മതത്തിന്റെ വിധി മറികടന്ന്  ജുമുഅ നിസ്‌കാരം ഇപ്പോൾ നിര്‍വഹിക്കേണ്ടതില്ല- ജിഫ്രി തങ്ങൾ
കോഴിക്കോട്: കൊവിഡ്- 19 വൈറസ് വ്യാപനം കണക്കിലെടുത്ത് ജുമുഅയും പള്ളികളിലെ നിസ്‌കാരവും നിയന്ത്രിക്കാന്‍ സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ തീരുമാനമെടുത്തതാണെന്നും മതത്തിന്റെ വിധി മറികടന്ന് ജുമുഅ നിസ്‌കാരം ഈ സമയത്ത് നിര്‍വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ചില ആളുകൾ ഒരുമിച്ച്‌ കൂടി ജുമുഅ നടത്തിയത് ആവശ്യമില്ലാത്ത നടപടി ആണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. സര്‍ക്കാറിനോട് ആലോചിച്ച്‌ ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എല്ലാ നാട്ടിലേയും പോലെ നമ്മുടെ നാട്ടിലും പുറത്തിറങ്ങുന്നത് നിരോധിക്കപ്പെട്ട സമയമാണിത്.

ജുമുഅ ശരിയാവുന്നതിന് ആവശ്യമായ നാല്‍പത് ആളുകള്‍ ഒരുമിച്ചുകൂടാന്‍ പറ്റാത്ത ഈ സമയത്ത് വിശ്വാസികളോട് ജുമുഅ നിസ്‌കാരത്തിന്റെ കല്‍പനയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ ഡോക്ടര്‍മാരുടെ ചികിത്സയാണ് തേടേണ്ടതെന്ന് ആഹ്വാനം ചെയ്ത തങ്ങൾ മറ്റു തരത്തിലുള്ള ചികിത്സയുമായി ബന്ധപ്പെട്ടാല്‍ അപകടം വരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നത് ലോക്ക്ഡൗണിന്റെ മുമ്പാണെന്നും അവിടെ വൈറസ് ബാധിക്കുമ്പോള്‍ അതിനെ മുഴുവന്‍ ഇസ്‌ലാമിന്റെ മേല്‍ വെച്ചുകെട്ടുന്ന നിലപാട് ശരിയല്ലെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

അനുമതി വാങ്ങിയാണ് പരിപാടി നടത്തിയതെങ്കില്‍ ആ അര്‍ഥത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തങ്ങൾ എന്നാല്‍ സമ്മേളനം നടത്തിയപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അവരുടെ ആരോഗ്യത്തിനു കുറച്ചും കൂടി ശ്രദ്ധ നല്‍കേണ്ടതായിരുന്നുവെന്നും ഓർമിപ്പിച്ചു . ഇന്ത്യയില്‍ വൈറസ് വ്യാപിക്കാന്‍ കാരണക്കാര്‍ തബ് ലീഗുകാർ അല്ലെന്നും അത്തരം ആക്ഷേപത്തില്‍ നിന്നു ബന്ധപ്പെട്ടര്‍ പിന്മാറണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter