ഹജ്ജ്, വിശ്വാസിയുടെ സ്വപ്നസാഫല്യം
ഹജ്ജ് കാലമായി. ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങി ലോകത്തിന്‍റെ എല്ലാ മൂലകളിലെയും എയര്‍പോര്‍'ട്ടുകളില്‍ ഇപ്പോള്‍ മക്കയിലേക്കുള്ള ഹജ്ജ് വിമാനവും കാത്ത് അനേകയാരിങ്ങള്‍ തടിച്ചു കൂടിയിട്ടുണ്ടാവും. മലയാള മണ്ണില്‍ നിന്നും ഹാജിമാരെ വഹിച്ചുള്ള ആദ്യ വിമാനം ഹിജാസിലെത്തിക്കഴിഞ്ഞു.
അനേകം സംവത്സരങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ് വിശ്വാസിയുടെ ഹജ്ജ് യാത്ര. കടലും മാമലയും താണ്ടി മരുഭൂമികളിലൂടെ അലഞ്ഞ് ഹിജാസിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ വിശ്വാസിയുടെ ഹൃദയം തുടിക്കും. കാലങ്ങളായി മുന്നിട്ടു നിന്ന് നമസ്‌കരിച്ച പുണ്യ കഅ്ബ മുന്നില്‍ കാണുമ്പോള്‍ മനസ്സ് വിങ്ങും.
പായക്കപ്പലുകളിലും ഒട്ടകപ്പുറത്തേറിയുമൊക്കെയായിരുന്നു പണ്ടു കാലത്തെ ഹജ്ജ് യാത്ര. ലക്ഷ്യ സ്ഥാനത്തെത്തുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്ര. പുറപ്പെട്ടവരില്‍ ചിലര്‍ കടല്‍ക്ഷോഭത്തില്‍ മരണപ്പെ'ട്ടു. മാസങ്ങള്‍ നീണ്ട യാത്ര ചിലരെ രോഗികളാക്കി. മരുഭൂമികളുടെ ഉത്തരം കിട്ടാത്ത മായാജാലം ചിലരെ വഴിതെറ്റിച്ചു. ചുടുകാറ്റും മണല്‍ തിട്ടകളും ക്ഷോഭിച്ചിളകി മറിയുന്ന കടലും അനന്തമായ യാത്രയും. അത് കൊണ്ട് തന്നെ ഉറ്റവരും ഉടയവരും അവരെ യാത്രയയച്ചത്, അടിയന്തിരം പോലും കഴിച്ചിട്ടായിരുന്നു എന്നത് പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു. പക്ഷേ, അതൊന്നും അവരുടെ കാലുകളെ പിന്നോട്ട് വലിച്ചില്ല, ഹൃദയത്തില്‍ കൊളുത്തി വെച്ച ആത്മീയാവേശത്തില്‍ അവര്‍ മക്കയെ ലക്ഷ്യമിട്ട് നടന്നു.
ഇന്നും ഹജ്ജ് കഷ്ടതകളേറിയ അനുഭവമാണ്. ഹജ്ജിന് പോവുതിന് മാസങ്ങള്‍ക്കു മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങുന്നു. ഔദ്യോഗിക കര്‍മങ്ങള്‍ ചെയ്തു തീര്‍ത്താല്‍ പിന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു പറയലായി. പ്രാര്‍ഥിക്കാന്‍ പരസ്പരം വസ്വിയ്യത്ത് ചെയ്യുന്നു. മനസ്സകമുള്ളതെല്ലാം പൊരുത്തപ്പെട്ടും തൃപ്തിപ്പെട്ടും ഹൃദയം ശുദ്ധമാക്കുന്നു. പിന്നെ പുറപ്പെടേണ്ട ദിവസവും പ്രതീക്ഷിച്ചുള്ള ഇരിപ്പാണ്. പുറപ്പെടേണ്ട ദിവസമറിയിച്ചുള്ള വിവരം കിട്ടിയാല്‍ മനസ്സ് മക്കയിലേക്ക് ചേക്കേറുകയായി.
മക്ക കാണുമ്പോഴേ വിശ്വാസിയുടെ മനസ്സിടറും. ചെറുപ്പത്തിലേ കേട്ടു ശീലിച്ച മക്ക. അവരുടെ ജനനം മക്കത്ത്, മരണപ്പെ'ട്ടു മദീനത്ത് എന്ന് സംസാരിച്ചു തുടങ്ങിയ കാലം മുതലേ പാടിപ്പോന്ന ഇശലില്‍ മക്ക തൊട്ടടുത്തു തന്നെയുണ്ടായിരുന്നു. മക്കിം മദീനിം കാണിക്കും എന്ന് പറഞ്ഞ് ഉമ്മ ചെവി പിടിച്ചു തിരുമ്മിയപ്പോഴും കാണുന്നവരോടൊക്കെ 'മക്ക'ത്ത് പോയ ഉപ്പയെ കുറിച്ച് വിശേഷം പറഞ്ഞപ്പോഴും മക്ക മനസ്സില്‍ നിറഞ്ഞു നിന്നു. ഇബ്‌റാഹീമി കുടംബത്തിന്‍റെ ത്യാഗങ്ങള്‍ക്ക് സാക്ഷിയായ മണ്ണ്. സത്യത്തിന്‍ഖെ വിളിയാളമുയര്‍ന്ന ഹിറാ ഗുഹ അവിടെയാണ്. ബദ്‌റും ഉഹ്ദും ഖന്തക്കും നടന്ന ഇതിഹാസ ഭൂമികയാണത്.
മാനവ സംസ്‌കാരത്തില്‍ പകരം വെക്കാനാവാത്ത മഹത് സംഗമമാണ് ഹജ്ജ്. കറുത്തവനും വെളുത്തവനും അവിടെ സന്ധിക്കുന്നു. രാഷ്ട്രീയമായ അഭിപ്രായയൈക്യം ഇല്ലാത്തവര്‍ ദൈവ സന്നിധിയില്‍ ഒരുമിച്ചിരിക്കുന്നു. മുഴുവന്‍ പാപവും ഇറക്കി വെക്കാനുള്ള വെമ്പലില്‍ ലക്ഷോപലക്ഷം ഹൃദയങ്ങള്‍ ഒന്നായി ചേരുന്നു. വെളുത്ത മനുഷ്യനും കരയുന്ന കണ്ണുകളും തുറന്നു വെച്ച ഹൃദയവുമുണ്ടെന്ന് ബോധ്യപ്പെടുത്തിയത് ഹജ്ജാണെന്ന് അമേരിക്കയില്‍ കറുത്തവര്‍ക്കു വേണ്ടി നിരന്തരം ശബ്ദിച്ചിരുന്ന മാല്‍ക്കം എക്‌സ്. മനുഷ്യന്‍റെ അശക്തത സര്‍വ ശക്തന് മുന്നില്‍ തുറന്ന് വെക്കുകയാണവിടെ. ഭൗതിക ജീവിതത്തിന്‍റെ ബഹളങ്ങളില്‍ നിന്നകന്ന് സൃഷ്ടി സ്രഷ്ടാവുമായി സംവദിക്കുന്ന ഇടം. ലാളിത്യമാണ് ഹാജിയുടെ മുഖമുദ്ര. ഉള്ളവനും ഇല്ലാത്തവനും ലളിതമായ വസ്ത്രം ധരിച്ച് ഭൗതിക ജീവിതത്തിന്‍റെ സുഖങ്ങളത്രയും ത്യജിച്ച് സര്‍വ ശക്തനായ നാഥനു മുന്നില്‍ കേണു നില്‍കുന്ന ചാരുതയാര്‍ന്ന ദൃശ്യം.
ഓരോ വിശ്വാസിയും ഒരു നൂറ് പ്രാവശ്യമെങ്കിലും മനസ്സു കൊണ്ട് മക്കയിലെത്തിയിട്ടുണ്ടാവും. കഅ്ബയെ വലം വെച്ച് ത്വവാഫ് ചെയ്തിട്ടുണ്ടാവും. സ്വഫാ മര്‍വാ കുന്നകള്‍ക്കിടയില്‍ ഓടിയിട്ടുണ്ടാവും. അറഫയില്‍ സംഗമിക്കുകയും മിനായില്‍ പിശാചിന്‍റെ പ്രതീകത്തിനു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ടാവും.
കഅ്ബയുടെ ചാരത്ത് നിന്ന് മടങ്ങിപ്പോവാന്‍ തോന്നുകില്ലൊരിക്കലും ഒരു വിശ്വാസിക്ക്. ഒരായിരം വര്‍ഷം ആ വിശുദ്ധ ഗേഹത്തിന് സമീപത്ത് കഴിച്ചുകൂട്ടിയാലും തീരാത്ത കൊതിയായിരിക്കും മനസ്സില്‍.. അതിനാലാണത്രെ ഹജ്ജിന് പോയ പലരും മടങ്ങി വരാന്‍ കൂട്ടാക്കാതെ ആ മണ്ണില്‍ തന്നെ അന്തിയുറങ്ങിയത്. വിടവാങ്ങല്‍ ത്വവാഫ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഹൃദയം പിടക്കും. കണ്ണില്‍ നിന്ന് മറയുന്നത് വരെ ആ വിശുദ്ധ ഗേഹം നിര്‍ന്നിമേഷം നോക്കിക്കൊണ്ടേയിരിക്കും.
ഓരോ വര്‍ഷവും കൊഴിയുമ്പോള്‍ അനേകായിരം കണ്ണുകളില്‍ നനവു പടരുന്നു. ഹജ്ജ് വിശേഷങ്ങളുമായി ഉറ്റവര്‍ തിരികെയെത്തുമ്പോള്‍ അവര്‍ ഉള്ളുരുകി പ്രാര്‍ഥിക്കുന്നു, അടുത്ത പ്രവശ്യം എനിക്കും അങ്ങ് മക്കയിലെത്തി ഹജ്ജിന് പങ്കെടുക്കാന്‍ കഴിഞ്ഞെങ്കില്‍ .....
അതൊരു വികാരമാണ്, അടങ്ങാത്ത ആഗ്രഹമാണ്, ലോകത്തിന്‍റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വിശ്വാസിയുടെയും...
-സുഹൈല്‍ ഹുദവി വിളയില്‍ -



Leave A Comment