റോഹിംഗ്യന്‍ മുസ്‍ലിംകള്‍ ബര്‍മക്കാരായിരുന്നു
ഒരു റോഹിങ്ക്യന്‍ കുടുംബം ആന്റി ഇസ്‍ലാമിസവും ഇസ്‍ലാമോ ഫോബിയയും പാശ്ചാത്യ നാടുകളില്‍ വര്‍ധിച്ചുവരിക തന്നെയാണ്. ജര്‍മനിയിലും ബ്രിട്ടനിലും യു.എസ്.എയിലും എന്തിനേറെ, മതേതരത്വത്തിന് പേര് (മാത്രം) കേട്ട ഇന്ത്യയില്‍ വരെ മുസ്‍ലിം വിദ്വേഷം ഭീകരമായ തോതില്‍ പിടിമുറുക്കിയിരിക്കുന്നു. ഇതില്‍ നിന്ന് ഭിന്നമായി എന്നാല്‍ കുറച്ച് കൂടി ഭീകരമായ സ്ഥിതിവിശേഷമാണ് പതിറ്റാണ്ടുകളായി മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‍ലിംകള്‍ അനുഭവിക്കുന്നത്. മ്യാന്‍മറിലെ (പഴയ ബര്‍മ) അറാക്കാന്‍ എന്ന പ്രദേശത്ത് തിങ്ങിത്താമസിച്ചിരുന്ന റോഹിംഗ്യന്‍ മുസ്‍ലികള്‍ 1800-കളില്‍ തന്നെ പീഢനത്തിനിരയാവാന്‍ തുടങ്ങിയിട്ടുണ്ട്. 1784- ല്‍ സ്വതന്ത്ര രാഷ്ട്രമായ അറാക്കാന്റെ മേല്‍ ബര്‍മീസ് വംശജര്‍ നടത്തിയ ആക്രമണാനന്തരമാണ് ബര്‍മയില്‍ മുസ്ലിംകള്‍ പീഢനത്തിനിരയാവാന്‍ തുടങ്ങിയത്. അതിപ്പോഴും തുടരുകയും ചെയ്യുന്നു. നിലവില്‍ ഇവര്‍ക്കു നേരെയുള്ള വംശീയ അതിക്രമങ്ങള്‍ മൂലം ആയിരത്തോളം വരുന്ന റോഹിംഗ്യന്‍ മുസ്‍ലിംകളാണ് പ്രതിദിനം ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മലേഷ്യ, മധ്യ പൌരസ്ത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നും അവര്‍ രാജ്യം വിടുകയാണ് ചെയ്യേണ്ടതുമെന്ന നിലപാടാണ് മ്യാന്‍മറിലെ പ്രബലരായ ബുദ്ധ വിഭാഗങ്ങള്‍ക്കുള്ളത്. സമാധാനത്തിന്റെ വെള്ളരിപ്രാവെന്നും ബര്‍മീസ് ഗാന്ധിയെന്നും അറിയപ്പെടുന്ന നിലവിലെ മ്യാന്‍മര്‍ പ്രതിപക്ഷ നേതാവായ ഓങ്ങ്‌സാന്‍ സൂക്കിയടക്കമുള്ളവര്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങളില്‍ തികഞ്ഞ മൌനം പാലിക്കുന്നവരുമാണ്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ചരിത്രം വിശദമായി പഠിക്കുന്നവര്‍ക്ക് ഇവരുടെ അസ്ഥിത്വത്തെ പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും മുസ്‌ലിം വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന വാദങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാവുന്നതുമാണ്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ചരിത്രം അവരുടെ നാടായ അറാക്കാന്റെ ചരിത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. Budda protest against Rohingyaഅറാക്കാന്റെ ചരിത്രം അറാക്കാന്റെ ചരിത്രം, അതു തന്നെയാണ് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ചരിത്രവും. മ്യാന്‍മറിന്റെ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണിത്. കിഴക്ക് ഭാഗത്ത് ഹിമാലയത്തിന്റെ തുടര്‍ച്ചയായ അറാക്കാന്‍ യോമ പര്‍വ്വത നിരകളും മറുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലുമാണ്. ബംഗ്ലാദേശുമായി 176 മൈല്‍ അതിര്‍ത്തി പങ്ക് വെക്കുന്ന അറാക്കാനിലെ ജനസംഖ്യ 2.2 മില്യനാണ്. ഇതില്‍ 75% മുസ്‌ലിംകളും മറ്റുള്ളവര്‍ ബുദ്ധ-ഹിന്ദു-ക്രൈസ്തവ മതക്കാരുമാണ്. പുരാതന കാലത്ത് ഹൈന്ദവ രാജാക്കന്‍മാരായിരുന്നു അറാക്കാന്‍ ഭരിച്ചിരുന്നത്. ബിസി 2606- മുതല്‍ ഭരണം നടത്തിയ ചില വംശങ്ങളെ കുറിച്ച് ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. കൂടുതല്‍ രേഖയുള്ളത് ക്രിസ്ത്യന്‍ യുഗത്തിന്റെ ആരംഭത്തിലുണ്ടായിരുന്ന ധന്നവതി വംശത്തെക്കുറിച്ചും പിന്നീട് വന്ന ചന്ദ്ര വംശത്തെ കുറിച്ചുമാണ്. റോഹിംഗ്യാ മുസ്‌ലിംകളുടെ ചരിത്രത്തിന്റെ പ്രാരംഭദശയാരംഭിക്കുന്നത് എഡി ആറാം നൂറ്റാണ്ടില്‍ മക്കയില്‍ മുഹമ്മദ് നബി(സ) വന്നതിന് ശേഷം അമ്പത് വര്‍ഷം കഴിഞ്ഞാണ്. ഇതിനകം അറബികള്‍ അറാക്കാനുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്നു. എഡി 788-ല്‍ അറേബ്യക്കാര്‍ അവിടുത്തെ നിവാസികളുമായി അടുത്ത ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് ചരിത്രകാരനായ ആര്‍.ബി. സ്മിത്ത് രേഖപ്പെടുത്തുന്നുണ്ട്. ആദ്യ കാലം മുതല്‍ തന്നെ അറബികള്‍ക്ക് അറാക്കാന്റെ തെക്ക് ഭാഗത്തുള്ള റംരി തുറമുഖം സുപരിചിതമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ അവര്‍ വാണിജ്യ വ്യവഹാരം അറാക്കാന്‍ സമുദ്ര തീരം, ജാവ, സുമാത്ര, എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചത് ഇവിടങ്ങളിലെ ഇസ്‍ലാമിക പ്രചാരണത്തിന് ആക്കം കൂട്ടി. മുസ്‌ലിംകള്‍ക്ക് ഒപ്പം ഇന്ത്യയില്‍ നിന്നുള്ള മഗ് ബുദ്ധമതക്കാരും അറാക്കാനിലേക്ക് കുടിയേറിയിരുന്നു. ഇവരായിരുന്നു പിന്നീട് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പീഢനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായത്. എഡി 957-ല്‍ പരാക്രമികളായ മംഗോളിയന്‍മാരുടെ അക്രമണത്തോടെ ചന്ദ്ര വംശം തകര്‍ന്നു. പിന്നീട് ഒരിക്കലും ഹൈന്ദവ രാജ്യ വംശങ്ങള്‍ക്ക് ബര്‍മ ഭരിക്കാന്‍ സാധിച്ചില്ലായിരുന്നു. പിന്നീട് മംഗോളിയന്‍മാര്‍ അവിടുത്തെ മുസ്‌ലിംകളും ബുദ്ധമതക്കാരുമായി അടുത്തിടപഴകി അവിടെ സ്ഥിര താമസമാക്കാന്‍ തുടങ്ങി. പിന്നീട് നാല് നൂറ്റാണ്ടോളം ഭരണം ബുദ്ധമതക്കാരുടെ കൈകളിലായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ മുസ്‌ലിംകളുടെ ശക്തി വര്‍ധിച്ചു. അറബികള്‍, മൂര്‍ മുസ്‌ലിംകള്‍, തുര്‍ക്കികള്‍, പേര്‍ഷ്യക്കാര്‍, പഠാനികള്‍, മുഗളന്‍മാര്‍ എന്നിവരുടെയെല്ലാം പിന്‍മുറക്കാര്‍ ഉള്‍പെടുന്ന ഒരു സങ്കര ഇനമായിരുന്നു അവിടുത്തെ മുസ്‌ലിംകള്‍. ഇവരാണ് റോഹിംഗ്യ മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നത്. അറാക്കാന്റെ പഴയ പേരായ റോഹിങ് എന്നതാണ് റോഹിംഗ്യ എന്നതിന്റെ മൂലനാമം. മുസ്‌ലിംകളുടെ ശക്തി വര്‍ധിച്ചത് മുസ്‌ലിം ഭരണത്തിന് വഴിയൊരുക്കി. എഡി 1430- ല്‍ ഗൗറിലെ നസീറുദ്ധീന്‍ ഷായുടെ സഹായത്തോടെ സുലൈമാന്‍ ഷാ മറൗകു എന്ന മുസ്‌ലിം രാജ വംശം സ്ഥാപിച്ചു. പിന്നീട് അറാക്കാന്റെയും ബര്‍മയുടെയും ചരിത്ര ഗതി തന്നെ തിരുത്തിയ വംശമായിത് മാറി. മുസ്‌ലിം വംശം അധികാരത്തിലേറിയതോടെ അറാക്കാനിലെ മുസ്‌ലിംകള്‍ ഒരൊറ്റ കുടക്കീഴില്‍ ഒരുമിച്ച് കൂടാന്‍ തുടങ്ങി. മറ്റുഹോങ് ആയിരുന്നു ഇവരുടെ തലസ്ഥാനം. സബുക് ഷാ (എഡി 1531-1553) ഇവരുടെ ഭരണം ടെനസ്സരീം (ലോവര്‍ ബര്‍മ) വരെ വ്യാപിപ്പിച്ചു. പക്ഷെ, സലീം ഷാ (എഡി 1593-1612) യുടെ കാലത്താണ് ഭരണം ഭദ്രമായത്. അലിഖാന്‍ (എഡി 1434-1459) കലിമാ ഷാ (എഡി 1459-1482) ഹുസൈന്‍ ഷാ (എഡി 1612-1622) സലീം ഷാ (എഡി 1622-1638) തുടങ്ങിയവരാണ് ഇവരിലെ പ്രശസ്ത രാജാക്കന്‍മാര്‍. ഈ രാജ വംശത്തിലെ നാല്‍പത്തിയെട്ടോളം ഭരണകര്‍ത്താക്കള്‍ 350 വര്‍ഷം അറാക്കാന്‍ ഭരിച്ചു. പാദുഷാ എന്ന ഓമന പേരിലായിരുന്നു രാജാക്കന്‍മാര്‍ അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഭരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ മറ്റ് സ്ഥലങ്ങള്‍ അക്രമിച്ച് കീഴടക്കാന്‍ തുടങ്ങി. പക്ഷെ, പതിനെട്ടാം നൂറ്റാണ്ടോടെ മറൗകു വംശത്തിലെ രാജാക്കന്‍മാരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. 1784-ല്‍ ബര്‍മീസ് രാജാവ് അറാക്കാനില്‍ നടത്തിയ അക്രമണത്തില്‍ നിരവധി മുസ്‌ലിംകള്‍ വധിക്കപ്പെടുകയും മറൗകു വംശം അധപതിക്കുകയും ചെയ്തു. മറൗകു വംശത്തിന്റെ അധപതനത്തോടെ മുസ്‌ലിംകളുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. അറാക്കാന്‍ കീഴടക്കിയ ബര്‍മീസ് വംശജര്‍ മുസ്‌ലിംകളുടെ മത ചിഹ്നങ്ങള്‍ തകര്‍ക്കുകയും അവിടുത്തെ ജനങ്ങളെ ബുദ്ധ മതക്കാരാക്കുകയും ബര്‍മീസ് സംസ്‌കാരം അടിച്ചേല്‍പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ബര്‍മക്കും അറാക്കാനും പറയാനുള്ളത് മുഴുവന്‍ മുസ്‌ലിം പീഢനത്തിന്റെ കഥകളായിരുന്നു. Rohingyan family exodusമുസ്‌ലിം പീഢനത്തിന്റെ ചരിത്രം 1784-ല്‍ ബര്‍മീസ് വംശജര്‍ നടത്തിയ അക്രമാണന്തരമാണ് ബര്‍മയുടെ മുസ്‌ലിംകള്‍ പീഢനങ്ങള്‍ക്ക് ഇരയാവാന്‍ തുടങ്ങിയത്. നാല്‍പത്തിരണ്ട് വര്‍ഷത്തോളം ഈ സ്വേഛാധിപത്യത്തിന് കീഴില്‍ മുസ്‌ലിംകള്‍ ഞരങ്ങുകയായിരുന്നു. എന്നാല്‍, 1826-ല്‍ ബ്രിട്ടീഷുകാര്‍ ബര്‍മ കീഴടക്കിയപ്പോള്‍ അറാക്കാനും ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. സ്വാതന്ത്ര്യം സമീപാവസ്ഥയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മിക്ക ഗോത്രങ്ങളും മുസ്‌ലിം വിരുദ്ധരായി മാറിക്കഴിഞ്ഞിരുന്നു. ഇനിയും മുസ്‌ലിംകള്‍ ശക്തി പ്രാപിച്ചാല്‍ അത് തങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുമെന്ന് അവര്‍ ധരിച്ചു. അക്കാലത്ത് ബര്‍മയില്‍ നൂറിലേറെ വംശങ്ങളുണ്ടായിരുന്നു. അവരില്‍ പ്രമുഖ വംശം ബര്‍മീസ് വംശം ആയിരുന്നു. ബര്‍മീസ് ഗാന്ധി എന്നറിയപ്പെടുന്ന ഔങ്‌സാന്‍ സൂകിയുടെ പിതാവ് ഔങ്‌സാനായിരുന്നു ഇവരുടെ നേതാവ്. റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമണ പരമ്പരകള്‍ക്ക് ആദ്യ ചരട് വലിച്ചത് ഇദ്ദേഹമായിരുന്നു. സ്വാതന്ത്ര്യം സമീപാവസ്ഥയിലായിരിക്കുന്നു എന്ന് മനസ്സിലാക്കിയ അവര്‍ ഇതര വംശജരെ പാട്ടിലാക്കാന്‍ ശ്രമം തുടങ്ങി. അറാക്കാനില്‍ സ്വതന്ത്ര ഭരണം അവകാശപ്പെടരുതെന്നും റോഹിംഗ്യകളെ തളര്‍ത്തിയ ശേഷം നിങ്ങള്‍ക്ക് ഭരണം നിങ്ങള്‍ക്ക് കൈമാറാം എന്നായിരുന്നു അദ്ദേഹം മഗ് ബുദ്ധക്കാരോട് കരാര്‍ ചെയ്തത്. 1948-ല്‍ ബര്‍മ സ്വാതന്ത്രമായപ്പോള്‍ ബ്രിട്ടീഷുകാര്‍ അറാക്കാന്റെ അധികാരം ബര്‍മീസുകള്‍ക്ക് കൈമാറി. അവിടുത്തെ നിവാസികളുടെ പ്രതിഷേധം വകവെക്കാതെയുള്ള തീരുമാനമായിരുന്നു ഇത്. അതോട് കൂടെ മുസ്‌ലിംകളെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയപരമായും തളര്‍ത്തുക എന്ന ബര്‍മീസ് വംശജരുടെ സ്വപ്‌നം പൂവണിയാന്‍ തുടങ്ങി. ഗവണ്‍മെന്റ് തസ്തികകളില്‍ 90% ബര്‍മീസ് വംശജര്‍ കീഴടക്കി. അറാക്കാന്റെ അധികാരം കൈയ്യില്‍ വന്നതോടെ ബര്‍മീസുകള്‍ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് നടത്തിയത്. അതിപ്പോഴും തുടരുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഭരണം പൂര്‍ണമായി പിന്‍വാങ്ങിയതോടെ ബര്‍മീസ് വംശജര്‍ നല്‍കിയ ആയുധങ്ങളുമായി മഗ്ബുദ്ധക്കാര്‍ റോഹിംഗ്യകളെ വേട്ടയാടിക്കൊണ്ടിരുന്നു. ബര്‍മീസ് സൈന്യം നടത്തിയ നാഗാമിന്‍ (King Dragon Operation) പോലോത്ത ഓപറേഷനുകള്‍ ഇത്തരത്തില്‍ നടത്തപ്പെട്ടതായിരുന്നു. 1978-1979 കാലഘട്ടത്തില്‍ നാഗാമിന്‍ അഥവാ വ്യാളി രാജാവ് എന്ന പേരില്‍ നടത്തപ്പെട്ടിരുന്ന ഓപറേഷനെ തുടര്‍ന്ന് രണ്ടര ലക്ഷം പേര്‍ പലായനം ചെയ്യുകയും പതിനായിരത്തോളം പേര്‍ വധിക്കപ്പെടുകയും ചെയ്തു. 1991-ലെ ഓപറേഷന്‍ പീസിയ (ക്ഷേമ രാഷ്ട്രം) എന്ന പതിനാലാമത്തെ മുസ്‌ലിം ഉന്‍മൂലന പ്രക്രിയയെ തുടര്‍ന്ന് വീണ്ടും വന്‍ തോതില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടു. ആദ്യ കാലത്തൊക്കെ മുസ്‌ലിംകളുടെ ശക്തി ക്ഷയിപ്പിക്കലായിരുന്നു അവരുടെ ഉദ്ദേശമെങ്കില്‍ പിന്നീടത് മുസ്‌ലിം ഉന്മൂലന പ്രക്രിയയായി പരിണമിച്ചു. 1942-1992 കാലഘട്ടത്തിനുള്ളില്‍ ഏകദേശം എഴുന്നൂറോളം മുസ്‌ലിം ജനവാസ കേന്ദ്രങ്ങളും പള്ളി മദ്രസ ഉള്‍പ്പെടെ 6590 സ്ഥാപനങ്ങള്‍ അവര്‍ തകര്‍ത്തു. ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ചെയ്തു. ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ബര്‍മയില്‍ നിന്ന് ശക്തമായ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായി. അവിടെ ഉണ്ടായിരുന്ന ഏകദേശം പകുതിയോളം മുസ്‌ലിംകളും ഇന്നും ബംഗ്ലാദേശിലും മറ്റു പല രാജ്യങ്ങളിലുമായി അഭയാര്‍ത്ഥികളായി കഴിഞ്ഞു കൂടുകയാണ്. 1948, 1958,1978,1991 എന്നീ വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായത്. Slorc (state, law and order restoration council) എന്ന സൈനിക കൗണ്‍സില്‍ അധികാരത്തിലേറിയ ശേഷം മുസ്‌ലിംകളെ നിര്‍ദാക്ഷിണ്യം ആട്ടിപ്പുറത്താക്കുന്ന രീതിയായിരുന്നു സ്വീകരിച്ചത്. എന്നാല്‍, യു.എന്‍ അടക്കമുള്ള ചില അന്താരാഷ്ട്ര സംഘടനകളുടെ ശക്തമായ സമ്മര്‍ദത്താല്‍ ചിലരെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് ഭരണകൂടം അറിയിച്ചെങ്കിലും പീഢനം ഭയന്ന് പലരും തിരിച്ച് വന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഓങ്‌സാന്‍ സൂകി ശക്തമായ പ്രതിഷേധം നടത്തിയിരുന്ന സൈനിക ഭരണകൂടം മുസ്‌ലിംകള്‍ക്കെതിരെ കിരാതമായ നടപടികളായിരുന്നു സ്വീകരിച്ചിരുന്നത്. സാമൂഹികമായും രാഷ്ട്രീയമായും അവരെ തളര്‍ത്തിയ ശേഷം സാമ്പത്തികമായി അവരെ തളര്‍ത്താന്‍ മുസ്‌ലിംകള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകരുതെന്നും മത്സ്യ ബന്ധനം നടത്തരുതെന്നും 1996- ല്‍ നിയമം വന്നു. 1982-ല്‍ അവര്‍ വിദേശ പൗരന്മാരാണെന്ന് മുദ്രകുത്തിയതിന് പിന്നാലെയായിരുന്നു ഇത്. അത് പോലെത്തന്നെ, സൈനികാവശ്യത്തിനായി ഓരോ ഗ്രാമത്തില്‍ നിന്നും നാനൂറ് യുവാക്കള്‍ വേദനമില്ലാതെ നിര്‍ബന്ധിത ജോലിക്ക് തയ്യാറാവണമെന്ന് സൈന്യം നിയമം പാസാക്കി. സൈനികര്‍ക്ക് വേണ്ടി കിടങ്ങ് കുഴിക്കലായിരുന്നു അവരുടെ പ്രധാന പണി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പടര്‍ന്ന് പിടിച്ച മാറാവ്യാധികളും മുസ്‌ലിംകളെ വേട്ടയാടി. 1996-ലെ നിയമത്തിന് ശേഷം മുസ്‌ലിംകള്‍ സാമ്പത്തികമായും തകര്‍ന്നിട്ടുണ്ടായിരുന്നു. Budhist monk in Arakanസൈനിക കൗണ്‍സിലിന്റെ വാദം മുസ്‌ലിംകള്‍ക്കെതിരെയുള്ള വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്നതില്‍ ബര്‍മീസ് വംശജര്‍ വിജയിച്ചിരുന്നു. എന്നാല്‍, റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമണങ്ങളെ ന്യായീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. നൂറ്റാണ്ടുകളായി അറാക്കാനില്‍ താമസിച്ചിരുന്ന റോഹിംഗ്യ മുസ്‌ലിംകള്‍ 1923- ന് ശേഷം കുടിയേറി പാര്‍ത്തവരെന്നായിരുന്നു സൈനിക കൗണ്‍സിലിന്റെ വാദം. ബിസി 2600- മുതല്‍ അവിടെ താമസമുണ്ടായിരുന്നുവെന്നും പിന്നീട് എഡി 800-ഓടെ ഇസ്‌ലാം മതം സ്വീകരിച്ചെന്നും ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്ന ഒരു സമൂഹത്തെ 1923- ന് ശേഷം കുടിയേറിപ്പാര്‍ത്തവരെന്ന് അന്താരാഷ്ട്ര തലത്തില്‍ വിളിച്ച് പറയാനുള്ള സൈനിക കൗണ്‍സിലിന്റെ മനോധൈര്യവും കാര്യങ്ങള്‍ അതി വിദഗ്ദമായി മറച്ച് വെക്കാനും കെട്ടിച്ചമക്കാനുമുള്ള സാമര്‍ത്ഥ്യവും തീര്‍ത്ഥും അപലപനീയമാണ്. 1982-ല്‍ തന്നെ സൈനിക ഭരണകൂടം ഇവരെ വിദേശ പൗരന്മാരായി മുദ്ര കുത്തിയിരുന്നു. പൗരത്വത്തിനായി പലര്‍ക്കും അപേക്ഷിക്കണമമെന്നുണ്ടായിരുന്നുവെങ്കിലും ഇതൊരു കെണിയായതിനാല്‍ ആരും അതിന് തയ്യാറായില്ല. സാമൂഹികമായോ, സാമ്പത്തികമായും അവരെ തകര്‍ക്കാന്‍ ബര്‍മീസ് ഭരണകൂടം ശക്തമായ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി വന്ന് കൊണ്ടിരുന്ന ദുരിതങ്ങളും ദുരന്തങ്ങളും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നും ശക്തമായ ഒരു ചെറുത്ത് നില്‍പ് സംഘത്തെ രൂപപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിശക്തരായ ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവ് അവര്‍ക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ പ്രധാനമായും അവലംബിച്ചിരുന്നത് ഗറില്ലാ യുദ്ധ രീതികളായിരുന്നു. ഇന്നും സമരങ്ങലും പോരാട്ടങ്ങളും അറാക്കാനെയും പരിസര പ്രദേശങ്ങളെയും പ്രക്ഷുബ്ദ്ധമാക്കുകയാണ്. ചുരുക്കത്തില്‍, നൂറ്റാണ്ടുകളോളമായി വേട്ടയാടപ്പെടുന്ന ഒരു സമൂഹമായി റോഹിംഗ്യകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഹോളോകോസ്റ്റും സിക്ക് കൂട്ടക്കൊലയും ചരിത്രത്തിന്റെയും കാലത്തിന്റെയും സഹാനുഭൂതി നേടുകയും അതിനെ ചൂഷണം ചെയ്യുകയും ചെയ്തപ്പോള്‍ ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെടാനും അതിലേറെ ആളുകള്‍ പലായനം ചെയ്യാനും കാരണമായ റോഹിംഗ്യകള്‍ക്കെതിരെയുള്ള ബുദ്ധ-ബര്‍മീസ് വംശജരുടെ അക്രമണങ്ങള്‍ ആരും കാണാതെ പോയി. അഭയാര്‍ത്ഥികളായി പോകുന്നതിനിടെ സംഭവിക്കുന്ന ബോട്ടപകടങ്ങളിലൂടെയും മറ്റും മാത്രമാണ് റോഹിംഗ്യകള്‍ പത്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ ഈ മേഖലയിലേക്ക് വേണ്ടിയിരിക്കുന്നു.   ചിത്രങ്ങള്‍: http://www.telegraph.co.uk/, Reuters

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter