കേരളം രാജ്യത്തിന് മാതൃക: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പ്രമേയം പാസാക്കി. പൗരത്വ ഭേദഗതി നിയമം എത്രയുംവേഗം റദ്ദ് ചെയ്യണമെന്ന് പ്രമേയത്തിലൂടെ കേരളനിയമസഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. 120 അംഗങ്ങളിൽ ഒരാൾ ഒഴികെ മുഴുവൻ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഏക ബിജെപി എംഎൽഎ ആയ ഒ രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്. കേന്ദ്ര സർക്കാരിൻറെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം എന്ന പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ പട്ടികയുടെ ആദ്യ പടിയായ സെൻസസിൽ നിന്ന് കേരള സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ട് രാജ്യത്ത് ആർഎസ്എസ് അജണ്ടയായി ഫാസിസം നടപ്പിലാക്കുകയാണ് എന്ന മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോക്ടർ എം കെ മുനീർ നിയമസഭയിൽ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഒരു സംസ്ഥാനം ആദ്യമായാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകൾക്ക് മാതൃകയാകുന്ന നടപടിയാണിതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രമേയം പാസാക്കിയ കേരള നിയമസഭക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter