കൊന്നും കൊടുത്തില്ല. അവിടന്നു പറഞ്ഞു: 'അക്കാര്യത്തില്‍ അല്ലാഹു ഒരു തീരുമാനമുണ്ടാക്കും.' ഈ അവസരത്തിലാണ് അനന്തരാവകാശ നിയമവുമായി ആയത്തവതരിച്ചത്.
തിരുനബി صلى الله عليه وسلم ആ കുട്ടികളുടെ പിതൃവ്യനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: 'സഅ്ദിന്റെ രണ്ടു പുത്രിമാര്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി കൊടുക്കണം. അവരുടെ മാതാവിന് എട്ടില്‍ ഒരംശവും. ശേഷിച്ചത് താങ്കള്‍ക്കാണ്' (അബൂദാവൂദ്, തുര്‍മുദി).
അവതരണവുമായി ബന്ധപ്പെട്ട് വേറെയും അഭിപ്രായങ്ങളുണ്ട്.
അടുത്ത ആയത്ത് 8
ഓഹരി എത്രയാണ്, എങ്ങനെയൊക്കെയാണെന്ന് പറയുന്നതിനു മുമ്പ്, അന്തരാവകാശികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം പറയുകയാണ്.
അനന്തരസ്വത്ത് ഭാഗിക്കുമ്പോള്‍, നിശ്ചിത അവകാശമൊന്നും ഇല്ലാത്ത കുടുംബക്കാരോ അനാഥകളോ സാധുക്കളോ അവിടെ വന്നാല്‍, അവര്‍ക്കതില്‍ നിന്ന് എന്തെങ്കിലും കൊടുത്ത് നല്ല വാക്കും പറഞ്ഞ് സന്തോഷിപ്പിച്ചു വിടണം. ഓഹരി ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും അവര്‍ക്കതില്‍ നിന്ന് കൊടുത്ത്, ‘കൂടുതലൊന്നും തരാന്‍ കഴിയാത്തതുകൊണ്ടാണ് ട്ടോ’ എന്നതുപോലെയുള്ള എന്തെങ്കിലും നല്ല വാക്ക് പറഞ്ഞ് തിരിച്ചയക്കണം.
എന്നാല്‍, ഈ ആയത്തിലെ വിധി മന്സൂഖാണെന്നാണ് പ്രബലാഭിപ്രായം. അവകാശികളെയും അവകാശങ്ങളും വിവരിക്കപ്പെട്ടതോടെ ഈ വിധി ദുര്‍ബലം (മന്‍സൂഖ്) ആയി എന്നാണ് ബഹു ഭൂരിപക്ഷം ഫുഖഹാഇന്റെയും നാല് ഇമാമുകളുടെയും അവരുടെ അസ്ഹാബിന്റെയും മദ്ഹബ് (ഇബ്നുകസീര്‍ رحمه الله).
ദുര്‍ബലമല്ലെന്നും അങ്ങനെ എന്തെങ്കിലും കൊടുക്കല്‍ സുന്നത്താണെന്നും പറയുന്ന മറ്റൊരു വിഭാഗവുമുണ്ട്. കൊടുക്കല്‍ നിര്‍ബന്ധമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവകാശികള്‍ക്ക് യാതൊരു അധ്വാനവും കൂടാതെ ലഭിക്കുന്നതാണല്ലോ അനന്തരാവകാശം. ആ സ്ഥിതിക്ക്, ഔദാര്യമെന്നോണം എന്തെങ്കിലുമൊക്കെ മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്നാണ് ഈ രണ്ടാം വിഭാഗക്കാരുടെ പക്ഷം.
കൃഷിയിടങ്ങളുടെയും തോട്ടങ്ങളുടെയുമൊക്കെ വിളവെടുപ്പു സമയത്ത് ഇതുപോലെ, ബന്ധുക്കളും സാധുക്കളും ഹാജരുണ്ടാകുമ്പോള് അവര്‍ക്കും വല്ലതുമൊക്കെ കൊടുത്തു തൃപ്തിപ്പെടുത്തണമെന്ന സൂറത്തുല്‍ അന്‍ആം 141 ലെ പരാമര്‍ശവും, സാധുക്കളെ അറിയിക്കാതെ തന്ത്രപൂര്‍വ്വം അവരുടെ കണ്ണുവെട്ടിച്ച് വിളവെടുക്കാന്‍ പദ്ധതിയിട്ട തോട്ടമുടമകള്‍ക്ക് സംഭവിച്ച ആപത്തിനെക്കുറിച്ച് സൂറത്തുല്‍ ഖലമില്‍ വിവരിച്ചതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
وَإِذَا حَضَرَ الْقِسْمَةَ أُولُو الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينُ فَارْزُقُوهُمْ مِنْهُ وَقُولُوا لَهُمْ قَوْلًا مَعْرُوفًا﴿٨﴾
ധനം ഭാഗം വെക്കുന്നിടത്ത് ബന്ധുക്കളോ അനാഥകളോ പാവങ്ങളോ സന്നിഹിതരായാല്‍ അതില്‍ നിന്നവര്ക്കെന്തെങ്കിലും കൊടുക്കുകയും നല്ലവാക്കു പറയുകയും വേണം.
അടുത്ത ആയത്ത് 9
യത്തീമുകളുടെ രക്ഷാകര്‍തൃത്വം കൈയില്‍ വരുന്നവര്‍ ഓര്‍ക്കേണ്ട വളരെ പ്രധാനപ്പെട്ടൊരു കാര്യമാണിനി പറയുന്നത്: സ്വന്തം മക്കള്‍ അനാഥകളായിത്തീര്ന്നാല്, മറ്റുള്ളവര്‍ അവരോട് എങ്ങനെ വര്‍ത്തിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അതുപോലെ, നിങ്ങളുടെ സംരക്ഷണയിലുള്ള അനാഥകളോടും വര്‍ത്തിക്കണം.
സ്വന്തം മക്കള്‍ തങ്ങളുടെ കാലശേഷം കഷ്ടപ്പെടുന്നത് ഇഷ്ടപ്പെടാത്തപോലെ, തങ്ങളുടെ കീഴിലുള്ള അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്നതിലും വളരെ സൂക്ഷ്മത പാലിക്കണം.
വേറെയും ചില തഫ്സീറുകള്‍ ഇവിടെയുണ്ട്. തങ്ങളുടെ കാലശേഷം സ്വന്തം മക്കള്‍ കഷ്ടപ്പെടുന്നത് പേടിക്കുന്നതുപോലെ മറ്റുള്ളവരുടെ കുട്ടികള്‍ കഷ്ടപ്പെടുന്നതും പേടിക്കണം എന്നാണ് ഒരു വ്യാഖ്യാനം. അതായത്; മരണാസന്നരായവരുടെ മക്കളുടെ നന്മയില് ശ്രദ്ധ ചെലുത്തുക, അവരുടെ മക്കള്‍ക്ക് ദോഷകരമായിത്തീരുന്ന വസ്വിയ്യത്തുകള്‍ ചെയ്യാതിരിക്കാന്‍ ഉപദേശിക്കുക...
മറ്റൊരു അഭിപ്രായം:
മരണപ്പെട്ടുപോയാല്‍, സ്വന്തം മക്കള്‍ പോലെയുള്ള അവകാശികള്‍ നിസ്സഹായരുമായിപ്പോയേക്കുമെന്ന് ആശങ്കയുള്ളവര്‍, നേരത്തെതന്നെ മുന്‍കരുതല്‍ എടുത്തിരിക്കണം. അതായത്, തങ്ങളുടെ സ്വത്തു മുഴുവനുമോ, അതില്‍ നിന്നു കാര്യമായ വല്ല ഭാഗമോ മറ്റു വിഷയങ്ങളില്‍ ചെലവഴിക്കുകയോ, വസ്വിയ്യത്ത് ചെയ്യുകയോ ചെയ്യാതെ, അവകാശികള്‍ക്കുവേണ്ടി കരുതി വെക്കണം.
സഅ്ദുബ്നു അബീവഖാസ്വ് (رضي الله عنه) രോഗശയ്യയിലായിരുന്നപ്പോള്‍, സമ്പത്തിന്റെ വലിയൊരു ഭാഗം വസ്വിയ്യത്ത് ചെയ്യട്ടെ എന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സമ്മതം ചോദിച്ചു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സമ്മതിച്ചില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍, മാക്സിമം മൂന്നിലൊന്നു വസ്വിയ്യത്ത് ചെയ്താല്‍ മതി, അതുതന്നെ ധാരാളമാണെന്നാണ് പറഞ്ഞത്. എന്നിട്ട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘താങ്കളുടെ അവകാശികളെ, ആളുകളുടെ മുമ്പില്‍ കൈനീട്ടുന്ന ദരിദ്രരായി വിട്ടേച്ചുപോകുന്നതിനെക്കാള്‍, ധനികരായി വിട്ടുപോകുന്നതാണ് താങ്കള്‍ക്ക് ഉത്തമം.’
ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്. മരിക്കുന്ന സമയത്ത് സ്വത്തിന്റെ പ്രധാനഭാഗം ഏതെങ്കിലും പള്ളിക്കോ മറ്റോ വസ്വിയ്യത്ത് ചെയ്ത്, അവകാശികളെ അവഗണിക്കുന്ന, കബളിപ്പിക്കുന്ന പതിവ് പലയിടത്തുമുണ്ട്.
وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا عَلَيْهِمْ فَلْيَتَّقُوا اللَّهَ وَلْيَقُولُوا قَوْلًا سَدِيدًا﴿٩﴾
ബലഹീന സന്തതികളെ വിട്ടേച്ച് മരിക്കുന്നത് ഭയക്കുന്നവര്‍ മറ്റനാഥരെക്കുറിച്ചും പേടിച്ചുകൊള്ളട്ടെ. താന്‍ മരിക്കുകയും മക്കള്‍ അനാഥരാവുകയും ചെയ്താല്‍ അവരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്നാണോ ഒരാളാഗ്രഹിക്കുക, അതേ നിലയില്‍ അയാള്‍ മറ്റനാഥകളോട് സൗമ്യമായും നീതി പൂര്‍വവും പെരുമാറണം. അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നേര്‍വാക്കു പറയുകയും ചെയ്യണം.
നമുക്കൊക്കെ ആകെയുള്ള ബേജാറിപ്പോള് അതാണല്ലോ. അതായത്, ഞാന്‍ മരണപ്പെട്ടാല്‍ എന്റെ മക്കളെന്താകും...? എന്ന്. ഞാനെന്താകും എന്നതിനെക്കുറിച്ച് ഒരു ബേജാറുമില്ലാത്ത പോലെ.
നമ്മുടെ കാലശേഷം മക്കള്‍ കഷ്ടപ്പെടാതിരിക്കാനുള്ള നല്ലൊരു വഴിയാണ് നമ്മള് നല്ലവരായി ജീവിക്കുക എന്നത്. സൂറത്തുല്‍ കഹ്ഫ് 82 ആം വചനത്തിലൂടെ അല്ലാഹു തആലാ മനസ്സിലാക്കിത്തരുന്നതും അതാണല്ലോ.
രണ്ട് കുട്ടികളുടെ നിധിക്ക് സംരക്ഷണമേര്‍പ്പെടുത്തി, ഖിള്ര്‍ നബി عليه السلام മതില് ശരിയാക്കിയ സംഭവത്തിന് കാരണമായി മൂസാ നബി عليه السلام ന് വിശദീകരിച്ചുകൊടുത്തത്, ആ കുട്ടികളുടെ പിതാവ് സ്വാലിഹായൊരു മനുഷ്യനായിരുന്നു എന്നാണ്. സ്വന്തം പിതാവല്ലായിരുന്നു അതെന്നും ഏഴാമത്തെയോ, പത്താമത്തെയോ പിതാമഹനായിരുന്നു എന്നും വ്യാഖ്യാനിച്ച മുഫസ്സിറുകളുമുണ്ട്. നമ്മള് നന്നായാല്‍ തലമുറകള്‍ തന്നെ നന്നാകുമെന്ന് ചുരുക്കം.
അടുത്ത ആയത്ത് 10
അനാഥകളുടെ ധനം അന്യായമായി ഉപയോഗിക്കുന്നവരെ കടുത്ത ഭാഷയില്‍ താക്കീത് ചെയ്യുകയാണ്. അവരതുകൊണ്ട് തല്ക്കാലം വയറു നിറക്കുന്നുവെങ്കിലും, പരലോകത്തുവെച്ച് നരകാഗ്നി കൊണ്ട് വയറു നിറക്കേണ്ടിവരും. ഏഴു മഹാപാപങ്ങളുടെ കൂട്ടത്തില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയ ഒന്നാണിത്.
ഈ താക്കീത് എല്ലായ്പ്പോഴും ബാധകം തന്നൊണ്. ഇവിടെ അനന്തരാവകാശ നിയമങ്ങളോട് ബന്ധപ്പെടുത്തി പറഞ്ഞത്, മേല്പറഞ്ഞതുപോലെ സ്വത്തു വിഭജനം നടത്തുമ്പോള്‍, അനാഥകളുണ്ടെങ്കില് അവര്‍ക്ക് അര്‍ഹമായ ഓഹരി നല്‍കുന്നതിലും, അവരുടെ സമ്പത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കുന്നതിലും ക്രമക്കേടുകള്‍ കാണിക്കുന്നത് പ്രത്യേകം സൂക്ഷിക്കണമെന്ന് ഉണര്‍ത്താനും കൂടിയായിരിക്കാം.
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا﴿١٠﴾
അനാഥകളുടെ സ്വത്ത് അതിക്രമമായി ശാപ്പിടുന്നവര്‍ തങ്ങളുടെ വയറ്റിലേക്ക് തീ മാത്രമാണു തിന്നുനിറക്കുന്നത്; വഴിയെ നരകത്തിലവര്‍ പ്രവേശിക്കുന്നതാണ്
അടുത്ത ആയത്ത് 11
7 മുതല്‍ 10 വരെയുള്ള ആയത്തുകളില്‍ അനന്തരാവകാശ സംബന്ധമായി പൊതുവായ പല നിര്‍ദേശങ്ങളും നല്കി. ഏഴാം വാക്യത്തില്‍ ആണിനും പെണ്ണിനും അവകാശമുണ്ടെന്നു മൊത്തമായി പറയുകയും ചെയ്തു. ഇനി 11 ആം ആയത്ത് മുതല്‍ ഇക്കാര്യം വിശദീരിക്കുകയാണ്.
11, 12 ആയത്തുകളിലും ഈ സൂറയിലെതന്നെ അവസാനത്തെ വാക്യമായ 176 ലുമായാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ഈ മൂന്ന് വചനങ്ങളെയും അതുമായി ബന്ധപ്പെട്ട ഹദീസുകളെയും അടിസ്ഥാനമാക്കി ക്രോഡീകൃതമായ വളരെ പ്രധാനപ്പെട്ടൊരു വിജ്ഞാനശാഖയാണ് عِلْمُ الْفَرَائِضِ (ഓഹരി നിര്‍ണയങ്ങളുടെ വിജ്ഞാനം, അതായത് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍). കര്‍മശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ടൊരു വിജ്ഞാന ശാഖയാണിത്. ഇതിന്റെ പ്രത്യേക പ്രാധാന്യം സൂചിപ്പിക്കുന്ന ഹദീസുകളും കാണാവുന്നതാണ്.
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال : تَعَلَّمُوا الفَرائِضَ وعَلِّمُوهُ فَإنَّهُ نِصْفُ العِلْمِ وهوَ يُنسَى وهُوَ أوَّلُ شَيءٍ يُنْتَزَعُ مِنْ أُمَّتِي (رواه ابن ماجه و الدارقطني)
(നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കണം, ആളുകളെയത് പഠിപ്പിക്കുകയും വേണം. കാരണം, അത് വിജ്ഞാനങ്ങളുടെ പകുതിയാണ്, ആദ്യമായി വിസ്മരിക്കപ്പെടുന്നതും, എന്റെ ഉമ്മത്തില്‍ നിന്ന് ആദ്യമായി ഊരിയെടുക്കപ്പെടുന്നതും അതായിരിക്കും.)
ഇതു സംബന്ധമായി വേറെയും ഹദീസുകളുണ്ട്. വലിയൊരു വിജ്ഞാന മേഖലയാണിത്. പല മഹാന്മാരും ഈ വിഷയത്തില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍, ഈ വിഷയത്തില്‍ വേണ്ട പരിജ്ഞാനം നേടിയ പണ്ഡിതര്‍ കുറവാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ഇവ്വിഷയകമായി വ്യക്തമായി പറയപ്പെട്ട അടിസ്ഥാന മസ്അലകളെക്കുറിച്ചാണിവിടെ ആയത്തുകളില്‍ പറയുന്നത്. വിശദമായ നിയമവശങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ ആയത്തുകളില്‍ പറയപ്പെടാത്ത, വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ടുവരുന്ന എത്രയോ ഓഹരികളുണ്ട്. അതെല്ലാം വിശദമായി പഠിച്ച് ഗുണിച്ച് ഹരിച്ച് കിഴിച്ച് കണ്ടെത്തി തീര്‍പ്പാക്കേണ്ടതാണ് ഇതുസംബന്ധമായ കേസുകള്‍. പ്രത്യേകം സോഫ്റ്റ് വെയറുകളും ലഭ്യമാണിന്ന്. പല സാധ്യതകളും വെച്ച് എട്ട് ലക്ഷത്തോളം മസ്അലകള്‍ കണ്ടെത്താമത്രേ. അത്രയും വിശാലമാണിത്.
ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് പലരും ആശയക്കുഴപ്പങ്ങളുണ്ടാക്കാറുണ്ട്. വസ്തുനിഷ്ഠമായി പഠിക്കാത്തതുകൊണ്ടാണത്. പഠിക്കാന്‍ ശ്രമിച്ചാല്‍ ഈ നിമയങ്ങളെല്ലാം കുറ്റമറ്റതാണെന്ന് മനസ്സിലാക്കാം. അതങ്ങനെത്തന്നെയല്ലേ ആകൂ.. സാക്ഷാല്‍ റബ്ബല്ലേ ഓഹരി നിശ്ചയിച്ചുതന്നത്!
മരിച്ച വ്യക്തിയോട് അവകാശിയുടെ അടുപ്പം ഒന്നുകില്‍ നേര്‍ക്കുനേരേ ആയിരിക്കും. അല്ലെങ്കില്‍ മറ്റൊരാള്‍ മുഖേന ആയിരിക്കും. നേര്‍ക്കുനേരേയുള്ള അടുപ്പം രക്തബന്ധത്തിലൂടെയോ വിവാഹബന്ധത്തിലൂടെയോ ആകാം. ഇതില്‍ രക്തബന്ധമുള്ളവരെക്കുറിച്ചാണ് 11 ആം ആയത്തില്‍ പറയുന്നത്.
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് ‘വസ്വിയ്യത്ത്’ ചെയ്യുന്നു (يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ) എന്ന് വളരെ ഗൌരവത്തോടെ ഉണര്‍ത്തിയാണ്, അല്ലാഹു നിയമങ്ങള്‍ വിവരിക്കാന്‍ തുടങ്ങുന്നത്. വിഷയത്തിന്റെ പ്രാധാന്യവും, വീഴ്ചവരുത്താതെ നിര്‍വഹിക്കേണ്ടതാണെന്നുമാണ് സൂചിപ്പിക്കുന്നത്.
അനന്തരാവകാശികള്‍ പലരുണ്ടെങ്കിലും മരണപ്പെടുന്ന ആളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണല്ലോ മക്കള്‍. അതുകൊണ്ട് മക്കളുടെ കാര്യം ആദ്യം പറയുന്നു. മാത്രമല്ല, പെണ്മക്കള്ക്കും, ചെറിയ ആണ്മക്കള്ക്കും സ്വത്തവകാശം നല്കപ്പെടാതിരുന്നൊരു സാഹചര്യത്തിലാണ് ഈ നിയമം അവതരിക്കുന്നതും.
ഇസ്ലാമിലെ അനന്തരാവകാശനിയമത്തില്‍ ഉപയോഗിക്കാറുള്ള ചില സാങ്കേതിക പദങ്ങളും തത്ത്വങ്ങളും ആദ്യം പറയാം. എല്ലാ നിയമവശങ്ങളെക്കുറിച്ചും ശരിക്ക് മനസ്സിലാകണമെങ്കില്‍ അതാദ്യം അറിയണം.
അനന്തരാവകാശ സംബന്ധമായ കാര്യങ്ങളില്‍ ‘പിതാവ്, മാതാവ്, മകന്, മകള്‍, സഹോദരന്, സഹോദരി, പിതൃവ്യന്, ഭര്‍ത്താവ്’ എന്നിങ്ങനെ പറയുമ്പോള്‍, മരണപ്പെട്ട ആളുടെ പിതാവ്, മാതാവ്, മകന്…. എന്നാണര്‍ത്ഥം.
അതുപോലെത്തന്നെ. ‘പകുതി, ആറിലൊന്ന്, എട്ടിലൊന്ന്’ എന്ന് തുടങ്ങിയുള്ള ഓഹരികള്‍ കണക്കാക്കുന്നത്, മരണപ്പെട്ട ആളുടെ ആകെ സ്വത്തിനെ അടിസ്ഥാനമാക്കിയുമാണ്.
ഉദാഹരണമായി, മകള്‍ക്ക് പകുതിയും, ഭാര്യക്ക് എട്ടിലൊന്നും എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം, പരേതന്റെ ആകെ സ്വത്തില്‍നിന്ന് അവന്റെ മകള്‍ക്ക് അതിന്റെ പകുതിയും അവന്റെ ഭാര്യക്ക് അതിന്റെ എട്ടിലൊന്നും എന്നാണ്.
അവകാശികളില്‍ രണ്ട് തരക്കാരുണ്ട്:
1) ഫര്‍ളുകാര്‍ أَهْلُ الفُرُوض - (നിശ്ചിത ഓഹരി കണക്കാക്കപ്പെട്ടവര്‍). ഇവരുടെ നിശ്ചിത ഓഹരിയില്‍ ഏറ്റക്കുറവ് വരില്ല.
അനന്തരസ്വത്തിന്റെ പകുതി, മൂന്നില്‍ രണ്ട്, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നിലൊന്ന്, ആറിലൊന്ന് ഇങ്ങനെ ഏതെങ്കിലുമൊരു ഓഹരിയുടെ അവകാശമുള്ളവരാണ് ഫര്‍ളുകാര്‍. ഉദാഹരണം ഭാര്യ, ഭര്‍ത്താവ്, മാതാവ്, മാതാവൊത്ത സഹോദരന് എന്നിവരെ പോലെയുള്ളവര്‍.
2) അസ്വബക്കാര്‍ العصبة -(നിശ്ചിത ഓഹരി നിര്ണയിക്കപ്പെടാത്തവര്).
നിശ്ചിത ഓഹരിയില്ലാത്ത, ഒന്നുകില്‍ തികച്ചും അല്ലെങ്കില്‍ ഫര്ളുകാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി മുഴുവനും അവകാശമുള്ളവര്‍. പുത്രന്മാര്, പിതാവ്, (പിതാവൊത്ത) സഹോദരന്മാര്, പിതൃവ്യന്മാര് ഇങ്ങനെ പരേതനുമായി അടുത്ത കുടുംബബന്ധമുള്ളവരായിരിക്കും ഇവര്‍.
നിശ്ചിത ഓഹരിക്കാര്‍ക്ക് കൊടുത്തു കഴിഞ്ഞശേഷം ബാക്കിയുള്ളത് മുഴുവന്‍ ഇവര്‍ക്കായിരിക്കും. നിശ്ചിത ഓഹരിക്കാര്‍ തീരെ ഇല്ലെങ്കില്‍ സ്വത്ത് മുഴുവനും ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. അതായത്, ഒരാള്‍ക്ക് രണ്ട് നിലക്കുള്ള അവകാശവും ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭവും ഉണ്ടാകാം എന്നര്‍ത്ഥം.
അസ്വബക്കാര്‍ മാത്രമേ അവകാശികളായി ഉള്ളുവെങ്കില്‍ അവരുടെ എണ്ണം എത്രയാണോ അത്ര ഓഹരിയാക്കി ഭാഗിച്ചാല്‍ മതി. പക്ഷേ, ആണും പെണ്ണുമുണ്ടാകുമ്പോള് പെണ്ണിന് ഒരു ഓഹരിയും ആണിന് രണ്ട് ഓഹരിയുമായി കണക്കാക്കണം.
ഉദാഹരണം: രണ്ട് പുത്രന്മാര് മാത്രമാണ് അവകാശികളുള്ളത്. എങ്കില്‍ സ്വത്ത് രണ്ട് ഓഹരിയാക്കുക. ഇനി രണ്ട് പുത്രന്മാരും രണ്ട് പുത്രികളുമുണ്ടെങ്കില് ആറ് ഓഹരിയാക്കുക. ഓരോന്ന് പുത്രികള്‍ക്കും ഈരണ്ട് പുത്രന്മാര്ക്കും കൊടുക്കുക. ഇനി പത്ത് പുത്രന്മാരും ഒരു പുത്രിയുമാണുള്ളതെങ്കില് ഇരുപത്തൊന്ന് ഓഹരിയാക്കുക. ഒന്ന് പുത്രിക്കും, ഈരണ്ട് പുത്രന്മാര്ക്കും കൊടുക്കുക. പത്ത് പുത്രന്മാര് മാത്രമാണെങ്കില്‍ പത്ത് ഓഹരിയാക്കുക. ഓരോന്ന് കൊടുക്കുക. ഇനി പത്ത് സ്ത്രീകള്‍ മാത്രമേ അവകാശികളുള്ളുവെങ്കില് പത്ത് ഓഹരിയാക്കി ഓരോന്ന് കൊടുക്കുക.
ഇങ്ങനെ ഓരോ മസ്അലയിലും ഓഹരിയാക്കേണ്ട എണ്ണത്തിന് അസ്വ് ല്‍ മസ്അല ( أصل مسألة- ഉത്ഭവസംഖ്യ) എന്നാണ് പറയുന്നത്. അപ്പോള്‍ മേല്പറഞ്ഞ മസ്അലകളില്‍ ഓഹരിയാക്കേണ്ട രണ്ട്, ആറ്, ഇരുപത്തൊന്ന്, പത്ത്, പത്ത് എന്നീ സംഖ്യകള്‍ അതത് മസ്അലകളിലെ അസ്വ് ല്‍ മസ്അലകളാണ്. അസ്വബക്കാര്‍ മാത്രമുള്ള മസ്അലകളില്‍ ഉത്ഭവസംഖ്യകള് കണ്ടുപിടിക്കാന്‍ എളുപ്പമാണ്.
ഇനി അസ്വബക്കാരുമുണ്ട്, ഫര്ളുകാരുമുണ്ട്. എങ്കില്‍ ഫര്ളുകാരുടെ നിശ്ചിത ഓഹരി കഴിച്ച് ബാക്കി മുഴുവന്‍ അസ്വബക്കാര്‍ തുല്യമായി പങ്കിട്ടെടുക്കുകയാണ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങള്‍ (തമാസുല്‍, തദാഖുല്‍, തവാഫുഖ്, തബായുന്‍) കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ ۚ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚۖ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ ۚ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا﴿١١﴾
അല്ലാഹു നിങ്ങള്‍ക്കു കല്പനതരികയാണ്: സ്വന്തം മക്കളുടെ കാര്യത്തില്‍ ആണിന്നു രണ്ടു പെണ്ണിന്റെയത്ര വിഹിതമുണ്ട്. രണ്ടിലേറെ പെണ്മക്കളാണെങ്കില് വിട്ടേച്ച സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കുണ്ട്; കേവലം ഒരു മകളാണെങ്കില്‍ പാതിയും. ഇനി, പരേതന്നു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളിലോരോ വ്യക്തിക്കും ആറിലൊന്നു കിട്ടും. മരിച്ചയാള്‍ക്കു മക്കളില്ലാതിരിക്കുകയും മാതാപിതാക്കളവകാശികളാവുകയും ചെയ്താല്‍ ഉമ്മാക്ക് മൂന്നിലൊന്നുണ്ടാകും; പരേതന്നു സഹോദരന്മാരോ സഹോദരിമാരോ ഉണ്ടെങ്കില്‍ മാതാവിനു ആറിലൊന്നാണു കിട്ടുക. ഇപ്പറഞ്ഞതൊക്കെ പരേതന്റെ വസ്വിയ്യത്തും കടവും കഴിച്ചാണ്. മാതാപിതാക്കളിലും മക്കളിലും നിന്ന് ആരാണു കൂടുതലുപകാരപ്പെടുകയെന്നു നിങ്ങള്‍ക്കറിയില്ല. അല്ലാഹു നിര്‍ണയിച്ച ഓഹരികളാണിവ. നിശ്ചയം അവന് സൂക്ഷ്മജ്ഞാനിയും യുക്തിമാനുമാകുന്നു.
അവകാശങ്ങള്‍ ആര്‍ക്കൊക്കെ എന്ന് കൃത്യമായി എണ്ണിപ്പറയുകയാണ്.
يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ
ആണിന് രണ്ടു പെണ്ണിന്റെയത്ര വിഹിതമുണ്ട്. ബന്ധുക്കളുടെ കൂട്ടത്തില്‍ പരേതനോട് ഏറ്റവും അടുത്തത് മക്കളായിരിക്കുമല്ലോ. അതുകൊണ്ടാണ് അവരെ ആദ്യം പറഞ്ഞത്.
മരിച്ചയാള്‍ക്ക് ഒരു മകന് മാത്രമേ അവകാശിയായി ഉള്ളൂവെങ്കില്‍ മുഴുവന്‍ സ്വത്തും അവനാണ്. അവര്‍ ഒന്നിലധികം പേരുണ്ടെങ്കില്‍, സമമായി ഭാഗിച്ചെടുക്കണം. നിശ്ചിത ഓഹരിക്കാര്‍ വേറെയുണ്ടെങ്കില്‍ അവരുടേത് കഴിച്ച് ബാക്കിയായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഇനി, പരേതന് മക്കളില്ലെങ്കില്‍, മകന്റെ മക്കള്‍ സ്വന്തം മക്കളെപ്പോലെ അവകാശമെടുക്കുന്നതാണ്.
മക്കള്‍ ആണും പെണ്ണും ഉണ്ടെങ്കില്‍, ആണിന്റെ പകുതി പെണ്ണിന് എന്ന തോതില്‍ ഭാഗിക്കണം. നിശ്ചിത ഓഹരിക്കാര്‍ വേറെയുണ്ടെങ്കില്‍ അവരുടേത് കഴിച്ച് ബാക്കി, ഇല്ലെങ്കില്‍ മുഴുവന്‍ സ്വത്തും അങ്ങനെ ഭാഗിച്ചെടുക്കേണ്ടതാണ്.
أَوْلاَد എന്നതിന്റെ ഏക വചനമാണ് وَلَد. മക്കളില്‍ ആണെന്നോ, പെണ്ണെന്നോ, ചെറുപ്പമെന്നോ, വലുപ്പമെന്നോ വ്യത്യാസം കൂടാതെ എല്ലാവര്ക്കും ഉപയോഗിക്കുന്ന പദമാണിത്.
ആണിന് രണ്ടു പെണ്ണിന്റെയത്ര വിഹിതമുണ്ട് (لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ) – ഇതാണ് അല്ലാഹുവിന്റെ വസ്വിയ്യത്ത്. ‘ആണിന്റെ പകുതിയാണ് പെണ്ണിനുള്ളത്’ എന്നോ മറ്റോ പറയാതെ, പെണ്ണിന്റെ ഓഹരിയെ മാനദണ്ഡമാക്കി ആണിന്റെ അവകാശം കണക്കാക്കിയിരിക്കുന്നു. എന്തിനാണിങ്ങനെ പറഞ്ഞത്?
ഈ നിയമം കൊണ്ടുള്ള ഉദ്ദേശ്യമെന്താണ് - സ്ത്രീകള്‍ക്ക് അവകാശം നല്കപ്പെടാത്ത പതിവ് നിറുത്തലാക്കി അവര്‍ക്ക് അവകാശസ്ഥിരത നല്കുന്നു, അതോടുകൂടി പുരുഷന്മാര്ക്ക് സ്ത്രീകളെ അപേക്ഷിച്ച് സ്വാഭാവികമായുള്ള പദവി വകവെച്ചുകൊടുക്കുകയും ചെയ്യുന്നു. അതായത്, പുരുഷന്റെ അവകാശം നിര്‍ണയിക്കല്‍ മാത്രമല്ല ഇവിടെ ഉദ്ദേശ്യം എന്നര്‍ത്ഥം.
ഇവിടെ സംശയം വരാം: സ്ത്രീയുടെയും പുരുഷന്റെയും പദവി വ്യത്യാസമുണ്ടെങ്കിലും മാതാപിതാക്കളുമായുള്ള രണ്ടു പേരുടെയും ബന്ധം ഒരുപോലെയാണല്ലോ. അപ്പോള്‍പിന്നെ രണ്ടു കൂട്ടര്‍ക്കും ഒരേ തോതില്‍ അവകാശം നല്കേണ്ടതല്ലേ?
മറുപടി: ധനത്തിന്റെ ആവശ്യം സ്ത്രീയെക്കാളുള്ളത് പുരുഷനാണ്. ഒരു ആണിനെ സംബന്ധിച്ചിടത്തോളം എന്തെല്ലാം ചെലവുകളാണുള്ളത്... സ്ത്രീകളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി അത്യാവശ്യ ചിലവുകളെല്ലാം നിര്‍വ്വഹിച്ചുകൊടുക്കേണ്ട ബാദ്ധ്യത പുരുഷന്മാര്‍ക്കല്ലേ. മാത്രമല്ല, വേറെയും നിരവധി വിഷയങ്ങളില്‍ ചെലവുചെയ്യേണ്ടത് പുരുഷന് തന്നെയാണ്. ഇതാണ് പുരുഷന്ന് സ്ത്രീയുടെ ഇരട്ടി നിശ്ചയിച്ചതിലടങ്ങിയ തത്ത്വങ്ങളിലൊന്ന്.
ഒരു വീട്ടിലെ ആങ്ങളക്ക് അവന് കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെയും മറ്റും എല്ലാ ചെലവുകളും നോക്കണം. അതേ സമയം പെങ്ങള്‍ക്കോ? അവളുടെ ചെലവ് അവളെ കല്യാണം കഴിക്കുന്ന പുരുഷന്റെ ബാധ്യതയാണ്. എന്നിട്ടും ശരീഅത്ത് അവള്‍ക്ക് അവകാശം വകവെച്ചുകൊടുക്കുകയാണ്.
فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ
രണ്ടിലേറെ പെണ്മക്കളാണെങ്കില് വിട്ടേച്ച സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കുണ്ട്; ഒരു മകള്‍ മാത്രമാണെങ്കില്‍ പാതിയും.
ആണ്‍മക്കളില്ലാത്തപ്പോള്‍, ഒരു മകള്‍ മാത്രമേയുള്ളൂവെങ്കില്‍ അവള്‍ക്ക് പകുതിയും, ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് (2/3) അംശവും ലഭിക്കും.
പെണ്മക്കള് രണ്ടിലധികമുണ്ടെങ്കില് ‘അവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗം’ എന്നാണ് അല്ലാഹു പറഞ്ഞത്. രണ്ടാള് മാത്രമായാലും ഇതേ വിധി തന്നെയാണ്. 176 ആം വചനത്തില്‍ രണ്ട് സഹോദരിമാര്‍ക്ക് മൂന്നില്‍ രംണ്ടംശമുണ്ടെന്ന് പറയുന്നുണ്ട്. രണ്ട് സഹോദരിമാര്‍ക്ക് മൂന്നില്‍ രംണ്ടംശം ലഭിക്കുമ്പോള്‍ രണ്ട് പെണ്മക്കള്ക്ക് ഏതായലും അത്ര ലഭിക്കേണമല്ലോ.
ۖ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ ۚ
ഇനി, പരേതന്നു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളിലോരോ വ്യക്തിക്കും ആറിലൊന്നു കിട്ടും.
മരിച്ച ആള്‍ക്ക് സന്താനമുണ്ടെങ്കില്‍ - അവര്‍ ആണോ പെണ്ണോ, ഒന്നോ അധികമോ ആവട്ടെ – അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും ആറില്‍ ഒന്നുവീതം അവകാശമുണ്ട്. എന്നാല്‍, പുത്രനില്ലാതിരിക്കെ മറ്റു ഓഹരിക്കാരുടേത് കഴിച്ച് വല്ലതും ബാക്കിയുണ്ടാകുന്നപക്ഷം അതും പിതാവിന്ന് ലഭിക്കും. മാതാവിന്ന് ആറിലൊന്ന് മാത്രമേ ലഭിക്കൂ.
فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ
മരിച്ചയാള്‍ക്കു മക്കളില്ലാതിരിക്കുകയും മാതാപിതാക്കളവകാശികളാവുകയും ചെയ്താല്‍ ഉമ്മാക്ക് മൂന്നിലൊന്നുണ്ടാകും. ബാക്കി പിതാവിന്നും.
ഇനി മരിച്ചയാള്‍ക്ക് മാതാപിതാക്കളും ഭാര്യയുമുണ്ടെങ്കിലോ? ഭാര്യയുടെ അവകാശം നാലില്‍ ഒരോഹരിയാണ്. അവള്‍ക്കത് കൊടുത്ത ശേഷമുള്ളതില്നിന്നാണ് മാതാവിന്ന് മൂന്നിലൊന്നും ബാക്കി പിതാവിന്നും നല്‍കുക.
അതുപോലെത്തന്നെ മയ്യിത്ത് സ്ത്രീയാണെങ്കില്‍ ഭര്‍ത്താവിന്റെ അവകാശം (പകുതി) അവന്ന് കൊടുത്തശേഷമുള്ളതില് നിന്നാണ് മാതാവിന്ന് മൂന്നിലൊന്ന് കൊടുക്കേണ്ടത്.
മക്കള്‍ ആരുമില്ലെങ്കില്‍ മകന്റെ മക്കളെ സ്വന്തം മക്കളായി ഗണിക്കപ്പെടും. പിതാവില്ലെങ്കില്‍ പിതാമഹന്ന് പിതാവിന്റെ സ്ഥാനവും കൊടുക്കും.
فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ
മരിച്ചവന് സഹോദരന്മാരോ സഹോദരിമാരോ ഉണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണ് കിട്ടുക.
ഒന്നില്‍ അധികം സഹോദരന്മാരോ സഹോദരിമാരോ ഉണ്ടെങ്കില്‍ മാതാവിന്ന് ആറില്‍ ഒന്നാണ് അവകാശം. ഒരാള്‍ മാത്രമായാല്‍ മൂന്നില്‍ ഒന്നുതന്നെ മാതാവിന്ന് ലഭിക്കുകയും ചെയ്യും.
മയ്യിത്തിന്ന് മാതാപിതാക്കളുണ്ട്, സഹോദര സഹോദരികളായി ഒന്നിലധികം പേരുമുണ്ട്. എങ്കില്‍ മാതാവിന് ആറിലൊന്ന് (1/6)മാത്രമായിരിക്കും ഉണ്ടാവുക. ഈ രണ്ടവസരത്തിലും നിശ്ചിത ഓഹരിക്കാരുടേത് കഴിച്ചു എന്തെങ്കിലും ബാക്കിവരുന്ന പക്ഷം അത് പിതാവിന് (അസ്വബയായി) ലഭിക്കുകയും ചെയ്യും.
ഈ ആയത്തും തല്‍സംബന്ധമായ ഹദീസുകളും അടിസ്ഥാനമാക്കി വേറെയും ഒരുപാട് വിധികള്‍ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ വിശീദകരിച്ചിട്ടുണ്ട്.
مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ
ഇപ്പറഞ്ഞതൊക്കെ മരിച്ചവന്റെ വസ്വിയ്യത്തും കടവും കഴിച്ചാണ്.
മയ്യിത്ത് വിട്ടേച്ച് പോകുന്ന ധനം ഓഹരിചെയ്യുന്നതിനുമുമ്പ് കടമുണ്ടെങ്കില്‍ അതു വീട്ടണം. പിന്നെ, നിയമവിധേയമായ വല്ല വസ്വിയ്യത്തുമുണ്ടെങ്കില് അതും കൊടുത്തുവീട്ടണം. അതിന്റെ ശേഷമാണ് ധനം ഓഹരി ചെയ്യേണ്ടത്.
ആകെ സ്വത്തിന്റെ മൂന്നിലൊന്നില്‍ മാത്രമേ വസ്വിയ്യത്ത് ബാധകമാവൂ. കടം അങ്ങനെയല്ല. കടം മുഴുവനും സ്വത്തില്‍നിന്ന് കൊടുത്തേ തീരൂ. കടം കഴിച്ച് ബാക്കിയൊന്നുമില്ലെങ്കില്‍, അവകാശികള്‍ക്ക് ഒന്നും ലഭിക്കുകയുമില്ല.
കടവും വസ്വിയ്യത്തും പരിഗണിക്കാതെ സ്വത്ത് ഭാഗിച്ചെടുക്കുന്നത് കുറ്റകരവും, മറ്റുള്ളവരുടെ അവകാശം അതിക്രമമായി പിടിച്ചെടുക്കലുമാണ്.
കടം വീട്ടുന്നതിന്റെ പ്രാധാന്യം കൂടി ഇവിടെ നിന്ന് മനസ്സിലാക്കേണ്ടതാണ്. ഈ വിഷയം തീരെ ഗൌനിക്കാത്തവരുണ്ട്. കൈയും കണക്കൂല്ലാതെ വാങ്ങിക്കൂട്ടുന്നവരുണ്ട്. ആകെ തിരിമറി കൊണ്ട് മാത്രം ജീവിക്കുന്നവര്‍. കടം ചോദിക്കാനായി മാത്രം പരിചയപ്പെടുന്നവരും വിശ്വാസം പിടിച്ചുപറ്റുന്നുവരുമുണ്ട്.
കടം വാങ്ങി തിരിച്ചുകൊടുക്കാതിരിക്കുന്നതും മുങ്ങിനടക്കുന്നതും, തിരിച്ചുചോദിച്ചാല്പിന്നെ പിണങ്ങുന്നതുമെല്ലാം ട്രെന്‍ഡായി മാറിയ കാലം കൂടിയാണിത്.
ഏറ്റവും വലിയ ടെന്‍ഷനാണ് കടം. വീട്ടാതിരിക്കുന്നത് വലിയ തെറ്റുമാണ്. ശഹീദിനു പോലും വിട്ടുവീഴ്ചയില്ലാത്ത വിഷയമാണ്.
آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ
ഖുര്‍ആന്‍ അവതരണ കാലത്ത്, പ്രായം തികഞ്ഞ പുരുഷന്മാര്ക്കു മാത്രമേ അവകാശം കൊടുത്തിരുന്നുള്ളുവെന്ന് നേരത്തെ പറഞ്ഞല്ലോ. യുദ്ധം പോലെയുള്ള അവസരങ്ങളിലെല്ലാം അവരെക്കൊണ്ടേ ഉപകാരം ലഭിക്കൂ എന്നായിരുന്നു ന്യായീകരണം.
അതു ശരിയല്ലെന്നാണിവിടെ പറയുന്നത്. ആരെക്കൊണ്ടാണ് കൂടുതല്‍ ഉപകാരം ലഭിക്കുകയെന്ന് അറിയുന്നവന് അല്ലാഹുവാണ്. ആ അടിസ്ഥാനത്തില്‍ ഓരോരുത്തരുടെയും അവകാശം നിര്‍ണയിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. അതുകൊണ്ടാണ് എല്ലാവരുടെയും അവകാശം അല്ലാഹു തന്നെ നിര്‍ണയിച്ചു തന്നിരിക്കുന്നത്. അവന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും അവന് പറഞ്ഞതുപോലെ ഓഹരി വെക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
പിതാക്കള്‍ എന്ന് പറഞ്ഞതില്‍, നേരെയുള്ള പിതാക്കള്‍ക്ക് പുറമെ പിതാമഹന്മാരും, മക്കള്‍ എന്ന് പറഞ്ഞതില്‍ നേരെ മക്കളും മക്കളുടെ മക്കളും ഉള്‍പ്പെടും. ഉപകാരം കൊണ്ടുദ്ദേശ്യം ഐഹികവും പാരത്രികവുമായ 2 തരത്തിലുള്ള ഉപകാരവുമാകാം.
ഏത് തരത്തിലായാലും ഇപ്പറഞ്ഞതുതന്നെയാണല്ലോ ശരി. സമര്‍ത്ഥരായ, നന്നായി ഉപകാരപ്പെടുമെന്ന് കണക്കുകൂട്ടിയ മക്കളെക്കൊണ്ടുതന്നെ, ഒരു ഉപകാരവുമില്ലാതെ പോയി എന്നു മാത്രമല്ല, കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവരിക പോലും ചെയ്തത് എത്രയോ രക്ഷിതാക്കളുടെ അനുഭവമാണല്ലോ. അതെല്ലാം അല്ലാഹുവിന്റെ കൈയിലാണ്. മക്കളെ ദീനീ ചിട്ടയനുസരിച്ച് നന്നായി വളര്‍ത്തുകയും രണ്ടു ലോകത്തും ഉപകാരപ്പെടാന്‍ ദുആ ഇരക്കുകയുമാണ് നമ്മള് ചെയ്യേണ്ടത്.
فَرِيضَةً مِنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
ഇന്നയാള്‍ക്ക് ഇത്ര ഓഹരി, ചിലര്‍ക്ക് കൂടുതല്‍, ചിലര്‍ക്ക് കുറവ് എന്നൊക്കെ നിശ്ചയിച്ചത് അല്ലാഹുവാണ്. അത് മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ ചെയ്താല്‍തന്നെ അത് യുക്തമായിരിക്കുകയുമില്ല. കാരണം, എല്ലാ കാര്യവും അറിയുന്ന സര്‍വജ്ഞനും, എല്ലാ യുക്തി രഹസ്യങ്ങളും അറിയുന്ന അഗാധജ്ഞനും അല്ലാഹുവാണ് എന്നതുതന്നെ.
ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ പുച്ഛിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. അത്, അന്നത്തെ അറബികളുടെ പരിസ്ഥിതികളോട് യോജിച്ച ചില പരിഷ്കരണങ്ങള്‍ മാത്രമാണ്, യുക്തിക്കും കാലാനുസൃതവുമായ ചില മാറ്റങ്ങളൊക്കെ ഈ നിയമങ്ങളില്‍ ആവശ്യമാണ് എന്നെല്ലാം വാദിക്കുന്ന ചില മുസ്ലിം നാമധാരികള്‍ തന്നെയുണ്ട്. അതൊന്നും ശരിയല്ലെന്നും അംഗീകരിക്കാവതല്ലെന്നും തറപ്പിച്ചുപറയുകയാണിവിടെ. അതെ - അല്ലാഹു നിശ്ചയിച്ചതാണത്.
അനന്തരാവകാശ നിയമങ്ങള്‍ അവതരിക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്ക് എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമായിരുന്നുവെന്ന് സൂറത്തുല്‍ ബഖറ 180 ആം വചനം പഠിച്ചപ്പോള്‍ പറഞ്ഞിരുന്നല്ലോ. ഈ നിയമങ്ങള്‍ അവതരിച്ചതോടെ ആ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടു.
ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ‘സന്താനങ്ങള്‍ക്ക് ധനവും, മാതാപിതാക്കള്‍ക്ക് വസ്വിയ്യത്തുമാണ് (മുമ്പ്) ഉണ്ടായിരുന്നത്. എന്നിട്ട് അതില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചതവന് ‘നസ്ഖ്’ ചെയ്തു. അങ്ങനെ ആണിന്ന് രണ്ട് പെണ്ണിന്റെ ഓഹരിയാക്കി. മാതാപിതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും ആറിലൊന്നും മൂന്നിലൊന്നും, ഭാര്യക്ക് നാലിലൊന്നും എട്ടിലൊന്നും, ഭര്‍ത്താവിന് പകുതിയും നാലിലൊന്നുമാക്കി നിശ്ചയിക്കുകയും ചെയ്തു.’ (ബുഖാരി)
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment