അധ്യായം 2. സൂറ ബഖറ- (Ayath 182-186) റമളാനും നോമ്പും
അനന്തരാവകാശ നിയമം വരുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന വസ്വിയ്യത്തെന്ന നിയമത്തെക്കുറിച്ചായിരുന്നല്ലോ 181-ആം ആയത്തില്‍ പഠിച്ചത്. അങ്ങനെ ചെയ്ത വസ്വിയ്യത്തില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തരുത്, അത് കുറ്റകരമാണെന്നും പറഞ്ഞു. അതിനോട് ചേര്ന്നുതന്നെയാണ് ഈ പേജിലെ ആദ്യ ആയത്തും സംസാരിക്കുന്നത്.
فَمَنْ خَافَ مِنْ مُوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ (182)
ഇനി വസ്വിയ്യത്ത് ചെയ്യുന്ന വ്യക്തിയില്‍ നിന്നു എന്തെങ്കിലും വ്യതിയാനമോ കുറ്റമോ ഒരാള്‍ ഭയക്കുകയും അങ്ങനെ ബന്ധപ്പെട്ടവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്താല്‍ കുഴപ്പമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.
جَنَف - ചായ്‌വ്/പിഴവ് , إِثْم - തെറ്റ്/കുറ്റം.
ഒരാളുടെ വസ്വിയ്യത്തില്‍ കുറ്റകരമായ വല്ലതും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍, അത് മനസ്സിലാക്കിയവര്‍, ആ തെറ്റ് പരിഹരിക്കുന്ന വിധം വസ്വിയ്യത്തിന്‍റെ അവകാശികള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുന്നതിന് വിരോധമില്ല.
إِنَّ اللَّهَ غَفُورٌ رَحِيمٌ
അങ്ങനെ ചെയ്യുന്നതിനിടയില്‍ അറിയാതെ എന്തെങ്കിലും ചെറിയ വിഷയങ്ങള്‍, ഏതെങ്കിലും പക്ഷത്തുനിന്ന് വന്നുപോയാല്‍ അല്ലാഹു പൊറുത്തുതരും, കാരുണ്യം ചൊരിയുകയും ചെയ്യും.
അടുത്ത ആയത്ത് 183
ഇസ്‌ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നോമ്പിനെ സംബന്ധിച്ചാണ് ഇനി പറയുന്നത്.
നല്ലൊരു ഉല്‍കൃഷ്ട വ്യക്തിയായി മുസ്‌ലിമിനെ മാറ്റാന്‍ സഹായിക്കുന്ന സുപ്രധാന ആരാധനയാണ് വ്രതാനുഷ്ഠാനം. അതുകൊണ്ടു തന്നെയാണ് പൂര്‍വിക സമൂഹങ്ങള്‍ക്കും അതു നിയമമാക്കപ്പെട്ടത്.
സൂക്ഷ്മ ജീവിതം നയിക്കാന്‍ സാധിക്കണമെങ്കില്‍ ഒരാള്‍ മനസ്സിനെയും ശരീരത്തെയും സ്ഫുടം ചെയ്‌തെടുക്കണം. അതാണ് വ്രതാനുഷ്ഠാനത്തിലൂടെ സാക്ഷാല്‍കൃതമാകുന്നത്. ശരിയായ അര്‍ത്ഥത്തിലുള്ളതാകണം നോമ്പെന്ന് മാത്രം.
പ്രതിബന്ധങ്ങളുള്ളവര്‍ക്ക് റമളാനില്‍ തന്നെ നോമ്പ് അനുഷ്ഠിക്കണമെന്നില്ല; ഖദാഅ് വീട്ടിയാല്‍ മതി. വയോവൃദ്ധര്‍, ശമനം പ്രതീക്ഷയില്ലാത്ത രോഗമുള്ളവര്‍ തുടങ്ങിയവര്‍ നോമ്പിന് പകരമായി പ്രായശ്ചിത്തം നല്‍കിയാല്‍ മതി. യാത്രക്കാരാണെങ്കിലും വ്രതാനുഷ്ഠാനം നിര്‍ബന്ധമല്ല; മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ മതി. അതേസമയം, ഈ അവസരങ്ങളിലൊക്കെ വിട്ടുവീഴ്ചയുണ്ടെങ്കിലും നോമ്പുനോല്‍ക്കുന്നതാണ് ശ്രേഷ്ഠം എന്ന പരാമര്‍ശം പ്രത്യേകം ശ്രദ്ധേയമാണ്. റമളാന്‍റെ പുണ്യം മറ്റു ദിവസങ്ങള്‍ക്ക് ഉണ്ടാവില്ലല്ലോ.
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (183)
ഹേ സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.
അല്ലാഹുവിന്‍റെ കല്‍പന അംഗീകരിച്ച്, പ്രഭാതം (ഫജ്‌റുസ്സ്വാദിഖ്) മുതല്‍ സൂര്യാസ്തമയം വരെ പ്രത്യേക നിയ്യത്തോടുകൂടി ആഹാര പാനീയങ്ങളാദി പരിത്യജിക്കുന്ന ആരാധനയാണ് നോമ്പ്.
വ്രതാനുഷ്ഠാനം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പൂര്‍വവേദക്കാര്‍ക്കും നിയമമാക്കപ്പെട്ടിരുന്നു. كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ 'നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ' എന്ന് പറഞ്ഞത് അതാണ്.
ഇങ്ങനെ പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട് - ഇത് പൊതുവെ എല്ലാവര്‍ക്കും അല്‍പം പ്രയാസമുള്ളൊരു കാര്യമാണല്ലോ. അപ്പോള്‍, ഇതൊരു ഭാരമുള്ള നിയമമായി കരുതി മനപ്രയാസമുണ്ടാകാന്‍ സാധ്യതയുമുണ്ട്. അതില്ലാതെയാക്കാന്‍ കൂടിയാണിങ്ങനെ പറഞ്ഞത്: മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമുദായമായ നിങ്ങള്‍ക്ക് മാത്രം നിശ്ചയിക്കപ്പെട്ട നിയമമല്ല ഇത്, മുന്‍ സമുദായങ്ങളിലും നോമ്പ് നിയമിക്കപ്പെട്ടിരുന്നു, ഏതാനും കുറഞ്ഞ ദിവസമേ നോമ്പ് നോല്‍ക്കേണ്ടതുള്ളൂ എന്നെല്ലാം.
പല വിശിഷ്ട യോഗ്യതകളും നേടിയെടുക്കാന്‍ സത്യവിശ്വാസിയെ സജ്ജനാക്കുന്ന ആരാധനയാണ് നോമ്പ്. അതുകൊണ്ടാണ് പൂര്‍വിക സമുദായങ്ങള്‍ക്കും അത് നിര്‍ബന്ധമാക്കപ്പെട്ടത്. അന്നപാനാദികളോടും വികാര വിചാരങ്ങളോടുമുള്ള മനുഷ്യന്‍റെ ആസക്തിക്ക് വ്രതം കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. 'നിങ്ങള്‍ മുത്തഖികള്‍ ആകാന്‍ വേണ്ടി' എന്ന് നോമ്പിന്‍റെ ലക്ഷ്യമായി പറഞ്ഞത് അതുകൊണ്ടാണ്.
തെറ്റുകുറ്റങ്ങള്‍ ശരീരേച്ഛകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണ്. അത് രണ്ടും നിയന്ത്രിക്കുന്നതാണ് ശരിയായ നോമ്പ്. ശരിയായ നോമ്പു കൊണ്ട് ശരീരവും ആത്മാവും മനസ്സുമെല്ലാം സ്വയം നിയന്ത്രിതമാകും. അതുകൊണ്ടാണ് വിവാഹം ചെയ്യാന്‍ കഴിവില്ലാത്ത യുവാക്കളോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നോമ്പ് നോല്‍ക്കാന്‍ ഉപദേശിച്ചതും, നോമ്പ് പാപങ്ങള്‍ തടുക്കുന്ന ഒരു പരിചയാണെന്ന് പറഞ്ഞതും. (ബുഖാരി, മുസ്‍ലിം).
ഒരു മുസ്‌ലിം തന്‍റെ ജീവിതത്തിലെ മുഴുവന്‍ ചലനങ്ങളും സൂക്ഷ്മതയോടെ മാത്രമേ ചെയ്യാവൂ. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍ ശരീരത്തെയും ഹൃദയത്തെയും നിയന്ത്രിച്ചേ മതിയാകൂ.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നൊരാള്‍ ഒന്നുകില്‍ അതിന്‍റെ ഭവിഷ്യല്‍ഫലങ്ങള്‍ ഓര്‍ക്കുന്നുണ്ടാകില്ല. ഇതവന്‍റെ മാനസിക ദൗര്‍ബല്യമാണ്. ഇനി, ഭവിഷ്യത്ത് അറിഞ്ഞുകൊണ്ടുതന്നെ ദുര്‍വൃത്തികള്‍ ചെയ്യുന്നവരോ? ശരീരത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണങ്ങനെ സംഭവിക്കുന്നത്.
ഈ രണ്ടുതരം വ്യതിയാനങ്ങളില്‍ നിന്നും മുക്തി നേടാനുള്ള തീവ്ര പരിശീലനമാണ് നോമ്പ് മുഖേന മനുഷ്യന്‍ നേടുന്നത്.
ഇങ്ങനെ ഒട്ടേറെ നേട്ടങ്ങള്‍ നോമ്പു കൊണ്ട് കിട്ടാനുണ്ട്. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 'അതുവഴി നിങ്ങള്‍ക്ക് ദോഷബാധ തടയാം' എന്നിവിടെ പറഞ്ഞത്.
മാനസികവും ആത്മീയവുമായ എല്ലാ നേട്ടങ്ങളും കിട്ടണമെങ്കില്‍ നോമ്പ് നാമമാത്രമായാല്‍ പോരാ, ശരിയായ അര്‍ത്ഥത്തില്‍ തന്നെയാകണം. അതാണല്ലോ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്: ‘അതിക്രമം പറയുന്നതും ചെയ്യുന്നതും ഉപേക്ഷിക്കാതെ, ഭക്ഷണവും പാനീയവും മാത്രം ഉപേക്ഷിക്കുന്നത് അല്ലാഹുവിന് വേണ്ടതില്ല.’ (ബു.)
ആരോഗ്യപരമായി നോക്കിയാലും നോമ്പിന് പല ഗുണങ്ങളുമുണ്ട്. വിവിധ രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത് വ്രതമാണ്, അഥവാ അന്നപാനാദികള്‍ വര്‍ജ്ജിക്കുക. യാതൊരു വിശ്രമവുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദഹനേന്ദ്രിയങ്ങള്‍ക്ക് വ്രതം നല്ലൊരു വിശ്രമവേള തന്നെയാണ്. പക്ഷേ, നമ്മള്‍ മുഅ്മിനുകള്‍ ഇത്തരം ആരാധനകള്‍ക്ക് ഫിസിക്കല്‍ ടച്ചിംഗ്സ് കൊടുത്ത്, വെറും ദുന്‍യവിയ്യായ നേട്ടം മാത്രം ആഗ്രഹിച്ച് ചെയ്യരുത്. അല്ലാഹു പറഞ്ഞു, ഞാന്‍ അനുസരിച്ചു, അങ്ങനെ നോമ്പെടുത്തു – ഇതായിരിക്കണം നമ്മുടെ ലൈന്‍.
أَيَّامًا مَعْدُودَاتٍ ۚ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ۚ
അല്‍പദിവസങ്ങള്‍ മാത്രമാണ് (നോമ്പനുഷ്ഠിക്കേണ്ടത്). എന്നാല്‍ നിങ്ങളില്‍ ആരെങ്കിലും രോഗിയോ യാത്രയിലോ ആയാല്‍ (അവന്‍ ആ ദിവസങ്ങളില്‍ നോമ്പു നോല്‍ക്കേണ്ടതില്ല;) മറ്റു ദിവസങ്ങളില്‍ എണ്ണം (പൂര്‍ത്തിയാക്കണം).
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ
സാഹസപ്പെട്ടുമാത്രമേ വ്രതാനുഷ്ഠാനത്തിന്നാവൂ എന്നുള്ളവര്‍ പകരം ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തം നല്‍കണം.
فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ ۚ وَأَنْ تَصُومُوا خَيْرٌ لَكُمْ ۖ إِنْ كُنْتُمْ تَعْلَمُونَ (184)
ഇനിയൊരാള്‍ സ്വമേധയാ നന്മ ചെയ്താല്‍ അതവന്ന് ഗുണകരമാണ്. കാര്യബോധമുള്ളവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതു തന്നെയാണ് നിങ്ങള്‍ക്കുത്തമം.
നേരത്തെ പറഞ്ഞപോലെ നോമ്പ് പിടിക്കുവാന്‍ കഴിയാത്ത, നോറ്റാല്‍ ശരീരത്തിനോ അവയവങ്ങള്‍ക്കോ വല്ല കേടുപാടും സംഭവിക്കാവുന്ന രോഗികളും, അനുവദനീയമായ യാത്ര നടത്തുന്നവരും ഈ നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാണ്. പല വിഷമങ്ങളുമുള്ളവരോട് നോമ്പനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുക എന്നത് കാരുണ്യവാനായ റബ്ബ് ചെയ്യില്ല. അതാണ് 'അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, പ്രയാസമല്ല' എന്ന് അടുത്ത ആയത്തില്‍ (185) പറയുന്നത്.
യാത്രയിലോ രോഗത്തിലോ പെട്ട് നോമ്പ് ഒഴിവാക്കിയാല്‍, പിന്നീട് അത്രയും എണ്ണം മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ മതി.
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ
പ്രയാധിക്യം കൊണ്ടോ, സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം ബാധിച്ചതുകൊണ്ടോ നോമ്പിന് കഴിയാത്തവര്‍ ഒരു നോമ്പിന് ഒരു മുദ്ദ് (800 മില്ലി ലിറ്റര്‍) എന്ന തോതില്‍ സാധാരണ ഉപയോഗിച്ചുവരുന്ന ധാന്യം പ്രായശ്ചിത്തമായി നല്‍കിയാല്‍ മതി. ഒരു നോമ്പിന് ഒരു മുദ്ദ് വീതം കൊടുക്കലാണ് നിര്‍ബന്ധം. എങ്കിലും കൂടുതല്‍ കൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ അതിന്‍റെ ഗുണം അവര്‍ക്കു ലഭിക്കും. فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ ۚ
നോമ്പ് മൂലം ഗര്‍ഭസ്ഥശിശുവിന് ദോഷം ബാധിക്കുമെന്ന് കാണുന്ന ഗര്‍ഭിണികളും, മുല കുടിക്കുന്ന കുട്ടിക്ക് ദോഷം ബാധിക്കുമെന്ന് കാണുന്ന മാതാക്കളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നോമ്പുകൊണ്ട് പ്രയാസങ്ങള്‍ ഒന്നുമുണ്ടാകില്ലെങ്കില്‍ അതൊഴിവാക്കാതെ, നോല്‍ക്കുന്നതുതന്നെയാണുത്തമം. ഉദാഹരണമായി, വിമാനത്തില്‍ സഞ്ചരിക്കുന്ന ഒരു യാത്രക്കാരന് നോമ്പ് ഒഴിവാക്കാവുന്നതാണ്. പക്ഷേ, യാത്രാക്ഷീണമോ മറ്റു പ്രയാസങ്ങളോ സാധാരണ ഉണ്ടാകാറില്ലല്ലോ.
وَأَنْ تَصُومُوا خَيْرٌ لَكُمْ ۖ إِنْ كُنْتُمْ تَعْلَمُونَ
പ്രായശ്ചിത്തം കൊടുത്ത് നോമ്പിന്‍റെ നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിവാകാവുന്ന അവസരത്തില്‍ പോലും, കഴിയുന്നതും നോമ്പ് നോല്‍ക്കാന്‍ തന്നെ ശ്രമിക്കണം. നോമ്പു കൊണ്ട് കിട്ടാനുള്ള നേട്ടങ്ങളും പ്രതിഫലങ്ങളും വലുതല്ലേ. തല്‍ക്കാലികമായ വിഷമവും പ്രയാസവും ഓര്‍ത്ത് അത്രയും വലിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്തരുത്. അതാണ് إِن كُنتُمْ تَعْلَمُونَ എന്ന് പറഞ്ഞത്. റമളാനിലെ നോമ്പിന്‍റെ മഹത്ത്വവും പ്രതിഫലവുമൊക്കെ അറിയുന്നവരാണ് നിങ്ങളെങ്കില്‍, അത് ഒഴിവാക്കാതെ/പിന്നേക്ക് വെക്കാതെ അപ്പപ്പോള്‍ അനുഷ്ഠിക്കുന്നതുതന്നെയാണ് ശ്രേഷ്ഠം എന്നര്‍ത്ഥം.
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ
ഇവിടെ 'നോമ്പിന് കഴിയാത്തവര്‍' (സാഹസപ്പെട്ടുമാത്രമേ വ്രതാനുഷ്ഠാനത്തിന്നാവൂ എന്നുള്ളവര്‍) എന്ന് അര്‍ഥം കൊടുത്തത് ഇബ്‌നു അബ്ബാസ്(റ)വിന്‍റെ അഭിപ്രായപ്രകാരമാണ്. മഹാനവര്‍കള്‍ പറയുന്നു: (നോമ്പ് പിടിക്കാന്‍ കഴിയാത്ത പ്രായമേറിയ സ്ത്രീപുരുഷന്മാരാണിവര്‍.)
ഈ വ്യാഖ്യാനപ്രകാരം ഇതിലെ വിധി ദുര്‍ബലപ്പെട്ടത് അല്ല. അത് ഇബ്‌നുഅബ്ബാസ്(റ) തന്നെ വ്യക്തമാക്കയിട്ടുണ്ട്.
അതേസമയം, ഈ ആയത്ത് മന്‍സൂഖാണെന്ന് (ദുര്‍ബലപ്പെടുത്തപ്പെട്ടത്) മറ്റൊരു അഭിപ്രായമുണ്ട്. സലമത്തുബ്‌നുല്‍ അക്‌വഅ്, ഇബ്‌നു ഉമര്‍(റ) എന്നിവര്‍ ഈ അഭിപ്രായക്കാരാണ്. ഇമാം ബുഖാരി(റ) അത് ഉദ്ധരിച്ചിട്ടുണ്ട്. അവരുടെ വിവരണപ്രകാരം وَعَلَى الَّذِينَ يُطِيقُونَهُ എന്നതിന് 'നോമ്പ് നോല്‍ക്കാന്‍ കഴിവുള്ളവര്‍ക്ക്' എന്നാണര്‍ഥം.
അവര്‍ പറയുന്നത്: ഈ വാക്യം അവതരിച്ചപ്പോള്‍ നോമ്പിന് കഴിവുള്ളവര്‍ തന്നെ ചിലര്‍ നോല്‍ക്കുകയും ചിലര്‍ നോല്‍ക്കാതെ പ്രായശ്ചിത്തം കൊടുത്തുവരികയും ചെയ്തുവന്നു. പിന്നീട് فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ 'ആ മാസത്തില്‍ സന്നിഹിതരായവര്‍ നോമ്പനുഷ്ഠിക്കട്ടെ...' എന്ന ആയത്ത് അവതരിച്ചപ്പോള്‍ ഇതിന്‍റെ വിധി നസ്ഖ് ചെയ്യപ്പെട്ടു.
ഒന്ന് കൂടി വിശദമാക്കാം: നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട ആദ്യഘട്ടത്തില്‍ (ഹിജ്റ 2-ആം വര്‍ഷം) സത്യവിശ്വാസികള്‍ക്കത് പ്രയാസകരമായി അനുഭവപ്പെട്ടു. അപ്പോള്‍ അന്ന് അല്ലാഹു അവര്‍ക്ക് അനുവദിച്ചുകൊടുത്ത ഒരു ഇളവായിരുന്നു അത്.
അതായത്, നോമ്പ് പിടിക്കാന്‍ കഴിവുള്ളവര്‍ക്കുതന്നെ- രോഗികളും യാത്രക്കാരുമല്ലാത്തവര്‍ക്ക്- നോമ്പ് നോല്‍ക്കുകയോ, നോമ്പിന് പകരം ഓരോ ദിവസത്തിനും ഓരോ സാധുവിന്‍റെ ഭക്ഷണം വീതം പ്രായശ്ചിത്തമായി കൊടുക്കുകയോ ചെയ്താല്‍ മതി. പക്ഷേ, നോമ്പ് നോല്‍ക്കുന്നതാണ് കൂടുതല്‍ ഉത്തമം. നോമ്പ് പിടിക്കാതെ ഫിദ്‍യ (പ്രായശ്ചിത്തം) കൊണ്ട് മതിയാക്കുന്നവര്‍ പിന്നെ ആ നോമ്പ് നോറ്റു വിട്ടേണ്ടതുമില്ല. ഇതാണ് ആ വാക്യത്തിന്‍റെ താല്‍പര്യം.
പിന്നീട്- ഒരു കൊല്ലത്തിനുശേഷമാണെന്ന് പറയപ്പെടുന്നു- അടുത്ത (185-ആം) വചനത്തില്‍ (فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) ആ മാസത്തില്‍ ഹാജറുണ്ടായവര്‍ നോമ്പ് നോല്‍ക്കട്ടെ) എന്ന് അവതരിച്ചതോടെ ഈ ഇളവ് ദുര്‍ബ്ബലപ്പെട്ടു, നോമ്പ് നോല്‍ക്കുകതന്നെ വേണമെന്ന് നിയമമായി.
ഈ ആയത്തിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. അതുകൊണ്ടാണിത്രയും വിശദമായി ഇതിനെക്കുറിച്ച് പറഞ്ഞത്. അതായത്, ഈ വാക്യത്തിന്‍റെ ബാഹ്യാര്‍ത്ഥം മാത്രം പരിഗണിച്ച്, റമളാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുകയോ, പകരം പ്രായശ്ചിത്തം കൊടുക്കുകയോ ചെയ്താല്‍ മതി എന്ന് ദുര്‍വ്യാഖ്യാനിക്കുന്നവരുണ്ട്. അത് ശരിയല്ല.
നോമ്പിന്‍റെ പ്രാധാന്യവും, അതിന് അല്ലാഹു കല്‍പിക്കുന്ന സ്ഥാനവും വളരെ വലുതാണ്. തിരുനബിصلى الله عليه وسلم പറയുന്നു: ‘മനുഷ്യന്‍റെ എല്ലാ കര്‍മങ്ങള്‍ക്കും പത്തിരട്ടിമുതല്‍ എഴുന്നൂറിരട്ടി വരെ പ്രതിഫലം നല്‍കപ്പെടും. അല്ലാഹു പറയുന്നു: നോമ്പൊഴികെ- അത് എനിക്കുള്ളതാണ്- ഞാനാണതിന് പ്രതിഫലം നല്‍കുക. അവന്‍ എനിക്കുവേണ്ടി, സ്വന്തം ഇച്ഛയും ഭക്ഷണവും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. (ബുഖാരി, മുസ്‍ലിം).
അടുത്ത ആയത്ത് 185
(أَيَّامًا مَّعْدُودَاتٍ) ആ എണ്ണപ്പെട്ട ദിവസങ്ങള്‍ ഏതാണ്, എപ്പോഴാണെന്നാണ് എന്നാണിനി പറയുന്നത്. ആ മാസം തിരഞ്ഞെടുക്കുവാനുള്ള കാരണവും കൂടി പറയുന്നുണ്ട്.
വ്രതാനുഷ്ഠാനം വളരെ പുണ്യമുള്ള കാര്യമാണെന്ന് പറഞ്ഞല്ലോ. ഇത്രമാത്രം ശ്രേഷ്ഠമായ വ്രതത്തിന് തെരഞ്ഞെടുക്കപ്പെട്ട സമയവും വളരെ പവിത്രമാണ്. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി, സത്യാസത്യ വിവേചനത്തിനും സന്മാര്‍ഗദര്‍ശനത്തിനുമുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമായ വിശുദ്ധ റമളാന്‍ ആണ് നോമ്പ് നോല്‍ക്കേണ്ട കാലമായി നിശ്ചയിച്ചത്.
വിശുദ്ധമായ ഈ ഗ്രന്ഥം അവതരിച്ചത് ആ മാസത്തിലാണ് എന്ന നിലക്കും ഖുര്‍ആന്‍റെ അവതരണ സ്മരണ നിലനിര്‍ത്താന്‍ അത് സഹായകമാണെന്ന നിലക്കും, റമളാന്‍ മാസം അല്ലാഹു തെരഞ്ഞെടുത്തിരിക്കുകയാണ്.
شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَىٰ وَالْفُرْقَانِ ۚ
മാനുഷ്യകത്തിന്നു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണു റമദാന്‍ (നോമ്പനുഷ്ഠിക്കേണ്ട ആ അല്‍പ ദിവസങ്ങള്‍).
فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَنْ كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ۗ
അതുകൊണ്ട് നിങ്ങളാരെങ്കിലും ആ ആ മാസത്തില്‍ സന്നിഹിതരായാല്‍ (നാട്ടിലുണ്ടെങ്കില്‍) വ്രതമനുഷ്ഠിക്കണം. ഒരാള്‍ രോഗിയോ യാത്രക്കാരനോ ആയാല്‍ മറ്റു ദിനങ്ങളില്‍ അത്രയുമെണ്ണം തികക്കട്ടെ.
يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (185)
നിങ്ങള്‍ക്കു ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ എണ്ണം പൂര്‍ത്തീകരിക്കാനും, നേര്‍മാര്‍ഗത്തിലാക്കിയതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്ത്വം വാഴ്ത്തുവാനും, കൃതജ്ഞത പ്രകാശിപ്പിക്കാനുമാണ് ഈ ശാസനം.
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. അപ്പോള്‍ സ്വാഭാവികമായും ആ മാസം ഖുര്‍ആന്‍ പാരായണത്തിനും, പഠനത്തിനും കൂടുതല്‍ പരിഗണന നല്‍കണം.
എല്ലാ റമളാനിലും ജിബ്‌രീല്‍ (عليه السلام), തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുത്തുവന്ന്, വിശുദ്ധ ഖുര്‍ആന്‍ അതുവരെ അവതരിച്ചതു മുഴുവന്‍ ആവര്‍ത്തിച്ച് ഓതിക്കാറുണ്ടായിരുന്നുവെന്നും, അവസാനത്തെ റമദാനില്‍ അങ്ങനെ രണ്ട് പ്രാവശ്യം ചെയ്തു എന്നും ഹദീസുകളിലുണ്ട്.
ഇവിടെ ഒരു സംശയം ഉണ്ടായേക്കാം: വിശുദ്ധ ഖുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായത്, ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടല്ലേ. പിന്നെ എങ്ങനെയാണ് റമളാന്‍ മാസത്തിലാണ് അത് അവതരിച്ചതെന്ന് പറയുക?
ബഹുഭൂരിഭാഗം മുഫസ്സിറുകളും പറയുന്ന മറുപടി: റമളാനിലെ ലൈലത്തുല്‍ ഖദ്റിന്‍റെ അന്ന് അല്ലാഹുവിന്‍റെ ‘ലൗഹുല്‍ മഹ്ഫൂള്വി’ (اللوحُ المَحْفُوظ)ല്‍ നിന്ന് അടുത്ത ആകാശത്തേക്ക് അത് അവതരിപ്പിച്ചു. പിന്നീട് അവിടെനിന്ന് ഗഡുക്കളായി അവതരിപ്പിക്കുകയും ചെയ്തു.
فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَنْ كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ۗ
നോമ്പ് റമദാനിലാക്കിയതിന്‍റെ കാരണം പറഞ്ഞ ശേഷം, ആ മാസം ഹാജറുള്ളവരെല്ലാം നോമ്പ് പിടിക്കണമെന്നാണ് അല്ലാഹു പറയുന്നത്. നേരത്തെ പറഞ്ഞതുപോലെ, പ്രത്യേകം ഒഴിവ് നല്‍കപ്പെടാത്ത ഓരോരുത്തര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്.
ഇവിടെ യാത്ര പ്രത്യേകം പറയാന്‍ കാരണം, ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുന്ന യാത്രകള്‍ നടത്തുന്നവരായിന്നല്ലോ അറബികള്‍. ഖുര്‍ആന്‍റെ അവതരണകാലത്ത് അത് സര്‍വസാധാരണവുമായിരുന്നു.
എന്തിനാണ് وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ ഒന്നുകൂടി ആവര്‍ത്തിച്ചത്? തൊട്ടുമുമ്പുള്ള ആയത്തില്‍ (فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ) എന്ന് പറഞ്ഞതല്ലേ.
അങ്ങനെ വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞത്, ഒഴിവ് നല്‍കിയ രോഗികള്‍ക്കും യാത്രക്കാര്‍ക്കും കൂടി ഈ കല്‍പന ബാധകമാകുമോ എന്ന് സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ്.
ശഅ്ബാന്‍ മാസം 30 ദിവസം പൂര്‍ത്തിയാവുകയോ ആ മാസം 29 ന് മാസപ്പിറവി ദൃശ്യമാവുകയോ ചെയ്താലാണ് റമളാന്‍ തുടങ്ങുക. ശവ്വാലും ഇങ്ങനെത്തന്നെ. കണക്കു കൂട്ടിനോക്കി നോമ്പും പെരുന്നാളും തീരുമാനിക്കുന്ന രീതി ശരിയല്ല, പ്രമാണബദ്ധവുമല്ല. തിരുനബി صلى الله عليه وسلمപറയുന്നു: നിങ്ങള്‍ മാസപ്പിറവി കാണുമ്പോള്‍ നോമ്പ് അനുഷ്ഠിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക; ആകാശം മേഘാവൃതമായാല്‍ എണ്ണം പൂര്‍ത്തിയാക്കുക.
നോമ്പ് നിര്‍ബന്ധമാണെന്ന് പറഞ്ഞ ശേഷം രോഗികള്‍, യാത്രക്കാര്‍ തുടങ്ങിയവരെ ഒഴിവാക്കി, അല്ലാഹു പറയുന്നത് ശ്രദ്ധേയമാണ്.
يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ
നോമ്പ് നിര്‍ബന്ധമാക്കുകവഴി അല്ലാഹു നിങ്ങളെ വിഷമിപ്പിക്കുകയല്ല ചെയ്യുന്നത്. അത് എളുപ്പമുള്ള കാര്യമാണ്. നോമ്പിന്‍റെ പ്രതിഫലവും റമളാന്‍റെ മഹത്ത്വങ്ങളും ശരിക്ക് അറിഞ്ഞുകഴിഞ്ഞാല്‍, അതെല്ലാം വളരെ എളുപ്പമാണെന്ന് മനസ്സിലിക്കാം. കാരണം, ചെറിയ അധ്വാനം കൊണ്ട് കണക്കില്ലാത്ത പ്രതിഫലമല്ലേ ലഭിക്കുന്നത്!
മനുഷ്യര്‍ക്ക് അനുഷ്ഠിക്കാന്‍ കഴിയാത്തതൊന്നും റബ്ബ് കല്‍പിച്ചിട്ടില്ല; നമ്മുടെ എല്ലാ അവസ്ഥകളും കൃത്യമായി അറിയുന്ന റബ്ബ്, അതെല്ലാം പരിഗണിച്ച്, ആവശ്യമായ വിട്ടുവീഴ്ചകള്‍ അനുവദിച്ചുകൊണ്ടാണ് മതവിധികള്‍ അനുശാസിച്ചിട്ടുള്ളത്.
രോഗമുള്ളപ്പോഴും യാത്രയിലും നോമ്പ് നോല്‍ക്കുക തന്നെ വേണമെന്ന് നിര്‍ബന്ധിച്ചു ബുദ്ധിമുട്ടിക്കാതെ, വേറെ ദിവസങ്ങളില്‍ നോറ്റുവീട്ടിയാലും മതി എന്ന് പറഞ്ഞത് അതുകൊണ്ടാണ്.
يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ
ഈ ആയത്ത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്, ശ്രദ്ധിക്കണം. മതനിയമങ്ങളെപ്പറ്റി വേണ്ടതുപോലെ അറിയാത്ത ചിലര്‍, അവരുടെ ഇഷ്ടത്തിനനുസരിച്ച്, മതകല്‍പനകള്‍ മറികടക്കാന്‍വേണ്ടി ഇത് ആയുധമാക്കാറുണ്ട്. ബുദ്ധിമുട്ടിക്കുന്ന ഒരു മതവിധിയും ദീനില്‍ ഇല്ല, ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിനുസരിച്ച് മതാനുഷ്ഠാനങ്ങള്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ട് - ഇതൊക്കെയാണവരുടെ വാദം. അത് തെറ്റാണ്.
ഇനി, അല്ലാഹു ഈ വിഷയം പറഞ്ഞവസാനിപ്പിക്കുന്നത് നോക്കൂ:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (185)
(നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കാനും, നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിക്കാനും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാണ്.....)
മനുഷ്യന് അല്ലാഹു സന്മാര്‍ഗം നല്‍കുക എന്നത് വലിയ അനുഗ്രഹമാണ്. അതിനുമാത്രംതന്നെ, അവനെ എത്രയധികം വാഴ്ത്തിയാലും മതിയാകില്ല. അവന്‍ ചെയ്ത ഏത് അനുഗ്രഹത്തിനും വേണ്ടതുപോലെ നന്ദി ചെയ്യാന്‍ നമ്മള്‍ അശക്തനാണ്. ഈ ബോധ്യം എപ്പോഴുമുണ്ടായിരിക്കണം.
എത് നല്ല കാര്യം ചെയ്തുകഴിയുമ്പോഴും അല്ലാഹുവിനെ സ്മരിക്കുകയും സ്തുതിക്കുകയും, അത് ചെയ്യാന്‍ തൌഫീഖ് തന്നതിന് നന്ദികാണിക്കുകയും വേണം.
നന്‍മ ചെയ്തുകഴിയുമ്പോള്‍ സന്തോഷം തോന്നുന്നതും, തിന്മ ചെയ്തുപോയാല്‍ വെറുപ്പ് തോന്നുന്നതും സത്യവിശ്വാസിയുടെ ലക്ഷണമാണെന്നാണല്ലോ തിരുനബി صلى الله عليه وسلمപഠിപ്പിച്ചത്. അപ്പോള്‍, ഒരു മാസക്കാലം അല്ലാഹുവിന് വേണ്ടി സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് നോമ്പുനോല്‍ക്കാന്‍ സാധിച്ചതിന് നന്ദി പ്രകടിപ്പിക്കണം. നോമ്പില്‍ മാത്രമല്ല, മറ്റെല്ലാ അനുഷ്ഠാനകര്‍മങ്ങളിലും ഇങ്ങനെ ശുക്റ് ചെയ്യണം.
റമളാന്‍ അവസാനിക്കുന്നതോടുകൂടി ചെറിയ പെരുന്നാള്‍ വരികയാണല്ലോ. തക്ബീര്‍ ചൊല്ലിയും സന്തോഷിച്ചും അല്ലാഹുവിന് ശുക്റ് ചെയ്തുമാണ് അതിനെ സ്വീകരിക്കേണ്ടത്. ഇത്തരം കാര്യങ്ങളെല്ലാം ഇവിടെ നിന്ന് മനസ്സിലാക്കേണ്ടതാണ്.
അടുത്ത ആയത്ത് 186
നോമ്പിന്‍റെ നിയമവിധികളാണ് പറഞ്ഞുവരുന്നത്. നോമ്പിനെക്കുറിച്ച് പലതും പറഞ്ഞു. അവസാനം അല്ലാഹുവിനെ മഹത്വപ്പെടുത്താനും, നന്ദി കാണിക്കാനും ഉപദേശിച്ചു.
ഇനി അതിനോട് ചേര്‍ത്തുതന്നെ ദുആയെക്കുറിച്ചാണ് പറയുന്നത്. പ്രാര്‍ഥനയുടെ ശ്രേഷ്ഠതയും റമളാനുമായുള്ള കണക്ഷനും മനസ്സിലാക്കിത്തരാനാണ് രണ്ടും ഒരുമിച്ചുപറയുന്നത്.
അടുത്ത ആയത്തില്‍ വീണ്ടും നോമ്പിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇടക്കുവെച്ച് ഈ ദുആയുടെ കാര്യം പറഞ്ഞത്, നോമ്പ് കാലത്തെ പ്രാര്‍ത്ഥനക്ക് പ്രത്യേകം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിത്തരാനാണ്.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (186)
എന്‍റെ അടിമകള്‍ അങ്ങയോടെന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ സമീപസ്ഥന്‍ തന്നെയാണ് എന്ന് മറുപടി നല്‍കുക. പ്രാര്‍ഥിക്കുന്നവന്‍ എന്നോടു പ്രാര്‍ത്ഥിച്ചാല്‍ ഞാനുത്തരം നല്‍കും. അതുകൊണ്ട് അവര്‍ എന്‍റെ കല്‍പന സ്വീകരിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ-അവര്‍ നേര്‍മാര്‍ഗത്തിലാകാന്‍ വേണ്ടി.
നോമ്പുകാലത്ത്, നോമ്പ് തുറക്കുന്ന സമയത്ത്, വിശേഷിച്ചും റമളാന്‍ അവസാനിക്കുന്ന സമയത്ത് ദുആ ചെയ്യുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
നോമ്പ് തുറക്കുമ്പോള്‍ ചെയ്യുന്ന ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കും. (നിശ്ചയം നോമ്പുകാരന്, നോമ്പു തുറക്കുമ്പോള്‍ തള്ളപ്പെടാത്ത ഒരു പ്രാര്‍ഥനയുണ്ട്- ഹദീസ് - ഇബ്‌നുമാജ, ഹാകിം, ബൈഹഖി).
ഇബ്‌നു ഉമര്‍ (رضي الله عنهما) നോമ്പ് തുറക്കുന്ന സമയത്ത് വീട്ടുകാരെയും മക്കളെയും ഒരുമിച്ച് കൂട്ടി ദുആ ചെയ്യാറുണ്ടായിരുന്നു. നമ്മളും ആ സമയം ശരിക്കുപയോഗപ്പെടുത്തണം. നല്ല തിരക്കുള്ള സമയമായിരിക്കുമത് പ്രത്യേകിച്ച്, ഇഫ്ഥാര്‍ പാര്‍ട്ടിയുണ്ടാകുമ്പോഴൊക്കെ. എല്ലാം നേരത്തെ ഒരുക്കിവെച്ച് ആ സമയം ദുആക്ക് മാറ്റിവെക്കുക. കുടുംബത്തെയും അങ്ങനെ ശീലിപ്പിക്കുക.
ഈ സൂക്തം അവതരിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഇമാം റാസി(റ) എഴുതുന്നു: ഒരു ഗ്രാമീണന്‍ വന്ന് നബി صلى الله عليه وسلم യോട് ചോദിച്ചു: 'നമ്മുടെ റബ്ബ് അടുത്തു തന്നെയുണ്ടോ? എങ്കില്‍ അവനോട് പതുക്കെ ചോദിച്ചാല്‍ മതി. അല്ല അവന്‍ വിദൂരത്താണോ? അങ്ങനെയാകുമ്പോള്‍ അവനെ ഉച്ചത്തില്‍ വിളിക്കേണ്ടതായിവരും.' ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിച്ചത് (തഫ്‌സീര്‍ കബീര്‍ 5:94).
ദുആ വളരെ പ്രധാനപ്പെട്ടൊരു ഇബാദത്താണ്. മുഅ്മിനിന്‍റെ ആയുധമാണ്. ഹദീസുകളില്‍ നിരവധി ശ്രേഷ്ഠതകള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.
അല്ലാഹു എപ്പോഴും നമ്മോടൊപ്പമുണ്ട്. ദുആകള്‍ എപ്പോഴും കേള്‍ക്കും, നമ്മുടെ അപേക്ഷകള്‍ തള്ളിക്കളയുകയില്ല. ഇന്ന സമയത്തേ ദുആ ചെയ്യാവൂ, ഇന്നതേ ചോദിക്കാവൂ, ഇത്ര തവണയേ പറ്റൂ, ഇന്ന സ്ഥലത്തേ പറ്റൂ എന്നൊന്നുമില്ല. എപ്പോഴും, എങ്ങനെയും എത്രവട്ടവും ചെറുതും വലുതും എന്തും ചോദിക്കാം... തരാന്‍ കഴിവുള്ളവനോടല്ലേ നമ്മള്‍ ചോദിക്കുന്നത്..ആത്മാര്‍ഥമായ ദുആ സ്വീകരിക്കുക തന്നെ ചെയ്യും. റബ്ബിന്‍റെ കാരുണ്യമാണത്.
അല്ലാഹു ദുആ സ്വീകരിക്കും എന്ന് പറഞ്ഞാല്‍ അത് 3 രൂപത്തിലാണ്: ഒന്നുകില്‍ ചോദിച്ചത് അതുപോലെ കിട്ടും. അല്ലെങ്കില്‍ അതുമൂലം എന്തെങ്കിലും ആപത്തുകള്‍ നീക്കിത്തരും, അതുമല്ലെങ്കില്‍, ആ ഒരു ദുആ ഒരു നിക്ഷേപമായി സൂക്ഷിച്ചുവെച്ച്, ആഖിറത്തില്‍ പ്രതിഫലം നല്‍കും.
അല്ലാഹു നമ്മളെ സഹായിക്കട്ടെ-ആമീന്‍
--------------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment