പൗരത്വ ബിൽ: മുസ്‍ലിംകൾ ഭയാശങ്കകളില്‍ നിന്നും പുറത്തുവരണം-സഞ്ജയ് റാവത്ത്
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌.എ‌.എ) വിമർശനം ശക്തമാക്കി ശിവസേനയുടെ മുതിർന്ന നേതാവും സാമ്‌ന എഡിറ്ററുമായ സഞ്ജയ് റാവത്ത് രംഗത്തെത്തി. പൗരത്വ നിയമം മുസ്‍ലിംകളെ മാത്രമല്ല, ഹിന്ദുക്കളെയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ആര്‍.സിയുമായി ബന്ധിപ്പിക്കുന്നതോടെ ഇത് 30 ശതമാനം ഹിന്ദുക്കളെയാണ് ബാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് മുംബൈയിൽ സംഘടിപ്പിച്ച പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സഞ്ജയ്. സി‌.എ‌.എ, എൻ.‌പി‌.ആർ, എൻ‌.ആർ‌.സി എന്നിവയെക്കുറിച്ച് മുസ്‌ലിംകൾക്കിടയിൽ വളരുന്ന ഭയവും ആശങ്കകളും ശമിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. “ജോ ഡർ ഗയാ സോ മാർ ഗയ” എന്ന ബോളിവുഡിലെ ജനപ്രിയ സംഭാഷണം ഉപയോഗിച്ച് മുസ്‍ലിം സഹോദരങ്ങളോട് ഭയാശങ്കകളില്‍ നിന്നും പുറത്തുവരാനും സഞ്ജയ് പറഞ്ഞു. “ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്ട്രയിൽ കാണിച്ചു തന്നു. നിങ്ങളും ഭയത്തിൽ നിന്ന് രക്ഷപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” ബിജെപിയെ വിറപ്പിച്ച് കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ സഞ്ജയ് റാവത്ത് നിർണായക പങ്കു വഹിച്ചിരുന്നു. ഈ രാജ്യം എല്ലാവരുടേതാണെന്ന് പലപ്പോഴും ബാല്‍ താക്കറെ പറയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നാമെല്ലാവരും ഒന്നാണ്, രാജ്യത്തോട് വിശ്വസ്തത പുലർത്തുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണ് ഈ രാജ്യം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.‌എ‌.എയിൽ ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പേര് പരാമര്‍ശിക്കാതെ സഞ്ജയ് ശക്തമായ മറുപടിയും നൽകി. ''നിങ്ങള്‍ ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് പറയുന്നു, പക്ഷേ ഞങ്ങള്‍ നിങ്ങളെ പുറത്തുചാടിക്കും.'' എന്നാണ് റാവത്ത് പറഞ്ഞത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter