ഇന്ത്യ  കൃഷിയിടങ്ങളിലാണ്

ഏറെ വലിയ അവകാശവാദങ്ങളോടെ നോട്ട് നിരോധനവും, ജി.എസ്.ടിയും,  നടപ്പിലാക്കി  സി.എ.എ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍‍‍ തുടരുന്നതോടപ്പം  ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും മതേതരത്വ മുഖവും നിഷ്പ്രയാസം തച്ചുടച്ചവർ പുതിയ ബില്ലുമായി എത്തിയിരിക്കുകയാണ്.

ഇന്ത്യയെ ഊട്ടാൻ പാടത്ത് പണിയെടുക്കുന്ന കർഷകന്റെ കഴുത്തിൽ പിച്ചാത്തി പിടിപ്പിക്കുന്നതിന് തുല്യമാണ് പുതിയ കാർഷിക ബില്ല്.

കുത്തക ഭീമന്മാരെ കർഷകരുടെ കാൽക്കലെത്തിക്കുവാൻ പാകത്തിലാണ് പുതിയ കാർഷിക ബിൽ എന്നാണ് ബി.ജെ.പി യുടെ അവകാശവാദം. കാൽക്കലെത്തിയ മുതലാളിമാർ കർഷകന്റെ കാല് വാരി നിലത്തടിക്കുമെന്ന് മനസ്സിലാക്കുവാനുള്ള ശേഷി ഭരണകൂടത്തിനില്ല എന്നതാണ് പ്രശനം. അഥവാ എന്ത് ചെയ്യുന്നു എന്നതല്ല എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം.

സ്വന്തം മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി രാജിവെച്ചിട്ടും ഒരു പാർട്ടി തന്നെ മുന്നണി വിട്ടിട്ടും യാതൊരു ചാഞ്ചല്യവുമില്ലാതെ ബിൽ പാസ്സാക്കിയിരിക്കുകയാണ് ബി.ജെ.പി. 

മൂന്ന് ബില്ലുകളാണ് നിലവിൽ പാസാക്കിയത്.

1. Farmers' Produce Trade and Commerce (Promotion and Facilitation) Bill, 2020

2. Farmers (Empowerment and Protection) Agreement of Price Assurance and Farm Services Bill, 2020.

3. The Essential Commodities (Amendment) Bill

ഒന്നാമത്തെ ബിൽ നടപ്പാകുമ്പോള്‍ APMC വിപണികള്‍ക്ക് കോട്ടം സംഭവിക്കുമെന്നാണ് പ്രതിപക്ഷവും കര്‍ഷകരും ചൂണ്ടി കാണിക്കുന്നത്.

 കാര്‍ഷിക മേഖലയും വിപണികളും സംസ്ഥാനത്തിന്റെ വിഷയങ്ങളാണ്.  ഒരോ സംസ്ഥാനങ്ങളും അവരവരുടെ കൃഷി വിപണി നിയമ വിധേയമാകുന്നതിന് വേണ്ടി APMC Act  അഥവാ Agricultural produce market committe നിലവില്‍ ഉണ്ട്.  APMC യുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപണികള്‍ ഉണ്ടാകും. കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം നടത്തുമ്പോള്‍ വില ക്രമീകരിക്കാനാണ് ഇത്തരം വിപണികള്‍. കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് APMC നിലവില്‍ വന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് പ്രകാരം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ ഏജന്റുകള്‍ ഉണ്ടാകും. കര്‍ഷകര്‍ ഏജന്റുകള്‍ക്കാണ് ഉത്പന്നങ്ങള്‍ വില്ക്കുന്നത്. APMC നിയമ പ്രകാരം കര്‍ഷകര്‍ ഇത്തരം വിപണികളില്‍ മാത്രമെ വില്‍പന നടത്താന്‍ പാടുള്ളു. 

ഇത്തരം ഇടനിലക്കാരിൽ നിന്ന് കർഷകരെ രക്ഷിക്കുകയും നേരിട്ട് കമ്പോളങ്ങളിൽ വിൽപ്പന നടത്താനുള്ള അവസരമൊരുക്കുകയുമാണ് ബിൽ ചെയ്യുന്നത് എന്നാണ് സർക്കാർ ഭാഷ്യം.

ഒരു പക്ഷെ കർഷകരോടും, പ്രതിപക്ഷ പാർട്ടികളോടും ചർച്ചകൾ നടത്തി പോരായ്മകൾ പരിഹരിച്ച് കൺകറണ്ട് ലിസ്റ്റിനെ മോശമായി ബാധിക്കാത്തരീതിയിൽ, സംസ്ഥാനങ്ങോളോട് കൂടിയാലോചിച്ച്  നടപ്പിലാക്കിയിരുന്നെങ്കിൽ രാജ്യത്തെ കാർഷിക മേഖലക്ക് വലിയ ഉണർവ്വ് നൽകുന്നതാകുമായിരുന്നു ഈ ബിൽ.

ഇതിന് മുൻപെല്ലാമെന്നപോലെ ഇപ്പോഴും അധികാരത്തിന്റെ ധാർഷ്ട്യവും, അജ്ഞതകൊണ്ടുള്ള അഹങ്കാരവും ആണ് ചർച്ചകളും ആലോചനകളുമില്ലാതെ ബില്ല് പാസാക്കുന്നതിലേക്ക് ബി.ജെ.പി യെ എത്തിച്ചത്.

ഇതുവരെയുള്ള ചരിത്രം വെച്ച് നോക്കുമ്പോൾ ബിൽ ഏത് അർധരാത്രി കൊണ്ട് കൊടുത്താലും രാഷ്ട്രപതി അതിൽ ഒപ്പ് വെക്കാതിരിക്കില്ല. 

അങ്ങനെ ജനാധിപത്യവും, മതേതരത്വവും എല്ലാം ഇല്ലാതായ ഇന്ത്യയിൽ നിന്ന് അതിന്റെ ആത്മാവ് കൂടി കുടിയിറങ്ങും.

അപ്പോഴും നമുക്ക് സ്വാർത്ഥതയുടെ സെൽഫി പടങ്ങൾ തൂക്കുന്ന ഹാഷ് ടാഗുകൾ തപ്പിനോക്കാം. ഒടുവിൽ കർഷകനെയും അവൻ വിയർപ്പൊഴുക്കി സമ്പാദിച്ച പാടങ്ങളും കുത്തകമുതലാളിമാർ വിലക്കെടുത്ത് കഴിയുമ്പോൾ, ഒരു അരി മണിക്ക് ആയിരങ്ങൾ കൊടുക്കേണ്ടി വരുമ്പോൾ, സാദരണക്കാരന് പച്ചവെള്ളം കുടിക്കാൻ പോലും വൻകിട കമ്പനികൾക്ക് മുന്നിൽ വരി നിൽക്കേണ്ടി വരുമ്പോൾ, ഇല്ലാത്തവൻ തീരെ ഇല്ലാത്തവനായി ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിക്കുമ്പോൾ, ഉള്ളവൻ പിന്നെയും പിന്നെയും 'ഉണ്ടാക്കി' കൊണ്ടേ ഇരിക്കുമ്പോൾ അപ്പോഴെങ്കിലും നാം ഈ ഫാന്റസിക്കപ്പുറം ഒരു ലോകമുണ്ടെന്ന് തിരിച്ചറിയുമായിരിക്കും, മൊബൈൽ സ്ക്രീനിനപ്പുറം ഒത്തിരി മനുഷ്യരും ജീവിതവും ഉണ്ടെന്ന് മനസ്സിലാവുമായിരിക്കും. പക്ഷെ അപ്പോഴേക്കും ഇന്ത്യ ഏതെങ്കിലും മുതലാളിയുടെ സ്വകാര്യ സ്വത്തായിട്ടുണ്ടാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter