മമ്പുറം ആണ്ടുനേര്‍ച്ചക്ക്  തുടക്കമായി
തിരൂരങ്ങാടി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, തക്ബീര്‍ ധ്വനികളുടെയും പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെയും അകമ്പടിയില്‍ 181-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്കു കൊടിയേറി. മലബാറിലെ ആത്മീയ-സാമൂഹിക ഇടങ്ങളില്‍ ക്രിയാത്മക സാന്നിധ്യമറിയിച്ച്, ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മസന്നിധിയിലേക്ക് ഇനിയൊരാഴ്ചക്കാലം തീര്‍ത്ഥാടക പ്രവാഹമായിരിക്കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടികയറ്റം നടത്തിയതോടെയാണ് 181-മത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്. അസര്‍ നമസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കെ.സി മുഹമ്മദ് ബാഖവി, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഹസന്‍ കുട്ടി ബാഖവി കീഴ്‌ശ്ശേരി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, കെ.എം സൈദലവി ഹാജി, യു ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. മഗ്രിബ് നമസ്‌കാരാനന്തരം നടന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിന് സമസ്ത കേന്ദ്ര മുശാവറാംഗം എ.മരക്കാര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഒരാഴ്ച്ചക്കാലം നീണ്ടുനില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മൗലിദ് സദസ്സുകള്‍, അനുസ്മരണ പ്രഭാഷണം, പ്രാര്‍ത്ഥനാ സമ്മേളനം, ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം, അന്നദാനം, ഖത്മ് ദുആ തുടങ്ങിയ വിവിധയിനം പരിപാടികള്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter