മുസ്‌ലിം വിദ്വേഷ തീവ്ര ബുദ്ധമത സന്യാസി അഷിന്‍ വിരാതു പോലിസിൽ കീഴടങ്ങി
റങ്കൂണ്‍: ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമെന്നറിയപ്പെടുന്ന മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യയുടെ പ്രധാന കാരണക്കാരിലൊരാളായ തീവ്ര ബുദ്ധമത സന്യാസി അഷിന്‍ വിരാതു പോലിസിനു മുന്നില്‍ കീഴടങ്ങി. സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരു വര്‍ഷത്തിലേറെയായി വിരാതു ഒളിവിലായിരുന്നു. ഇന്ന് പുറത്തുവന്ന വിരാതു റങ്കൂണ്‍ പോലിസ് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

'രക്തദാഹിയായ സന്യാസി' എന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അഷിന്‍ വിരാതുവിന്റെ മുസ്‌ലിം വിദ്വേഷ പ്രഭാഷണങ്ങളാണ് മ്യാന്‍മറിലെ റാഖൈനില്‍ 2017ലുണ്ടായ റോഹിന്‍ഗ്യന്‍ മുസ്‌ലിം വംശഹത്യക്ക് പ്രേരണയായത്. ബുദ്ധ ഭീകരതയുടെ മുഖം എന്ന് പേരിൽ ടൈം മാഗസിൻ അഷിൻ വിരാതുവിന്റെ മുഖചിത്രം സഹിതം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മ്യാന്‍മര്‍ സര്‍ക്കാറിന്റെ വിമര്‍ശകനും പട്ടാളത്തിന്റെ അനുകൂലിയുമായ വിരാതുവിനെ അറസ്റ്റുചെയ്യാന്‍ പടിഞ്ഞാറന്‍ റങ്കൂണിലെ ജില്ലാ കോടതി കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

അതിനു ശേഷം ഒളിവില്‍ പോയ വിരാതു ഇന്ന് കീഴടങ്ങുകയായിരുന്നു. മ്യാന്‍മറില്‍ നവംബര്‍ എട്ടിന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കീഴടങ്ങിയ വിരാതു ബുദ്ധമതത്തെ അവഹേളിക്കുന്ന സര്‍ക്കാറിനെതിരേ തിരഞ്ഞെടുപ്പില്‍ കടമ നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter