വിദേശ ഉംറ തീർത്ഥാടകർ ഇന്ന് മുതൽ എത്തുന്നു
മക്ക: വിദേശ ഉംറ തീര്‍ഥാടനം പൂര്‍ണ്ണമായ നിലയില്‍ പുനഃരാരംഭിച്ചതോടെ വിദേശ തീര്‍ഥാര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ സഊദിയില്‍ എത്തിത്തുടങ്ങും. ഇന്തോനേഷ്യയില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി ജിദ്ദയില്‍ ഇറങ്ങുക. മുപ്പത് ദിവസം വരെ സഊദിയില്‍ കഴിയുന്നതിനുള്ള വിസയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, സഊദിയില്‍ 10 ദിവസം മാത്രമാണ് താമസ കാലാവധി. വിദേശികള്‍ക്ക് ഇലക്‌ട്രോണിക് വിസകളാണ് നല്‍കുന്നതെന്നും അവരുടെ രാജ്യത്തെ സഊദി എംബസിയുമായോ കോണ്‍സുലേറ്റുമായോ വിസ നടപടികള്‍ക്കായി ബന്ധപ്പെടേണ്ടതില്ലെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ:അബ്ദുല്‍ ഫതാഹ് മശാത് അറിയിച്ചു.

വിദേശ തീര്‍ഥാടകരുടെ വരവോടെ ഉംറ തീര്‍ത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിനാണ് തുടക്കമാകുന്നത്. രണ്ട് ഘട്ടങ്ങളിലായി പുനരാരംഭിച്ച ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. മൂന്നാം ഘട്ടത്തില്‍ പ്രതിദിനം ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി നല്‍കുന്നത്. ഇവരില്‍ പതിനായിരം തീര്‍ത്ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. ഇന്ന് മുതല്‍ ദിവസേന ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനും അറുപതിനായിരം പേര്‍ക്ക് വിശുദ്ധ ഹറമില്‍ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനും 19500 പേര്‍ക്ക് മസ്‌ജിദുന്നബവി സന്ദര്‍ശനത്തിനും റൗദ ശരീഫില്‍ നിസ്‌കാരത്തിനും അനുമതി ലഭിക്കും. ഓരോ മൂന്ന് മണിക്കൂറിലും 3,300 പേരടങ്ങിയ സംഘമായാണ് മതാഫിലേക്ക് പ്രവേശനം. ഇവരില്‍ 1,666 പേര്‍ വിദേശത്തുനിന്നുള്ളവരായിരിക്കും. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് സൗദി അറേബ്യ ഉംറ നിർത്തി വെച്ചത്. ഈ വർഷത്തെ ഹജ്ജ് 1000 പേരെ മാത്രം പങ്കെടുപ്പിച്ച് സൗദി അറേബ്യ സംഘടിപ്പിച്ചിരുന്നു. ഇതിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനവും സൗദിയെ തേടി വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter