ഭീകരനെന്ന് മുദ്രകുത്തപ്പെട്ട് 12 വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്നു കണ്ട് മോചനം
ലക്നൗ: ഭീകരനായി മുദ്രകുത്തി ജയിലിലടക്കപ്പെട്ട മുസ്ലിം യുവാവിനെ 12 വർഷങ്ങൾക്കുശേഷം നിരപരാധിയെന്നു കണ്ട് കോടതി വെറുതെ വിട്ടു. ഉത്തർപ്രദേശിലെ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചതിൻ്റെ പേരിൽ 12 വർഷം തടവുകാരനായി കഴിഞ്ഞ ഗുലാബ് ഖാന്‍ എന്ന മുസ്ലിം യുവാവിനെ തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയക്കുകയായിരുന്നു. 12 വർഷം നീണ്ട നരകയാതനയിൽ നിന്ന് മോചനം നേടിയതിന്റെ ആശ്വാസത്തിലാണ് ഗുലാബ് ഖാൻ ഇപ്പോൾ. ‘ദൈവം എനിക്ക് പുതിയ ജീവിതം തന്നു. എനിക്ക് തീവ്രവാദവുമായി ഒരു ബന്ധവുമില്ല. ഞാന്‍ ഈ കേസില്‍ അറസ്റ്റിലായപ്പോള്‍, എന്റെ ജീവിതവും കുടുംബവും എല്ലാം തകര്‍ന്നുവെന്നാണ് കരുതിയത്. കാരണം തീവ്രവാദക്കേസ് ചാര്‍ത്തുകയെന്നത് അത്രയും ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു. ഈ വര്‍ഷങ്ങളിലെല്ലാം ഞാന്‍ ആ ഭീതിയോടെ കഴിഞ്ഞു. ഇടക്ക് ഹൃദയാഘാതം വന്നു മരിക്കുകയാണെന്നു പോലും കരുതി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു. ഇപ്പോള്‍ ശുദ്ധവായു ശ്വസിക്കുന്ന പ്രതീതിയാണുള്ളത്. ഇതൊരു പുതിയ തുടക്കമാണ്’- ഗുലാബ് ഖാന്‍ പറഞ്ഞു. 2008 ലാണ് ഒരു കൂട്ടം അക്രമികള്‍ ഉത്തര്‍പ്രദേശിലെ രാംപൂർ ആസ്ഥാനമായുള്ള സി.ആർ‌.പി‌.എഫ് ക്യാമ്പ് അക്രമിച്ചത്. ആക്രമണത്തില്‍ ഏഴ് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നാരോപിച്ചാണ് പ്രതാപ്ഗര്‍ സ്വദേശിയായ മുഹമ്മദ് കൗസറിനേയും ബെറേലി സ്വദേശിയായ ഗുലാബ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. വ്യവസ്ഥാപരമായ വിവേചനമാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനു കീഴില്‍ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് ഉവൈസി പറഞ്ഞു. ഇത്രയും കാലം ഗുലാബ് ഖാനും കുടുംബവും സഹിച്ച മാനഹാനിക്കും വേദനകള്‍ക്കും ആര് സമാധാനം പറയുമെന്നും ഉവൈസി ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter