സ്വന്തം ഭാഗം ന്യായീകരിക്കാന്‍ മോദി 'വ്യാജ ജ്ഞാനി'കളെ രംഗത്തിറക്കുന്നു- സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ ജനത തെരുവിലിറങ്ങിയതോടെ പ്രധാനമന്ത്രിയെ പ്രതിരോധിക്കാനെത്തിയ 'സദ്‌ ഗുരു' എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാംലീലാ മൈതാനത്ത് അസത്യങ്ങള്‍ നിറച്ച്‌ നീണ്ട പ്രസംഗം ചെയ്ത നരേന്ദ്ര മോഡി ഇപ്പോള്‍ സ്വന്തം ഭാഗം ന്യായീകരിയ്ക്കാന്‍ 'വ്യാജ ജ്ഞാനി'കളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തെ ന്യായീകരിച്ച്‌ ജഗ്ഗി വാസുദേവ് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''ഏത് കുട്ടിക്കും അത് (നിയമം) വായിക്കാം. എന്നാല്‍ അവരെല്ലാം വരുന്നതും പെരുമാറുന്നതും നിരക്ഷരരെ പോലെയാണ് ''-എന്നായിരുന്നു ജഗ്ഗി വാസുദേവ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അതേ അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ താന്‍ നിയമം മുഴുവന്‍ വായിച്ചില്ലെന്നും ജഗ്ഗി പറയുന്നുണ്ട് . എന്‍ആര്‍സി -എന്‍പിസി - സിഎഎ എന്നിവയെപ്പറ്റി മോഡി നുണക്കോട്ട കെട്ടുന്നത് നിയമം വായിച്ചോ എന്നുപോലും നിശ്ചയമില്ലാത്ത ഇത്തരക്കാരുടെ പിന്തുണയുടെ ബലത്തിലാണെന്ന് യെച്ചൂരി തുറന്നടിച്ചു. പൗരത്വ നിയമത്തെ പറ്റി ജഗ്ഗി അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ടൈംസ് നൌ പ്രസിദ്ധീകരിച്ച കാര്‍ഡും ഫേസ് ബുക്ക് പോസ്റ്റിനൊപ്പം യെച്ചൂരി പങ്കുവെച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter