സ്നേഹദിനത്തില്‍ സ്നേഹപൂര്‍വ്വം

സ്‌നേഹമാണഖില സാരമൂഴിയില്‍

സ്‌നേഹസാരമിഹ സത്യമേകമാം

സ്‌നേഹം താന്‍ ശക്തി ജഗത്തില്‍

സ്‌നേഹം താനാനന്ദമാര്‍ക്കും

മലയാളത്തിന്റെ കവി കുമാരാനാശാന്റെ വരികളില്‍ ഒരു പക്ഷെ, ഏറ്റവുമധികം പ്രചാരം നേടിയവയായിരിക്കാം മേ‍ല്‍ വരികള്‍. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കാത്തവരില്ല. സ്നേഹത്തെ കുറിച്ച് പറയാനും ഓര്‍ക്കാനും ആഗ്രഹിക്കാത്തവനില്ല. ഏത് കടുത്ത ഹൃദയമുള്ലവനും സ്നേഹിക്കാന്‍ ഒരാളുണ്ടാവുന്നതോടെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്നതും എത്രയോ നാം കാണുന്നതാണ്. 

അമ്മക്ക് കുഞ്ഞിനോടുള്ള സ്നേഹമാണ് പ്രകൃതിയിലെ ഏറ്റവും ഉദാത്തമായ സ്നേഹമെന്ന് പറയപ്പെടാറുണ്ട്. തന്റെ മക്കളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്താന്‍ പോലും രണ്ട് വട്ടം ആലോചിക്കേണ്ടിവരാറില്ല ഒരു മാതാവിനും. മാതാപിതാക്കള്‍ക്ക് മക്കളോടും മക്കള്‍ക്ക് മാതാപിതാക്കളോടും വലിയവര്‍ക്ക് ചെറിയവരോടും ശക്തര്‍ക്ക് ബലഹീനരോടും ധനികന്ന് ദരിദ്രരോടുമെല്ലാം സ്നേഹം ഉണ്ടാവുമ്പോഴാണ് ഭൂമി സ്വര്‍ഗ്ഗമാവുന്നതാണ്. സ്നേഹം നഷ്ടപ്പെടുന്നതോടെ ഭൂമിയിലെ ജീവിതം തന്നെ രകതുല്യമായി മാറുന്നതിനും എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാനാവും.

സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ സ്നേഹമുണ്ടാവുന്നതും പ്രകൃതിയുടെ സ്വാഭാവിക നിയമമാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് തന്നെ സാധ്യമാവുന്നത് പരസ്പമുള്ള ആ സ്നേഹത്തിലൂടെയും ആകര്‍ഷണത്തിലൂടെയുമാണ്. സൂറതുറൂമിലെ 21-ാം സൂക്തം ഇങ്ങനെ പറയുന്നു, നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു നല്‍കി എന്നതും നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തു എന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.

ഏതൊരു കഴിവിനെയും പോലെ, ഇതും മനുഷ്യന് രണ്ട് രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. സമൂഹത്തില്‍നിന്ന് തനിക്കിണങ്ങുന്ന ഒരു സ്ത്രീയെ കണ്ടെത്തി പൂര്‍ണ്ണാനുവാദത്തോടെ വൈവാഹിക ജീവിതത്തിന് തുടക്കം കുറിക്കുകയും അവളെ ആവോളം സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് ഇത് പരിശുദ്ധമാവുന്നത്. നിന്റെ ഭാര്യയുടെ വായിലേക്ക് സ്നേഹ്തത്തോടെ വെച്ച് കൊടുക്കുന്ന ചോറ്റുരുളക്ക് പോലും നിനക്ക് പ്രതിഫലം നല്‍കപ്പെടുമെന്ന ഹദീസ് ഈ ഉദാത്ത സ്നേഹത്തിന്റെ പ്രകടനം അനുവദനീയ രീതിയിലൂടെ ആവുമ്പോള്‍ എത്രമാത്രം മഹത്തരമാവുന്നു എന്ന് കൃത്യമായി വരച്ചു കാണിക്കുന്നു.

എന്നാല്‍ ഇത് സമൂഹത്തില്‍ അരാചകത്വത്തിന് മാനഹാനിക്കും പൊതു നന്മക്കും വിരുദ്ധമാവുന്ന രീതിയിലാകുമ്പോള്‍ അത് കുറ്റകരമാവുമെന്നും പറയേണ്ടതില്ലല്ലോ. അതിരുകളേതുമില്ലാത്ത പ്രണയത്തെയും പ്രേമബന്ധങ്ങളെയും പിന്തുണക്കുന്നവര്‍ പോലും, അത് സ്വന്തം മക്കളിലേക്കും ഭാര്യയിലേക്കുമെത്തുമ്പോള്‍, സ്വാര്‍ത്ഥരാവുന്നത് നാം കാണുന്നതാണ്. 

ആ സ്വാര്‍ത്ഥ നല്ലത് തന്നെ. പക്ഷെ, അത് സമൂഹത്തിലെ എല്ലാവര്‍ക്കും വക വെച്ച് കൊടുക്കണമെന്ന് മാത്രം. ഇന്ന് പലപ്പോഴും വാലന്റൈന്‍ ഡേ തുടങ്ങിയ പല ആഘോഷങ്ങളിലൂടെയും ഹനിക്കപ്പെടുന്നത് ഇതരരുടെ സ്വകാര്യതകളും പല രക്ഷിതാക്കളുടെയും മനസ്സമാധാനവുമാണ്. അതല്ലല്ലോ യഥാര്‍ത്ഥ സ്നേഹമെന്ന് ഈ സ്നേഹദിനത്തിലെങ്കിലും നമുക്ക് തിരിച്ചറിയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter