മദ്രസാ പ്രവേശനാരംഭം : ഉയരേണ്ട ചില ചോദ്യങ്ങൾ

12 ലക്ഷം വിദ്യാർത്ഥികൾ ഈ വര്‍ഷം  മദ്റസയിലെത്തി,

നേരറിവ് നല്ല നാളേക്ക് എന്ന വിളംബരവുമായിട്ടാണ് മദ്റസകളിൽ  പഠനാരംഭം കുറിച്ചത്.

മദ്റസാ സംവിധാനം അത്യന്തം വിസ്മയകരമാണ്.
ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അത്യന്തം ആശ്ചര്യജനകവുമാണ്

എല്ലാ മഹല്ലുകളിലും മദ്രസകൾ വ്യവസ്ഥാപിതമായിന്ന് പ്രവർത്തിക്കുന്നുണ്ട്.

കൂറ്റൻ കെട്ടിടവും കിടയറ്റ സിലബസും മദ്രസകൾക്കിന്നുണ്ട്.
മദ്റസകൾ വിസിറ്റ് ചെയ്ത് അവയുടെ നിലവാരവും വിദ്യാർത്ഥികളുടെ പഠന പുരോഗതിയും വിലയിരുത്താൻ "മുഫത്തിശുമാർ " ആത്മാർത്ഥമായി സേവനം ചെയ്തു വരുന്നുമുണ്ട്.
കാലാന്തരത്തിൽ വന്ന് കുടുന്ന ന്യൂനതകൾ പരിഹരിച്ച് വിദ്യാർത്ഥികളുടെ അവസ്ഥകളും സാഹചര്യങ്ങളും കണ്ടറിഞ്ഞ് പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ സിലബസ് കമ്മറ്റിയും അതീവ ശ്രദ്ധയോടെ പ്രവർത്തിച്ച് വരുന്നുണ്ട്.
വർഷാന്ത്യ പരീക്ഷയും,പൊതു പരീക്ഷയും അതിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും മുടങ്ങാതെ ഭംഗിയായി നടത്തി വരാൻ സാധിക്കുന്നുണ്ട്.

പതിനായിരത്തോളം മദ്രസകളും ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളും ലക്ഷത്തോളം ഉസ്താദുമാരുമടങ്ങുന്ന അതിബൃഹത്തായ സംവിധാനമാണ് മദ്റസാ സംവിധാനം.

സമയബന്ധിതമായി റെയിഞ്ചുകളിൽ നടന്ന് വരുന്ന ശില്പശാലകളും ,പാഠക്കുറിപ്പുകൾ തയ്യാറാക്കലും പഠനോപകരണ നിർമ്മാണവും യഥാവിധി നടന്ന് വരുന്നത് കുറ്റമറ്റ രീതിയിലാണ്.

സർവീസിലിരിക്കുന്ന ഉസ്താദുമാർക്ക് ക്ഷേമനിധി നൽകുന്നതിലൂടെ അവരുടെ സാമ്പത്തീക പരാധീനതകൾ പരിഹരിക്കാൻ നന്നായി കഴിയുന്നുണ്ട്.

പൊതു വിദ്യാഭ്യാസ സംവിധാനങ്ങളെ കവച്ച് വെക്കും വിധം അസൂയാർഹമായ പുരോഗതിയാണ് മദ്റസാ സംവിധാനത്തിലിന്ന് നടന്ന് വരുന്നത്.

എന്നാലും മത വിദ്യാഭ്യാസത്തോട് താൽപര്യമുണർത്തുന്ന രീതിയിൽ നയനിലപാടുകളെടുപ്പിക്കുന്നതിൽ വല്ല പോരായ്മയും പിടിപെട്ടിട്ടുണ്ടോ ? മദ്റസയോട് മതിപ്പ് വളർത്തുന്ന സമീപനങ്ങളുണ്ടാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ ?
മതപഠനത്തോട് അഭിനിവേശം വർധിപ്പിക്കുന്ന ബോധന രീതിശാസ്ത്ര സ്വീകരണത്തിൽ പിശുക്ക് കാണിക്കുന്നുണ്ടോ ?

സമുദായത്തെ സാമൂഹികമായും സാംസ്കാരികമായും സമുദ്ധരിക്കുന്ന പഠന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിൽ പിന്നാക്കം പോയിട്ടുണ്ടോ ?

സ്മാർട്ട് ക്ലാസ് റൂമും വൈഫൈ കണക്ഷനും ഇൻറർനെറ്റ് സംവിധാനത്തിലും സ്ക്കൂളിൽ പഠിക്കുന്ന അതേ വിദ്യാർത്ഥിയുടെ ആവശ്യങ്ങളെ നിർവഹിക്കാൻ കഴിയാതെ മത വിദ്യാർത്ഥി നിഷ്ക്രിയ നായി മാറുന്നുണ്ടോ ?

ഇസ്ലാമിക വിശ്വാസ ദർശനം, കർമ സംഹിത, നിയമ ശാസ്ത്രം, അറബി ഭാഷ, സാഹിത്യം എന്നിവയുയുടെ അവതരണം കേവല വാചകമടി മാത്രമായി മാറുന്നുണ്ടോ ?

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ കുട്ടികളെ ഗ്രഹിപ്പിക്കാൻ സാധിക്കുന്ന പഠനതന്ത്രങ്ങൾ സ്വീകരിക്കാതെ വെറുപ്പിക്കുന്ന വാചകക്കസർത്ത് മാത്രമായി മാറുന്നുവോ ?

എന്നും ഓർമ്മയിൽ നിൽക്കും വിധം ദൃഢമായി പതിയുന്ന രൂപത്തിൽ പഠിപ്പിക്കേണ്ടതെങ്ങനെയെന്നറിയാതെ ഗൗരവഭാവംപൂണ്ട് കുട്ടികളുടെ നൈസർഗ്ഗീക ചോദനകളെ മുളയിലെ നുളളിക്കളയുന്നുണ്ടോ ?
തെറ്റില്ലാത്ത വിധത്തിലും തെറ്റിദ്ധാരണവരാത്ത വിധത്തിലും ആധുനീക സാങ്കേതിക വിദ്യകളെ ഉയോഗിക്കാതെ അലസഭാവം കാണിക്കുന്നുണ്ടോ ?

ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ഗഹനവും ആധികാരികവുമായ ഗവേഷണം നടത്തുന്നവരായി വിദ്യാർത്ഥികളെ മാറ്റിയെടുക്കാൻ പറ്റുന്ന തന്ത്രങ്ങളും സംവിധാനവുമെന്തെന്നറിയാതെ നിഷേധാത്മക ഭാവം പുലർത്തുന്നുണ്ടോ ?

രക്ഷാകർത്താക്കളുമായി സുദൃഢവും സുതാര്യവുമായ ബന്ധം സ്ഥാപിക്കാനും വിദ്യാർത്ഥികളെ ആകർഷിക്കും വിധം ഭൗതിക പരിസരവും രൂപഘടനയുമുണ്ടാക്കാനും
മാനേജ്മെൻറ് സംവിധാനം കാര്യക്ഷമമാക്കി മാലികമാറ്റം വരുത്തി മുഖ്യധാരയിൽ ഇടം നേടുന്നതിന് വിമ്മിഷ്ടം കാണിക്കുന്നുണ്ടോ ?
ഉത്തരവാദികൾ നമ്മൾ തന്നെയല്ലേ ?
നമുക്ക് മാത്രമല്ലേയിത് പരിഹരിക്കാൻ കഴിയൂ ?

പരാതിയും പരിഭവം പറയലുമൊഴിവാക്കി നിലവിലുള്ള അവസ്ഥ തിരിച്ചറിഞ്ഞ് ജാഗ്രത്തായി ഒന്നായിറങ്ങിയാൽ മദ്റസാ പ്രസ്ഥാനത്തിൽ വിപ്ലവം ഉണ്ടാക്കാൻ നിഷ്പ്രയാസം സാധിക്കും.

പൂർവ്വികൻമാരത് കാണിച്ച് തന്നിട്ടുണ്.
പാരമ്പര്യത്തെയും പൈതൃകത്തേയും മുറുകെപ്പിടിച്ച് വിവര സാങ്കേതീകവിദ്യയെ ഉപയോഗപ്പെടുത്തിയാൽ കുതിച്ച് ചാട്ടം ഉറപ്പാണ്.
പൂർണ്ണമായുമങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നുറപ്പാണ്.
മദ്രസകളുടെ ഉത്ഥാനത്തിന്നായി നമുക്ക് ഉണർന്നെഴുന്നേൽക്കാം.

പുതിയൊരു മദ്രസാ വർഷാരംഭം നമ്മിലെത്തുമ്പോൾ ഈ ചോദ്യങ്ങൾ ചോദിച്ചത് തെറ്റിപ്പോയെങ്കിൽ ദയവായി മാപ്പ് തരണമെന്നപേക്ഷിക്കുന്നു.

മാനേജ്മെന്റ് ഭാരവാഹികൾ, രക്ഷിതാക്കൾ, ഉസ്താദുമാർ, പൊതുജനങ്ങൾ ഉണർന്നാൽ മാത്രമേ മൂല്യബോധവും സംസ്ക്കാരവുമുള്ള തലമുറയെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.

അച്ചടക്കവും മര്യാദയുമുളള സമൂഹത്തെ സൃഷ്ടിക്കാൻ മദ്റസകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ബഷീർ അസ്അദി നമ്പ്രം
ജനറൽ സെക്രട്ടറി SKSSF കണ്ണൂർ ജില്ല

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter