ഉലമാഉം ഉമറാഉം എന്നും ഒന്നായിതന്നെ ഇരിക്കട്ടെ..
കേരളീയ മുസ്‍ലിംകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായെല്ലാം ഏറെ മുന്നേറിയിട്ടുണ്ട്.
ഈ മുന്നേറ്റത്തിന്റെ പിന്നിലെ കാരണം അന്വേഷിച്ചാല്‍, അത് എത്തി നില്‍ക്കുക, ഉലമാ-ഉമറാ കൂട്ടുകെട്ടിലാണ്. സമുദായമാവുന്ന വണ്ടിയുടെ ഇരു ചക്രങ്ങളാണ് ഉലമാക്കളും ഉമറാക്കളും എന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ, അവ ഒത്തൊരുമയോടെ ഒരേ ദിശയില്‍ കറങ്ങുമ്പോഴാണ് സമുദായം മുന്നോട്ട് പോവുന്നത്, അതാണ് കേരളത്തില്‍ സംഭവിച്ചതും. സമുദായത്തിന്റെ ആത്മീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും അത് മുഖ്യലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പണ്ഡിത സംഘവും സാമുദായിക പുരോഗതി ലക്ഷ്യമാക്കുന്ന രാഷ്ട്രീയരംഗത്തിനടക്കം നേതൃത്വം നല്‍കുന്ന കാരണവന്മാരും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ പുരോഗതിയൊക്കെയുമെന്ന് പറയാതെ വയ്യ.
സമുദായം ഇനിയും മുന്നോട്ട് തന്നെ ഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ, ആ ബന്ധം ഊഷ്മളമായി തുടരണമെന്ന് തന്നെയാണ് ആഗ്രഹിക്കുക. അത് കൊണ്ട് തന്നെ, ആ ബന്ധത്തിന് വിള്ളല്‍ വീഴുന്നുവോ എന്ന് തോന്നുമ്പോഴൊക്കെ, സമുദായസ്നേഹികള്‍ക്ക് വേദന തോന്നുന്നതും സ്വാഭാവികം. സമുദായത്തിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരൊക്കെ, പലപ്പോഴും കത്തി വെക്കാന്‍ നോക്കിയതും ഈ ബന്ധത്തിന്റെ കടക്കല്‍ തന്നെയാണ്, ഇല്ലായ്മകളുടെ കാലം നേരില്‍ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത തലമുറയില്‍ ചിലരും കാര്യമറിയാതെ ഇതിന് കൂട്ടുനില്‍ക്കുന്നു.
സമുദായത്തിന് ഇനിയും ഒട്ടേറെ മുന്നോട്ട് പോവാനുണ്ട്. വ്യക്തികളുടെ താല്‍കാലിക ലാഭങ്ങള്‍ക്ക് വേണ്ടി സമുദായലാഭങ്ങള്‍ ഒരിക്കലും ബലി നല്‍കപ്പെടാതിരിക്കട്ടെ, അത്തരം ശ്രമങ്ങള്‍ക്ക് നേരെ സമുദായം അതീവ ജാഗ്രത പുലര്‍ത്തുകയും ഇരുചക്രങ്ങള്‍ അകന്നുപോയി പുരോപ്രയാണത്തിന് വിഘ്നം വരാതെ നോക്കുകയും ചെയ്യട്ടെ. എല്ലാം വന്നുഭവിച്ചിട്ട്, അങ്ങനെ വേണ്ടായിരുന്നു എന്ന കൊണ്ടറിവിന് കാത്ത് നില്‍ക്കാതെ, കാര്യങ്ങളെ കണ്ടറിഞ്ഞ്, ചുറ്റുപാടുകളില്‍ നിന്ന് പാഠം പഠിക്കുന്നവരാണല്ലോ യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍.
Leave A Comment