പഠനം ഒരു  കലയാണ്, ഇതാ  ഒരു സാമ്പിൾ

കൊറോണയെ വായിക്കുകയാണ് നിരവധിപേര്‍. ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് പുസ്തകങ്ങളെ പ്രണയിക്കുന്നതിനേക്കാള്‍ മറ്റെന്തുണ്ട് പ്രിയങ്കരം?  നല്ല പുസ്തകങ്ങള്‍ ഹരംകൊള്ളിക്കും. നമ്മെ ലയിപ്പിച്ചിരുത്തും. എന്നാല്‍ പഠനം അങ്ങനെയല്ല, കുറച്ചുകൂടി ബോറിങ്ങാണ്. ആലോചനകളുടെ വിശാലമായ ആകാശങ്ങളല്ല, നിശ്ചിത പാഠഭാഗങ്ങളുടെ സങ്കുചിതത്വങ്ങളാണ് അവിടെ താരം. ഗ്രഹിക്കണം, ഓര്‍ക്കണം, എഴുതണം ആ പ്രക്രിയ അങ്ങനെ നീളുന്നു. ഈ പോസ്റ്റ് അവരെ ഉദ്ദേശിച്ചുള്ളതാണ്. കൊറോണക്കാലത്ത് പഠിക്കാനുദ്ധേശിച്ചവര്‍ക്ക്. വിശിഷ്യാ മത്സര പരീക്ഷകള്‍, എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, പി.എസ്.സി എന്നീ പരീക്ഷകള്‍ക്കൊക്കെ അടിസ്ഥാനപരമായി എങ്ങനെ പഠിക്കണം എന്ന് ചോദിക്കാറുള്ള നിഷ്‌കുകള്‍ക്ക്. സത്യത്തില്‍ വായന തന്നെയാണോ പഠനം, അതോ പഠനം തന്നെ വായനയാണോ എന്ന തികച്ചും വ്യക്തിപരമായ ആലോചന.

 ആദ്യഭാഗം മാത്രം വായിക്കുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ ഈ കുറിപ്പിന്റെ ആകെത്തുക ആദ്യമേ പറയാം. ഒരു വട്ടം വായിച്ചാല്‍ അത് സാധാരണ വായന. നോവല്‍, കഥ, ചരിത്രം, ആസ്വാദനം എന്നിവയൊക്കെ പോലെ തന്നെ. ഒരു സംഗതി നാല് പ്രാവശ്യം വായിച്ചാല്‍ അതാണ് പഠനം. ഈ നാല്  പ്രവാശ്യം എങ്ങനെ വായിക്കണമെന്ന് വഴിയെ വിവരിക്കാം..

1-ആദ്യവായന അഥവാ ഗ്രാഹ്യ വായന

 പഠിക്കാനുള്ള ഭാഗം, അല്ലെങ്കില്‍ ഒരു ചാപ്റ്റര്‍ കയ്യിലെടുക്കുക. മനസ്സ് കാലിയാക്കുക. അറിഞ്ഞാലും അറിയില്ലെങ്കിലും മുന്‍ധാരണകള്‍ ഒഴിവാക്കുക. വിനയപുരസ്സരം തുടക്കം മുതല്‍ ഒടുക്കം വരെ ശ്രദ്ധയോടെ വായിക്കുക. ഓരോ വാക്യങ്ങളും മനസ്സിലാക്കുക എന്നതാണ് ഇവിടെ പ്രധാനം. ഒരു വാക്യം (സന്റന്‍സ്) മനസ്സിലായ ശേഷമേ അടുത്തതിലേക്ക് കടക്കാവൂ. ഏതെങ്കിലും വാക്യം മനസ്സിലായില്ലെങ്കില്‍ ഒന്നുകൂടി മനസ്സിരുത്തി വായിക്കുക. തുടര്‍ന്ന് അടുത്തത്, അതേ പോലെ ആദ്യ പാരഗ്രാഫ് കഴിഞ്ഞേ അടുത്തത് വായിക്കാവൂ. അടുത്ത പാരഗ്രാഫ് വായിക്കും മുമ്പ് കഴിഞ്ഞ പാരഗ്രാഫിലെ കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഏതെങ്കിലും വാക്കുകളുടെ അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍, വിശിഷ്യാ അ്‌ന്യഭാഷാ ഗ്രന്ഥം വായിക്കുമ്പോള്‍, ഉടനെ ഡിക്ഷ്ണറിയോ ഗൂഗ്‌ളോ നോക്കി അര്‍ത്ഥം കണ്ടെത്തി വേണം മുന്നോട്ടുപോകാന്‍. പക്ഷെ, വാക്കുകളുടെ അര്‍ത്ഥം പഠിക്കുക എന്നതിനല്ല ഇവിടെ പ്രാധാന്യം, പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കുക എന്നതാണ്. ചില വാക്കുകള്‍ക്ക് അര്‍ത്ഥമറിയില്ലെങ്കിലും കാര്യം മനസ്സിലായിട്ടുണ്ടെങ്കില്‍ തുടര്‍ന്നുപോകുന്നതിന് തടസ്സമില്ല.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്  അടിവര, നോട്ടെഴുത്ത് എന്നിവയൊന്നും ഇവിടെ പാടില്ല എന്നതാണ്. അങ്ങനെ ആ ചാപ്റ്റര്‍ തീരുമ്പോഴേക്കും രചയിതാവ് ഉദ്ധേശിച്ച കാര്യം നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. അങ്ങനെ മനസ്സിലായെങ്കില്‍ നിങ്ങളുടെ പഠനത്തിന്റെ ആദ്യ കടമ്പ കഴിഞ്ഞു. 25% സക്‌സസ്. 

2-രണ്ടാമത്തെ വായന അഥവാ നോട്ടെഴുത്ത്. 

 നോട്ടെഴുത്ത് (കുറിപ്പെഴുത്ത്,കുറിപ്പാത്ത്) എന്നത് മനോഹരമായ ഒരു കലയാണ്. സ്വാനുഭവങ്ങളിലൂടെ വികസിപ്പിക്കേണ്ട വ്യക്തിഗതമായ ഒരു കല. എത്രത്തോളം ആറ്റിക്കുറിക്കെഴുതുന്നോ അത്രത്തോളം മൂല്യമുള്ളതാണ് നിങ്ങളുടെ നോട്ടുകള്‍. പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കൂടിയാണിത്.
രണ്ടാമത്തെ വായന നോട്ടെഴുതാനുള്ളതാണ്. നോട്ടെഴുതുന്നതിന് ചില നിയമങ്ങളുണ്ട്. ഓരോ വാക്യവും വായിച്ച് നോട്ടെഴുതരുത്. അതുപോലെ ആദ്യവായനയിലും നോട്ടെഴുതരുത്. രണ്ടും നിങ്ങളുടെ നോട്ടെഴുത്ത് വ്യര്‍ഥമാക്കും. മികച്ച നോട്ടിംഗ് എന്നത് രണ്ടാം വായനയില്‍ ഓരോ പാരഗ്രാഫും വായിച്ച ശേഷം നിങ്ങള്‍ ആറ്റിക്കുറിക്കുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ എഴുത്താകാം. ഗ്രാഫാകാം,കള്ളികളാകാം, ബുള്ളറ്റ് പോയന്റുകളാകാം, നമ്പറുകളാകാം, അങ്ങനെ എന്തും.. നിങ്ങളുടെ ഇഷ്ടം പോലെ കുറിക്കാം. ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഓരോ ഭാഗത്തിന്റെയും,ചാപ്റ്ററിന്റെയും നോട്ടെഴുത്ത് കഴിഞ്ഞാല്‍ അത്രയും സ്ഥലം അവിടെ ഒഴിച്ചിടുക. പിന്നീട് ആവശ്യം വരും. (അത് വഴിയെ പറയുന്നുണ്ട്) ഇങ്ങനെ ഓരോ പാരഗ്രാഫും വായിച്ച് കുറിപ്പുകളെഴുതുക. പാഠഭാഗം തീരും വരെ. ഓരോ ചാപ്റ്ററുകളിലും ഇതു തന്നെ തുടരുക. ഒ

രണ്ട് ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, ഏത് ഭാഗമാണ് നോട്ടെഴുതേണ്ടത്, ഏതു ഭാഗം വിടണം?  -പാഠത്തിന്റെ ആദ്യ വായനയില്‍ നിങ്ങള്‍ക്ക് പാഠത്തിന്റെ ആകെത്തുക മനസ്സിലാകും. രണ്ടാം വായനയില്‍ ആദ്യ പാരഗ്രാഫ് ഒരിക്കല്‍ കൂടി വായിച്ചാല്‍ ആകെത്തുകയെ സഹായിക്കുന്ന ഏതെല്ലാം ഭാഗങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് തന്നെ വ്യക്തമാകും. അത് മാത്രം എഴുതുക. ഏതെങ്കിലും ചില വിവരങ്ങള്‍ പരീക്ഷക്ക് വരാവുന്നതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നതും എഴുതുക. അത്രമാത്രം. കൂടുതല്‍ തല പുണ്ണാക്കരുത്. നിങ്ങള്‍ നിങ്ങളെ വിശ്വസിക്കുക. പരിപാടി വേഗം തീര്‍ക്കുക. 
രണ്ടാമത്തെ ചോദ്യം, അടിവര ഇടുന്നതാണോ നല്ലത് നോട്ടെഴുതുന്നതാണോ എന്നതാണ്. നോട്ടെഴുതി പേജും പേനയും സമയവും എന്തിന് കളയുന്നു എന്ന ചോദ്യം. ആദ്യം തന്നെ പറയാം. പരീക്ഷാപഠനമാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ ഒരിക്കലും അടിവരയല്ല നോട്ടു തന്നെയാണ് നല്ലത്. കാരണം, പരീക്ഷയ്ക്ക് ഏറ്റവും പ്രധാനം റിവിഷന്‍, അഥവാ ആവര്‍ത്തനമാണ്. വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിക്കുക. മനുഷ്യന്റെ ഓര്‍മശക്തി വളരെ കുറവാണ്. ആയതിനാല്‍ ഓര്‍മയില്‍ നിര്‍ത്തണമെങ്കില്‍ പലവട്ടം വായിക്കേണ്ടി വരും. വിശിഷ്യാ പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍,മണിക്കൂറുകളില്‍.. നിങ്ങളുടെ കയ്യിലുള്ള പുസ്തകത്തിന് 500 പേജ് ഉണ്ടെന്നിരിക്കട്ടെ, ഓരോ പേജിലും അഞ്ച് അടിവരകളുണ്ടെങ്കില്‍ നിങ്ങള്‍ 2500 അടിവരകള്‍ വീണ്ടും വായിക്കേണ്ടി വരും.  അതിന്റെതായ പരിമിതിയുണ്ട്. സമയനഷ്ടവും പ്രധാന ഭാഗങ്ങള്‍ വിട്ടുപോകാനോ പ്രാധാന്യം കൊടുക്കാതിരിക്കാനോ ഉള്ള സാധ്യത വേറെയുമുണ്ട്. നോട്ടെഴുത്താണെങ്കില്‍, എണ്ണം കുറവ്, ആവര്‍ത്തനത്തിന് സുഖം, നോട്ടില്‍ അടിവരയിട്ട്, വിവിധ നിറങ്ങള്‍ ചേര്‍ത്ത് വീണ്ടും ചുരുക്കാനുള്ള സാധ്യത, മെച്ചങ്ങള്‍ അങ്ങനെ പോകും. പിന്നീട് പുസ്തകത്തിന്റെ ആവശ്യമേയില്ല.  ഒരു നല്ല നോട്ട് ഉണ്ടാക്കിത്തീര്‍ന്നാല്‍ നിങ്ങളുടെ പഠനത്തിന്റെ പ്രധാന കടമ്പ കഴിഞ്ഞു. ഹാവൂ, എന്നാശ്വസിക്കാം, ഒപ്പം, പുസ്തകം വലിച്ചെറിയുകയോ ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് സംഭാവന ചെയ്യുകയോ ആകാം.

3-റിവിഷന്‍ അഥവാ നോട്ടുവായന

 ഇതുവരെ നിങ്ങള്‍ വായിച്ചത് പുസ്തകമാണ്. ഇനി അതിന്റെ ആവശ്യമില്ല.നിങ്ങളിപ്പോള്‍ പഴയ വായനക്കാരനല്ല, ഇനിയാണ് യഥാര്‍ത്ഥ പഠനം ആരംഭിക്കുന്നത്. നോട്ടുകള്‍ വായിക്കുക എന്ന ജോലിയാണ് ഇനിയുള്ളത്. ഇത് ഏറെ സുഖമുള്ള ഏര്‍പ്പാടാണ്. നിങ്ങള്‍ വിതച്ചത് നിങ്ങള്‍ തന്നെ കൊയ്യുന്ന പാഠമാണിത്. മുമ്പ് രണ്ടുവട്ടം വായിച്ചതിനാല്‍ നിങ്ങള്‍ക്ക് ഇത് പെട്ടെന്നു തന്നെ തീര്‍ക്കാനാകും. പക്ഷെ, ചില ഭാഗങ്ങള്‍ അത്രത്തോളം ഈസിയാകണമെന്നില്ല. ഉദാഹരണത്തിന് വഴിക്കുവഴി പഠിക്കേണ്ട കാര്യങ്ങള്‍, അഞ്ചോ പത്തോ കാര്യങ്ങള്‍ തുടര്‍ച്ചയായി ഓര്‍ക്കേണ്ടി വരിക. ഇവിടെ നിങ്ങള്‍ക്ക് അല്‍പം നൂതന സംരംഭങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. 
സംഭവങ്ങളെ കഥകളാക്കി മാറ്റുക, നിത്യജീവിതത്തിലെ സംഭവങ്ങളോട് ബന്ധിപ്പിക്കുക. നിങ്ങള്‍ക്ക് എപ്പോഴും ഓര്‍ക്കാന്‍ താല്‍പര്യമുള്ള വിഷയങ്ങളുമായി ബന്ധിപ്പിക്കുക, വന്യമായ ഭാവനകള്‍ കടത്തുക, അസോസിയേഷന്‍ മെത്തേഡ്, കണക്ഷന്‍ മെത്തേഡ്, മെമ്മറി ട്രിക്കുകള്‍, എളുപ്പ വഴികള്‍, തുടങ്ങി നിങ്ങളുടെ ഓര്‍മയെ പുഷ്ടിപ്പെടുത്താവുന്ന എന്തൊക്കെ വഴികളുണ്ടോ അതിലേതെങ്കിലുമൊന്ന് പരീക്ഷിക്കുക. നോട്ടിംഗില്‍ അത്തരം പരീക്ഷണങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്താനും മറക്കരുത്. അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം.
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, പരീക്ഷാ പഠനത്തില്‍ റിവിഷന്‍ നടത്താത്ത വായനകളെല്ലാം വെയ്‌സറ്റാണ്. മറ്റൊരര്‍ഥത്തില്‍, റിവിഷന്‍ നടത്താന്‍ പറ്റും എന്നുറപ്പുള്ളതു മാത്രമേ വായിക്കാവൂ. പത്ത് പുസ്തകം ഒരു വട്ടം വായിക്കുന്നതിനേക്കാള്‍ ഒരു സ്റ്റാന്റേഡ് പുസ്തകം പത്ത് വട്ടം വായിക്കുന്നതാണ് എപ്പോഴും നല്ലത്.  

4-ഒടുക്കത്തെ വായന, അഥവാ റീഡിംഗ് ക്വസ്റ്റ്യന്‍സ്..

 ഇനി നിങ്ങള്‍ വായിക്കേണ്ടത് ചോദ്യപ്പേപ്പറുകളാണ്. തദ് വിഷയത്തില്‍ മുമ്പ് എക്‌സാം ബോര്‍ഡ് ചോദിച്ച ചോദ്യങ്ങള്‍, വിവിധ ഏജന്‍സികള്‍, അധ്യാപകര്‍ നല്‍കുന്ന ചോദ്യപ്പേപ്പറുകള്‍, മോഡല്‍ ക്വസ്റ്റിയന്‍ പേപ്പറുകള്‍, ടെസ്റ്റ് സീരീസ് എന്നിവയിലെ ചോദ്യങ്ങള്‍ വായിക്കുക. നിങ്ങള്‍ നേരത്തെ പഠിച്ചതില്‍ നിന്ന് ഉത്തരം കണ്ടെത്തുക. ആവശ്യമുള്ളവയ്ക്ക് എഴുതി പ്രാക്ടീസ് നല്‍കുക എന്നിവയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. ആവര്‍ത്തന ചോദ്യങ്ങളെ പ്രത്യേകം കണ്ടെത്തുക. 
 ഈ ചോദ്യങ്ങളില്‍ നിങ്ങളുടെ നോട്ടെഴുത്തില്‍ ഉള്‍പ്പെടാത്ത ഭാഗങ്ങളുണ്ടെങ്കില്‍ നേരത്തെ ഒഴിവാക്കിയ പുറങ്ങളില്‍ ആ ഭാഗങ്ങള്‍ എഴുതിച്ചേര്‍ക്കുക. പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തുക. ഇത് കൂടി ചെയ്യുന്നതോടെ നിങ്ങളുടെ നോട്ടെഴുത്ത് പൂര്‍ത്തിയാകുകയാണ്. പരീക്ഷക്കു ശേഷം ഈ നോട്ടുകള്‍ നിങ്ങള്‍ക്ക് കൂടിയ വിലക്ക് വില്‍ക്കാവുന്നതുമാണ്.
 നാല് പ്രവാശ്യം മാത്രം, ഇനി ഒന്നും പേടിക്കാതെ നിങ്ങള്‍ക്ക് പരീക്ഷാ ഹാളിലേക്ക് പോകാം. പോകുംമുമ്പ് ഒന്നുകൂടി നോട്ട് നോക്കിയാല്‍ ബെസ്റ്റ്. മറ്റൊരു പ്രധാന കാര്യം, പരീക്ഷാഹാളില്‍ ബീ ഫ്രീ, നിങ്ങള്‍ പഠിച്ചതിന്റെ ഭാരമൊന്നും തലയിലുണ്ടാകരുത്. പരീക്ഷയെഴുത്ത് മറ്റൊരു കലയാണ്. പഠിച്ചത് നന്നായി എഴുതുക. പഠിക്കാത്തത് അതിനേക്കാള്‍ നന്നായി എഴുതുക. പഠിച്ചത് മോശം കയ്യക്ഷരത്തില്‍ തിരക്കിട്ടെഴുതിയാലും പ്രശ്‌നമല്ല, ചോദിച്ച കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ മാര്‍ക്കുറപ്പാണ്. പക്ഷെ, പഠിക്കാത്തത്, സമയമെടുത്ത്, നല്ല കയ്യക്ഷരത്തിലെഴുതുക, ചിലപ്പോള്‍ എന്തെങ്കിലും മാര്‍ക്കുകള്‍ കിട്ടു. ആ മാര്‍ക്കുകളായിരിക്കാം, നിങ്ങളുടെ വിജയം, റാങ്ക് തീരുമാനിക്കുന്നത്. 

 വൈറസ് കഷ്ണം:

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter