ബാബരി മസ്ജിദിന് പകരം അനുവദിച്ച ഭൂമിയിൽ പള്ളിയുയരുന്നു: നിർമാണ ഫണ്ട് ഉദ്ഘാടനം നടന്നു
ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയതിനൊപ്പം ബാബരി ഭൂമിക്ക് പകരമായി സുപ്രിംകോടതി അനുവദിച്ച സ്ഥലത്ത് പള്ളി പണിയുന്നതിനുള്ള ഫണ്ട് ഉദ്ഘാടനം നടന്നു. മസ്ജിദ് നിർമാണ ഫണ്ടിലേക്ക് 21,000 രൂപ നൽകി ആദ്യ ഗഡു കൈമാറ്റം ലഖ്‌നോ യൂനിവേഴ്‌സിറ്റി സ്റ്റാഫ് രോഹിത് ശ്രീവാസ്തവ നിർവഹിച്ചു. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്‍ഡോ- ഇസ്‌ലാമിക് കള്‍ച്ചറൽ ഫൗണ്ടേഷനാണ് (ഐ.ഐ.സി.എഫ്) പള്ളി നിര്‍മാണത്തിനായി ഫണ്ട് സ്വരൂപിക്കുന്നത്. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍ നേരത്തെ പള്ളി നിര്‍മാണത്തിലേക്കായി പണം നല്‍കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് പുറത്തുനിന്നൊരാളുടെ ഫണ്ട് സ്വീകരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ ഫണ്ട് സ്വീകരിച്ചതെന്ന് ഐ.ഐ.സി.എഫ് സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു. അഞ്ചേക്കര്‍ സ്ഥലത്ത് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് പ്രചോദനമേകിയിരിക്കുകയാണ് ഈ സംഭാവനയെന്ന് അത്താര്‍ ഹുസൈന്‍ പ്രതികരിച്ചു. 1528ല്‍ മുഗള്‍ ഭരണാധികാരി ബാബര്‍ നിര്‍മിച്ച ബാബരി മസ്ജിദ് ക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്ന വാദമുയർത്തി സംഘ് പരിവാർ അക്രമികൾ 1992 ഡിസംബർ ആറിന് തകർക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബർ മാസത്തിലാണ് ഏറെ കാലം നീണ്ടു നിന്ന ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്. മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാൻ വിധിച്ച കോടതി പകരം അഞ്ചേക്കര്‍ ഭൂമി പള്ളി നിർമ്മിക്കാനായി കണ്ടെത്തി നൽകാൻ ഉത്തർ പ്രദേശ് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter