ബാബരി കേസിൽ പുനപരിശോധന ഹർജി നൽകാൻ ഹിന്ദുമഹാസഭയും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്- രാമജന്മഭൂമി കേസില്‍ ഹിന്ദു വിഭാഗത്തിന് അനുകൂലമായി സുപ്രിംകോടതി നടത്തിയ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ. ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുത്തതിന് പകരം അയോദ്ധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ മുസ്‌ലിംകള്‍ക്ക് നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. ഇതിന് പുറമെ, പള്ളിയില്‍ 1949ല്‍ വിഗ്രഹം കൊണ്ടു വച്ചതും പള്ളി തകര്‍ത്തതും കോടതി വിധിയുടെ ലംഘനമാണെന്ന കോടതിയുടെ നിരീക്ഷണം എടുത്തു കളയണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകള്‍ നീണ്ട അയോദ്ധ്യ കേസില്‍ നവംബര്‍ ഒമ്പതിന് രാവിലെയാണ് സുപ്രിം കോടതി വിധി പറഞ്ഞത്. തര്‍ക്കപ്രദേശം സമ്പൂര്‍ണ്ണായി ക്ഷേത്രനിര്‍മാണത്തിന് വിട്ടു കൊടുക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും മുസ്‌ലിംകള്‍ക്ക് പള്ളി പണിയാനായി അയോദ്ധ്യയില്‍ തന്നെ അഞ്ചേക്കര്‍ അനുവദിക്കണമെന്നും കോടതി വിധിച്ചു. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് കേസിൽ പുനപരിശോധന ഹർജി നൽകാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter