യമന്‍ ഭരണകൂടവും തെക്കന്‍ വിഘടനവാദികളും തമ്മിലുള്ള സമാധാന കരാർ പൂർത്തിയായി
ഏദൻ: ഏറെക്കാലത്തെ ആഭ്യന്തര കലഹങ്ങൾക്ക് ശേഷം തെക്കൻ യമൻ സമാധാനത്തിലേക്ക് മടങ്ങുന്നു. യമന്‍ ഭരണകൂടവും തെക്കന്‍ വിഘടനവാദികളും ചേര്‍ന്നുള്ള ഭരണം സ്ഥാപിക്കുന്നതിന് സൗദിയുടെ നേതൃത്വത്തില്‍ സമാധാന കരാർ രൂപം കൊണ്ടു. റിയാദില്‍ വെച്ച് ഇരു വിഭാഗവും കരാറിൽ ഒപ്പു വെക്കും. കരാർ വിജയകരമായി നടപ്പിലാക്കുന്നതിന് സൗദി-യുഎഇ നേതൃത്വം നൽകുന്ന സഖ്യസേന മേല്‍നോട്ടം വഹിക്കും. കരാറിൽ ഒപ്പ് വെക്കുന്നതിനു മുന്നോടിയായി ചര്‍ച്ചകളും കൂടിക്കാഴ്ചകളും റിയാദില്‍ തുടരുകയാണ്. കരാർ നടപ്പാക്കുന്നതിന് സൗദിയുടെ മേൽനോട്ടത്തിൽ യമന്‍ സൗദി സംയുക്ത കമ്മിറ്റിയും രൂപീകരിക്കും. തെക്കന്‍, വടക്കന്‍ യമന്‍ ഭാഗങ്ങളില്‍ നിന്നായി 24 പേരെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നതാണ് പ്രധാന നിര്‍ദേശം. കരാറിന്റെ ഭാഗമായി സൗദിയിലെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കായി സുപ്രീം ഇക്കണോമിക് കൗൺസിൽ പുനഃസംഘടിച്ചുകയും ചെയ്യും. കരാർ വിജയകരമാകുന്നതോടെ തെക്കന്‍ വിഘടനവാദികള്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും അവര്‍ പിന്മാറും. ഇവിടെ യമന്‍ സൈനിക വിന്യാസവുമുണ്ടാകും. സൈനികരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ശമ്പളവും കരാര്‍ പ്രകാരം കൊടുത്തു തീര്‍ക്കും. ഹൂതികൾ തലസ്ഥാനമായ സൻആ കീഴടക്കിയതോടെ സർക്കാർ സംവിധാനങ്ങൾ മുഴുവൻ മറ്റൊരു നഗരമായ ഏദനിലേക്ക് മാറ്റിയിരുന്നു. ഈ നഗരമാണ് തെക്കൻ വിമതർ കൈയടക്കിയത്. ഇതോടെ അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ നില പരുങ്ങലിലായിരുന്നു. തലസ്ഥാനമായ സൻആ പിടിച്ചടക്കിയ ശിയാ വിഭാഗമായ ഹൂതികളുമായുള്ള ചര്‍ച്ചക്ക് യു.എന്‍ നേതൃത്വത്തിലും ശ്രമം നടക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter