അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 80-86) തദബ്ബുര്‍, ശുപാര്‍ശ, സലാം പറയല്‍
അല്ലാഹുവിനെയും റസൂലിനെയും പൂര്‍ണമായും അനുസരിക്കണമെന്നും അനിവാര്യഘട്ടങ്ങളില്‍ യുദ്ധത്തിനിറങ്ങാനുള്ള കല്പനകളുണ്ടാകുമ്പോള്‍, കൊല്ലപ്പെടുമോ എന്ന പേടി കാരണം പോകാതിരിക്കരുതെന്നും തുടങ്ങി പല കാര്യങ്ങളും കഴിഞ്ഞ പേജില്‍ പറഞ്ഞു.
ഈ അനുസരണവുമായി ബന്ധപ്പെട്ടുതന്നെയാണ് ചില കാര്യങ്ങള്‍ ഇനി പറയുന്നത്. തിരുനബി صلى الله عليه وسلم യെ അനുസരിക്കുക എന്നത് വിശുദ്ധ ദീനിന്‍റെ വളരെ സുപ്രധാനമായ ഒരു ഘടകമാണെന്നാണ് ആദ്യം പറയുന്നത്. എല്ലാവരും എപ്പോഴും സഗൗരവം ഓര്‍മിച്ചിരിക്കേണ്ട ഒരു മൗലിക തത്വം.
തിരുനബി صلى الله عليه وسلم യെ അനുസരിക്കുന്നയാള്‍ അല്ലാഹുവിനെ തന്നെയാണ് അനുസരിക്കുന്നത്. കാരണം, അല്ലാഹുവിന്‍റെ കല്‍പനകളും നിരോധങ്ങളുമാണ് തിരുനബി صلى الله عليه وسلم ലോകത്തെ പഠിപ്പിക്കുന്നത്. വഹ്‌യ് അല്ലാതെ സ്വേച്ഛാനുസൃതം യാതൊന്നും തിരുനബി صلى الله عليه وسلم ഉച്ചരിക്കുകയില്ലല്ലോ. (ഖുര്‍ആന്‍ 53:3,4).
ഇനി, അനുസരിക്കാതെ ആരെങ്കിലും പിന്മാറുന്നുവെങ്കില്‍ തിരുനബി صلى الله عليه وسلم അക്കാര്യത്തില്‍ സങ്കടപ്പെടേണ്ടതില്ല. കാരണം, അവിടത്തെ ഉത്തരവാദിത്തം ഈ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമാണ്; സന്മാര്‍ഗത്തിലേക്ക് നിര്‍ബന്ധിച്ച് ചേര്‍ക്കുകയല്ല. അനുസരിക്കാതിരിക്കുന്നവര്‍ നഷ്ടം വിലക്കുവാങ്ങുകയാണ്. അനുസരിക്കുന്നവരോ, വിജയിക്കുകയും സ്വര്‍ഗാവകാശികളാവുകയും ചെയ്യും.
مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَنْ تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا (80)
റസൂലിനെ ഒരാള്‍ അനുസരിക്കുന്നുവെങ്കില്‍ അയാള്‍ അല്ലാഹുവിനെ അനുസരിക്കുക തന്നെയാണ് ചെയ്തത്. ഇനി ആരെങ്കിലും പിന്തിരിഞ്ഞാല്‍ (അത് കാര്യമാക്കേണ്ട;) അവരുടെ കാവല്‍ക്കാരനായി താങ്കളെ നാം നിയോഗിച്ചിട്ടില്ല!
തിരുനബി صلى الله عليه وسلم യെ അനുസരിച്ചവരേ അല്ലാഹുവിനെ അനുസരിച്ചവരാകൂ എന്ന്. ഗൌരവമാണ് വിഷയം. തിരുസുന്നത്തിനെ അവഗണിച്ച്, അല്ലാഹു മാത്രം മതിയെന്ന് വാദിക്കുന്നവരൊക്കെയില്ലേ. തിരുനബി صلى الله عليه وسلم യുടെ പദവി ഇടിച്ചു താഴ്ത്തുന്ന അത്തരക്കാര്‍ ഈ സൂക്തം നന്നായി ശ്രദ്ധിക്കണം.
തിരുനബി صلى الله عليه وسلم യെ അനുസരിക്കുകയും വേണം, അനുകരിക്കുകയും വേണം. അതായത്, അവിടന്ന് പറഞ്ഞത് അപ്പടി കേള്‍ക്കുകയും, ചെയ്തുകാണിച്ചത് അതേപോലെ പകര്‍ത്തുകയും ചെയ്യണം.
സുന്നത്തുകള്‍ നിസ്സാരമായി കാണരുത്, പരമാവധി പകര്‍ത്താന്‍ ശ്രമിക്കുക.
തിരുസുന്നത്തില്‍ എല്ലാറ്റിനും മാതൃകയുണ്ടെങ്കിലും, മറ്റുള്ളവരുടേതിനു പിറകെ പോകാനാണ് പലര്‍ക്കുമിഷ്ടം. തിരുസുന്നത്തിനേക്കാള്‍ മഹബ്ബത്ത് ഈ വകകളോടാണെന്നല്ലേ അതിനര്‍ത്ഥം.
وخَيْرُ الهَدْيِ هَدْيُ مُحَمَّدٍ صلى الله عليه وسلم (ഏറ്റവും നല്ല ചര്യ തിരുനബി صلى الله عليه وسلم യുടെ ചര്യയാണ്). പക്ഷേ, നമുക്ക് ഖൈറും ഇഷ്ടവും മറ്റു പലതുമാണ്.
തിന്നുന്നേടത്ത്, കുടിക്കുന്നേടത്ത്, വേഷവിധാനങ്ങളില്‍, കല്യാണം, നാട്ടുനടപ്പുകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍... നമ്മുടെ ഇഷ്ടങ്ങള്‍ നടപ്പാക്കുന്നവയുടെ ലിസ്റ്റ് നീളും.
അടുത്ത ആയത്ത് 81
തിരുനബി صلى الله عليه وسلم യെ അനുസരിക്കുന്ന കാര്യത്തില്‍ കപടവിശ്വാസികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണിനി. തിരുനബി صلى الله عليه وسلمയെ അനുസരിക്കുന്നവരാണ് ഞങ്ങളെന്ന് തിരുസന്നിധിയില്‍വെച്ച് അവര്‍ തട്ടിവിടും.
അതായത്, തിരുനബി (صلّى الله عليه وسلّم) എന്തെങ്കിലും കല്‍പിക്കുകയോ, വല്ല ആയത്തുകളും കേള്‍പ്പിക്കുകയോ ചെയ്യുമ്പോള്‍, അനുസരിക്കാന്‍ തയ്യാറാണെന്നു പറയും. അവിടന്നങ്ങോട്ട് പോയാലോ, അതിനെതിരെ പരസ്പരം ഗൂഢാലോചന നടത്തി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.
അതൊക്കെ അല്ലാഹു അറിയുകയും രേഖപ്പെടുത്തി വെക്കുകയും ചെയ്യുന്നുണ്ടെന്നും, തിക്തഫലം വഴിയെ അവര്‍തന്നെ അനുഭവിക്കേണ്ടി വരുമെന്നും താക്കീത് ചെയ്യുകയാണ്.
അവരുടെ ഇത്തരം ഗൂഢാലോചനകള്‍ അവഗണിക്കാനാണ് അല്ലാഹു തിരുനബി صلى الله عليه وسلم യോട് നിര്‍ദ്ദേശിക്കുന്നത്. അവിടന്ന് അല്ലാഹുവിനുമേല്‍ ഭരമേല്‍പിച്ചാല്‍ മതി. വേണ്ട നടപടികള്‍ അവനെടുത്തുകൊള്ളും.
ഏതായാലും അത്തരം ഗൂഢാലോചനകളില്‍ നിന്നെല്ലാം സര്‍വശക്തന്‍ തിരുനബി صلى الله عليه وسلمയെ രക്ഷപ്പെടുത്തിയത് ചരിത്രമാണല്ലോ.
ഈ കപടനാടകം കൊണ്ട് കോട്ടമെല്ലാതെ ഒരു നേട്ടവും അവര്‍ക്കുണ്ടായിട്ടില്ല. സൂറത്തുല്‍ബഖറ തുടക്കത്തിലും മറ്റ് പലയിടത്തും അല്ലാഹു വിശദീകരിച്ചപോലെ ആളുകള്‍ക്കിടയില്‍ വഷളാവുകയും തരംതാഴുകയാണ് അവര്‍ ചെയ്തത്.
وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا مِنْ عِنْدِكَ بَيَّتَ طَائِفَةٌ مِنْهُمْ غَيْرَ الَّذِي تَقُولُ ۖ وَاللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا (81)
ഞങ്ങളുടെ നിലപാട് അനുസരണമാണ് എന്നവര്‍ തട്ടിവിടും. എന്നാല്‍, താങ്കളുടെ സന്നിധിയില്‍ നിന്ന് പുറത്തുപോയിക്കഴിഞ്ഞാല്‍ പറയുന്നതിനു വിപരീതമായി അവരിലൊരു വിഭാഗം നിശാഗൂഢാലോചന നടത്തും. അവരുടെ നിശാഗൂഢാലോചനകള്‍ അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. താങ്കള്‍ അവരെയവഗണിക്കുകയും അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. കാര്യങ്ങള്‍ ഭരമേല്‍പിക്കപ്പെടുവാന്‍ അല്ലാഹു തന്നെ മതി!
അടുത്ത ആയത്ത് 82
വിശുദ്ധ ഖുര്‍ആനിനെക്കുറിച്ചും അതിലെ മഹത്തായ ആയത്തുകളെക്കുറിച്ചും വേണ്ടവിധം ചിന്തിക്കാത്തതാണ്, നേരത്തപറഞ്ഞപോലെയുള്ള മോശം സ്വഭാവം അവര്‍ക്കുണ്ടാകാന്‍ കാരണം. ഖുര്‍ആന്‍ മനസ്സിരുത്തി ചിന്തിക്കുകയാണ് വേണ്ടത്.
മുശ്‌രിക്കുകളും മുനാഫിഖുകളും തിരുനബി صلى الله عليه وسلمക്കെതിരെ പല ഗൂഢാലോചനകളും നടത്താറുണ്ട്. എന്നാല്‍ അവരുടെ പദ്ധതികളെല്ലാം-അവര്‍ മനസ്സില്‍ കരുതിയതുപോലും- ലവലേശം വ്യത്യാസമില്ലാതെ ഖുര്‍ആനിലൂടെ തിരുനബി صلى الله عليه وسلم വെളിച്ചത്ത് കൊണ്ടുവരും.
മുഴുവന്‍ രഹസ്യങ്ങളും അറിയുന്ന സര്‍വജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നല്ല ഖുര്‍ആന്‍ അവതീര്‍ണമാകുന്നതെങ്കില്‍ ശത്രുക്കളുടെ ഗൂഢാലോചനകളെ സംബന്ധിച്ച് പറയുന്നിടത്ത് തെറ്റ് സംഭവിക്കാമായിരുന്നു. അല്ലെങ്കില്‍ വൈരുധ്യമുണ്ടാകുമായിരുന്നു. ഇങ്ങനെയാണ് ഇനി നമ്മള്‍ പഠിക്കുന്ന ആയത്തിന്, ഇതുവരെ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ചിലര്‍ വ്യാഖ്യാനം നല്‍കിയത്.
വിശാലമായി വ്യാഖ്യാനം പറഞ്ഞ മുഫസ്സിറുകളുമുണ്ട്. പറയാം إن شاء الله
أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا (82)
അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതാണ് അതെങ്കില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ അവര്‍ക്കതില്‍ കാണാമായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍റെ സവിശേഷതകള്‍ വര്‍ണനാതീതമാണ്. നിരവധി ശത്രുക്കള്‍ തന്നെ അതിന്‍റെ ബഹുമുഖ വൈശിഷ്ട്യങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.
തിരുനബി صلى الله عليه وسلم സാധാരണ മനുഷ്യനല്ലെന്നും അല്ലാഹുവിന്‍റെ തിരുദൂതരാണെന്നുമുള്ളതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തവും ഈ വിശുദ്ധ ഗ്രന്ഥം തന്നെയാണ്. തത്തുല്യമായ ഒരു കൊച്ചു സൂറയെങ്കിലും കൊണ്ടുവരാന്‍ ലോകത്തോടുള്ള ഖുര്‍ആന്‍റെ വെല്ലുവിളി പതിനാലു നൂറ്റാണ്ടുകളായി അധൃഷ്യമായി നിലകൊള്ളുകയാണിന്നും. തുറന്ന ഹൃദയത്തോടും നിഷ്പക്ഷമായും ഖുര്‍ആന്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ ഏതൊരാളും അതിനെ അംഗീകരിക്കാന്‍ സന്നദ്ധനാകും.
ഭൂരിപക്ഷം ഇമാമുകളും വിശാലമായാണ് ഈ ആയത്ത് വ്യാഖ്യാനിച്ചത്. ഖുര്‍ആനില്‍ പ്രതിപാദിച്ച വിഷയങ്ങളുടെ സത്യാവസ്ഥ, വാചകങ്ങളുടെ യോജിപ്പ്, സരളമായ ഒഴുക്ക്, ആശയസ്ഫുടത തുടങ്ങി സാഹിത്യ-സാന്മാര്‍ഗിക വിഷയങ്ങളെല്ലാം അപാരമാണ്. സൃഷ്ടികള്‍ക്കൊന്നും നാലയലത്തുപോലും എത്താന്‍ കഴിയാത്തതാണത്. യാതൊരു വ്യത്യാസവും വൈരുധ്യവും അതിലൊന്നും കാണുന്നതല്ല; ഇബ്‌നുകസീര്‍, ഇബ്‌നുജരീര്‍ തുടങ്ങി പ്രബലരായ മുഫസ്സിറുകളെല്ലാം ഇങ്ങനെയാണിത് വിശദീകരിച്ചത്.
ഖുര്‍ആനില്‍ പൂര്‍വകാല സമൂഹങ്ങളുടെ ചരിത്രങ്ങളുണ്ട്. യഹൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പിണഞ്ഞ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാവിയില്‍ ഉണ്ടാകുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രവചനങ്ങളുമുണ്ട്. അതില്‍ പലതും ലോകം കണ്ടുകഴിഞ്ഞു. ബാക്കിയുള്ളത് കാണാനുമിരിക്കുന്നു.
വ്യക്തികളുടെയും കുടുംബങ്ങളുടെയും സമുദായത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും ലോകത്തിന്‍റെ തന്നെയും നന്മക്കും പുരോഗതിക്കുമാവശ്യമായ കാര്യങ്ങളും വിശ്വാസ-സ്വഭാവ സംബന്ധമായ കാര്യങ്ങളും വിവരിച്ചിട്ടുണ്ട്.
ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കടല്‍, കര, കാറ്റ്, മഴ, ഇടി, മിന്നല്‍ തുടങ്ങി ഉപരിലോകവസ്തുക്കളെയും ഭൂലോകവസ്തുക്കളെയും സംബന്ധിച്ച പ്രതിപാദനമുണ്ട്. ഇതിലൊന്നും യാതൊരു വൈരുദ്ധ്യവുമില്ല. മനുഷ്യനാണ് ഇത്തരമൊരു കൃതി ഉണ്ടാക്കിയതെങ്കില്‍ സ്വാഭാവികമായും ന്യൂനതകളും വൈരുധ്യങ്ങളും കാണില്ലേ.
അങ്ങനെ എന്തെങ്കിലും വൈരുധ്യങ്ങളുണ്ടായിരുന്നുവെങ്കില്‍, നല്ല അറബിയും സാഹിത്യവുമൊക്കെ തിരിയുന്ന അറബികളത് മൂടിവെക്കുമോ... ആഘോഷിക്കില്ലേ അവര്‍?! അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലല്ലോ.
പിന്നെ ചില നിക്ഷിപ്ത താല്പര്യമുള്ളവര്‍, പരസ്പര വ്യത്യാസങ്ങളോ, വിയോജിപ്പോ ഒക്കെ ഉള്ളതായി പറഞ്ഞുനടക്കാറുണ്ട്. ഇന്നും അത്തരക്കാരുണ്ട്. വസ്തുനിഷ്ഠമായി പഠിച്ചാല്‍ അവര്‍ക്കും കാര്യങ്ങള്‍ ശരിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനവര്‍ തയ്യാറാകണമെന്നുമാത്രം.
കുറഞ്ഞ വാക്കുകളില്‍ ഒരുപാട് അര്‍ത്ഥതലങ്ങള്‍ വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ ചിന്തിച്ച് പാരായണം ചെയ്യുന്നതിലും ജീവിതത്തില്‍ പകര്‍ത്തുന്നതിലും നമ്മള്‍ ബദ്ധശ്രദ്ധ പുലര്‍ത്തണം.
ഒരു ഗ്രന്ഥം വായിക്കുമ്പോള്‍, പഠിക്കുമ്പോള്‍ അത് മനസ്സിലാകണ്ടേ. അതിനല്ലേ വായിക്കുന്നത്... മനസ്സിലാകാത്തത് വായിക്കാനോ പഠിക്കാനോ ആരും തയ്യാറാകാറില്ലല്ലോ. അതുകൊണ്ട് വിശുദ്ധ ഖുര്‍ആനും പഠിച്ച് മനസ്സിലാക്കി, ആലോചിച്ചും ചിന്തിച്ചും പാരായണം ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഇരുലോകത്തും വലിയ നേട്ടങ്ങള്‍ക്ക് കാരണമാണത്. അല്ലാഹു സഹായിക്കട്ടെ-ആമീന്‍.
അടുത്ത ആയത്ത് 83
കപടവിശ്വാസികളുടെ മറ്റൊരു കുതന്ത്രമാണ് ഇനി പറയുന്നത്. ജനങ്ങള്‍ക്ക് ആശ്വാസമുണ്ടാക്കുന്ന, അല്ലെങ്കില്‍ പേടിപ്പെടുത്തുന്ന വല്ല വിവരങ്ങളും കേട്ടാല്‍, അതിന്‍റെ സത്യാവസ്ഥയോ, അത് പരസ്യപ്പെടുത്തിയാലുണ്ടാകുന്ന ഭവിഷ്യത്തോ ഒന്നും ആലോചിക്കാതെ അതങ്ങോട്ട് പ്രചരിപ്പിക്കും.
നാനാ ഭാഗത്തും ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുന്ന അന്നത്തെ ചുറ്റുപാടില്‍ അത്തരം പല വാര്‍ത്തകളും കിംവദന്തികളും കേള്‍ക്കുക സ്വാഭാവികവുമാണല്ലോ.
എന്ന് മാത്രമല്ല, പ്രതിരോധ സമരങ്ങള്‍ക്കും മറ്റുമായി മദീനയുടെ പുറംനാടുകളിലേക്ക് പല സ്വഹാബികളെയും തിരുനബി صلى الله عليه وسلمഅയക്കാറുണ്ടായിരുന്നല്ലോ. അവരെ സംബന്ധിച്ചോ മറ്റോ വിജയത്തിന്‍റെയോ പരാജയത്തിന്‍റെയോ വാര്‍ത്തകളോ തന്ത്രപ്രധാനമായ വേറെ വല്ല വിവരങ്ങളോ ലഭിക്കുകയും ചെയ്യാം.
അത്തരം വാര്‍ത്തകളെക്കുറിച്ച് തിരുനബി صلى الله عليه وسلمയില്‍ നിന്നോ മറ്റു നേതാക്കളില്‍ നിന്നോ സ്ഥീരീകരണമോ നിഷേധമോ വരുന്നത് കാത്തുനില്‍ക്കാതെ നാട്ടിലാകെ അവരത് പറഞ്ഞുപരത്തും. ഇത് സമാധാനത്തിന്നും രാഷ്ട്രത്തിന്‍റെ ഭദ്രതക്കും ദോഷം വരുത്തുമെന്ന് ഉറപ്പാണല്ലോ. അവരുടെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു.
അതുപോലെ തിരുനബി صلى الله عليه وسلم യുടെ യാത്രാപ്ലാനുകളൊക്കെ മണത്തറിഞ്ഞ് പരസ്യപ്പെടുത്തും. അത്തരം പ്ലാനുകള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളും ഭയാനകമായിരിക്കും.
അത്തരം വാര്‍ത്തകള്‍ തിരുനബി صلى الله عليه وسلمയുടെയും നേതാക്കളുടെയും ശ്രദ്ധയില്‍ പെടുത്തുകയാണവര്‍ ചെയ്യേണ്ടിയിരുന്നത്; പറഞ്ഞുപരത്തുകയല്ല. അങ്ങനെ ചെയ്താല്‍ തിരുനബി صلى الله عليه وسلم യും നേതാക്കളും അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി, പൊതുജനങ്ങളെ അറിയിക്കേണ്ടതാണെങ്കില്‍ ശരിയായ രീതിയില്‍ അറിയിക്കുകയും ചെയ്യും. പക്ഷേ, അതല്ലല്ലോ മുനാഫിഖുകളുടെ ആവശ്യം.
ഒരു രാഷ്ട്രത്തിന്‍റെ നയവും താല്‍പര്യവും രാഷ്ട്രത്തലവന്‍മാരാണ് കൈകാര്യം ചെയ്യേണ്ടത്, പൊതുജനങ്ങളല്ലല്ലോ. അങ്ങനെ ചെയ്യാതെ, കേട്ടമാത്രയില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഈ രീതി കേവലം പൈശാചികമാണ്.
മുനാഫിഖുകളുടെ ഇത്തരം കുതന്ത്രങ്ങള്‍ വളരെ രൂക്ഷമായിരുന്നു.
'അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും' അതായത് അവന്‍റെ സഹായവും വിജയത്തുടര്‍ച്ചകളു ഉണ്ടായിരുന്നില്ലെങ്കില്‍ മിക്ക ആളുകളും മുനാഫിഖുകളുടെ കുതന്ത്രങ്ങള്‍ മൂലം വഴിതെറ്റിപ്പോകുമായിരുന്നു. അത്രക്കും രൂക്ഷമായിരുന്നുവത്രേ അത്.
وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ ۖ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَىٰ أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ ۗ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا (83)
സമാധാനാവസ്ഥയുമായോ യുദ്ധഭീതിയുമായോ ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാല്‍ കപടവിശ്വാസികള്‍ അത് പറഞ്ഞുപരത്തും. അവരത് റസൂലിന്‍റെയും തങ്ങളില്‍ കാര്യവിവരമുള്ളവരുടെയുമടുത്ത് എത്തിച്ചു കൊടുത്തിരുന്നുവെങ്കില്‍ അവരിലെ അന്വേഷണവിദഗ്ദര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിഞ്ഞിരുന്നേനെ. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹവും ഉണ്ടായിരുന്നില്ലെങ്കില്‍ അല്‍പം ചിലരൊഴികെ നിങ്ങള്‍ പിശാചിനെ പിന്‍പറ്റുമായിരുന്നു.
കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം സത്യാവസ്ഥ അറിയുന്നതിന് മുമ്പ് പുറത്ത് പറയരുത്. അത് മുനാഫിഖുകളുടെ സ്വഭാവമാണ്. വിശുദ്ധ ഖുര്‍ആന്‍ മറ്റൊരിടത്തും ഇക്കാര്യം കണിശമായി പറയുന്നുണ്ട്; അന്വേഷിച്ചറിയാതെ കാര്യങ്ങള്‍ പുറത്തുവിടരുതെന്ന്. (സൂറത്തുല്‍ ഹുജുറാത്ത് 6 ഉദാഹരണം).
അടിസ്ഥാനരഹിതമായ ചെറിയൊരു വാര്‍ത്ത മൂലം അതിഭയങ്കരമായ ഭവിഷ്യത്തുകളായിരിക്കുമുണ്ടാവുക. സംഭവിച്ചു കഴിഞ്ഞശേഷം, പിന്നീട് ആ വാര്‍ത്ത ശരിയായിരുന്നില്ലെന്ന് അറിഞ്ഞത് കൊണ്ട് പ്രയോജനമില്ലല്ലോ.
കേട്ടതെല്ലാം പറയുക എന്നത് മനുഷ്യന്ന് മതിയായ കുറ്റമാണെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞതും ശ്രദ്ധേയമാണ് (മുസ്‌ലിം).
അല്ലെങ്കിലും അറിയുന്നതുതന്നെ മുഴുവന്‍ പറാനുള്ളതല്ലല്ലോ. എന്നിട്ടല്ലേ അറിയാത്തതും കേട്ടുകേള്‍വികളുമൊക്കെ പ്രചരിപ്പിക്കുന്നത്.
‘അവര്‍ പറഞ്ഞു, ഇവര്‍ പറഞ്ഞു ‘ എന്നൊക്കെ പറഞ്ഞ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. പക്ഷേ, എന്തു പ്രയോജനം? അത് പറഞ്ഞുപരത്തിയവനും കുറ്റക്കാരന്‍ തന്നെ.
ആവശ്യമുള്ളതും ഇല്ലാത്തതും പറയുമ്പോള്‍ നൂറുവട്ടം ആലോചിക്കുക.
നമ്മുടെ മുതല്‍മടക്കായ സമയം വെറുതെ നഷ്ടപ്പെടുത്തലാണത്.
അബൂബക്ര്‍ رضي الله عنه കല്ല് വായിലിട്ടിരുന്നതിന് അതിനായിരുന്നുവത്രേ; മിണ്ടാതിരിക്കാന്‍. ആവശ്യണ്ടെങ്കില്‍ പുറത്തെടുത്താല്‍ മതിയല്ലോ.
ഏറ്റവും നല്ല, എളുപ്പമുള്ള ഇബാദത്താണ് മിണ്ടാതിരിക്കുക എന്നത്. സംസാരം വെള്ളിയാണെങ്കില്‍, മിണ്ടാതിരിക്കല്‍ സ്വര്‍ണമാണ്. നാവടക്കിയാല്‍ മാത്രം എത്രയെത്ര പ്രശ്നങ്ങളാണ് സമാധാനപരമായി അവസാനിക്കുക!
ഇസ്‌ലാമിക ശരീഅത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് 'ഖിയാസ്' എന്ന് ഈ 83-ആം വാക്യത്തില്‍നിന്ന് മനസ്സിലാക്കാമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗറാഇബുല്‍ഖുര്‍ആന്‍ മുതലായ ഗ്രന്ഥങ്ങളില്‍ വിശദവിവരങ്ങളുണ്ട്.
അടുത്ത ആയത്ത് 84
കേട്ട വാര്‍ത്തകളെല്ലാം പറഞ്ഞുപരത്തുന്ന കപടവിശ്വാസികളെ അവഗണിച്ച്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പ്രതിരോധപോരാട്ടങ്ങള്‍ തുടരാന്‍ തിരുനബി صلى الله عليه وسلمയോട് കല്‍പിക്കുകയാണ്. മറ്റുള്ളവര്‍ യുദ്ധങ്ങളില്‍ പങ്കെടുക്കട്ടെ പങ്കെടുക്കാതിരിക്കട്ടെ, അതിന്‍റെ ഉത്തരവാദിത്തം തിരുനബി صلى الله عليه وسلمക്കില്ല. എന്തുകൊണ്ട് അവര്‍ പങ്കെടുത്തില്ല എന്ന് തിരുനബി (صلّى الله عليه وسلّم)യോട് ചോദിക്കുകയുമില്ല; സ്വന്തത്തെക്കുറിച്ചുമാത്രമേ അവിടത്തോട് ചോദ്യമുണ്ടാകൂ.
പക്ഷേ, സത്യവിശ്വാസികളെ തിരുനബി صلى الله عليه وسلم അതിന് പ്രേരിപ്പിക്കണം. പ്രതിരോധത്തിനുവേണ്ടിയും നിലനില്‍പിനു വേണ്ടിയുമുള്ള പോരാട്ടം സത്യവിശ്വാസികളുടെ സാമൂഹികബാധ്യതയാണ്.
فَقَاتِلْ فِي سَبِيلِ اللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ ۚ وَحَرِّضِ الْمُؤْمِنِينَ ۖ عَسَى اللَّهُ أَنْ يَكُفَّ بَأْسَ الَّذِينَ كَفَرُوا ۚ وَاللَّهُ أَشَدُّ بَأْسًا وَأَشَدُّ تَنْكِيلًا (84)
അതുകൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ താങ്കള്‍ ധര്‍മ സമരമനുഷ്ഠിക്കുക. സ്വന്തം കാര്യമേ താങ്കളോടനുശാസിക്കപ്പെടുകയുള്ളു. സത്യവിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സത്യനിഷേധികളുടെ ദ്രോഹം അല്ലാഹു പ്രതിരോധിച്ചേക്കാം. അതിശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രേ അല്ലാഹു.
عَسَى اللَّهُ أَنْ يَكُفَّ بَأْسَ الَّذِينَ كَفَرُوا
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം തികച്ചും പ്രതീക്ഷാനിര്‍ഭരമായ ഒരു പ്രവചനമാണിത്. അവരെ സമാധാനാപ്പിക്കുകയാണ്. സത്യനിഷേധികളുടെ സമരശക്തിയും ദ്രോഹവും അധികം താമസിയാതെ അല്ലാഹു ക്ഷയിപ്പിച്ചു കളയും. സത്യവിശ്വാസികള്‍ക്ക് വിജയം കൈവരും.
ആയുധസന്നാഹങ്ങളോ യുദ്ധസജ്ജീകരണങ്ങളോ സൈന്യത്തിന്‍റെ എണ്ണമോ ഒന്നും പരിഗണിക്കാതെ തന്നെ അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തിയത് ബദ്റിലടക്കം പലയിടത്തും കണ്ടതാണല്ലോ.
അടുത്ത ആയത്ത് 85
പ്രതിരോധ രംഗത്തേക്കിറങ്ങാനുള്ള പ്രേരണ ഒരുതരം ശുപാര്‍ശയാണല്ലോ. അതുകൊണ്ട് യുദ്ധസംബന്ധിയായ ആയത്ത് കഴിഞ്ഞ ഉടനെ ശുപാര്‍ശയെക്കുറിച്ച് പറയുകയാണ്.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നല്ല ശുപാര്‍ശകള്‍, അതിനെതിരെ നടത്തുന്ന മോശം ശുപാര്‍ശകള്‍ - അതിനൊക്കെ അതിന്‍റേതായ നേട്ട-കോട്ടങ്ങളുണ്ട്.
ഏതുകാര്യത്തിലും ശുപാര്‍ശകള്‍ നടക്കുന്നതായി കാണാം. നല്ലകാര്യങ്ങളിലുള്ള ശുപാര്‍ശക്ക് ഉത്തമ പ്രതിഫലം ലഭിക്കുമെന്നപോലെ ചീത്ത ശുപാര്‍ശകള്‍ക്ക് കുറ്റവുമുണ്ടാകും. കുറ്റവാളികളെ ശിക്ഷയില്‍ നിന്നൊഴിവാക്കുന്നതിനായി ശുപാര്‍ശചെയ്യുന്നത് സാര്‍വത്രികമാണ്. ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ ഏര്‍പ്പാട് അല്ലാഹുവിന്‍റെ ക്രോധത്തിനും കുറ്റത്തിനും ഹേതുവാകും.
എല്ലാ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയും നടത്തപ്പെടുന്ന ഉപദേശങ്ങള്‍, പ്രോത്സാഹനങ്ങള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയവ നല്ല ശുപാര്‍ശയുടെ ഗണത്തില്‍ പെടും. മോശത്തരങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഉപദേശങ്ങളും പ്രോത്സാഹനങ്ങളും അപേക്ഷകളും മോശം ശുപാര്‍ശയിലും ഉള്‍പ്പെടും.
مَنْ يَشْفَعْ شَفَاعَةً حَسَنَةً يَكُنْ لَهُ نَصِيبٌ مِنْهَا ۖ وَمَنْ يَشْفَعْ شَفَاعَةً سَيِّئَةً يَكُنْ لَهُ كِفْلٌ مِنْهَا ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُقِيتًا (85)
ആരൊരാള്‍ ഉത്തമമായൊരു ശുപാര്‍ശ ചെയ്യുന്നുവോ അവന്ന് അതില്‍ നിന്ന് ഒരു വിഹിതമുണ്ടാകും. ഒരാള്‍ ചീത്തശുപാര്‍ശ ചെയ്താല്‍ അതില്‍ നിന്ന് ഒരോഹരി അയാള്‍ക്കും ലഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും നിരീക്ഷകനാണ് അല്ലാഹു.
مُقِيت എന്ന വാക്കിന് കാവല്‍ക്കാരന്‍, കണക്ക് നോക്കുന്നവന്‍, സാക്ഷി, കഴിവുള്ളവന്‍, മേല്‍നോട്ടം ചെയ്യുന്നവന്‍, സൂക്ഷിച്ചു പോരുന്നവന്‍ എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്.
مَنْ يَشْفَعْ شَفَاعَةً حَسَنَةً
ശരീഅത്തിനോട് അനുസൃതമാകുമ്പോഴാണ് നല്ല ശുപാര്‍ശയാവുക. മറ്റൊരാളുടെ അവകാശം വകവെച്ചുകൊടുക്കാന്‍, അന്യര്‍ക്കെന്തെങ്കിലും പ്രയാസം വരുന്നത് തടയാന്‍... അല്ലാഹുവിന്‍റെ തൃപ്തി ആഗ്രഹിച്ചാവുക, അനുവദീനമായ കാര്യത്തിനാവുക, കൈക്കൂലി വാങ്ങാതിരിക്കുക – ഇതെല്ലാം ശ്രദ്ധിക്കണം.
തിരുനബി صلى الله عليه وسلم പറയുന്നു:
كَمَا ثَبَتَ فِي الصَّحِيح عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَنَّهُ قَالَ " اِشْفَعُوا تُؤْجَرُوا"
(നിങ്ങള്‍ ശുപാര്‍ശ ചെയ്യുക; പ്രതിഫലം നല്‍കപ്പെടും)
പരസ്പരം ദുആ ചെയ്യുന്നതും നല്ല ശുപാര്‍ശയാണ്. പ്രത്യേകിച്ച് അഭാവത്തിലുള്ള ദുആ. അഭാവത്തിലുള്ള ദുആക്ക് ഉത്തരം നല്‍കപ്പെടുകയും അതുപോലെ നിനക്കും ഭവിക്കട്ടെ എന്ന് മലക്ക് ആമീന്‍ സഹിതം പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് ഹദീസിലുണ്ട്.
പറ്റുന്ന സഹായങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുക. വല്ലാത്ത കൂലിയുള്ള കാര്യമാണത്. അതൊക്കെ ശഫാഅത്താണ്. ‘വാസിഥ’ എന്നൊക്കെ പറയില്ലേ, അതുതന്നെ. എല്ലാം നല്ല രൂപത്തിലാകണമെന്നുമാത്രം. ഇത്തരക്കാരെ അല്ലാഹു സഹായിച്ചുകൊണ്ടിരിക്കും. ആഖിറത്തിലെ പ്രയാസങ്ങള്‍ നീക്കിക്കൊടുക്കും. ധാരാളം ഹദീസുകള്‍ ഇതുസംബന്ധമായുണ്ട്.
അടുത്ത ആയത്ത് 86
പരസ്പരം നല്ല കാര്യങ്ങളില്‍ ശുപാര്‍ശ ചെയ്യണമെന്ന് പറഞ്ഞതിനു ശേഷം തമ്മില്‍ കാണുമ്പോഴുള്ള അഭിവാദ്യത്തെക്കുറിച്ച് പറയുകയാണ്. അതായത് സലാം പറയല്‍.
നിങ്ങള്‍ക്ക് സമാധാന രക്ഷയുണ്ടാവട്ടെ എന്നാണീ അഭിവാദ്യവാക്യത്തിന്‍റെ അര്‍ത്ഥം. സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗമായാണ് തിരുനബി صلى الله عليه وسلم ഇത് എണ്ണിയത്.
സലാം ചൊല്ലല്‍ സുന്നത്തും മടക്കല്‍ നിര്‍ബന്ധവുമാണ്. ഇങ്ങോട്ട് പറഞ്ഞ സലാമില്‍ കുറയാത്ത രൂപത്തിലെങ്കിലും അങ്ങോട്ട് സലാം മടക്കല്‍ നിര്‍ബ്ബന്ധമാണ്.
മടക്കുമ്പോള്‍ കൂടുതല്‍ പറയല്‍ വളരെ നല്ലതാണ്. അസ്സലാമു അലൈക്കും എന്ന് ചൊല്ലിയാല്‍ വഅലൈക്കുമുസ്സലാം എന്ന് പറയല്‍ നിര്‍ബന്ധവും, വഅലൈക്കുമുസ്സലാം വറഹ്മതുല്ലാഹ് എന്ന് പറയല്‍ നല്ലതുമാണ്. അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് എന്ന് പറഞ്ഞാല്‍ വ അലൈകുമുസ്സലാം വറഹ്മതുല്ലാഹി വബറകാത്തുഹു...
ഇനി, അസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹു എന്നാണ് പറഞ്ഞതെങ്കില്‍ അത്രതന്നെ മടക്കിയാല്‍ മതി എന്ന് ഹദീസില്‍ നിന്ന് മനസ്സിലാകുന്നുണ്ടെന്ന് ഇബ്‌നുകസീര്‍(رحمه الله). എന്നാല്‍, وَمَغْفِرَتُهُഎന്നുകൂടി പറയല്‍ പുണ്യമുണ്ടെന്നാണ് ചില പണ്ഡിതര്‍ പറയുന്നത്.
وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا (86)
നിങ്ങള്‍ക്ക് ഒരഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചപ്പെട്ടതോ അല്ലെങ്കില്‍ തത്തുല്യമെങ്കിലുമോ ആയി പ്രത്യഭിവാദ്യം ചെയ്യുക. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നവനാണ്.
تَحِيَّة എന്ന വാക്കിന് ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ഥിക്കുക എന്നാണ് ശരിയായ അര്‍ഥം. മുമ്പ് അറബികള്‍ حَيَّاكَ الله എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്യാറുണ്ടായിരുന്നുവത്രെ. ഇസ്‍ലാം വന്നതിനു ശേഷം സലാം അഭിവാദ്യമായി നിശ്ചയിക്കുകയാണ് ചെയ്തത്.
അഭിവാദ്യം അര്‍പ്പിക്കുക (സലാം പറയുക) എന്ന ഉദ്ദേശ്യത്തിലാണ് تَحِيَّة സാധാരണ ഉപയോഗിക്കാറുള്ളത്. അതാണിവിടെയും ഉദ്ദേശ്യം.
بِأَحْسَنَ مِنْهَا (അതിനെക്കാള്‍ വിശേഷമായത്) എന്ന് പറഞ്ഞതില്‍ മുഖപ്രസന്നത, സൗമ്യത, സന്തോഷം മുതലായവ കൂടുതല്‍ പ്രകടമാക്കലും ഉള്‍പെടും.
ഒരു സംഘത്തിന്ന് സലാം ചൊല്ലിയാല്‍ അവരിലൊരാള്‍ മടക്കിയാല്‍ മതി. എല്ലാവരും മടക്കിയാല്‍ കൂടുതല്‍ നല്ലതാണെന്ന് പറയേണ്ടതില്ലല്ലോ. വാഹനത്തില്‍ യാത്രചെയ്യുന്നവന്‍ നടക്കുന്നവന്നും നടക്കുന്നവന്‍ ഇരിക്കുന്നവന്നും ചെറിയ സംഘം വലിയസംഘത്തിനും സലാം ചൊല്ലണം (ബുഖാരി, മുസ്‌ലിം).
മതപരമായ ഒരനുഷ്ഠാനമാണ് ഈ സലാമെന്നതുകൊണ്ട് അന്യമതസ്ഥരോട് സലാം ചൊല്ലാന്‍ പാടില്ല. അവരുടെ ഭാഗത്ത് നിന്ന് ഇങ്ങോട്ട് അഭിവാദ്യം ചെയ്യപ്പെട്ടാല്‍, നല്ല പ്രത്യഭിവാദ്യം നല്‍കണം. السَّلَامُ عَلَى مَنِ اتَّبَعَ الْهُدَى (സന്മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കാണ് രക്ഷ) എന്നോ അവര്‍ക്ക് സന്മാര്‍ഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള അഭിവാദ്യങ്ങളോ ഒക്കെ ആകാവുന്നതാണ്.
മുസാഫഹത് (ഹസ്തദാനം) ചെയ്യലും സുന്നത്തണ്.
ബറാഉബ്നുആസിബ് (رضي الله عنه) നിവേദനം ചെയ്യുന്ന ഹദീസ്: രണ്ട് മുസ്‌ലിംകള്‍ പരസ്പരം കണ്ട് മുട്ടുകയും അവര്‍ ഹസ്തദാനം ചെയ്യുകയും ചെയ്താല്‍, വിട്ട് പിരിയുന്നതിനു മുമ്പായി അവരുടെ തെറ്റുകള്‍ പൊറുക്കപ്പെടും (തിര്‍മിദീ, ഇബ്നുമാജ).
അന്യസ്ത്രീപുരുഷന്മാര്‍ തമ്മില്‍ സലാം പറയാവതല്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, ഒരു സ്ത്രീയും പുരുഷനും മാത്രമാവുന്നിടത്താണ് ഈ നിയമം എന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അതായത്, ഒരു കൂട്ടം സ്ത്രീകളോ പുരുഷന്മാരോ ഉണ്ടെങ്കിലോ സ്ത്രീ തന്‍റെ മഹ്റം ആയ ആരുടെയെങ്കിലും കൂടെ ആണെങ്കിലോ സലാം പറയാവുന്നതാണ് എന്നര്‍ത്ഥം. പക്ഷേ, അവിടെയും ഏതെങ്കിലും തരത്തില്‍ ഫിത്നയുണ്ടാവാമെങ്കില്‍ സലാം പറയലും മടക്കലും ഉപേക്ഷിക്കുക തന്നെ വേണം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഉരുള വായയില്‍ ഉള്ള സമയത്താണ് സലാം ചൊല്ലിയതെങ്കില്‍ സലാം മടക്കേണ്ടതില്ല. ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയാണെങ്കിലും വായില്‍ ഭക്ഷണം ഇല്ലെങ്കിലും മടക്കല്‍ നിര്‍ബന്ധമാണ്. അദ്കാറില്‍ ഇമാം നവവീ رحمه الله ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സലാം പറയാനും മടക്കാനും പരസ്പരം കാണല്‍ നിര്‍ബന്ധമില്ല. സലാം എഴുതി അറിയിച്ചാലും മടക്കല്‍ നിര്‍ബന്ധമാണ്. അപ്പോള്‍ മൊബൈലിലൂടെയായാലും സലാം മടക്കല്‍ നിര്‍ബന്ധം തന്നെയാണ്.
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment