മുതിർന്ന ഇറാനീ  ആണവശാസ്ത്രജ്ഞന്റെ കൊലപാതകം: ശക്തമായി അപലപിക്കുന്നുവെന്ന്  തുര്‍ക്കി
ഇസ്താംബൂള്‍: ഇറാന്റെ മുതിർന്ന ആണവശാസ്ത്രജ്ഞന്‍ മുഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തെ അതി ശക്തമായി അപലപിച്ച്‌ തുര്‍ക്കി രംഗത്തെത്തി. ശാസ്ത്രജ്ഞന്റെ കൊലപാതകത്തെ ഭീകരവാദ പ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച തുര്‍ക്കി മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ചു. 'സായുധ ആക്രമണത്തില്‍ മുഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ ദുഖം രേഖപ്പെടുത്തുന്നു. ഹീനമായി ഈ കൊലപാതകത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഇറാന്‍ സര്‍ക്കാരിനെയും ഫക്രിസാദെയുടെ കുടുംബത്തിനെയും അനുശോചനം അറിയിക്കുന്നു.' തുര്‍ക്കി വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്നും തുര്‍ക്കി അറിയിച്ചു.

തങ്ങളുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്റെ കൊലപാതകത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നു ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ആണെന്നാണ് ഇറാന്റെ ആരോപണം. 63 കാരനായ ഫക്രിസാദെ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗവും മിസെല്‍ നിര്‍മാണ വിദഗ്ധനുമായിരുന്നു. ഇറാനില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ മാത്രം നാല് ശാസ്ത്രജ്ഞരാണ് ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മസൗദ് അലി മുഹമ്മദി, മാജിദ് ശാഹിരാരി, ഡാരിയഷ് റെസഇനജാദ്, മുസ്തഫ അഹമ്മദി റോഷന്‍ എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ട പ്രമുഖ ഇറാനീ ആണവ ശാസ്ത്രജ്ഞര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter