അദ്ധ്വാനമില്ലാത്ത സുകൃതങ്ങള്‍
നബി(സ) അബൂദര്‍റി(റ)നോട് പറഞ്ഞു: ''അബൂദര്‍റേ! രണ്ടു കാര്യങ്ങള്‍ നിനക്ക് ഞാന്‍ അറിയിച്ചുതരട്ടെ? അവ മറ്റുള്ളവയെക്കാള്‍ മുതുകിന്ന് ഭാരം കുറഞ്ഞതും തുലാസില്‍ കനം കൂടിയതുമാണ്.'' ''അതേ, അല്ലാഹുവിന്റെ ദൂതരേ!''-അബൂദര്‍റ് മറുപടി പറഞ്ഞു. നബി(സ) പറഞ്ഞു: ''നീ സല്‍സ്വഭാവം മുറുകെപ്പിടിക്കുക, നീണ്ട മൗനത്തെയും. എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം. അതിന് തുല്യമായ ഒരു കര്‍മ്മവും സൃഷ്ടികള്‍ പ്രവര്‍ത്തിച്ചിട്ടില്ല.''(ത്വബ്‌റാനി) പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ പ്രയാസമില്ലാത്ത രണ്ടു സദ്കര്‍മ്മങ്ങളാണ് പ്രവാചക തിരുമേനി(സ) അബൂദര്‍റി(റ)നു പറഞ്ഞു കൊടുക്കുന്നത്. സാമ്പത്തിക ബാധ്യതയില്ല; സമയനഷ്ടവുമില്ല; ശാരീരിക പ്രയാസവുമില്ല. മുതുകിന്ന് ഭാരം കുറഞ്ഞത് എന്നതിന്റെ വിവക്ഷ അതാണ്.
എന്നാല്‍, പരലോകത്ത് അത്യന്തം പ്രയോജനപ്പെടുന്നതും പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളുമാണവ. നന്മയുടെ തുലാസില്‍ ഭാരം കൂടുന്നതാണല്ലോ അവിടെ ഉപകാരപ്പെടുന്ന കര്‍മ്മം. നല്ല സ്വഭാവം ഉള്‍കൊള്ളുക, മിതമായി സംസാരിക്കുക-ഇതാണ് പ്രവാചകന്‍(സ) ഉപദേശിച്ച രണ്ടു  കാര്യങ്ങള്‍. ഇവയോടു സമാനമായ മറ്റൊരു സദ്കര്‍മ്മമില്ല എന്ന് നബി(സ) പറഞ്ഞതിന്റെ താല്‍പര്യം മനുഷ്യന്‍ നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ട ബാധ്യതകള്‍ കൂടാതെ മറ്റു കര്‍മ്മങ്ങളില്ല എന്നാണ്. എന്താണ് സല്‍സ്വഭാവം? ഒറ്റവാചകത്തില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സമസ്യയാണത്. മഹോന്നതമായ സംസ്‌കാരം ഉള്‍കൊള്ളുന്ന നല്ല മനുഷ്യന്റെ സഹജമായ ഭാവമാണ് സല്‍സ്വഭാവം എന്നു മനസ്സിലാക്കാം. നന്മയുള്ള മനുഷ്യന്റെ ജീവിതചലനങ്ങളിലെല്ലാം അതു പ്രകടമായിക്കാണുന്നതാണ്. സ്വഭാവമഹിമയെ ഇസ്‌ലാം വളരെ വിലപ്പെട്ടതായി കാണുന്നുവെന്ന് ഈ പ്രവാചകോപദേശം വ്യക്തമാക്കുന്നുണ്ട്. ''സല്‍സ്വഭാവം അല്ലാഹുവിന്റെ മഹത്തായ സ്വഭാവമാകുന്നു''(ത്വബ്‌റാനി) എന്നു മറ്റൊരു നബിവാക്യവും ഇതിന് ഉപോല്‍ബലകമാണ്.
സത്യവിശ്വാസത്തിന്റെ പൂര്‍ണ്ണതയായി സല്‍സ്വഭാവം പരിഗണിക്കപ്പെടുന്നു. ''വിശ്വാസികളില്‍ ഈമാന്‍ പരിപൂര്‍ണമായവരില്‍പ്പെട്ടവന്‍ സ്വഭാവം ഏറ്റവും നല്ലതായവനാണെന്നു ആഇശ(റ) ഉദ്ധരിച്ച ഹദീസില്‍(തുര്‍മുദി) കാണാം. നന്മയാണല്ലോ സത്യവിശ്വാസിയുടെ പ്രകടമായ അടയാളം. അത് സല്‍സ്വഭാവമാണെന്ന് നബി തിരുമേനി പ്രസ്താവിച്ചിട്ടുണ്ട്. ജനങ്ങളുമായി ഇടപഴകുന്നതിലാണ് സ്വഭാവമഹിമ ഏറെ വെളിപ്പെടേണ്ടത്. അതിനാല്‍ ''നീ ജനങ്ങളോട് നല്ല സ്വഭാവത്തില്‍ ഇടപെടുക''(തുര്‍മുദി) എന്ന് നബി തിരുമേനി(സ) ഉപദേശിക്കുന്നു. ആളുകളുമായി ബന്ധപ്പെടുമ്പോള്‍ സല്‍സ്വഭാവം സ്വീകരിക്കുക എന്ന ആജ്ഞയുടെ വിവക്ഷയില്‍ സാമൂഹ്യജീവിതത്തിലെ എല്ലാ ബാധ്യതകളും ഉള്‍പ്പെടുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മാതാപിതാക്കളോടോ ഭാര്യസന്തതികളോടോ കുടുംബത്തോടോ മറ്റുള്ള ജനങ്ങളോടോ ഉള്ള കടപ്പാടുകള്‍ നിറവേറ്റുന്നതില്‍ വിഘ്‌നം വരുത്തുന്നത് അവരോട് കാണിക്കുന്ന സ്വഭാവദൂഷ്യമല്ലാതെ മറ്റെന്താണ്? എല്ലാ ജനങ്ങളോടും നല്ല സ്വഭാവത്തില്‍ പെരുമാറുന്ന വ്യക്തിയുടെ കര്‍മ്മങ്ങളഖിലവും നന്മനിറഞ്ഞതായിത്തീരുന്നു. അമലുകളില്‍ ശ്രേഷ്ഠമായത് ഏതാണെന്നു ചോദിച്ചപ്പോള്‍ ''സല്‍സ്വഭാവമാണ്'' എന്ന് നബി(സ) പറഞ്ഞതിന്റെ ഉള്‍പൊരുളതാണ്. സല്‍സ്വഭാവിയുടെ ജീവിതമഖിലവും നന്മനിറഞ്ഞതായിരിക്കുമല്ലോ? സ്വര്‍ഗപ്രവേശത്തിന് ഒരു മനുഷ്യന് അധികമായി നിമിത്തമാക്കുക ഏതു കാര്യമാണന്ന് ഒരാള്‍ നബി(സ)യോട് ചോദിച്ചു. നബി തിരുമേനി പറഞ്ഞത് ''അല്ലാഹുവിന് തഖ്‌വ ചെയ്യലും സല്‍സ്വഭാവവുമാണെ''ന്നായിരുന്നു. ഇത് രണ്ടും പൂര്‍ണ്ണമായി ഉള്‍കൊള്ളുന്ന വ്യക്തി മനുഷ്യരോടും സ്രഷ്ടാവായ അല്ലാഹുവിനോടുമുള്ള മുഴുവന്‍ കടപ്പാടുകളും നിര്‍വഹിക്കുമല്ലോ! അതുകൊണ്ട് തന്നെ അവന്‍ സ്വര്‍ഗത്തിന് അര്‍ഹനുമായിത്തീരുന്നു. ആദ്യം പറഞ്ഞ തിരുവാക്യത്തില്‍ അബൂദര്‍റ്(റ)നെ നബി(സ) ഉപദേശിച്ച രണ്ടാമത്തെ കാര്യം നീണ്ട മൗനത്തെ മുറുകെ പിടിക്കലാണ്. അഥവാ മിതമായി സംസാരിക്കുക എന്ന്. അനാവശ്യമായ സംസാരം, അനിയന്ത്രിതമായ സംസാരം ഇതൊക്കെ ആപത്തുകള്‍ വിളിച്ചുവരുത്തും. ഗുണകരമാണെങ്കില്‍ സംസാരിക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ നബിതിരുമേനി(സ)യുടെ അധ്യാപനം.
വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹങ്ങള്‍, രാഷ്ട്രങ്ങള്‍ വരെ തമ്മില്‍ കലഹിക്കാനും പോരാടാനുമൊക്കെ ചിലപ്പോള്‍ 'ഒരു വാക്ക്' മതി. നാവുകൊണ്ടുണ്ടാകുന്ന വിപത്തുകള്‍ ചെറുതല്ല. അത്യന്തം മൂര്‍ച്ചയുള്ള മാരകായുധമാണത്. 'നാവുകൊണ്ടുണ്ടാക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങാത്തതും വാളുകൊണ്ടുണ്ടാകുന്നവ ഉണങ്ങുന്നതുമാണെന്ന' പഴമൊഴി വളരെ അര്‍ത്ഥവത്താണ്. ''മനുഷ്യനെ നരകത്തില്‍ വീഴ്ത്താന്‍ ഏറ്റവുമധികം കാരണമാകുന്നത് നാവാണ്'' എന്ന് നബി(സ) പറഞ്ഞതിന്റെ പൊരുളും ഇതുതന്നെ. ആവശ്യത്തിലേറെയും അനാവശ്യമായും നാക്കിട്ടടിക്കുന്ന ചില സ്വഭാവക്കാരുണ്ട്. കളവ്, ഏഷണി, പരദൂഷണം, അസഭ്യം തുടങ്ങിയ എല്ലാ മാലിന്യങ്ങളും അത്തരക്കാര്‍ ഛര്‍ദ്ദിച്ചുകൊണ്ടേയിരിക്കും. തനിക്കും സമൂഹത്തിനും അതുവഴിയുണ്ടാകുന്ന ദുരന്തഫലത്തെ കുറിച്ച് ചിന്തയേ ഇല്ലാത്തവര്‍. മനുഷ്യന് അല്ലാഹു നല്‍കിയ സവിശേഷമായ അനുഗ്രഹമാണ് സംസാരശേഷി. ഇതരജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്ന കഴിവാണത്. മറ്റെല്ലാ കഴിവുകളും പോലെ അതും നിയന്ത്രണവിധേയമാക്കണം.
തോണിയതൊക്കെ വിളിച്ചുപറയുക അനുവദനീയമല്ല. ശ്രേഷ്ടമായ കര്‍മ്മം ഏതാണെന്ന് ചോദിച്ചപ്പോള്‍ നിസ്‌കാരം സമയത്ത് നിര്‍വഹിക്കലാണെന്ന് നബി(സ) മറുപടി നല്‍കി. പിന്നെ ഏതാണെന്ന ചോദ്യത്തിന് 'നിന്റെ നാവില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിതരായിരിക്കലാണ് (ത്വബ്‌റാനി) എന്നായിരുന്നു പ്രവാചകരുടെ മറുപടി. ''രണ്ടു താടിയെല്ലുകള്‍ക്കിടയിലെ അവയവത്തെപ്പറ്റിയും രണ്ടു തുടയെല്ലുകള്‍ക്കിടയിലെ അവയവത്തെ പറ്റിയും എനിക്ക് ഉറപ്പ് നല്‍കുന്നവന് സ്വര്‍ഗം നല്‍കാമെന്ന് ഞാനും ഉറപ്പ് നല്‍കുന്നു.''(ബുഖാരി) നബിതിരുമേനി(സ)യുടെ ഈ പ്രസ്താവം നാവിന്റെയും ലിംഗത്തിന്റെയും നിയന്ത്രണമാണ് ആവശ്യപ്പെടുന്നത്. അവകൊണ്ട് ഉണ്ടായേക്കാവുന്ന ദുരന്തങ്ങളുടെ അതീവഗൗരവത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter