ഡല്‍ഹിയില്‍ സംഭവിച്ചത്  വംശഹത്യ - ഉവൈസി
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ ശക്തമായ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീൻ ഉവൈസി. വംശഹത്യയിലേക്ക് വഴി തെളിച്ച വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും ബി.ജെ.പി നേതൃത്വത്തിന്റ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഉവൈസി വ്യക്തമാക്കി. വിഷയത്തിലെ മോദിയുടെ മൗനത്തെ കുറിച്ചും ഉവൈസി ശക്തമായ വിമർശനം ഉന്നയിച്ചു. ' ഡല്‍ഹിയില്‍ ഇത്രയേറെ നിഷ്‌കളങ്കര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച്‌ പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞില്ല. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും മുന്‍ എം.എല്‍.എയും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ ജനങ്ങളെ കൊല്ലാന്‍ പ്രേരിപ്പിച്ചു. ആ പ്രസ്താവന അവര്‍ സ്വയംതോന്നി പറഞ്ഞതാണോ? അല്ല പാര്‍ട്ടി നേതൃത്വമാണ് അവരെക്കൊണ്ടത് പറയിപ്പിച്ചത്,' അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംഭവിച്ചത് ഒരു വര്‍ഗീയകലാപമല്ല. വംശഹത്യയും കൂട്ടക്കൊലയുമാണെന്നും ഉവൈസി തുറന്നടിച്ചു. അവിടെ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പങ്കാളിത്വമുണ്ട്. പൊലിസ് എങ്ങനെയാണ് നാല് യുവാക്കളെ ദേശീയഗാനം ചൊല്ലാന്‍ നിര്‍ബന്ധിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. അതിലൊരാള്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ വീട്ടിനുള്ളില്‍ തീവെച്ചു കൊലപ്പെടുത്തി. ഒരു ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു,' ഉവൈസി പറഞ്ഞു. ഡൽഹിയിൽ സംഭവിച്ചത് 2002ല്‍ ഗുജറാത്തിൽ സംഭവിച്ചതിന് സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു ദിവസം സര്‍ക്കാര്‍ മൗനം പാലിച്ചത് മൂലമാണ് അക്രമം ആളിപ്പടര്‍ന്നതെന്നും ഉവൈസി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter