യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല  വിജയവുമായി ഇൽഹാൻ ഉമർ
വാഷിങ്ടണ്‍: ട്രംപിന്റെ കടുത്ത വിമർശകയും ഡെമോക്രാറ്റിക് നേതാവുമായ സോമാലിയൻ വംശജ ഇൽഹാൻ ഉമർ യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി. മിനസോട്ടയിലെ ഫിഫ്ത്ത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രികില്‍ നിന്നാണ് ഇൽഹാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇവര്‍ ഇവിടെ നിന്ന് യുഎസ് കോണ്‍ഗ്രസിലെത്തുന്നത്. റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാർത്ഥി ഐടി എഞ്ചിനീയര്‍ ലാസി ജോണ്‍സനെയാണ് ഉമര്‍ പരാജയപ്പെടുത്തിയത്.

ട്രംപിനെതിരെ കഴിഞ്ഞ നാലു വർഷങ്ങളിലും കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടതിനാൽ ഇൽഹാനെ പരാജയപ്പെടുത്താൻ ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. ഇല്‍ഹാൻ ഉമര്‍ യുഎസിനെ സ്‌നേഹിക്കുന്നില്ലെന്നും സോമാലിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താന്‍ നിയന്ത്രണം കൊണ്ടു വന്നെന്നും ട്രംപ് പറഞ്ഞിരുന്നു. ഉമറിനെ പരാജയപ്പെടുത്താൻ പണി പതിനെട്ടും നോക്കിയ റിപ്പബ്ലിക് പാർട്ടി ഇവിടെ മാത്രം ഒമ്പത് ദശലക്ഷം യുഎസ് ഡോളറാണ് തെരഞ്ഞെടുപ്പ് ചെലവിനായി ഉപയോഗിച്ചത്. "ജനകേന്ദ്രീകൃതമായ ഞങ്ങളുടെ അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം" 64.6 ശതമാനം വോട്ട് നേടി വിജയിച്ച അവര്‍ പ്രതികരിച്ചു.

2018ലാണ് ആദ്യമായി ഉമര്‍ യുഎസ് കോണ്‍ഗ്രസിലെത്തിയത്. കോണ്‍ഗ്രസിലെത്തിയ ആദ്യ രണ്ട് മുസ്‌ലിം വനിതകളില്‍ ഒരാളായിരുന്നു ഇവര്‍. റാശിദ ത്വാലിബായിരുന്നു മറ്റൊരാൾ. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സോമാലിയയാണ് ഉമറിന്റെ സ്വദേശം. നാട് വിട്ടതിന് ശേഷം നാലു വര്‍ഷം കെനിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ ശേഷം പന്ത്രണ്ടാം വയസ്സിലാണ് ഉമർ യുഎസിലെത്തുന്നത്. ഡെമോക്രാറ്റിക് പാർട്ടിയോടൊപ്പം ചേർന്ന് പിന്നീട് രാഷ്ട്രീയ ജീവിതം ആരംഭിച്ച അവർ രാജ്യത്തെ മുൻനിര രാഷ്ട്രീയക്കാരിയായി വളർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter