തുര്‍കി പൊതുതെരഞ്ഞെടുപ്പ്; ഒരു നൂറ്റാണ്ട് പിന്നിടുന്ന സെക്കുലർ - ഇസ്‍ലാമിസ്റ്റ് പോരാട്ടങ്ങളുടെ വെളിച്ചത്തില്‍

ടർക്കിഷ് റിപ്പബ്ലിക് സ്ഥാപിതമായിട്ട് നൂറു വർഷം തികയാനിരിക്കെ തുർക്കി പൊതു തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇരുപത്  വർഷമായി അധികാരത്തിലിരിക്കുന്ന റജബ് ത്വയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള ഇസ്‍ലാമിസ്റ്റ് പശ്ചാത്തലമുള്ള ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടിയെ നേരിടാൻ സെക്കുലറിസ്റ്റ് ആയ  കമാൽ കിളിജ് ദര് ഓഗ്ലുവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരിക്കുകയാണ്. തുർക്കി രാഷ്ട്രീയത്തിൽ ഇസ്‍ലാമിസ്റ്റുകളും സെക്കുലറിസ്റ്റുകളും തമ്മിലുള്ള പോരാട്ടത്തിന് ഒരു നൂറ്റാണ്ടിലേറെ തന്നെ കാലത്തെ ചരിത്രമുണ്ട്.

1908ൽ  സുൽത്താൻ അബ്ദുൽ ഹമീദ് യുവ തുർക്കിക്കളുടെ നേതൃത്വത്തിൽ പുറത്താക്കപ്പെട്ടത് മുതൽ തുർക്കി രാഷ്ട്രീയത്തിൽ സെക്യുലറിസ്റ്റുകളും ഇസ്‍ലാമിസ്റ്റുകളും തമ്മിലുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇസ്‍ലാമിക ഖിലാഫത്തിനെ എന്നന്നേക്കുമായി തുടച്ചുനീക്കുകയും 1924ൽ മുസ്തഫ കമാൽ അതാതുർക്ക് ടർക്കിഷ് റിപ്പബ്ലിക് സ്ഥാപിക്കുകയും തൻറെ  സെക്യുലറിസ്റ്റ് ആശയങ്ങൾ നടപ്പാക്കുകയും ചെയ്തതോടെ സെക്കുലറിസ്റ്റുകൾ  തുർക്കി രാഷ്ട്രീയത്തിൽ അതിശക്തമായ സാന്നിധ്യമായി മാറി. ഇസ്‍ലാം കാരണമാണ് തുർക്കി പാശ്ചാത്യ രാജ്യങ്ങളേക്കാൾ പിന്നിലായത് എന്നായിരുന്നു അയാളുടെ വാദം. 

സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകളിൽ ഇസ്‍ലാമികമായ സർവ മൂല്യങ്ങളെയും നീക്കം ചെയ്ത് സെക്യുലറിസ്റ്റ് അജണ്ട നടപ്പാക്കുകയും ഭാഷയിലും വസ്ത്രങ്ങളിലും അടക്കം പാശ്ചാത്യ മാതൃകകൾ സ്വീകരിക്കുകയും ആയിരുന്നു അയാൾ അതിന് പരിഹാരമായി കണ്ടതും ചെയ്തതും. അയാളുടെ സെക്യുലറിസ്റ്റ് ആശയങ്ങളെ നിലനിർത്താനുള്ള ഉത്തരവാദിത്വം സൈന്യത്തെ ഏൽപ്പിച്ചത് കാരണം തുർക്കി രാഷ്ട്രീയത്തെ നിർണയിക്കുന്നതിൽ സൈന്യത്തിന് വളരെ വലിയ പങ്കുണ്ടായിരുന്നു. അട്ടിമറിയിലൂടെ നാല് ഗവൺമെന്റുകളെയാണ് സൈന്യം പുറത്താക്കി സെക്കുലറിസ്റ്റ് ഭരണകൂടങ്ങളെ പുനസ്ഥാപിച്ചത്.


മുസ്തഫ കമാല്‍ സ്ഥാപിച്ച പ്യൂപ്പിള്‍ റിപ്പബ്ലിക് പാർട്ടി 1946 വരെ ഒരു  എതിരാളിയും ഇല്ലാതെ അധികാരത്തിൽ തുടർന്നു. 1946ൽ പാർട്ടിയിൽ നിന്നും പിരിഞ്ഞ അദ്നാൻ  മുന്ദരിസ്, ജലാൽ ബായർ എന്നിവർ ഇസ്‍ലാമിക് സ്വഭാവമുള്ള ഡെമോക്രാറ്റിക് പാർട്ടി എന്ന പുതിയൊരു പാർട്ടിക്ക് രൂപം നൽകുകയും അതേ വർഷം തന്നെ പാർലമെൻറ് ഇലക്ഷനിൽ മത്സരിക്കുകയും ചെയ്തു എങ്കിലും നേരിയ വ്യത്യാസത്തിൽ അധികാരത്തിലെത്താനാവാതെ പോയി.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിതമായതോടെ, അത് വരെ പലരും  രഹസ്യമായി കൊണ്ട് നടന്നിരുന്ന സെക്യുലറിസ്റ്റ് വിരുദ്ധ വികാരം തുർക്കിയിൽ  പരസ്യമായി തുടങ്ങി. 1950ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി 96 നെതിരെ 403 സീറ്റുകളുമയി അധികാരം പിടിച്ചു. അധികാരത്തിൽ എത്തിയ അദ്നാൻ മുന്ദരിസ് ടർക്കിഷ് ഭാഷയിൽ നിന്ന് ബാങ്ക് അറബീകരിക്കുകയും ഇസ്‍ലാമികമായ മൂല്യങ്ങൾ പാഠ്യ പദ്ധതികളിൽ പുനരാവിഷ്കരിക്കുകയും ചെയ്തു. 1960ൽ സൈനിക അട്ടിമറിയിലൂടെ അദ്നാൻ മുന്ദരിസ് പുറത്താക്കപ്പെടുക്കയും വധശിക്ഷയ്ക്ക് വിധേയനാവുകയും ജലാൽ ബായാർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ സൈന്യത്തിൻറെ സുരക്ഷയിൽ വീണ്ടും സെക്യുലർ ഭരണം  നിലവിൽ വന്നു. സെക്യുലറിസത്തെ സംരക്ഷിക്കുക എന്ന പേരിൽ 1970കളിലും 80കളിലും അട്ടിമറികൾ നടന്നു എങ്കിലും ഇസ്‍ലാമിസ്റ്റുകൾ രഹസ്യമായി തുർക്കി രാഷ്ട്രീയത്തിൽ തുടർന്നുപോന്നു. 1996ൽ അധികാരത്തിലേറിയ നജ്മുദ്ദീൻ അർബകാൻ തുർക്കിയിൽ മത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും മതപരമായി പല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു എങ്കിലും സൈനിക ഭീഷണികൾ കാരണം, അദ്ദേഹത്തിന് ഒരു വർഷം തികയുന്നതിന് മുമ്പ് രാജിവെക്കേണ്ടി വന്നു. പിന്നീട് വന്ന 5 വർഷക്കാലം ഇസ്‍ലാമിസ്റ്റുകൾ തുർക്കി രാഷ്ട്രീയത്തിൽ നിന്ന് അകറ്റപ്പെടുകയാണ് ഉണ്ടായത്.


2002 ഉറുദുഗാന്റെ നേതൃത്വത്തിൽ ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടി അധികാരത്തിൽ വന്നതോടെ തുർക്കി രാഷ്ട്രീയത്തിൽ ഇസ്‍ലാമിസ്റ്റുകൾക്ക് അതിശക്തമായ സ്വാധീനം ഉറപ്പിക്കാനായി. അധികാരത്തിലേറിയതിനുശേഷം ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന പല കമാലിസ്റ്റ് ആശയങ്ങളെയും ദൂരീകരിച്ച് ഇസ്‍ലാമിക മൂല്യങ്ങൾ നടപ്പാക്കാൻ അദ്ദേഹം ഏറെ ശ്രമങ്ങള്‍ നടത്തി. ഹിജാബിനു മേൽ ഉണ്ടായിരുന്ന വിലക്ക് നീക്കുകയും മത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും, ആയിരക്കണക്കിന് പള്ളികൾ നിർമ്മിക്കുകയും, മദ്യത്തിന്റെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. 2016 ൽ ഉറുദുഗാന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിനെ അട്ടിമറിക്കാൻ സൈനിക നീക്കം നടന്നു. സൈനിക അട്ടിമറി നടക്കുന്നത് മനസ്സിലാക്കിയ ജനം തെരുവിലിറങ്ങി അതിനെ നേരിട്ട് പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. സൈനിക അട്ടിമറിക്ക് മുതിർന്ന ഓഫീസർമാരെ ശിക്ഷിക്കുകയും ശക്തമായ അഴിച്ചുപണികൾ നടത്തുകയും സൈന്യത്തിൻറെ രാഷ്ട്രീയത്തിലുള്ള സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തന്നെ നടത്തുകയും ചെയ്തു.

എന്നാൽ ഈ തെരഞ്ഞെടുപ്പോടെ, ഇസ്‍ലാമിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാൻ വേണ്ടി പ്രതിപക്ഷ പാർട്ടികൾ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ആറ് മുഖ്യധാരാ പാർട്ടികൾ അടങ്ങുന്ന പ്രതിപക്ഷ സഖ്യം കമാലിസ്റ്റായ കമാൽ കിലിജ് ദാർ ഓഗ്ലു എന്ന കുർദ് വംശജനാണ് നയിക്കുന്നത്. തുർക്കിയിലെ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ പിന്തുണ ഉണ്ട് എങ്കിലും നജ്മുദ്ദീൻ അർബക്കാന്റെ പാർട്ടിയായിരുന്ന സആദാ പാർട്ടി പ്രതിപക്ഷ സഖ്യത്തിൽ അണി ചേർന്നത് യാഥാസ്ഥിക വിഭാഗത്തിൻറെ വോട്ടുകൾ ഭിന്നിപ്പിക്കുകയും ഉർദുഗാന് ദോഷമായി ഭവിക്കുകയും ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകളുടെ  പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാത്തതും തിരിച്ചടിയാണ്. 

ഉറുദുഗാൻ അധികാരത്തിലേറിയതിനുശേഷം ആദ്യകാലങ്ങളിൽ വൻ സാമ്പത്തിക മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും  ഈയടുത്തായി സ്വീകരിച്ച സാമ്പത്തിക  നയങ്ങൾ തുർക്കി സാമ്പത്തിക രംഗത്തെ മോശമാക്കുകയും ലിറയുടെ മൂല്യം ഇടിയാൻ കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ വ്യാവസായിക രംഗത്ത് ഉറുദുഗാന്റെ കാലഘട്ടത്തിൽ തുർക്കി കൈവരിച്ച മുന്നേറ്റം സ്തുത്യർഹമാണ്. വെറും ഇരുപത് ശതമാനം മാത്രം സൈനിക ആയുധങ്ങൾ ഉൽപാദിപ്പിച്ചിരുന്ന തുർക്കി ഇന്ന്, ഓട്ടോമൊബൈൽ, വിമാനവാഹിനി കപ്പൽ അടക്കം തങ്ങളുടെ എൺപത് ശതമാനത്തോളം സൈനിക ആയുധങ്ങളും സ്വന്തമായി നിർമ്മിച്ച് തുടങ്ങിയത് ഉർദുഗാന്റെ ഭരണത്തിന് കീഴിലാണ്.  തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണം നിലവിൽ വന്നതിനുശേഷം, ഏറ്റവും വലിയ സ്വാധീന ശക്തിയായി മാറിയ ഉറുദുഗാൻ അധികാരം നില നിർത്തും എന്ന് തന്നെയാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഒരു നൂറ്റാണ്ടോളം നേരിട്ട  അടിച്ചമർത്തലുകൾക്കും പ്രതികൂല സാഹചര്യങ്ങള്‍ക്കും ശേഷവും തുർക്കിയിൽ ഇസ്‍ലാമിസ്റ്റുകള്‍ ഇന്നും ശക്തമായ രാഷ്ട്രീയ സാന്നിധ്യമായി നിലനിൽക്കുന്നത് മേഖലയിൽ ഇസ്‍ലാമും രാഷ്ട്രീയവും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഈ ഒരു വ്യത്യാസം തന്നെയാണ് പാശ്ചാത്യ നാടുകളെ പ്പോലെ മുസ്‍ലിം രാജ്യങ്ങളിൽ സെക്കുലറിസത്തിന് വേരോട്ടം ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണവും. ഇസ്‌ലാമിസ്റ്റുകളെ രാഷ്ട്രീയത്തിൽ നിന്ന അകറ്റി നിറുത്തണം എന്ന പാശ്ചാത്യ അജണ്ടകൾക് ഇന്നും ശക്തമായ ഒരു വെല്ലുവിളിയായി തുടരുന്നത് തുര്‍കി തന്നെയാണ്. അത് കൊണ്ട് തന്നെ, തുര്‍കി രാഷ്ട്രീയത്തിലെ ഇടപെടാനുള്ള അവസരങ്ങളെല്ലാം അവരും പരമാവധി ഉപയോഗപ്പെടുത്തുമെന്നതില്‍ സംശയമില്ല. തുര്‍കിയുടെ ഭരണവും ഭാവിയും എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter