കയറിന്‍ തുണ്ടിലാടിയ വികസനസ്വപ്നങ്ങള്‍

അന്ന് രാവിലെ ആ ഉമ്മയും മക്കളും ഉണര്‍ന്നപ്പോള്‍ കാണുന്നത്, ഒരു തുണ്ട് കയറില്‍ തൂങ്ങിയാടുന്ന കുടുംബനാഥനെയാണ്. എന്ത് ചെയ്യണമെന്നറിയാതെ വാവിട്ട് നിലവിളിക്കാനേ ആ കുടുംബത്തിന് സാധിക്കുമായിരുന്നുള്ളൂ.

സംഭവത്തിന്റെ സുഗമമായ വായനക്കായി അയാളെ നമുക്ക് സൈദുക്ക എന്ന് വിളിക്കാം. (പേര് മാത്രമാണ് സാങ്കല്‍പികം, കഥ സംഭവിച്ചത് തന്നെ) ടൌണിലെ രണ്ട് മുറിപ്പീടികയിൽ തരക്കേടില്ലാത്ത പാത്രക്കച്ചവടവുമായി മുന്നോട്ട് പോകുകയായിരുന്നു സൈദുക്ക.. അതു കൊണ്ട് അയാളും കുടുംബവും അല്ലലില്ലാതെ ജീവിച്ചു. സന്തോഷത്തോടെ ജീവിതം കഴിച്ച നാളുകളായിരുന്നു അത്. 

അങ്ങനെയിരിക്കെയാണ്, അയാളുടെ സുഹൃത്ത് ഒരു ഉപദേശവുമായി വരുന്നത്. 'തൊട്ടടുത്തുള്ള രണ്ട് മുറികൾ കൂടി എടുത്ത് കട വിപുലീകരിക്കണം, പാത്രക്കടക്ക് ഇവിടെ നല്ല സാധ്യതയുണ്ട്. നിനക്കാണെങ്കില്‍ ഈ മേഘലയില്‍ നല്ല പരിചയവും, നാട്ടുകാര്‍ക്കൊക്കെ നിന്നെ അറിയുകയും ചെയ്യും, എന്തായാലും മെച്ചപ്പെടാതിരിക്കില്ല.’

ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന മനസ്സായിരുന്നു സൈദുക്കായുടേത്. അത് കൊണ്ട് തന്നെ ആദ്യമറുപടി ഇങ്ങനെയായിരുന്നു,  'വേണ്ട, ഉള്ളത് മതി, പുതിയ റൂമുകള്‍ കൂടി എടുക്കുമ്പോള്‍ അതിന് അഡ്വാൻസ് കൊടുക്കണം, എല്ലാം ചേര്‍ത്ത് ഒന്ന് കൂടി നന്നായി ഡെക്കറേറ്റ് ചെയ്യണം. കൈയ്യില്‍ കാശുണ്ടെങ്കില്‍ ചെയ്യാമായിരുന്നു, നല്ലത് തന്നെ. പക്ഷെ, ഉള്ളത് കൊണ്ട് ദൈനംദിന ജീവിതം കഴിക്കുന്ന എന്റെ കൈയ്യില്‍ ബാക്കിയിരുപ്പായി ഒന്നുമില്ലെന്ന് നിനക്കും അറിയുന്നതല്ലേ, തല്‍കാലം ഇങ്ങനെയങ്ങ് പോവട്ടെ'. മറുപടി കേട്ട സുഹൃത്തിന് അയാളോട് സഹതാപം തോന്നി. എങ്ങനെയെങ്കിലും കച്ചവടം മെച്ചപ്പെടുത്താന്‍ അയാളെ സഹായിക്കണമെന്ന നല്ല ലക്ഷ്യത്തോടെ അയാള്‍ വഴി പറഞ്ഞുകൊടുത്തു, ബാങ്കിൽ നിന്ന് ലോണ്‍ എടുത്താല്‍ പോരെ, കച്ചവടക്കാര്‍ക്ക് പെട്ടെന്ന് ലോണ്‍ ലഭിക്കും. കിട്ടുന്ന ലാഭത്തില്‍നിന്ന് ഒരു വിഹിതം മാറ്റി വെച്ചാല്‍ തന്നെ, പ്രതിമാസ അടവിന് തികയാതിരിക്കില്ല, ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് അത് തീരുകയും ചെയ്യും, അതോടെ, വലിയൊരു കച്ചവടം സ്വന്തമാവില്ലേ. 

ജീവിതത്തില്‍ അന്ന് വരെ ലോണെടുത്തിട്ടില്ലാത്ത സൈദുക്ക കുറെ ആലോചിച്ചു. ലോണ്‍ എന്നതിനോട് ആദ്യമൊന്നും യോജിക്കാനായില്ല. പക്ഷേ, വേണ്ടെന്ന് വെക്കുമ്പോഴേക്കും, തഴച്ച് വളര്‍ന്നു വികസിക്കാനിരിക്കുന്ന തന്റെ കച്ചവടവും വലിയ ലാഭവുമൊക്കെ അയാളുടെ മുന്നില്‍ മോഹനസ്വപ്നങ്ങളായി നൃത്തമാടി. മക്കള്‍ വലുതായി വരുകയാണല്ലോ എന്ന ചിന്ത കൂടിയായപ്പോള്‍, അവസാനം അയാൾ ലോണെടുത്ത് കട വിപുലീകരിക്കാന്‍ തന്നെ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ,  ആവശ്യമായ രേഖകളുമായി അയാള്‍ അടുത്തുള്ള ബേങ്കിലേക്ക് പോയി.

ലോണെടുത്ത കാശ് കൊണ്ട് അഡ്വാന്‍സ് കൊടുത്ത് രണ്ട് റൂം കൂടി എടുത്തു, ബാക്കി തുക ഡെക്കറേഷനും ചിലവാക്കി. ദിവസങ്ങള്‍ കഴിഞ്ഞുപോയി, കൂടുതല്‍ ഉപഭോക്താക്കളെയും കാത്ത് പ്രതീക്ഷാപൂര്‍വ്വം അയാള്‍ ദിവസവും കൂടുതല്‍ ഉന്മേഷത്തോടെ കടയിലെത്തി, പക്ഷെ, കച്ചവടത്തിൽ കാര്യമായ വർധനവൊന്നും ഉണ്ടായില്ല. ഇരട്ടിയായ വാടകക്ക് പുറമെ, വൈദ്യതി ബില്ല്, ജോലിക്കാരുടെ ശമ്പളം തുടങ്ങി ചെലവുകള്‍ കൂടിക്കൂടി വരികയും ചെയ്തു. എങ്കിലും എല്ലാ മാസവും ഒരു ദിവസം പോലും തെറ്റാതെ ബാങ്കിലെ അടവുകള്‍ തീര്‍ക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. അപ്പോഴും, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ബേങ്കിലേക്ക് പലിശയായി പോകുന്നത് കാണുമ്പോള്‍ അയാള്‍ക്ക് നെടുവീര്‍പ്പ് അടക്കാനാകുമായിരുന്നില്ല.

മാസങ്ങള്‍ വീണ്ടും കടന്നുപോയി. കടയിൽ നിറച്ചു വെച്ച സാധനങ്ങളധികവും അവിടെ തന്നെ പൊടിപിടിച്ചിരുന്നു, കാരണം ഉപഭോക്താക്കളുടെ ആവശ്യത്തേക്കാളധികമായിരുന്നല്ലോ അവ. എന്നാൽ, അവധി പറഞ്ഞ് സാധനങ്ങൾ ഇറക്കി തന്ന പൊതുവിതരണക്കാര്‍, ദിവസം തെറ്റാതെ തന്നെ കാശിനായി വന്നുതുടങ്ങി, ആദ്യമൊക്കെ ഇട പറഞ്ഞ് പിടിച്ചുനിന്നു നോക്കി. രണ്ട് മൂന്ന് തവണ കാശ് കിട്ടാതെ തിരിച്ചുപോവേണ്ടിവന്നതോടെ, ഇടക്കിടെ വാക്കേറ്റങ്ങളും പതിവായിത്തുടങ്ങി. വല്ലാതെ ഒച്ച വെക്കുന്നവരെ പറഞ്ഞയക്കാനായി പലരിൽ നിന്ന് വീണ്ടും വീണ്ടും കടം വാങ്ങേണ്ടിയും വന്നു.

ഇതിനിടയില്‍ ഒരു മാസം ബാങ്കിലെ അടവ് തെറ്റി. അതോടെ പലിശ വർദ്ധിക്കുന്നത് കണ്ട സൈദുക്കാക്ക് ആകെ ആധിയായി.  അവക്കെല്ലാമിടയിലാണ് കൂനിന്മേല്‍ കുരു പോലെ സാമ്പത്തിക മാന്ദ്യവും കടന്നുവരുന്നത്. കച്ചവടം പിന്നെയും താഴോട്ട് പോയി. വാടകയും സെയിൽസ്മാൻമാരുടെ ശമ്പളവും കഴിച്ച് മിച്ചമൊന്നും ഇല്ലാത്തതിനാൽ ബാങ്കിൽ അടക്കാനോ കടങ്ങൾ വീട്ടാനോ കഴിയാതായി. അവസാനം, ഗത്യന്തരമില്ലാതെ, വീടിന്റെ ആധാരം പണയം വെച്ച്  വട്ടിപ്പലിശക്ക് പണം വാങ്ങുന്നിടത്തെത്തി കാര്യങ്ങള്‍. 

കച്ചവടം പൊളിഞ്ഞ് സൈദുക്ക തളരുകയാണെന്നറിഞ്ഞതോടെ കിട്ടാനുള്ളവർ ഒന്നൊന്നായി ചോദിച്ചു വന്നു. അതോടെ, കടയില്‍ പോലും വരാനാവാതെ അയാൾ മുങ്ങി നടക്കാൻ തുടങ്ങി. ഉണ്ടായിരുന്ന വീട് വട്ടിപ്പലിശക്കാർ സ്വന്തമാക്കി. സൈദുക്കയും കുുടുംബവും വാടക വീട്ടിലേക്ക് താമസം മാറി. ജീവിതമാർഗമൊന്നും ഇല്ലാതെ അയാളുടെ മനോനില തെറ്റി. അവസാനം ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കുക മാത്രമായിരുന്നു അയാളുടെ മുമ്പിലുണ്ടായിരുന്ന ഏക പരിഹാരം. നിരാലംബരായ ഭാര്യയും പിഞ്ചുമക്കളും തൂങ്ങിയാടുന്ന ആ മൃതശരീരത്തെ നോക്കി ആര്‍ത്തുനിലവിളച്ചു. ബേങ്കുകളും ബ്ലേഡുകാരും അപ്പോഴും പുതിയ ഇരയെ തേടി നടക്കുന്ന തിരക്കിലായിരുന്നു.

തയ്യാറാക്കിയത്‍:ഫാറൂഖ് മാസ്റ്റര് മലപ്പുറം

(നിങ്ങളുടെ അറിവിലുള്ള ഇത്തരം സംഭവങ്ങള്‍ ഞങ്ങളുമായി പങ്ക് വെക്കുക, ഒരാളെയെങ്കിലും രക്ഷിക്കാനാവുമോ എന്ന് നമുക്ക് ശ്രമിക്കാം.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter