അനാഥകളെ മാറോട് ചേര്‍ത്ത് പിടിക്കുന്നതാണ് ഈ സമൂഹം
അനാഥാലയങ്ങളെന്നത് കേരളക്കാര്‍ക്ക് ഏറെ പരിചിതമാണ്. മുസ്‍ലിം സമൂഹമാണ് ഈ രംഗത്ത് ഏറെ മുന്നിട്ട് നില്‍ക്കുന്നത്. നാടിന്റെ വൈജ്ഞാനിക-സാമൂഹിക മുന്നേറ്റത്തില്‍ സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ച ഒട്ടേറെ അനാഥാലയങ്ങള്‍ ഇന്നും മലയാളക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
ജീവിതത്തിൽ വളർച്ച കൈവരിക്കാൻ പലപ്പോഴും സമൂഹത്തിന്റെ സഹായങ്ങളും പിന്തുണയും അനിവാര്യമായവരാണ് പിതാവ് മരണപ്പെട്ട അനാഥ ബാല്യങ്ങൾ. ഇവരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പരിശുദ്ധ ഇസ്‌ലാം വലിയ പ്രോത്സാഹനമാണ് നൽകുന്നത്. യതീമുകളെ സംരക്ഷിക്കുന്നതിനുള്ള പുണ്യവും പ്രാധാന്യവും പഠിപ്പിക്കുന്ന നിരവധി ഹദീസുകളാണുള്ളത്. അത്കൊണ്ട് തന്നെ മുസ്‍ലിംകള്‍ ഇതിന് നല്‍കുന്ന പ്രാധാന്യം ഏറെയാണ്.
നബി (സ്വ) പറയുന്നു, ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇതുപോലെയാണ്, ഇങ്ങനെ പറഞ്ഞിട്ട് നബിതങ്ങൾ തന്റെ ചൂണ്ടുവിരലും നടുവിരലും ചെറിയ വിടവുകളൊടെ ഉയർത്തിക്കാണിച്ചു. ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്നു ഹജർ (റ) ഇങ്ങനെ വിശദീകരിക്കുന്നു, ഈ ഹദീസുകൾ പഠിക്കുന്ന ഏതൊരു മുസ്‌ലിമും ഇതിന്റെ സന്ദേശം പ്രവൃത്തിപഥത്തിൽ കൊണ്ടുവരൽ അനിവാര്യമാണ്. കാരണം, സ്വർഗ്ഗീയ ലോകത്ത് ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നത് പ്രവാചകനാണ്. യതീമിനെ സംരക്ഷിക്കുക വഴി പ്രവാചകന്റെ സാമീപ്യമാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് ഹദീസ് പഠിപ്പിക്കുന്നത്.
Also read:https://islamonweb.net/ml/20-March-2017-237
മറ്റൊരു ഹദീസിൽ നബി സ പഠിപ്പിക്കുന്നു, പാവപ്പെട്ടവർക്കും വിധവകൾക്കും വേണ്ടി പ്രയത്നിക്കുന്നവർ അല്ലാഹുവിൻറെ മാർഗത്തിൽ അടരാടുന്ന ഒരു പോരാളിയെ പോലെയാണ്, ക്ഷീണം അറിയാതെ നിസ്കരിക്കുന്നവനെപ്പോലെയും തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുന്നവനെ പോലെയുമാണെന്നും നബി തങ്ങൾ കൂട്ടിച്ചേർത്തതായി ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി ഓർത്തെടുക്കുന്നു. നബി സ പറയുന്നു ആരെങ്കിലും ഒരു യതീമിന്റെ തലയിൽ കൈ വച്ചാൽ അവന്റെ കൈ സ്പർശിച്ച മുഴുവൻ മുടികളുടെയും എണ്ണത്തിനനുസരിച്ച് അല്ലാഹു നന്മ രേഖപ്പെടുത്തുന്നതാണ്.
ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതി പറഞ്ഞ ഒരു അനുയായിയോട്, പരിഹാരമായി പ്രവാചകര്‍ നിര്‍ദ്ദേശിച്ചത്, യത്തീമിനോട് കാരുണ്യം ചെയ്യുകയും അവന് ഭക്ഷണം നൽകുകയും ചെയ്യുക എന്നായിരുന്നു. അനാഥനെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ വളരെ പ്രാധാന്യത്തോടെ തന്നെയാണ് മുസ്‌ലിംകൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്. അനാഥാലയങ്ങൾക്ക് ലഭിക്കുന്ന കലവറയില്ലാത്ത സഹായങ്ങളും പിന്തുണയും ഇതാണ് തെളിയിക്കുന്നത്. ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവുമെന്ന് വേണ്ട, ആവശ്യമായ വൈദ്യചികില്‍സയടക്കം സൌജന്യമായി നല്‍കുന്നവയാണ് ഇവയെല്ലാം. ഈ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് സഹൃദയരാ വിശ്വാസികളുടെ സഹായസഹകരണങ്ങള്‍ കൊണ്ട് മാത്രമാണ് താനും. അഥവാ, സര്‍ക്കാറുകള്‍ നിര്‍വ്വഹിക്കേണ്ട വലിയൊരു ഉത്തരവാദിത്തമാണ്, ഭൌതികമായ യാതൊരു ലാഭേഛയുമില്ലാതെ സമുദായം ചെയ്തുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം.
Also read:https://islamonweb.net/ml/20-March-2017-236
1921ലെ മലബാർ സമര വേളയിൽ മലബാറിൽ നിരവധി മാപ്പിളമാരെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്നത് വഴി ഓരോ വീട്ടിലും ബാക്കിയായത് അനാഥരായ മക്കളും വിധവകളുമായിരുന്നു. ഇവരെ സംരക്ഷിക്കുന്നതിനായി കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും അനാഥാലയങ്ങൾ സ്ഥാപിക്കുവാൻ മുസ്‌ലിംകൾ കൈമെയ് മറന്ന് പ്രവർത്തിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ ഒഴുകി വന്നു. നിരവധി അനാഥരെ സംരക്ഷിച്ച്, വളർത്തി വിദ്യാഭ്യാസം നൽകി കേരളത്തിന്റെ സാമൂഹിക പരിസരങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിക്കൊണ്ട് അനാഥാലയങ്ങൾ സജീവ സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നുണ്ട്.
Leave A Comment