ചരിത്രം തീര്‍ത്ത് ജിഫ്രി തങ്ങളുടെ   പൂര്‍വേന്ത്യന്‍ പര്യടനം

കിഷ്ന്‍ഗഞ്ജ് (ബീഹാര്‍): സമസ്തയുടെ നവോത്ഥാന മുന്നേറ്റത്തില്‍ ചരിത്രം തീര്‍ത്ത് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പൂര്‍വേന്ത്യന്‍ യാത്ര. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെയും ഹുദവികളുടെയും നേതൃത്വത്തില്‍ നടത്തുന്ന പൂര്‍വേന്ത്യയിലെ വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കാനും വിവിധ പരിപാടികളില്‍ സംബന്ധിക്കാനുമായിരുന്നു  പ്രസിഡന്റിന്റെ  പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടനം.

പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീപൂരില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദായുടെ ബംഗാള്‍ കാമ്പസിലായിരുന്നു ജിഫ്രി തങ്ങളുടെ ആദ്യ പരിപാടി. കാമ്പസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജുബൈര്‍ കമ്മിറ്റി  ഹാദിയക്കു വേണ്ടി നിര്‍മിച്ചു നല്‍കിയ ശംസുല്‍ ഉലമാ മെമ്മോറിയല്‍ അല്‍ ഫൗസ് മോറല്‍ സ്‌കൂള്‍ ഉദ്ഘാടനം, ദുംറ ഗ്രാമില്‍ നിര്‍മിച്ച മസ്ജിദ് ഉദ്ഘാടനം, രാംപൂര്‍ഹട്ടില്‍ നിര്‍മിച്ച ഹാദിയ മോറല്‍ സ്‌കൂള്‍ ഉദ്ഘാടനം എന്നിവ ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മാതൃകയില്‍ ബംഗാളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സമസ്ത ബംഗിയോ ഉലമായുടെ പതാക കൈമാറ്റവും തങ്ങള്‍ നടത്തി. എസ്.കെ.എസ്.എസ്.എഫ് ട്രെയ്‌സനേയിം ദേശീയ സംഗമങ്ങളുടെ ദേശീയ തല ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.


ചൊവ്വാഴ്ച ആസാമിലെത്തിയ ജിഫ്രി തങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. ബാര്‍പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ 2014 മുതല്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഹുദായുടെ ആസാം കാമ്പസിലായിരുന്നു ആദ്യ സന്ദര്‍ശനം. കാമ്പസിലെ പുതിയ ബാച്ചിലേക്ക് പ്രവേശം ലഭിച്ച 83 വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. ആസാമിലെ ബോഗ്ഡിയയില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ ദമ്മാം കമ്മിറ്റി ഹാദിയക്കു വേണ്ടി നിര്‍മിച്ച മോറല്‍ സ്‌കൂള്‍, മസ്ജിദുത്തഖ് വാ, ദാറുല്‍ഹുദാ ഏഴ്, എട്ട് ബാച്ചുകാര്‍ നിര്‍മിക്കുന്ന പ്രാഥമിക പഠന ശാലകളുടെ ശിലാസ്ഥാപനം എന്നിവയും തങ്ങള്‍ നടത്തി.
ഇന്നലെ ബീഹാറിലായിരുന്നു ജിഫ്രി തങ്ങളുടെ പര്യടനം. ഹാദിയക്കു കീഴിലുള്ള പ്രയാണ്‍ ഫൗണ്ടേഷനു കീഴില്‍ കിഷന്‍ഗഞ്ജില്‍ തുടങ്ങിയ കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.


ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട് തുടങ്ങിയ മാനേജിങ് കമ്മിറ്റി ഭാരവാഹികളും ഹുദവി പ്രതിനിധികളും തങ്ങളോടൊപ്പം പര്യടനത്തിലുണ്ടായിരുന്നു.


കേരളത്തില്‍ സമസ്ത കൈവരിച്ച വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റം ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കല്‍ അനിവാര്യമാണെന്നും സമസ്തയുടെ സഹായവും പിന്തുണയും ഇതിനുണ്ടായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. 
അഞ്ച് ദിവസത്തെ പൂര്‍വേന്ത്യന്‍ പര്യടനത്തിനു ശേഷം ജിഫ്രി തങ്ങളും സംഘവും ഇന്ന് മടങ്ങിയെത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter