കർശന കൊവിഡ് പ്രോട്ടോകോൾ  ലംഘിച്ചും ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രക്ഷോഭം ശക്തം
തെൽഅവീവ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്​ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ഇസ്രായേലില്‍ പ്രധാനമന്ത്രി നെതന്യാഹുനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ തടയുന്നതിന്​​ ഏര്‍പ്പെടുത്തിയ പുതിയ നിയമം ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാർ ശനിയാഴ്ച രാജ്യത്തുടനീളം പ്രതിഷേധം ശക്തമാക്കി.

കൊറോണ വൈറസിന്റെ രണ്ടാം വരവുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട്​ സര്‍ക്കാര്‍ രാജ്യത്ത്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പൗരന്മാരോട്​ വീടുകളില്‍ തന്നെ തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്​. ഇതൊന്നും വകവെക്കാതെയാണ് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്​തമാക്കിയത്​. പ്രതിഷേധ പ്രകടനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്‍റ്​ അംഗീകരിച്ച്‌ മൂന്ന് ദിവസത്തിന് ശേഷമാണ് തെരുവ് പ്രതിഷേധം കനത്തത്​.

നേരത്തെ കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്​ചയും അഴിമതി ആരോപണങ്ങളും മൂലമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. പുതിയ നിയമം അനുസരിച്ച്‌​ ഇസ്രായേലികള്‍ അവരുടെ വീടുകളില്‍ നിന്ന് ഒരു കിലോമീറ്ററില്‍ കൂടുതല്‍ പുറത്തുപോകാന്‍ പാടില്ല. പൗരന്മാര്‍ സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്​. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന്​ വിമര്‍ശകര്‍ പറയുന്നു. പ്രക്ഷോഭത്തിൽ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter