ഇസ്ലാമിക നിയമനിര്‍മാണത്തിന് മുഖ്യമായും നാലു പ്രമാണങ്ങളാണുള്ളത്- ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവ. ഈ നാലു പ്രമാണങ്ങളിലൂടെയാണ് ഇസ്ലാമിലെ കര്‍മശാസ്ത്ര ആചാരാനുഷ്ഠാന- വിശ്വാസ- ആദ്ധ്യാത്മിക കാര്യങ്ങള്‍ പിറവിയെടുക്കുന്നത്. ഖുര്‍ആനെ കുറിച്ചും ഖുര്‍ആന്‍ശാസ്ത്രത്തെക്കുറിച്ചും ഇന്ന് കേരളത്തില്‍ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഹദീസിനെക്കുറിച്ചും ഹദീസ് ശാസ്ത്രത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ താരതമ്യേന കുറവാണ്.
എന്നാല്‍, ഈയടുത്തായി ചില കേന്ദ്രങ്ങളില്‍ നിന്ന്, ഹദീസ് പതിപ്പുകളും പഠനങ്ങളും, സ്വിഹാഹുസ്സിത്തയുടെ പരിഭാഷയും വ്യാഖ്യാനവുമെല്ലാം പുറത്തിറങ്ങുകയുണ്ടായി. ഹദീസിന്റെ പ്രാമാണികതക്കു തന്നെ വെല്ലുവിളിയാകുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങളും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇത്തരുണത്തില്‍, ഹദീസ് എങ്ങനെ പ്രമാണിമായിത്തീരും എന്നതിലേക്ക് വിരല്‍ചൂണ്ടാനാണ് ഈ പഠനം കൊണ്ട് ലക്ഷ്യമിടുന്നത്. അനന്തമായി വ്യാപിച്ചു കിടക്കുന്ന വിജ്ഞാനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കാന്‍ നമ്മുടെ തൂലികകള്‍ക്കാവില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്താണ് ഹദീസ്? 'ഹദീസ്' എന്ന പദത്തിന്റെ അര്‍ത്ഥം സംസാരം എന്നാണ്. ഇന്ന് ഈ പദം പ്രവാചക (സ)ന്റെ സംസാരത്തിനാണ് പൊതുവെ പറയപ്പെടുന്നത്. 'കലാം' എന്ന പദത്തിനും സംസാരം എന്നര്‍ത്ഥമുണ്ടെങ്കിലും ഖുര്‍ആനെ കുറിച്ചാണ് 'അല്ലാഹുവിന്റെ കലാം' എന്നു പറയുന്നത്.
സാങ്കേതികമായിപ്പറഞ്ഞാല്‍, 'ഹദീസ്' വെറും സംസാരത്തേക്കാള്‍ വിശാലമായ ഒരു ആശയത്തെയാണ് കുറിക്കുന്നത്. നബി(സ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനസമ്മതങ്ങള്‍ എന്നിവയ്ക്കാണ് സാങ്കേതികാര്‍ത്ഥത്തില്‍ 'ഹദീസ്' എന്നു പറയുന്നത്. സൂക്ഷ്മാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഖബര്‍ (വാര്‍ത്ത), അഥര്‍ (ചിഹ്നം), സുന്നത്ത് (ചര്യ) എന്നിവയും ഹദീസിന്റെ പര്യായമായി പ്രയോഗിക്കുന്നുണ്ട്.
നബി(സ) വാചികമായിത്തന്ന സന്ദേശങ്ങളാണ് പ്രവാകന്റെ വാക്കുകള്‍ (അഖ്വാല്‍) കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രവാചകന്(സ) ചെയ്ത് മാതൃക കാണിച്ച കാര്യങ്ങളെ പ്രവാചകപ്രവൃത്തികള്‍ (അഫ്ആല്) എന്നും വിളിക്കുന്നു. പ്രവാചക(സ)ന്റെ മുന്നില്‍ വെച്ച് കാര്യങ്ങള്‍ പറയപ്പെടുകയോ ഒരു സംഗതി പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുകയും പ്രവാചകന്(സ) അതിനെ എതിര്‍ക്കാതിരിക്കുകയും ചെയ്താല്‍ അതിനെ മൗനസമ്മതങ്ങള്‍ (തഖ്രീര്‍) എന്നു പറയുന്നു. ഈ മൂന്ന് കാര്യങ്ങളുമാണ് ഹദീസിന്റെ സാങ്കേതികാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്.
ഖുര്‍ആനും ഹദീസും ഖുര്‍ആനിന്റെ വ്യാഖ്യാനമാണ് ഹദീസ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ''ജനങ്ങള്‍ക്ക്, അവരിലേക്കവതരിപ്പിക്കപ്പെട്ടതിനെ താങ്കള്‍ വിശദീകരിക്കുവാന്‍ വേണ്ടി താങ്കളിലേക്ക് നാം സദുപദേശത്തെ അവതരിപ്പിച്ചു.'' (നഹ്ല് 44). ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. * ഖുര്‍ആനിന്റെ വിശദീകരണമാണ് ഹദീസ്. * ഖുര്‍ആന്‍ വിശദീകരിക്കേണ്ടത് പ്രവാചകരാണ്. * നബി(സ)യുടെ വിശദീകരണം അല്ലാഹുവില്‍ നിന്ന് ലഭിച്ച ആശയങ്ങള്‍ തന്നെയാണ്. * ഖുര്‍ആന്‍ ഏതു ജനതയ്ക്കാണോ അവതരിപ്പിച്ചത് അതേ ജനതയ്ക്കാണ് ഹദീസും.
ഖുര്‍ആന്‍ സമഗ്രമായ ഒരു ഗ്രന്ഥമാണെന്നതു കൊണ്ട് തന്നെ, അതില്‍ സര്‍വ മതവിധികളും സവിസ്തരം പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ പല വിധികളും വിലക്കുകളും സന്ദര്‍ഭാനുസാരം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഖുര്‍ആനില്‍ 'നിങ്ങള്‍ നിസ്കരിക്കുക' എന്ന ആശയം പലവുരു ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും നിസ്കാരത്തിന്റെ സമ്പൂര്‍ണമായ രീതി എവിടെയും പ്രതിപാദിച്ചുകാണുന്നില്ല. അതിനാല്‍ നിസ്കാരത്തിന്റെ നാം അനുവര്‍ത്തിച്ചു വരുന്ന രീതി, പ്രവാചകന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ലഭിച്ചതാണ്. ''ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ ഏതു പ്രകാരമാണോ കാണുന്നത് അപ്രകാരം നിങ്ങളും നിസ്കരിക്കുക'' എന്നു നബി(സ) പറയുകയും കണ്ടതനുസരിച്ച് അനുയായികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഈ പ്രവര്‍ത്തനശൃംഖല ഇന്നേവരെ തുടര്‍ന്നു വരുന്നു. അതിനിടയില്‍ നിസ്കാരം എങ്ങനെ നിര്‍വഹിക്കുമെന്നതിനെക്കുറിച്ച് വാചികമായ സന്ദേശവും വന്നു. ഒരു സ്വഹാബി, വളരെ ധൃതിയില്‍ വന്ന് വേണ്ടത്ര ഗൗനിക്കാതെ വുളു ചെയ്യുകയും വസ്ത്രം വലിച്ചിഴക്കുകയും ചെയ്ത് നിസ്കരിച്ചപ്പോള്‍, നബി (സ) ആ സ്വഹാബിയെ വിളിച്ച് നിസ്കാരത്തിന്റെ ഓരോ പ്രവര്‍ത്തനവും അനുക്രമമായി പറഞ്ഞു കൊടുത്ത സംഭവം നിരവധി സ്വഹാബികള്‍ നിവേദനം ചെയ്തിട്ടുണ്ട്.
ഖുര്‍ആനിന്റെ വ്യാഖ്യാനപരമായ സമ്പൂര്‍ണതയ്ക്കും ഇസ്ലാമിക നിയമത്തിന്റെ പരിപൂര്‍ണതയ്ക്കും ഹദീസ് അത്യന്താപേക്ഷിതമാണ്. ഖുര്‍ആനിന്റെ വിധികള്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടു വന്നതും നടപ്പാക്കിയതും നബി(സ)യാണല്ലോ. അതിനാല്‍, നബി(സ) എന്തു ചെയ്താലും അത് നിയമമായി മാറുന്നു.
അല്ലാഹുവിനെ അനുസരിക്കുന്നതുപോലെ പ്രവാചകനെയും അനുസരിക്കണമെന്ന് ധാരാളം സൂക്തങ്ങളില്‍ കാണാം.
''നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, തിരുദൂതെരയും അനുസരിക്കുക; നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും (അനുസരിക്കുക). ഇനി ഏതെങ്കിലും വിഷയത്തില്‍ നിങ്ങള്‍ തര്‍ക്കിച്ചാല്‍ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും നിങ്ങള്‍ അതിനെ മടക്കുക.'' എന്ന ആയത്തില്‍ ഇസ്ലാമിന്റെ നാലു പ്രമാണങ്ങള്‍ക്കുള്ള അടിസ്ഥാനപരമായ തെളിവുണ്ട്. ''നിങ്ങള്‍ക്ക് ദൈവദൂതന് കൊണ്ടുവന്നത് സ്വീകരിക്കുക; എന്തിനെ തൊട്ട് വിരോധിച്ചുവോ അതില്‍ നിന്ന് വെടിഞ്ഞു നില്ക്കുക'' എന്ന ഖുര്‍ആന്‍ സൂക്തത്തിലും പ്രവാചകനെ അനുസരിക്കാനുള്ള വ്യക്തമായ സന്ദേശമാണുള്ളത്. ''നബിയേ, അങ്ങ് പറയുക- നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കില് എന്നെ പിന്‍പറ്റുക, എങ്കില്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും'' എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ നല്ല മാതൃകയുണ്ട'് എന്ന ഖുര്‍ആന്‍ സൂക്തവും പ്രസിദ്ധമത്രേ.
ഹദീസ് എങ്ങനെ പ്രമാണമാകുന്നു? ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നതു പോലെ ഹദീസിന്റെ ആശയങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്. ദൈവികമായ സന്ദേശമാണിതെന്നതു കൊണ്ടാണ് ഹദീസ് പ്രമാണമാകുന്നത്. നബി(സ)യില്‍ മനുഷ്യത്വം, പ്രവാചകത്വം എന്നീ രണ്ടു വശങ്ങള് ഉള്‍ക്കൊള്ളുന്നുണ്ട്. ഇതില്‍ പ്രവാചകത്വം എന്ന വശത്തെ പരിഗണിക്കുമ്പോഴാണ് ഹദീസ് പ്രമാണമായി മാറുന്നത്. വെറും മനുഷ്യനായതു കൊണ്ട് പ്രവാചക വചനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, ദീനിന്റെ പല വശങ്ങളും മനുഷ്യനിര്‍മിതമാണെന്നു പറയേണ്ടി വരും. ചുരുക്കത്തില്‍, ഹദീസില്‍ നബി(സ) സ്വേഷ്ട പ്രകാരം പറയുന്നതായി ഒന്നുമില്ല. ''അവിടുന്ന്, സ്വേഷ്ടപ്രകാരം ഒന്നും പറയുന്നില്ല, അത് ദിവ്യബോധനം നല്കപ്പെട്ട ബോധനമല്ലാതെ അല്ല.'' (നജ്മ്- 3,4).
പല വിഷയങ്ങളോടും നബി(സ)യോട് സംശയ നിവാരണം തേടിയപ്പോള്‍, പ്രവാചകന്(സ) മൗനം ദീക്ഷിക്കുകയും അല്പസമയത്തിനു ശേഷം ചോദ്യകര്‍ത്താവിനെ തിരക്കുകയും ചോദ്യം ആവര്‍ത്തിക്കാന്‍ പറയുകയും അതിനു വ്യക്തമായ മറുപടി നല്‍കുകയും ചെയ്ത സംഭവങ്ങള്‍ ധാരാളം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സംശയങ്ങള്‍ക്കുള്ള മറുപടി വഹ്യിലൂടെ പ്രതീക്ഷിക്കുകയായിരുന്നു എന്നാണ് ഈ മൗനത്തിനു കാരണമായി ഹദീസ് വ്യാഖ്യാതാക്കള്‍ പറയുന്നത്. ഖുര്‍ആനിന്റെ വിവരണമാണ് ഹദീസ് എന്നു പറയുമ്പോള്‍, പ്രവാചകന്റെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മൗനാനുവാദങ്ങളിലൂടെയും സൃഷ്ടിച്ച മാതൃകയാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എന്നു പറയാം.
ആയിശ ബീവി (റ)യോട് പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, 'തങ്ങളുടെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്നു മറുപടി പറഞ്ഞത് ഇതുമായി ചേര്‍ത്തു വായിക്കാം. ഹദീസുകളും അല്ലാഹുവില്‍നിന്നുള്ള സന്ദേശങ്ങളാണെങ്കില്‍ പിന്നെ, ഖുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസമെന്തായിരിക്കും? പ്രധാനമായും രണ്ടു വ്യത്യാസങ്ങളാണ് എണ്ണപ്പെടുന്നത്. ഒന്ന്: ഖുര്‍ആനിന്റെ ആശയവും വചനങ്ങളും അല്ലാഹുവില്‍ നിന്നാണ്. ഹദീസില്‍ ആശയം അല്ലാഹുവില്‍നിന്നും പദവിന്യാസം പ്രവാചകനില്‍ നിന്നുമാണ്. രണ്ട്: ഖുര്‍ആനിന്റെ സൂക്തങ്ങള്‍ ഉരുവിടുന്നത്, അര്‍ത്ഥമറിഞ്ഞാലും ഇല്ലെങ്കിലും ആരാധനയായി (തഅബ്ബുദ്) ഗണിക്കപ്പെടുന്നു. ഖുര്‍ആനിലെ ഒരക്ഷരം ഓതിയാല്‍ പത്ത് പുണ്യം ലഭിക്കുമെന്ന് ഹദീസില്‍ തന്നെ വന്നതാണ്. ഇങ്ങനെയൊരു ആരാധനാ സ്വഭാവം ഹദീസിനില്ല. ഹദീസ് മുഴുവന്‍ ദൈവികമാണെങ്കില്‍, അവ മുഴുവന്‍ ചോദ്യംചെയ്യാതെ അംഗീകരിക്കാന്‍ നിര്‍ബന്ധമാവും. അപ്പോള്‍ ബാഹ്യമായ പരസ്പര വൈരുദ്ധ്യമോ ആശയപരമായ പൊരുത്തക്കേടോ ഉള്ള ഹദീസുകളില്‍ എന്തെങ്കിലും ഒന്നിന് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടിവരുന്നു. അങ്ങനെയാണെങ്കില്‍ മുന്‍ഗണനയുടെ മാനദണ്ഡങ്ങള്‍ എന്തായിരിക്കും? നിവേദക ശൃംഖലയാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ഹദീസ് വിശകലനം ചെയ്യുന്ന പണ്ഡിതന്, ഏത് നിവേദകര്‍ (റുവാത്) വഴിയാണ് ഈ ഹദീസ് ലഭിച്ചതെന്ന് പരിശോധിക്കുന്നു. അതില്‍ ഏറ്റവും സ്വീകാര്യമായത് അദ്ദേഹം സ്വീകരിക്കുകയും ബാക്കിയുള്ളത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
ഒരു പണ്ഡിതന് തനിക്ക് കിട്ടിയ നിവേദന ശൃംഖലയാണ് അവലംബിക്കുന്നത് എന്നതിനാല്‍, ഒരാളുടെ പക്ഷത്ത് ഏറ്റവും സ്വീകാര്യമായ ഒരു ഹദീസ് തന്നെ മറ്റൊരു പണ്ഡിതന്റെയടുക്കല്‍ ഏറെ സ്വീകര്യമാകണമെന്നില്ല. ഈ രീതിയിലാണ് വളരെ ചുരുക്കിപ്പറഞ്ഞാല്‍, കര്‍മശാസ്ത്ര സരണികള്‍ വ്യത്യാസപ്പെടുന്നത്. ഹദീസ് നിവേദകപരമ്പര പൂര്‍ണമായും സ്വീകാര്യമാണെന്നും താരതമ്യേന കുറ്റമറ്റതാണെന്നും ബോധ്യപ്പെട്ടാല്‍, പിന്നെ നിവേദിത വചനത്തില്‍ പറഞ്ഞ ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നതാണെന്നോ ശാസ്ത്രീയമായി തെളിയിക്കാവുന്നതാണെന്നോ മറ്റോ നേക്കേണ്ടതില്ല. കാരണം, പ്രവാചകന്(സ) ആ വചനം മൊഴിഞ്ഞുവെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം തെളിഞ്ഞാല്‍ അത് മതത്തിന്റെ ഭാഗമായി. നമ്മുടെ യുക്തി അംഗീകരിക്കുന്നത് മാത്രമാണ് മതം എന്നു പറയാവതല്ലല്ലോ. എന്നാല്‍ ഹദീസുകള്‍ സ്വീകരിക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ ഇവിടെയും പരിഗണനീയമാണ്. ഇത്തരം ചര്‍ച്ചകള്‍ക്കായി പ്രത്യേകം രൂപപ്പെട്ട വിജ്ഞാനശാഖയാണ് ഹദീസ് സാങ്കേതിക ശാസ്ത്രം (ഇല്മു മുസ്ഥലഹില്‍ ഹദീസ്).
Leave A Comment