വിദേശ സൈന്യം രാജ്യം വിട്ട് പോകണം: പ്രമേയം പാസാക്കി ഇറാഖ് പാർലമെന്റ്
ബാഗ്ദാദ് : ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖിൽ നടത്തിയ ആക്രമണത്തിലൂടെ യുഎസ് സൈന്യം കൊലപ്പെടുത്തിയ സംഭവത്തിൽ മേഖലയിൽ യുദ്ധ ഭീതി പടരുന്നതിനിടെ നിർണ്ണായക തീരുമാനവുമായി ഇറാഖ് പാർലമെന്റ്. വിദേശ സൈനികർ രാജ്യംവിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാർലമെന്റ് പാസാക്കി. വിദേശ സൈനികർ ഇറാഖ് മണ്ണും വ്യോമാതിർത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് ഏത് സാഹചര്യത്തിലും വിലക്കണമെന്നും സർക്കാരിനോട് പാർലമെന്റ് ആവശ്യപ്പെട്ടു. സദ്ദാം ഹുസൈനെതിരെ 2003 ൽ യുദ്ധം തുടങ്ങിയതിനുശേഷമാണ് ഇറാഖിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് യുഎസ് സൈനിക സാന്നിധ്യം കുറച്ചിരുന്നു. നിലവിൽ 5000 ത്തോളം അമേരിക്കൻ സൈനികരാണ് ഇറാഖിൽ സൈനിക ഉപദേഷ്ടാക്കളായി ഉള്ളത്. ഇറാഖിന്റെ മണ്ണിൽ വച്ച് സുലൈമാനിയെ വധിച്ച നടപടി രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റമായാണ് രാജ്യം കാണുന്നത്. സൈനിക സഹകരണം സംബന്ധിച്ച ധാരണകൾ ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter