ഹാദിയ കേസ് മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയില്‍

 

ഇസ് ലാം സ്വീകരിച്ച ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഒക്‌ടോബര്‍ മൂന്നിന്് പരിഗണിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹന ദാസ് നിര്‍ദേശം നല്‍കിയിരുന്നു. അഖില എന്ന ഹാദിയയുടെ പിതാവ് അശോകനില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പി.എം.ജിയിലുള്ള കമ്മീഷന്‍ ഓഫീസിലാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരനും നോട്ടീസ് അയച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ഹാദിയയെ വീട്ടുതടങ്കലിലാക്കി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നുവെന്നാണ് പരാതി. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനഃപൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ ഗൗരവതരമാണെന്ന് കമ്മീഷന്‍ നേരത്തെ നിരീക്ഷിച്ചിരുന്നു.

മേയ് 24ന് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന് പേരുസ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. പിന്നീട് കേസിന്റെ അന്വേഷണം സുപ്രീം കോടതി എന്‍. ഐ.എക്ക് കൈമാറിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter