പെണ്‍കുട്ടികളുടെ സ്‌കാര്‍ഫും അണ്ടര്‍വെയറും എന്താ ബോംബാണോ?
സര്‍ക്കാറിന്റെ ചില നിയമങ്ങളും ഉദ്യോഗസ്ഥരുടെ ചില നടപടികളും കാണുമ്പോള്‍ പെണ്‍കുട്ടികളാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നക്കാര്‍ എന്ന് തോന്നിപ്പോകും. അവര്‍ ധരിക്കുന്ന സ്‌കാര്‍ഫും നീളക്കുപ്പായവും അടിപ്പാവാടയുമാണ് ഇന്നത്തെ സുപ്രധാന വിഷയങ്ങളത്രെ. എന്തോ തട്ടിപ്പിന്റെയും നിഗൂഢതയുടെയും സിമ്പലുകളായിട്ടാണ് ഇവ അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ നീറ്റ് പരിക്ഷയില്‍ മാതാവിനോടൊപ്പം വന്ന പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധിച്ചത് വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. അതിന്റെ ചൂടും ചൂരും മാറുന്നതിനു മുമ്പുതന്നെയിതാ അടുത്ത വിഷയംകൂടി വന്നെത്തിയിരിക്കുന്നു. സ്ത്രീ അവകാശങ്ങള്‍ക്കെതിരെയുള്ള അധികാരികളുടെ മറ്റൊരു കടന്നുകയറ്റം.
ആസന്നമായ എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷയില്‍ സ്‌കാര്‍ഫ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ അനമതി നല്‍കില്ല എന്നതാണ് പുതിയ വാര്‍ത്ത. പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിച്ച അഡ്മിറ്റ് കാര്‍ഡിലാണ് ഈ വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാഹാളില്‍ പാടില്ലാത്ത സാധനങ്ങളുടെ കൂട്ടത്തില്‍ സ്‌കാര്‍ഫും ഇടം പിടിച്ചിരിക്കുന്നു.
വിഷയം പുറത്തായതോടെ സ്ത്രീ അവകാശങ്ങള്‍ക്കു നേരെയുള്ള ഈ കടന്നുകയറ്റം ചര്‍ച്ചയായിരിക്കയാണ്. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെയുള്ള ഒളിയുദ്ധമായാണ് ഇത് വീക്ഷിക്കപ്പെടുന്നത്. പരീക്ഷാര്‍ത്ഥികളായ മുസ്‌ലിം പെണ്‍കുട്ടികളും സംഘടനകളും ഇതിനെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞു. കോടതിയെ സമീപ്പിച്ച് അധികാരികളുടെ ഈ വിഭാഗീയ നിലപാടിനെതിരെ നീതി ലഭ്യമാക്കുകയെന്നതാണ് അവര്‍ക്കു മുമ്പിലെ ഒരേയൊരു ലക്ഷ്യം.
പരീക്ഷയുടെ കാര്യക്ഷമത കൂട്ടുക എന്ന പേരില്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം ഒരിക്കലും അനുവദിക്കപ്പെട്ടുകൂടാ. പരീക്ഷകള്‍ സത്യസന്ധമായും കാര്യക്ഷമമായും തന്നെ നടക്കണം. അനര്‍ഹര്‍ ഒരിക്കലും അതിലൂടെ സ്ഥാനക്കയറ്റം നല്‍കപ്പെടാന്‍ പാടില്ല. പക്ഷെ, ഇത് ആരുടെയും മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമായിക്കൂടാ.
പരീക്ഷാ ഹാളില്‍ സ്‌കാര്‍ഫ് ധരിക്കാന്‍ പാടില്ലായെന്ന നിയമം വരുന്നതിലൂടെ രണ്ടു നിലക്കുള്ള അവകാശ ലംഘനമാണ് സംഭവിക്കുന്നത്. ഒന്ന്, താന്‍ ഏതു വസ്ത്രം ധരിക്കണമെന്ന് ഓരോരുത്തര്‍ക്കും ഭരണഘടന നല്‍കിയിട്ടുള്ള വ്യക്തിഅവകാശത്തിനെതിരെയുള്ള കടന്നുകയറ്റം. രണ്ടാമത്തേത് മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റം. ഇത് രണ്ടും ഭരണഘടനാവിരുദ്ധവും അനുവദിക്കപ്പെട്ടുകൂടാത്ത കൊടിയ അപരാധവുമാണ്. നിയമങ്ങളുടെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കലാപങ്ങളാണ് ഇതിലൂടെയെല്ലാം അരങ്ങേറുന്നത്. എന്തു വിലകൊടുത്തും അധികാരികളുടെ ഈ 'വര്‍ഗ വിരോധ'ത്തെ തകര്‍ത്തെറിഞ്ഞേ മതിയാവൂ. അല്ലാത്തപക്ഷം ഇനി വരുന്ന പ്രൊഫഷണല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ 'ചിലര്‍'ക്കു മാത്രമേ സീറ്റ് അനുവദിക്കപ്പെടുകയുള്ളൂ. മതേതരത്വം അലങ്കാരമായി ഉയര്‍ത്തിപ്പിടിക്കുന്ന ഈ രാജ്യത്ത് അതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ
Leave A Comment