റോഹിങ്ക്യ : സൂകിക്ക് അവസാന അവസരം കൊടുത്ത് യു.എന്‍

റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൊന്നൊടുക്കുകയും ലക്ഷണക്കിന് ആളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത സൈനിക നടപടി അവസാനിപ്പിക്കാന്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിക്ക് അവസാനത്തെ ഒരു അവസരം കൂടിയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വട്ടിയേഴ്‌സ്.
റാഖിന്‍ പ്രദേശത്തെ നിലവിലുള്ള സ്ഥിതി  സൂകി മാറ്റമുണ്ടാക്കുന്നില്ലെങ്കില്‍ ദുരന്തം ഭീകരപൂര്‍ണമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് കടന്ന റോഹിങ്ക്യന്‍ മുസ്്‌ലിംകളെ സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍  ഗ്വട്ടേഴ്‌സ് മ്യാന്മറിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സൂകി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ ജനല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നില്ല.
മ്യാന്മറിലെ പട്ടാള ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ സൂകിയെ പിന്തുണച്ചിരുന്ന ലോകരാജ്യങ്ങള്‍ ഓരോന്നായി സമാധാന നൊബേല്‍ ജേതാവിനെ തള്ളിപ്പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭീകരരുടെ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യാജ വാര്‍ത്തകളാണ് സൈനിക നടപടിയെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന സൂകിയുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തമ്പടിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് എവിടേക്കു പോകാനും അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. അഭയാര്‍ത്ഥികളെ വാഹനങ്ങളില്‍ കയറ്റരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്കും െ്രെഡവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ വാടകക്ക് നല്‍കരുതെന്ന് കെട്ടിട ഉടമകളോടും പൊലീസ് ആവശ്യപ്പെട്ടു. റാഖിനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും പറയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter